അവന്‍ – പവിത്രന്‍ തീക്കുനി

അവന്‍ – പവിത്രന്‍ തീക്കുനി
സ്വപ്നങ്ങള്‍ വാറ്റിക്കുടിക്കുമ്പോഴാണ്
അവന്‍ ഭ്രാന്തനാവുന്നത് 
ഭ്രാന്ത് സിരകളിലൂടെയൊഴുകി
ശിരോലിഖിതങ്ങളെ ചുവപ്പിക്കുമ്പോഴാണ് 
അവന്‍ 
ഉന്മാദിയാകുന്നത് .
ഉന്മാദം കൊണ്ടാണ് 
അവന്റെ അക്ഷര യുദ്ധം .
ജയിച്ച രാജ്യത്തിന്റെ 
മരിച്ച സൈന്യാധിപനാണ്
അവനെന്ന് പൂമ്പാറ്റകളാണ് ഓര്‍മ്മിപ്പിക്കുന്നത് .
മഴയില്‍ പച്ചയില്‍ കത്തിപ്പോയ മരങ്ങളുടെ ചില്ലയിലാണ്
പൂമ്പാറ്റകളപ്പോള്‍ ..
കവിതയുടെ അപകട വളവുകളില്‍ അവന്‍ നട്ടതാണ്
മഴയില്‍ കത്തുന്ന 
പച്ച മരങ്ങളെ 
അവനെ അവന്‍ തന്നെ
ഓര്‍മ്മകളിലേക്ക് ബലിയിടുമ്പോഴാണ്
പൂമ്പാറ്റകള്‍
കത്തുന്ന മരങ്ങളിലേക്ക് ചേക്കേറുന്നത് 
നട്ടുച്ചയുടെ കറുപ്പിലേക്കാണവനമ്പായ്
ചിറകടിക്കുന്നത്
മഞ്ഞുമഴയുടെ തുരങ്കങ്ങളിലാണവന്‍
പ്രതീക്ഷകളെ ശവക്കച്ച പുതപ്പിക്കുന്നത് 
ഉടലാഴങ്ങളെ 
അഴിച്ചിട്ട
കല്ലറകളിലാണവന്‍
ജമന്തിപ്പൂക്കളുടെ വിത്തുകള്‍ തിരയുന്നത്
ഉരുള്‍പൊട്ടിയ ഭ്രമങ്ങളുടെ
കടവിലാണവന്‍
വാക്കുകളുടെ വഞ്ചി അടുപ്പിക്കുന്നത്
പിണ്ഡംവെച്ച 
നെഞ്ചിടിപ്പുകളുടെ
ഉമിത്തീയിലാണ്
അവന്‍
ബിംബങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നത്
ഉന്മാദത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടാണവന്‍
ചില്ലക്ഷരങ്ങളില്‍ കൊടുങ്കാറ്റുകളെ അടയിരുത്തുന്നത് .
മിന്നലുകളെയവന്‍
വളര്‍ത്തു പക്ഷികളായി മൊഴിമാറ്റുന്നത്
കണ്ണീരിന്റെ ഉച്ചിയിലേക്ക്
കല്ലുരുട്ടി കയറ്റുമ്പോഴാണ്
അവനില്‍ ചെഗുവേര
പുഷ്പിക്കുന്നു
അവനില്‍
വാന്‍ഗോഗ്
മധുരിക്കുന്നു
അവനില്‍
പാബ്ലോ നെരൂദ
എഴുതപ്പെടുന്നു
അവനില്‍
ബുദ്ധന്‍ ബോധിയോട്
കലഹിക്കുന്നു
അവനില്‍
ഗാന്ധി ,
അംഹിസയോട്
വിയോജിക്കുന്നു
അവന്
നിഴലും നിലാവും
നഷ്ടമാകുന്നു
അവന്
രാവും പകലും
നഷ്ടമാകുന്നു
അവന്
രതിയും മൃതിയും
നഷ്ടമാകുന്നു
പ്രണയവും പൊരുളും
നഷ്ടമാകുന്നു
അതിനാലവന്‍
കവിതയിലേക്ക്
പലായനം
ചെയ്യുന്നു
അതിനാല്‍ ,
അതിനാല്‍
അവന്
മുമ്പില്‍
വിടരട്ടെ ,
ഉന്മാദങ്ങളിലേക്ക്
ശ്വാസംമുട്ടി മരിച്ച
ആകാശത്തിന്റെ
വാതിലുകള്‍ .