കുന്നിലേക്ക് കയറിപ്പോയ ആദിവാസിച്ചുവടുകള്‍ -വി.എച്ച് ദിരാര്‍

കുന്നിലേക്ക് കയറിപ്പോയ ആദിവാസിച്ചുവടുകള്‍ -വി.എച്ച് ദിരാര്‍
അട്ടപ്പാടിയിലെ കോട്ടത്തറ-ആനക്കട്ടി റോഡില്‍ നിന്ന് അല്പം ഇടത്തോട്ട് പോയി, കൊടങ്കരപള്ളം ശിരുവാണിപുഴയുമായി ചേരുന്നിടത്താണ് ചൊറിയന്നൂര്‍ ഊര് സ്ഥിതിചെയ്യുന്നത്. ഈ ഊരിലാണ് പഴനിസാമി ജനിച്ച് വളര്‍ന്നത്. 1997 ലാണ് ഞാന്‍ ആദ്യമായി പഴനിസാമിയെ കാണുന്നത്. അന്ന് അവന്‍ അഹാഡ്‌സിലെ ഡ്രൈവറായിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും സ്‌നേഹം തോന്നുന്ന മുഖം. നിഷ്‌ക്കളങ്കത അളവില്ലാതെ സൂക്ഷിച്ചുവച്ച കണ്ണുകളും ചിരിയും.  ചുണ്ടിന് മുകളില്‍ മീശ അതിന്റെ ദേശം കണ്ടെത്തുന്നതേയുള്ളൂ. അന്ന് അവന് 19 വയസ്സ് തികഞ്ഞിട്ടില്ല. മലയാളമെന്ന് നിനച്ച് അവന്‍ സംസാരിച്ച ഭാഷയിലെ അധികപങ്കും തമിഴും ഇരുളഭാഷയുമായിരുന്നു. ഒറ്റയ്‌ക്കോ വഴിത്തെറ്റിയോ ഒഴുകിപോകുന്ന മലയാളവാക്കുകളില്‍ പിടിച്ച്തൂങ്ങിയാണ് അവന്‍ പറയുന്നത് എന്താണെന്ന് ഞാനന്ന്  മനസ്സിലാക്കാന്‍ ശ്രമിച്ചത്. പിന്നെ ഒരു പതിറ്റാണ്ടിലേറെക്കാലം ഞങ്ങള്‍ ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്തു. ഞാന്‍ പറയുന്നത് അവനും അവന്‍ പറയുന്നത് എനിക്കും നല്ലതുപോലെ മനസ്സിലാകുമെന്നായി.
വളരെ ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരനായിരുന്നു, പഴനിസാമി. ഡ്രൈവര്‍ജോലിയോടൊപ്പം  ആദിവാസികലകള്‍ പരിപോഷിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായി  ആസാദ് എന്ന പേരില്‍ ഒരു ആദിവാസി കലാസംഘം അവന്‍ പിന്നീട് സ്ഥാപിക്കുകയുണ്ടായി. ഊരുകളില്‍ നിന്ന് നിരവധി ചെറുപ്പക്കാര്‍ അതില്‍ അണിച്ചേരുകയും കേരളത്തിനകത്തും പുറത്തുമായി  ധാരാളം സ്റ്റേജ് പ്രോഗ്രാമുകള്‍ അവതരിപ്പിക്കുകയും ചെയ്തു. അട്ടപ്പാടിയിലെ  ആദിവാസിപ്പാട്ടുകളുടെ രണ്ട് സീഡികളും ആസാദ് കലാസമിതി പുറത്തിറക്കുകയുണ്ടായി. 
2005 ലാണെന്ന് തോന്നുന്നു. ഒരു ദിവസം എന്റെ അരികില്‍ വന്ന് അവന്‍ അല്പം ജാള്യതയോടെ തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ വളരെ  മോഹമുണ്ടെന്ന് പറഞ്ഞു. കൂട്ടത്തില്‍ സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി അവന്‍ നടത്തിയ യാത്രകളേയും കണ്ടുമുട്ടിയ ഡയറക്ടറന്മാരേയും കുറിച്ച് വിശദീകരിക്കുകയും ചെയ്തു. സിനിമകള്‍ ആദിവാസികള്‍ക്ക് വലിയ ലഹരിയാണെന്ന് അിറയാമെങ്കിലും അഭിനയമോഹമുള്ള ഒരു ആദിവാസി ചെറുപ്പക്കാരനെ ആദ്യമായി കാണുകയാണ്. മോഹമുണ്ടെന്നതല്ല, അതിന് വേണ്ടി നിരന്തരം പരിശ്രമിച്ചുക്കൊണ്ടിരിക്കുന്നുവെന്നതാണ്  എന്നെ അത്ഭുതപ്പെടുത്തിയത്. അങ്ങനെയാണ് ഞാന്‍ അവനെ കൂടുതല്‍ അടുത്തറിയാന്‍ ശ്രമിച്ചത്. അവനോടൊപ്പം ഭൂതകാലത്തിലേക്ക് ചുവട്‌വച്ചത്.
വളരെ അരക്ഷിതവും വേദനാജനകവുമായ ഒരു കുട്ടിക്കാലമായിരുന്നു, പഴനിസാമിയുടേത്.  1978 ലാണ് പഴനിസാമിയുടെ ജനനം. അമ്മയുടെ പേര് കുപ്പമ്മ. കുപ്പമ്മയ്ക്ക് രണ്ടുമാസം ഗര്‍ഭമുള്ളപ്പോള്‍ അച്ചനെന്ന് പറയുന്ന ആള്‍ അമ്മയെ ഉപേക്ഷിച്ചുപോയതാണ്. രണ്ട് മൂന്ന് വയസ്സുള്ളപ്പോള്‍ അമ്മയും അവനെ ഉപേക്ഷിച്ച് മറ്റൊരാളോടൊപ്പം ഊര് വിട്ടുപ്പോയി. പിന്നെ മുത്തശ്ശിയായിരുന്നു അവന് ഏകാശ്രയം. അവര്‍ അവന് അന്നവും വഴിയും വെളിച്ചവുമായി. മുത്തശ്ശിക്ക് കുറച്ച് ആടുകളുണ്ടായിരുന്നു. ആടുകള്‍ ആദിവാസികളുടെ ജീവനുള്ള കറന്‍സികളാണ്. കാലവും കാടും പോറ്റിവളര്‍ത്തുന്ന ആടുകളെ വിറ്റാണ് ആദിവാസികള്‍ പഞ്ഞമാസങ്ങള്‍ താണ്ടാനുള്ള വക കണ്ടെത്തുന്നത്. എന്നും രാവിലെ മുത്തശ്ശി ആടുകളുമായി മലകയറും. ഒക്കത്ത് പറ്റിപിടിച്ച് പഴനിസാമിയും. കൊടങ്ങരപ്പള്ളത്തിന് അരികിലുള്ള മലകള്‍ അന്നേ നഗ്നമായിരുന്നു. കാടുകളെ നാഗരികന്‍ അന്നേ ഓര്‍മ്മകളാക്കിയിരുന്നു. കാട്ടുചോലകളില്‍ ഒഴുക്കുകള്‍ നിലച്ചിരുന്നു. കാട്ട് പഴങ്ങളും കിഴങ്ങുകളും ഭൂതകാലം കട്ട് കടത്തിയിരുന്നു. പച്ചപ്പിനായി ധൃതിപിടിച്ച് ചേര്‍ന്നും ചിതറിയും മലകള്‍ കയറിയിറങ്ങുന്ന ആടുകള്‍ക്ക് പിറകില്‍ മുത്തശ്ശിയും ഓടിക്കൊണ്ടിരുന്നു, ഒക്കത്ത് തിളവെയിലില്‍ തളര്‍ന്ന് പഴനിസാമിയും.
മുത്തശ്ശിയോടൊപ്പമുള്ള ഈ ഇടയജീവിതത്തില്‍ അവനെ വളരെ സ്വാധീനിച്ച ഒരാളാണ് ദൊദുക്കതാത്ത (താത്ത എന്നാല്‍ ഇരുളഭാഷയില്‍ മുത്തച്ചന്‍ എന്നാണ് അര്‍ത്ഥം) മുത്തശ്ശിയെ പോലെ, മുത്തശ്ശിയേക്കാള്‍ പ്രായമുള്ള ഒരാട്ടിടയനായിരുന്നു അയാള്‍. ഏതെങ്കിലും പ്രാചീനമായ പാറകളില്‍ ചെറുമരങ്ങളുടെ തണല്‍പറ്റി മൊങ്കെ (ആദിവാസികള്‍ നിര്‍മ്മിക്കുന്ന ഒരുതരം ഓടക്കുഴല്‍) യും ഊതികൊണ്ട് അയാള്‍ ഇരിപ്പുണ്ടാവും. കാറ്റിന്റെ ഈര്‍ഷ്യകളെ അടക്കിനിര്‍ത്തി, തുളുമ്പിവരുന്ന ആ സുക്ഷിരവാദ്യം കേള്‍ക്കുന്നതോടെ പഴനിസാമിയുടെ കരച്ചിലും അടങ്ങും. പിന്നെ താത്തയാണ് അവന്റെ കളിച്ചില്ല. പാട്ടും കൂട്ടുമായി താത്തയോടൊപ്പം എത്രയോ പകലുകള്‍. അന്ന് നെഞ്ചില്‍കോറിയ പാട്ട് വരയിലുടെ നടന്നാവണം പഴനിസാമി ആദിവാസികലകളുടെ പ്രചാരകനായത്. തേനെടുക്കുന്നതിലും താത്തയ്ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു. ആ പ്രായത്തിലും ഏത് വന്‍മരവും അയാള്‍ക്ക് മുന്നില്‍ കുനിഞ്ഞ് നിന്നു. അക്കാലത്ത് കുടിച്ച തേനിന് കൈയ്യും കണക്കുമില്ലെന്ന് പഴനിസാമി.