ദൈവം അനാഥനായ ഏകാകിയാണ് -സജി ഏബ്രഹാം
Print this article
Font size -16+
മെഡിറ്ററേനിയന്‍ തീരങ്ങളിലെ മണല്‍ത്തണുപ്പിനു മീതെ അടിഞ്ഞുകിടന്ന അലൈന്‍ കുര്‍ദിയെന്ന സിറിയന്‍ കുഞ്ഞിന്റെ അടഞ്ഞുപോയ കണ്ണുകള്‍ അനാഥത്വത്തിന്റെ നിലയ്ക്കാത്ത നിലവിളിയായി ലോകത്തിന്റെ മന:സാക്ഷിയുടെ കാതുകളില്‍ ഇപ്പോഴും അലച്ചുപരക്കുന്നു. അലപ്പോയിലെ ബോംബേറില്‍ സ്തബ്ധനായിപ്പോയ ബാലന്റെ പൊള്ളിക്കുന്ന നിസ്സഹായതയും, മ്യാന്‍മാറില്‍ നിന്നും പലായനം ചെയ്യുന്ന രോഹിംഗ്യന്‍ കുട്ടികളുടെ നിശബ്ദ വിലാപങ്ങളും ഗുജറാത്ത് വംശഹത്യക്കിടയില്‍ അലറിയെത്തുന്ന വാള്‍മുനകള്‍ക്കു മുന്നില്‍ ജീവനായി കേഴുന്ന ഖുദ്ബുദീന്‍ അന്‍സാരിയുടെ കണ്ണീരും അനാഥത്വത്തിന്റെ സാക്ഷ്യപത്രങ്ങളായി നമ്മെ നൊമ്പരപ്പെടുത്തുന്നു. ധനികരായ മക്കളാല്‍ ഗുരുവായൂരമ്പലനടയിലേക്ക് തള്ളപ്പെടുന്ന അമ്മമാരും വൃദ്ധസദനങ്ങളിലേക്ക് ഉന്തി വീഴ്ത്തപ്പെടുന്ന അച്ഛന്‍മാരും കുടുംബങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡറുകളും ചിത്തഭ്രമത്താല്‍ ചിതറപ്പെട്ടുപോയ മനുഷ്യരും കഠിനതരങ്ങളായ രോഗത്താല്‍ ആശുപത്രിക്കോണുകളിലേക്ക് ഉപേക്ഷിക്കപ്പെട്ടവരും അനാഥത്വത്തിന്റെ ഭയങ്കരമായ ആഴങ്ങളെ ബോധ്യപ്പെടുത്തുകയാണ്. പുറന്തള്ളപ്പെട്ടവരുടെയും ഭദ്രലോകത്തില്‍ നിന്നു വീണുപോയവരുടെയും മൗനസങ്കടങ്ങളില്‍ അനാഥത്വത്തിന്റെ വേദനയുണ്ട്. ഏകാകിയുടെ, തിരസ്‌കൃതന്റെ, പരാജിതന്റെ, നിന്ദിക്കപ്പെട്ടവന്റെ, ദു:ഖിതന്റെ ഉള്ളടരുകളില്‍ അനാഥത്വത്തിന്റെ വിതുമ്പലുകളുണ്ട്; മനുഷ്യന്റെ സ്വാര്‍ത്ഥതയുടെ കിരാതഫലങ്ങളായി ഈ അനാഥ ജന്മങ്ങള്‍, നാം കൊട്ടിഘോഷിക്കുന്ന സംസ്‌കാരത്തിന്റെ പുറംപകിട്ടുകള്‍ക്കടിയില്‍ നമ്മിലെ ദുര്‍ഗ്ഗന്ധ വ്രണങ്ങളായി നില്‍ക്കുന്നു.
യുദ്ധത്തില്‍ കൊല്ലപ്പെട്ട മാതാപിതാക്കളുടെകുഞ്ഞുങ്ങളെയായി രുന്നുപൊതുവെ അനാഥര്‍ എന്ന് വിളിച്ചിരുന്നത്.എന്നാലിപ്പോള്‍ , പ്രവാസവും നഗരവത്കരണവും വ്യക്തിയെ വളഞ്ഞാക്രമിക്കുന്ന ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ നവ സംസ്‌കാരവും എയിഡ്‌സ് പോലുള്ള മാരകദീനങ്ങളും ഉപഭോഗാധിഷ്ഠിത വിപണിയുടെ കടന്നുകയറ്റവുമെല്ലാം ചേര്‍ന്ന് വ്യക്തിയെ പൊങ്ങുതടി പോലെ ഒഴുക്കിയകറ്റുമ്പോള്‍ അനാഥത്വത്തിന്റെ നിര്‍വചനങ്ങള്‍ വിശാലമാവുകയാണ്. സാഹിത്യം ഇത് ഉജ്ജ്വലമായി അടയാളപ്പെടുത്തിയിരിക്കുന്നു. വിശ്വസാഹിത്യത്തിലെ മഹത്തായ കൃതികളില്‍ പലതിലും അനാഥരുടെ ആഴമാര്‍ന്ന നിസംഗതയെ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. പ്രശസ്തമായ ജനപ്രിയ കുട്ടിക്കഥകളില്‍ ഏറിയവയിലും അനാഥരായിരുന്നു, താരങ്ങള്‍. വിക്ടോറിയന്‍ ബെസ്റ്റ് സെല്ലറായിരുന്ന Mary Elizabeth Braddon എഴുതിയ ‘Lady Audley’s Secret’ എന്ന നോവലിലെ ലൂസി ഗ്രഹാം, ചാള്‍സ് ഡിക്കന്‍സിന്റെയും ജൊനാഥന്‍ സ്വിഫ്റ്റിന്റെയും രചനകളിലെ കുട്ടിത്താരങ്ങള്‍, തോമസ് ഹാര്‍ഡിയുടെ ‘Jude the Obscure’ലെ Jude Fawley, ജെയ്ന്‍ ഔസ്റ്റിന്റെ ‘Emma’ യിലെ ജാന്‍ ഫെയര്‍ഫാക്‌സ്, എമിലി ബ്രോണ്ടിയുടെ ‘Wuthering Heights’ ലെ ഹീത്ക്ലിഫ്, വിക്ടര്‍ ഹ്യൂഗോയുടെ ‘The Hunchback of Notre Dame’ എന്ന ക്ലാസിക്കിലെ ഝൗമശൊീറീ, എമിലിസോളയുടെ ‘The Ladies Delight’ ലെ Denise Baudu, മാര്‍ക് ട്വയിനിന്റെ മാസ്റ്റര്‍ കഥാപാത്രം ഠീാ ടമം്യലൃ ഒടുവിലിതാ ജെ.കെ.റോളിങ്ങിന്റെ ജനപ്രിയ പരമ്പരയിലെ ഹാരി പോട്ടര്‍ വരെ അത്യുജ്വലമായി തിളങ്ങുന്നു, വിശ്വ സാഹിത്യത്തിലെ അനാഥ ജന്‍മങ്ങള്‍.
പത്തൊന്‍പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ നോവലുകളില്‍ അനാഥര്‍ക്ക് സവിശേഷമായ ഇടം ഉണ്ടായിരുന്നു. അനാഥ ജീവിതങ്ങള്‍ ഡിക്കന്‍സിനെ ഒഴിയാബാധ പോലെ പിന്‍പറ്റിക്കൊണ്ടിരുന്നു. ‘Tale of Two cities’ ലും ‘Bleak House’ ലും ‘Little Dorrit’ ലും അനാഥരുടെ നീണ്ട നിര തന്നെയുണ്ട്. നിരക്ഷരതയിലേക്കും ദാരിദ്ര്യത്തിലേക്കും നിത്യരോഗത്തിലേക്കും ഉരുണ്ടു വീണവര്‍. ഹ്യൂഗോയുടെ പാവങ്ങളിലാണ് നാം ഫ്രഞ്ചിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രത്തെ കാണുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആംഗലേയ നോവലിസ്റ്റ് എന്ന് വായനക്കാര്‍ വിധിയെഴുതിയ J.R.R. Tolkien ന്റെ ‘The Lord of the Rings’ Frodo Baggins എക്കാലത്തെയും മികച്ച ശക്തമായൊരു അനാഥ കഥാപാത്രം തന്നെ. നമ്മുടെ മന:സാക്ഷിയെ ഞെട്ടിവിറപ്പിച്ച ഹാരിയറ്റ് ബീച്ചര്‍സ്റ്റോവിന്റെ ‘Uncle Tom’s Cabin’ അടിമത്വത്തിന്റെ കഠോരകാഴ്ച്ചകള്‍ മാത്രമല്ല, അനാഥമാക്കപ്പെടുന്ന കുട്ടികളുടെ അരക്ഷിതത്വത്തിന്റെയും വേദനയുടെയും തീവ്രാനുഭവങ്ങള്‍ കൂടിയാണ് വരഞ്ഞിടുന്നത്. ‘Topsy’എന്ന കഥാപാത്രത്തിന്റെ ഇരുണ്ടുപോയ മനസ്സിലെ കൂടിക്കുഴച്ചിലുകള്‍ ഭൂമിയില്‍ അനാഥരുള്ളിടത്തോളം നമ്മെ നായാടിക്കൊണ്ടിരിക്കും.