നിന്റെ വിളിക്ക് മറുവിളി കേള്‍ക്കുന്നില്ലെങ്കില്‍ -ബിജു ജോര്‍ജ്

നിന്റെ വിളിക്ക് മറുവിളി കേള്‍ക്കുന്നില്ലെങ്കില്‍ -ബിജു ജോര്‍ജ്
അനാഥത്വം – അനിശ്ചിതത്വങ്ങളുടെയും അപമാനങ്ങളുടെയും അപകടങ്ങളുടെയും ചെളിപുരണ്ട വാക്ക്. അതില്‍ നിന്ന് ചോര പൊടിയുന്നത് കാണാനില്ലെന്നേയുള്ളൂ. തുറന്ന ജീവിതത്തിന്റെ സര്‍വാനുഭൂതികളെയും പ്രണയിച്ചിട്ടും എല്ലാറ്റിനുമൊടുവില്‍ ആത്മബന്ധങ്ങളുടെ നിലാവെട്ടം അപഹരിക്കപ്പെട്ട് ഒറ്റപ്പെടലിന്റെ കുറുകെ കടക്കാന്‍ കഷ്ടപ്പെടുന്നവരുണ്ടല്ലോ. ഭരണകൂടങ്ങളും വ്യവസ്ഥകളും ചേര്‍ന്ന് സൃഷ്ടിക്കുന്ന കാണാക്കയങ്ങളില്‍പ്പെട്ട് ജീവിതത്തിന്റെ സിംഫണി തകര്‍ന്ന് നമുക്ക് മുഖം കാണിക്കാതെ പുറംതിരിഞ്ഞു നില്‍ക്കുന്നവരുണ്ട്. ഇവരില്‍ ചുരുക്കം ചിലര്‍ വിധിക്കപ്പെട്ട ഏകാന്തതയിലൂടെ ധൈര്യപൂര്‍വം നടന്നുതന്നെ തന്നിലെ നല്ല സാധ്യതകള്‍ പ്രകാശിതമാക്കി ഒരു പുതിയ മനുഷ്യനെ കെണ്ടടുക്കുകയും ചെയ്യുന്നുണ്ട്. ഒരു പിടിമണ്ണില്‍ അലിയുന്ന തന്റെ ജീവിതത്തെ ഒരു തുള്ളി കണ്ണുനീരേകി യാത്രയാക്കണമെന്ന മോഹത്തോടെ അവര്‍ ആര്‍ക്കുവേിയും പിന്നെ കാത്തു നില്‍ക്കാറുമില്ല. ടാഗോര്‍ ഇവരെനോക്കി പാടി:
”നിന്റെ വിളിക്ക് മറുവിളി കേള്‍ക്കുന്നില്ലെങ്കില്‍
ഏകനായ് പുറപ്പെടുക, ഏകാന്തനായി യാത്ര ചെയ്യും.”
ഒരു വടവൃക്ഷം മുഴുവന്‍ കിട്ടിയിട്ട് തനിക്ക് ആവശ്യമുള്ള കൂട് ഒരു കൊമ്പിലൊതുക്കി നിര്‍ത്തി ബാക്കിയെല്ലാം ദാനം ചെയ്യുന്ന പക്ഷികളു്. ഈ ലോകം ഇത്രമേല്‍ വാസയോഗ്യമായത് അവര്‍ ഈ മണ്ണിനുമീതെ വസിച്ചതുകൊു മാത്രമാണെന്ന് അറിഞ്ഞിട്ടും ഒരര്‍ത്ഥത്തില്‍ അവരും അനാഥരാണ്, അല്ലെങ്കില്‍ അനാഥരാക്കപ്പെട്ടിട്ടു്. മനുഷ്യര്‍ക്കുവേി നിലകൊള്ളുന്ന ഒരു പ്രവാചകന്‍ സ്വന്തം ദേശത്ത് എത്രമാത്രം അന്യനാക്കപ്പെടുമെന്ന് യേശുവിനോളം തിരിച്ചറിഞ്ഞ ആരു്. ആത്മദാനം എന്ന ആശയത്തിന് യേശു നല്‍കിയ അത്രയും ആഴമുള്ള സാക്ഷ്യം നല്‍കാന്‍ ഭൂമിയില്‍ ഒരു മനുഷ്യനുമായിട്ടില്ല. മനുഷ്യജീവിതത്തിന് അതുല്യമായ ഉള്ളടക്കവും ചട്ടക്കൂടും നല്‍കിയശേഷം, കാത്തുനിന്ന മരണത്തെ ചെറുപ്രായത്തിലെ പുല്‍കികൊണ്ട് കാല്‍വരികുന്നില്‍ നിന്ന് അദ്ദേഹം നിലവിളിച്ചു. എലോയ്, എലോയ്‌ലാമാ സബക്ക്ത്താനി. എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു? ആ നിലവിളിയുടെ ചരട് ഇന്നു മുറിഞ്ഞിട്ടില്ല. വൈകിയെങ്കിലും പലരും അല്പം നഷ്ടബോധത്തോടെതന്നെ ഈ മഹദ് ജീവിതത്തെ സ്‌നേഹിക്കുന്നുണ്ട്. ചില ജന്മങ്ങള്‍ അങ്ങനെയാണ്, നമുക്കിടയില്‍ നിന്ന് ഇല്ലാതാകുമ്പോഴാണ് അതിന്റെ തിളക്കം കൂടുക. വീണ്ടുമൊരു ഡിസംബര്‍ വരുമ്പോള്‍ അവനെക്കുറിച്ചുള്ള വിചാരങ്ങള്‍ നിനവില്‍ വരും.
ഹേറാം. ഒരു രാജ്യം അനാഥമായ ദിവസത്തിന്റെ രോദനമാണിത്. കൂപ്പുകൈകളോടെ ഗാന്ധിജി ജന്മഭൂമിയിലേക്ക് കുഴഞ്ഞുവീണപ്പോള്‍ ചോരകൊണ്ട് എഴുതപ്പെട്ട അനാഥത്വം. വിയോഗം അറിയിച്ചുകൊണ്ട് നെഹ്‌റു പറഞ്ഞു, ”നമ്മുടെ ജീവിതത്തില്‍ നിന്ന് പ്രകാശം മാഞ്ഞുപോയിരിക്കുന്നു. എവിടെയും അന്ധകാരം മാത്രം”. നമുക്ക് ദിശാഭ്രംശം സംഭവിക്കാതിരിക്കാന്‍ നേരിന്റെ വഴിയിലേക്ക് വെളിച്ചം കാണിച്ച വഴിവിളക്ക്. വിഭാഗീയതയും അസഹിഷ്ണുതയുമെല്ലാം സദാ വീശിക്കൊണ്ടിരിക്കുന്ന ഇരുള്‍ പരക്കുംകാലത്ത്, കാറ്റിലണയാതെ ഇത്തരം നാളങ്ങള്‍ സംരക്ഷിക്കാന്‍ കൈക്കുമ്പിള്‍കൊണ്ടാകും ചെറുത്തുനില്പിന് ഇവിടെ സാധ്യതയുണ്ടോ?
വായനയില്‍ മനസ്സിനെ ഭാരപ്പെടുത്തുന്നതാണ്, ജയചന്ദ്രന്‍ മൊകേരി എഴുതിയ ‘തക്കിജ്ജ’ എന്റെ ജയില്‍ ജീവിതം എന്ന ഓര്‍മ്മപ്പുസ്തകം. ഒരു നിരപരാധി അനുഭവിച്ച ജയില്‍ ജീവിതത്തിന്റെ കാഠിന്യം മാത്രമല്ല ഭരണകൂടവും നിയമവ്യവസ്ഥയും മാഫിയകളും ചേര്‍ന്ന് അനാഥമാക്കുന്ന നിരവധി ജീവിതങ്ങളുടെ തെളിച്ചം കൂടിയാണ്. ക്ലാസ്സ് സമയത്ത് അനുസരണക്കേട് കാണിച്ച വിദ്യാര്‍ത്ഥിയെ ശാസിച്ചതിന്റെ പേരില്‍ എട്ടു മാസത്തിലേറെ മാലദ്വീപില്‍ ക്രൂരമായ വിചാരണകള്‍ക്ക് വിധേയനായ ഒരു അധ്യാപകന്‍. മനുഷ്യാന്തസ്സ് മുഴുവന്‍ നിഷേധിക്കപ്പെട്ട്, കടുത്ത ഏകാന്തത അനുഭവിച്ച്, കൊടുംകുറ്റവാളികള്‍ക്കൊപ്പം തടവറ പങ്കിട്ട് നിരര്‍ത്ഥകമായ ഒരുകാത്തിരിപ്പ്. തടവറയിലെ തണുപ്പിനേക്കാള്‍ കുത്തിനോവിച്ചും തന്റെ വാത്സല്യച്ചൂടിന് കൊതിക്കുന്ന മകളുടെ കരച്ചിലും ഒറ്റയായിപ്പോയ പ്രിയതമയുടെ മുഖവും. അമേരിക്കന്‍ അടിമത്തം അനാഥമാക്കിയ ഇരു ജീവിതങ്ങളെ അനാവരണം ചെയ്യുന്ന സോളമന്‍ നോര്‍ത്തവിന്റെ ‘ഒരു അടിമയുടെ പന്ത്രണ്ടു വര്‍ഷങ്ങള്‍’ എന്ന കൃതിപോലെ തീക്ഷ്ണാനുഭവങ്ങള്‍ പങ്കിടുന്ന ‘തക്കിജ്ജ’ചിന്തിക്കുകയും ഇടപെടുകയും ചെയ്യുന്നവരെ ഒറ്റയാക്കി തമസ്‌കരിക്കുന്ന കെട്ടകാലത്തിന്റെ ചൂടും ചൂരുമാണ് സത്യസന്ധമായി ആവിഷ്‌കരിക്കുന്നത്.
ബന്ധങ്ങള്‍ വല്ലാതെ തണുത്തുപോകുന്ന ഇക്കാലത്ത് ഒട്ടും പരിക്കേല്‍ക്കാത്ത ഒരു സ്‌നേഹത്തെക്കുറിച്ച് ആരും കേട്ടിട്ടില്ല. എന്നിട്ടും അസാധാരണമായ ആന്തരികപ്രകാശം ഉള്ള ചിലര്‍ ഉണങ്ങാത്ത മുറിവുകളില്‍ നിന്ന് സര്‍ഗാത്മകമായ സുഖങ്ങള്‍ സൃഷ്ടിക്കുന്നു. ബാലനായ ചാര്‍ലി ചാപ്ലിന്‍ ഭ്രാന്തുപിടിച്ച അമ്മയെ വലിച്ചുകൊണ്ട് തെരുവിലൂടെ ഓടിയതിനെക്കുറിച്ച് ആത്മകഥയില്‍ എഴുതിയത്: ‘ഞാന്‍ മഴയിലേക്കിറങ്ങി നടന്നു, എന്റെ കരച്ചിലാരും കാണാതിരിക്കാന്‍.’ അദ്ദേഹം സിനിമയില്‍ സൃഷ്ടിച്ച എല്ലാ ചിരികളിലും മഴ നനഞ്ഞ കണ്ണീരിന്റെ കലക്കം ഉണ്ടായിരുന്നു. ഒരര്‍ത്ഥത്തില്‍ പരിക്കുകള്‍ തന്നെയാണ് മനുഷ്യരെ സ്‌നേഹമുള്ളവരും സര്‍ഗശേഷിയുള്ളവരുമായി മാറ്റിത്തീര്‍ക്കുന്നത്. മനസ്സിനെ പിന്തുടര്‍ന്നുകൊണ്ടും അനന്തരഫലങ്ങള്‍ നേരിടാന്‍ സ്വയം സജ്ജമാക്കിക്കൊണ്ടും അവര്‍ എടുക്കുന്ന ചില തീരുമാനങ്ങളാണ് പിന്നീട് ശരികളായി മാറുന്നത്. നഷ്ടങ്ങള്‍ക്കും അനാഥത്വത്തിനുമൊന്നും പ്രവേശനമില്ലാത്ത ഏതോ ഒരു വിശുദ്ധസ്ഥലിയിലേക്ക് നയിക്കുവാന്‍ പ്രാപ്തിയുള്ള ചില ശരികള്‍. ഘടികാരങ്ങള്‍ നിലച്ചിരുന്നെങ്കില്‍ എന്ന് ഒരുവേള നാം ആഗ്രഹിക്കുന്നത് ഇത്തരം ശരികളുടെ കൂടെയായിരിക്കുമ്പോഴാണ്.