ദുരന്തത്തെ അതിജീവിച്ച കേരളം -ഡോ.എം.പി.പരമേശ്വരന്‍

ദുരന്തത്തെ അതിജീവിച്ച കേരളം -ഡോ.എം.പി.പരമേശ്വരന്‍
പഴയകാലതിന്മകള്‍ തീണ്ടാത്ത, അഴുക്കിനെ 
അഴകും അര്‍ത്ഥവുമാക്കി മാറ്റുന്ന 
പുതിയ കേരളം നിര്‍മിക്കാന്‍
1.  കേരളം അതിഭീകരമായ ഒരു ദുരന്തത്തെ അതിജീവിച്ചുകഴിഞ്ഞ സന്ദര്‍ഭമാണിത്. അതിവര്‍ഷം സൃഷ്ടിച്ച പ്രളയവും മണ്ണിടിച്ചിലും 500 ഓളം പേരുടെ ജീവനപഹരിച്ചു. 10,000-കണക്കിന് ജന്തുജീവികള്‍ മരണപ്പെട്ടു. ലക്ഷക്കണക്കിനാളുകളുടെ പാര്‍പ്പിടങ്ങളും ഉപജീവനോപാധികളും നഷ്ടപ്പെട്ടു. കൃഷി നശിച്ചു. മൊത്തം നഷ്ടം 20,000 കോടി രൂപയിലധികം വരുമെന്നാണ് മതിച്ചിരിക്കുന്നത്. കേരളത്തിന്റെ  മൂന്ന് ഭൗമമേഖലകളേയും ഈ പ്രകൃതിദുരന്തം ബാധിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമായി നടന്ന മലനാട്, ആകസ്മികമായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ഇടനാട്, പ്രളയജലത്തില്‍ മുങ്ങിയ തീരദേശം. 
2. അപ്രതീക്ഷിതമായി വന്ന ഈ പ്രകൃതിദുരന്തത്തില്‍ തളരാതെ അതിനെ നേരിടാനും അതിജീവിക്കാനും കേരളത്തിലെ ജനങ്ങള്‍ക്ക് കഴിഞ്ഞു. സേവനസന്നദ്ധരായി ഒറ്റമനസ്സോടെ അണിനിരന്ന ജനങ്ങള്‍ക്ക് മുന്നില്‍നിന്ന് ലഭ്യമായ എല്ലാ സംവിധാനങ്ങളേയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനും സര്‍ക്കാരിനു കഴിഞ്ഞു. സാക്ഷരതാക്യാമ്പയിനിലൂടെയും ജനകീയാസൂത്രണ ക്യാമ്പയിനിലൂടെയും തട്ടിയുണര്‍ത്തപ്പെട്ട്, പരിപോഷിപ്പിക്കപ്പെട്ട സന്നദ്ധസേവനമനോഭാവം ഇതിന് മുതല്‍ക്കൂട്ടായി. സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമായിരുന്നുവെന്ന് അത് വിശേഷിപ്പിക്കപ്പെട്ടു. അതിനു നേതൃത്വം നല്‍കിയ സര്‍ക്കാരിനെ നമ്മളഭിനന്ദിക്കുന്നു. 1999-ല്‍ ഒറീസ്സയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് 10,000-കണക്കിന് ആള്‍ക്കാരുടെ ജീവന്‍ അപഹരിച്ചു, ലക്ഷക്കണക്കിന് കന്നുകാലികള്‍ ചത്തൊടുങ്ങി. ആ സമയത്ത് അവിടെ ഗവണ്മെന്റ് പൂര്‍ണമായും നിശ്ചലമാക്കപ്പെട്ടു. അതുകൊണ്ടാണ് മരണസംഖ്യ അത്ര കൂടിയത്. 
3. ഈ ദുരന്തം തടയാന്‍ പറ്റുമായിരുന്നുവോ? ഇല്ല എന്നാണ് ഒറ്റവാക്കില്‍ ഉത്തരം. ആഗോളതാപനത്തിന്റെ ഫലമായി വന്നിരിക്കുന്ന കാലാവസ്ഥയുടെ രണ്ട് സവിശേഷതകളാണ് ഒന്ന്, അപ്രവചനീയതയും രണ്ട്, പേമാരി, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ് മുതലായ പ്രതിഭാസങ്ങളുടെ ആധിക്യവും വര്‍ധിച്ച തീക്ഷ്ണതയും. അതുകൊണ്ട് ഈ അതിവര്‍ഷം ആഗോളതാപനത്തിന്റെയും അതിനു കാരണമായ ഉല്‍പാദനവ്യവസ്ഥയുടെയും സൃഷ്ടിയാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ഉപഭോഗപരതയില്‍ അധിഷ്ഠിതമായ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയാണ് ലോകത്തെമ്പാടും നിലകൊള്ളുന്നത്. കേരളത്തിലും. അതിനാല്‍ വികസിത രാജ്യങ്ങളോടൊപ്പം കേരളത്തിലെ സമ്പന്നരും ഇതിനുത്തരവാദികളാണ്. 
4.  പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും ആഘാതം കുറയ്ക്കാമായിരുന്നോ എന്ന ചോദ്യത്തിനുത്തരം ഭാഗികമായി ആകാമായിരുന്നെന്നാണ്. ദീര്‍ഘകാലമായി കേരളത്തിലനുവര്‍ത്തിച്ചുവരുന്ന പരിസ്ഥിതിവിരുദ്ധ വികസന പ്രവര്‍ത്തനങ്ങളുടെ സഞ്ചിതഫലമാണ് ആഘാതം ഇത്ര തീവ്രമാകാന്‍ കാരണം. പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമായ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ഗാഡ്ഗില്‍ കമ്മിറ്റി  ശുപാര്‍ശ ചെയ്തപ്പോള്‍ അദ്ദേഹത്തെ ജനശത്രുവും വികസനശത്രുവുമായി ചിത്രീകരിക്കാന്‍ കക്ഷി-മതഭേദമില്ലാതെ ജനങ്ങള്‍ ശ്രമിച്ചത് ഓര്‍ക്കുന്നുണ്ടാകും. പശ്ചിമഘട്ടം മാത്രമല്ല, നെല്‍വയലുകളടക്കമുള്ള തണ്ണീര്‍ത്തടങ്ങളും പുഴയോരങ്ങളും കായലോരങ്ങളും കണ്ടല്‍ക്കാടുകളും കടല്‍ത്തീരങ്ങളും ഒക്കെ പരിസ്ഥിതിലോല പ്രദേശങ്ങളാണെന്ന് അംഗീകരിക്കാന്‍ കേരളീയര്‍ തയ്യാറാകേണ്ടിയിരിക്കുന്നു. അതംഗീകരിക്കുന്നതില്‍ കേരളമനസ്സിനെ തടയുന്നത് നിര്‍മാണമേഖലയിലുള്ള അമിത വിശ്വാസമാണ്, അത് നല്‍കുന്ന തൊഴിലവസരങ്ങളാണ്, അതില്‍നിന്ന് ലാഭംകൊയ്യുന്ന റിയല്‍ എസ്റ്റേറ്റ് ലോബിയാണ്.
5.  ആഘാതം ഇത്ര ഭീകരമാകാന്‍ മറ്റൊരു കാരണം ഇങ്ങനെയൊക്കെ വരാമെന്ന് അനുഭവമില്ലാഞ്ഞിട്ടും അതുകൊണ്ടുതന്നെ മുന്നറിയിപ്പുകളെ വിലവയ്ക്കാന്‍ കൂട്ടാക്കാത്തതുമാണ്. 1924 ലെ വെള്ളപ്പൊക്കം ഒരു കേട്ടുകേള്‍വി മാത്രമാണ് ഇപ്പോഴത്തെ തലമുറകള്‍ക്ക്. 1961 ലെ അതിവര്‍ഷവും നിരന്തരമുണ്ടാകുന്ന കടലാക്രമണവും താല്‍കാലിക പരിഹാരങ്ങളിലേക്ക് മാത്രമേ നയിച്ചുള്ളൂ. 2004-ലെ സുനാമിയും 2017 ലെ ഓഖിയും കേരള സംസ്ഥാന ദുരന്ത മാനേജ്‌മെന്റ് അഥോറിറ്റിയുടെ (ഗടഉങഅ) രൂപീകരണത്തിലേക്ക് നയിച്ചു. എന്നാല്‍ അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ വേണ്ടിയിരുന്ന നടപടിക്രമം കൈക്കൊണ്ടിരുന്നില്ല. ഓരോതരം ദുരന്തത്തിനും – സുനാമി, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, അതിവര്‍ഷം, ഭൂചലനം, മണ്ണിടിച്ചില്‍, പകര്‍ച്ചവ്യാധികള്‍ – ഇവ ഓരോന്നിനും പ്രത്യേകം പ്രത്യേകം നടപടിക്രമങ്ങള്‍ ഉണ്ടാക്കേണ്ടതായിട്ടുണ്ട്. 
•  ദുരന്തങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കുക, ദുരന്തങ്ങള്‍ സംഭവിക്കുന്ന സമയത്ത് അത് കൈകാര്യം ചെയ്യുക, ദുരന്താനന്തരം ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട് മാനേജ്‌മെന്റിന്. ഒന്നാംഘട്ടം വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കപ്പെട്ടില്ല. ജനങ്ങളുടെ അനുഭവരാഹിത്യം രണ്ടാംഘട്ടത്തെ കുറേയൊക്കെ ദുഷ്‌കരമാക്കുകയും ചെയ്തു.  
•  ഇത്തരം ദുരന്തങ്ങള്‍ എന്ന്, എപ്പോള്‍, എവിടെ ഉണ്ടാകും എന്നത് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയില്ല. നേരിടാന്‍ സദാ തയ്യാറായിരിക്കണം. അതിനായി സംസ്ഥാനതലം മുതല്‍ അയല്‍ക്കൂട്ടതലമടക്കം പഞ്ചായത്തുതലം വരെയും ശാസ്ത്രീയമായ ദുരന്തമാനേജ്‌മെന്റ് സംവിധാനങ്ങള്‍ ഉണ്ടാക്കണം. പണച്ചെലവിനേക്കാള്‍ കൂടുതല്‍ പ്രാധാന്യം ബോധതലത്തില്‍ വരുന്ന മാറ്റത്തിനാണ്. ഏത് തരത്തിലുള്ള ദുരന്തമുണ്ടായാലും അതിനെ എങ്ങനെ നേരിടണമെന്നത് ജനങ്ങളുടെ പൊതുഅറിവായി മാറണം. ഇതിനുള്ള വ്യാപകവും ആഴത്തിലുള്ളതുമായ ഒരു പൗരബോധനപരിപാടിക്ക് തുടക്കം കുറിക്കേണ്ടിയിരിക്കുന്നു. 
6. ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും ദുരിതങ്ങള്‍ ജനങ്ങളെ പിന്തുടരുകയാണ്. അവര്‍ക്ക് താമസിക്കാന്‍ വീടുകള്‍ വേണം, ഭക്ഷണം വേണം, കുടിവെള്ളം വേണം, യാത്രാസൗകര്യങ്ങള്‍ വേണം, ആരോഗ്യസേവനം വേണം, കുട്ടികളുടെ വിദ്യാഭ്യാസം നടക്കണം. കേരളസര്‍ക്കാരും പൊതുസമൂഹവും ഇതിനായി കിണഞ്ഞു ശ്രമിക്കുകയാണ്. എന്നാല്‍ ശ്രദ്ധയോടെ ചെയ്തില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി മാറും. 
പുനര്‍നിര്‍മാണം
7.  ദുരിതാശ്വാസത്തില്‍നിന്ന് പുനര്‍നിര്‍മാണത്തിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടത്തില്‍ കേരള ഗവണ്മെന്റ് പ്രഖ്യാപിക്കുകയുണ്ടായി: പഴയ കേരളത്തിന്റെ പുനര്‍നിര്‍മിതിയല്ല ഞങ്ങളുദ്ദേശിക്കുന്നത്; തികച്ചും പുതിയൊരു കേരളത്തിന്റെ നിര്‍മാണമാണാഗ്രഹിക്കുന്നത്. പുതിയ കേരളത്തില്‍ പഴയ കേരളത്തിലെ പോരായ്മകള്‍ നികത്തപ്പെടണം. 
8.  സമത്വം, സുസ്ഥിരത, വികസനം, വൈവിധ്യം, സഹിഷ്ണുത, ജനാധിപത്യം, പങ്കാളിത്തം, ശുഭാപ്തിവിശ്വാസം മുതലായവയായിരിക്കണം പുതിയ കേരളത്തിന്റെ മുഖമുദ്രകള്‍. അസമത്വം വര്‍ധിപ്പിക്കുന്ന, സുസ്ഥിരത നശിപ്പിക്കുന്ന, സമൂഹത്തിന്റെ ജീവിതഗുണത വര്‍ധിപ്പിക്കാത്ത, വൈവിധ്യത്തെ അംഗീകരിക്കാത്ത, ജനാധിപത്യമെന്നത് ജനങ്ങളുടെ മേല്‍ ആധിപത്യമായി മാറുന്ന, ജനങ്ങളുടെ സജീവ പങ്കാളിത്തമല്ലാത്ത, ശുഭാപ്തിവിശ്വാസം ഹനിക്കുന്ന ഒരു വികസനപ്രവര്‍ത്തനവും സ്വീകാര്യമല്ലെന്ന്  അസന്ദിഗ്ധമായി പറയണം. 
9.  സമത്വമെന്നത് ലിംഗസമത്വം, വരുമാനസമത്വം, സാമൂഹ്യസമത്വം, ധൈഷണികസമത്വം എന്നിവയെ ല്ലാം ഉള്‍ക്കൊള്ളുന്നവയാണ്. 
•   സ്ത്രീക്കുമാത്രം ചെയ്യാന്‍ കഴിയുന്ന ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ എന്നിവ ഒഴികെയുള്ള എല്ലാ പ്രവര്‍ത്തനങ്ങൡും സ്ത്രീപുരുഷഭേദം ഇല്ലാതാകണം എന്നതാണ് ലിംഗസമത്വം. 
•   വര്‍ധിച്ചുവരുന്ന  വരുമാനത്തിലും ആസ്തിയിലുമുള്ള അസമത്വം കുറച്ചുകൊണ്ടു വരിക എന്നതാണ് വരുമാനസമത്വം കൊണ്ടുദ്ദേശിക്കുന്നത്. 
•   ജാതി-മതഭേദങ്ങളിലധിഷ്ഠിതമായ ഉച്ചനീചത്വങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് സാമൂഹികസമത്വം കൊണ്ടുദ്ദേശിക്കുന്നത്.
•  ഓരോ വ്യക്തിയിലും അന്തര്‍ലീനമായ സാധ്യതകളെ പരമാവധി വളര്‍ത്തിയെടുക്കാന്‍വേണ്ട അവസരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് ധൈഷണികസമത്വം കൊണ്ടുദ്ദേശിക്കുന്നത്. 
•   ഈ ഭൂമി നമ്മുടെ ആരുടെയും സ്വകാര്യസ്വത്തല്ല, നാം അതിന്റെ താല്‍കാലിക ഗുണഭോക്താക്കള്‍ മാത്രമാണെന്ന് തിരിച്ചറിഞ്ഞ് നമുക്ക് കിട്ടിയതിനേക്കാള്‍ മെച്ചപ്പെട്ട ഒന്നാക്കി വളര്‍ത്തി വരുംതലമുറയ്ക്ക് അതിനെ കൈമാറുക എന്നതാണ് സുസ്ഥിരത കൊണ്ടുദ്ദേശിക്കുന്നത്. പുതുക്കപ്പെടാത്ത വിഭവങ്ങള്‍ പൂര്‍ണമായും പുനഃചംക്രമണം ചെയ്തുകൊണ്ടും പുതുക്കപ്പെടുന്ന വിഭവങ്ങളുടെ ഉപയോഗം പുതുക്കപ്പെടല്‍നിരക്കില്‍ പരിമിതപ്പെടുത്തിക്കൊണ്ടും മാത്രമേ ഇതു സാധ്യമാകൂ. ഭൂമി, വെള്ളം, ധാതുക്കള്‍ മുതലായവ മനുഷ്യരാശിക്കാകെ അവകാശപ്പെട്ടവയാണ്. അവയുടെ വിനിയോഗത്തില്‍  ശക്തമായ സാമൂഹ്യനിയന്ത്രണം ഉണ്ടായിരിക്കണം. 
•   വികസനം എന്ന പദംകൊണ്ടുദ്ദേശിക്കുന്നത് വെറും സമ്പത്തിന്റെ വര്‍ധനയല്ല, ജീവിതഗുണതയുടെ – ആരോഗ്യം, ദീര്‍ഘായുസ്സ്, സ്വാതന്ത്ര്യം എന്നിവയുടെ വര്‍ധനവിനെയാണ് ഉദ്ദേശിക്കുന്നത്.
•  മനുഷ്യര്‍ മുഷിപ്പന്‍ ഏകതാനതയെ ഇഷ്ടപ്പെടുന്നില്ല. വൈവിധ്യത്തെ ഇഷ്ടപ്പെടുന്നു. കലയിലും ആചാരങ്ങളിലും ആകാരങ്ങളിലും ഭാഷകളിലുമുള്ള എല്ലാതരം വൈവിധ്യത്തേയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒന്നായിരിക്കണം പുതിയ കേരളസമൂഹം. 
•  എന്നാല്‍, ഇന്ന് വൈവിധ്യത്തെ ആസ്പദിച്ച് രൂപംകൊണ്ടിട്ടുള്ള പരസ്പര ശത്രുതാപരമായ സ്വത്വങ്ങള്‍ക്കു പകരം പരസ്പര ആദരവുള്ള സ്വത്വങ്ങള്‍ രൂപീകരിച്ചുകൊണ്ടായിരിക്കണം വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നത്. 
•  ജനങ്ങള്‍ സ്വയം ഭരിക്കുന്ന പ്രക്രിയയാണല്ലോ ജനാധിപത്യം. അതിലെല്ലാവര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്, അവകാശങ്ങളുണ്ട്. ഇതാണ് പങ്കാളിത്ത ജനാധിപത്യം. അയല്‍ക്കൂട്ടങ്ങളും അതിനകത്തെ  ഉപസമിതികളും അടങ്ങുന്ന പങ്കാളിത്തസാധ്യത പുനരുജ്ജീവിപ്പിക്കണം. 
•   നിലവിലുള്ള സ്ഥാപിതതാല്‍പര്യങ്ങളുടെ ശക്തികണ്ട് ഭയപ്പെട്ട് നിര്‍ജീവമാകാതെ തങ്ങളുടെ അറിവും  കഴിവും ഉപയോഗിച്ചുകൊണ്ട് മാറ്റങ്ങള്‍ വരുത്താന്‍ കഴിയും എന്ന ബോധമാണ്, അറിവ് മാറ്റത്തിനുള്ള ഉപകരണമാണ് എന്ന ബോധമാണ് ശുഭാപ്തിവിശ്വാസം അഥവാ  ശാസ്ത്രബോധം. പുതിയ  കേരളത്തിന്റെ സൃഷ്ടിക്കുവേണ്ടി നടപ്പാക്കപ്പെടുന്ന വികസനപരിപാടികളെ ആശ്രയിച്ചിരിക്കുമിത്. 
10. വന്‍വ്യവസായങ്ങളുടെയും ഐ.ടി. മേഖലയുടെയും പശ്ചാത്തലവികസനത്തിന്റെയും പാത സ്വീകരിച്ചാല്‍ അസമത്വങ്ങള്‍ വര്‍ധിക്കാനാണിടയുള്ളത്. മറിച്ച് കാര്‍ഷികവികസനത്തിന്റെയും ചെറുകിടവ്യവസായങ്ങളുടെ വികസനത്തിന്റെയും പാത സ്വീകരിക്കുകയാണെങ്കില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനും ദരിദ്രവിഭാഗങ്ങള്‍ക്ക് കൂടുതല്‍ വരുമാനമുണ്ടാക്കാനും കഴിയുന്നതാണ്. 
11. ഏറ്റവും അടിയന്തിരമായി വേണ്ടത്, വീടു നഷ്ടപ്പെട്ടവര്‍ക്ക് പാര്‍പ്പിടമാണ്. ഇത് വളരെ ശ്രദ്ധാപൂര്‍വം  ചെയ്യേണ്ട പ്രവര്‍ത്തനമാണ്. ഒരുതരത്തിലും അഭികാമ്യമല്ലാത്ത പ്രദേശങ്ങളില്‍ നിര്‍മിച്ച പാര്‍പ്പിടങ്ങളാണ് ഏറിയ പങ്കും തകര്‍ന്നത്. അവര്‍ക്ക് പുതിയ പാര്‍പ്പിടസ്ഥാനങ്ങള്‍ കണ്ടെത്തേണ്ടിവരും. അതുപോലെ പുതിയ പാര്‍പ്പിട സാങ്കേതികവിദ്യകളും സ്വീകരിക്കേണ്ടിവരും. സമയമെടുത്തും സൂക്ഷിച്ചുംചെയ്യേണ്ട കാര്യമാണിത്. അതുവരേക്കും അവര്‍ക്ക് താല്‍കാലികപാര്‍പ്പിടങ്ങള്‍ നല്‍കേണ്ടിവരും. അതിനാവശ്യമായ പാര്‍പ്പിടങ്ങള്‍ ആവശ്യത്തിലധികം കേരളത്തിലുണ്ട്. 14 ലക്ഷം ഫ്‌ളാറ്റുകളും വീടുകളും ആള്‍പാര്‍പ്പില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. അവയെല്ലാംതന്നെ വില്‍ക്കാന്‍വേണ്ടി ഉണ്ടാക്കിയവയാണ്. പക്ഷേ, അവയില്‍ പാര്‍ക്കാന്‍വേണ്ട ജനങ്ങള്‍ കേരളത്തിലില്ല; ഒരിക്കലുമുണ്ടാകുകയുമില്ല. 
12.  ഇവ ഓരോന്നിന്റെയും ശരാശരി തറവിസ്തീര്‍ണം 1000 – 2000 ച.അടി വരും. ഇവ നിര്‍മിക്കാന്‍വേണ്ട കല്ല്, മണല്‍, കളിമണ്ണ് മുതലായവയെല്ലാം ഇവിടത്തെ ഭൂമിയില്‍നിന്ന് കുഴിച്ചെടുത്തതാണ്. പാരിസ്ഥിതികമായി ഒരു കാരണവശാലും ഖനനം നടത്താന്‍ പാടില്ലാത്ത സ്ഥലങ്ങളിലാണ് മിക്ക പാറമടകളും സ്ഥിതിചെയ്യുന്നത്. അവയിലേക്കുള്ള റോഡുകള്‍ ശാസ്ത്രീയമായി നിര്‍മിക്കപ്പെട്ടവയല്ല. ഈ പാറമടകളും റോഡുകളുമാണ് മലയിടിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്ന്. 
13. പുതിയ കേരളനിര്‍മിതിക്ക് ആദ്യം ചെയ്യേണ്ടത് ഈ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കുകയും നിരോധിക്കുകയുമാണ്. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നിര്‍മാണത്തിനും അവശ്യം ആവശ്യമായ വസ്തുക്കളും കേടുപറ്റിയ വീടുകളുടെ റിപ്പയറിംഗിനാവശ്യമായ വസ്തുക്കളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന, പാരിസ്ഥിതിക സുരക്ഷ ഉറപ്പുവരുത്തിയ പാറമടകളില്‍നിന്നു മാത്രമേ ആകാവൂ. 
14. മുകളില്‍നിന്ന് ഒലിച്ചുവന്ന മണ്ണുകൊണ്ട് നിറഞ്ഞ മിക്ക റിസര്‍വോയറുകളുടെയും ജലസംഭരണശേഷി കുറഞ്ഞിട്ടുണ്ട്. സംഭരണശേഷി വര്‍ധിപ്പിക്കാനായി ഈ മണ്ണ് നീക്കേണ്ടതുണ്ട്. നീക്കിയ മണ്ണില്‍നിന്ന് മണല്‍ (60-70%), ചരല്‍ (15-20%), കളിമണ്ണ് (10-15%) വേര്‍തിരിച്ചെടുക്കാവുന്നതാണ്. ഇവയും നല്ല നിര്‍മാണസാമഗ്രികളാണ്. 
15. ആള്‍പാര്‍പ്പില്ലാത്ത പാര്‍പ്പിടങ്ങളും ആള്‍പാര്‍പ്പുള്ളവയില്‍ ഏറിയപങ്കും വന്‍മതിലുകള്‍കൊണ്ട് കെട്ടിയടച്ച്, സംരക്ഷിക്കപ്പെടുന്നവയാണ്. ഈ മതിലുകളില്‍ നല്ലൊരു പങ്ക് സ്വാഭാവിക നീരൊഴുക്കിനെ  തടസ്സപ്പെടുത്തിക്കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. പ്രളയജലത്തിന്റെ കുത്തൊഴുക്കില്‍ അവയില്‍ പലതും  തകര്‍ന്നു. തകരാത്തവ നീരൊഴുക്കിനെ തിരിച്ചുവിട്ട് വഴിയില്‍ വരുന്ന വീടുകളെ തകര്‍ത്തു. സ്വാഭാവിക നീരൊഴുക്കുപാതകള്‍ കൊട്ടിയടക്കാന്‍ ആര്‍ക്കും അവകാശമില്ല. തകര്‍ന്ന മതിലുകള്‍ പുതുക്കിപ്പണിയരുതെന്നും അവയുടെ സ്ഥാനത്ത് നീരൊഴുക്കിനെ തടസ്സപ്പെടുത്താത്ത ജൈവവേലികളേ ആകാവൂ എന്നും നിയമം മുഖേന അനുശാസിക്കണം. റോഡുകള്‍, പാലങ്ങള്‍, ബണ്ടുകള്‍ മുതലായവ പുതുക്കിപ്പണിയുമ്പോള്‍ മുമ്പ് ഉണ്ടാക്കിയിരുന്ന നീരൊഴുക്കുതടസ്സങ്ങള്‍ ഇല്ലാതാക്കുന്ന വിധത്തിലായിരിക്കും എന്ന് ഗവണ്മെന്റ് ഉറപ്പുവരുത്തണം. പ്രകൃതിശക്തികള്‍ മനുഷ്യശക്തിയേക്കാള്‍ എത്രയോ വലുതാണ്. 
16. നെല്‍പ്പാടങ്ങള്‍ നികത്തലും അതിനായി കുന്നിടിച്ച് നിരപ്പാക്കുന്നതും ഒക്കെ കെട്ടിടനിര്‍മാണ ലോബിയുടെ ചെയ്തികളാണ്. നദീതീരങ്ങള്‍, കായല്‍തീരങ്ങള്‍, കടല്‍ത്തീരങ്ങള്‍ മുതലായവ കയ്യേറുന്നതും ഇവര്‍ തന്നെയാണ്. ഒരു നിലക്കു പറഞ്ഞാല്‍ കേരളത്തിന്റെ സര്‍വതോമുഖമായ പാരിസ്ഥിതിക തകര്‍ച്ചക്കു കാരണം കെട്ടിടനിര്‍മാണ വ്യവസായമാണ്. അതിനെ ആ നിലക്കുതന്നെ കണ്ട് പുതിയ കെട്ടിടനിര്‍മാണത്തിന് നിരോധനം അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജനങ്ങള്‍ ഗവണ്മെന്റിനോട് ആവശ്യപ്പെടേണ്ടതാണ്. തങ്ങളുടെ അതിജീവനത്തെയും ഉപജീവനത്തെയും ഈ വ്യവസായം ദ്രോഹകരമായി ബാധിക്കുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതാണ്. 
17. നെല്‍വയല്‍ തരിശിടുന്നതിനേക്കാള്‍ ക്രൂരമാണ് പാര്‍പ്പിടങ്ങള്‍ തരിശിടുന്നത്. 1000 ച.അടി വലിപ്പമുള്ളൊരു കെട്ടിടമുണ്ടാക്കാന്‍ ഏതാണ്ട് 1 ലക്ഷം യൂണിറ്റ് വൈദ്യുതിക്ക് സമാനമായ ഊര്‍ജം ചെലവാകുന്നുണ്ട്. അതിന്റെ ഫലമായി ആഗോളതാപനത്തിനുത്തരവാദിയായ കാര്‍ബണ്‍ ഡയോക്‌സൈഡ് വലിയൊരളവില്‍ അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്നുമുണ്ട്. അതിനാല്‍ കെട്ടിടങ്ങള്‍ തരിശിടുന്നത് അതിഭീകരമായ ഒരു സാമൂഹ്യപാതകമായി കാണണം. ഇതിനു പരിഹാരമായി ഈ പാര്‍പ്പിടങ്ങള്‍ ഉപയോഗിക്കപ്പെടണം. കേരളത്തില്‍ ഇന്ന് പ്രളയവും മണ്ണിടിച്ചിലും മൂലം ജീവന്‍ നഷ്ടപ്പെട്ടവരടക്കം അഞ്ചാറ് ലക്ഷം കുടുംബങ്ങള്‍ പാര്‍പ്പിടമില്ലാത്തവരായുണ്ട്. ആള്‍പാര്‍പ്പില്ലാതെ കിടക്കുന്ന പാര്‍പ്പിടങ്ങളില്‍നിന്ന് ആവശ്യമായത്ര എണ്ണം വാടകയ്‌ക്കോ വിലകൊടുത്തോ ഏറ്റെടുക്കുകയും വീട് ആവശ്യമുള്ളവര്‍ക്ക് വിലയ്‌ക്കോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ മിതമായ വാടകയ്ക്കു കൊടുക്കുകയോ ചെയ്യാം. 
18. കേരളത്തില്‍ ഒരു അണുകുടുംബത്തിന് ഒരു പാര്‍പ്പിടത്തിലധികം അനുവദനീയമല്ല എന്ന നിയമനിര്‍മാണം കൊണ്ടുവരേണ്ടിയിരിക്കുന്നു. അതോടൊപ്പം താമസയോഗ്യമായ ഒരു വീടും പൊളിക്കരുത് എന്ന നിയമവും കൊണ്ടുവരേണ്ടിയിരിക്കുന്നു. പുതിയ അണുകുടുംബം രൂപപ്പെടുന്ന മുറയ്ക്ക്  നിലവില്‍ തരിശായി കിടക്കുന്ന ഫ്‌ളാറ്റുകളോ വീടുകളോ ഗവണ്മെന്റ് മുഖേന അവര്‍ക്ക് വാങ്ങാവുന്നതാണ്. അതുപോലെതന്നെ ഭൂമിയും ഗവണ്മെന്റു മുഖേന മാത്രമേ വില്‍ക്കാനും വാങ്ങാനും പറ്റുകയുള്ളു എന്ന നിയമനിര്‍മാണവും കൊണ്ടുവരേണ്ടതാണ് – ഭൂബാങ്ക്/കെട്ടിടബാങ്ക് രീതി. 
19. ഇന്ന് കേരളത്തില്‍ ഭൂമി ഒരു ഉല്‍പാദനോപാധിയല്ല. മറിച്ച്, ഒരു ചരക്ക് മാത്രമാണ്. എന്നാല്‍ അധ്വാനിച്ചുണ്ടാക്കുന്നതു മാത്രമാണ് ശരിക്കും ചരക്ക്. ഭൂമി അങ്ങനെ ഉണ്ടാക്കാവുന്ന ഒന്നല്ല. അതിനാല്‍  അതിനെ ചരക്കായി കരുതുന്നത് അശാസ്ത്രീയമാണ്. കേരളീയര്‍ക്ക് കൃഷിയിടത്തില്‍ താല്‍പര്യമില്ലാതെ പോയതിന് ഒരു കാരണം ഇതാണ്. മറ്റൊന്ന് വൈറ്റ്‌കോളര്‍ വര്‍ക്കിന് മാത്രം കുട്ടികളെ തയ്യാറാക്കുന്ന വിദ്യാഭ്യാസമാണ്. അത്തരം പണികള്‍ക്ക് ലഭിക്കുന്ന അനര്‍ഹമായ പ്രതിഫലം ഇതിനൊരു കാരണമാണ്. 
20. പുതിയ കേരളത്തില്‍ കൃഷിപ്പണി ആദായകരവും ആഹ്ലാദകരവും അഭിമാനകരവുമായി മാറണം. ഇതു സാധ്യമാണ്. ഉല്‍പാദനക്ഷമത, പ്രത്യേകിച്ചും തേങ്ങ, പച്ചക്കറികള്‍ മുതലായവയുടെ ഉല്‍പാദനക്ഷമത ഗണ്യമായി വര്‍ധിപ്പിക്കാവുന്നതാണ്. പൂര്‍ണമായും കൃഷിപ്പണിയിലേര്‍പ്പെടുന്ന ഒരാള്‍ക്ക്  പ്രതിമാസം 12,000 രൂപയിലധികം വരുമാനമുണ്ടാകണം. ഏതാനുംപേര്‍ ചേര്‍ന്ന് നടത്തുന്ന ഡയറി, പുല്ലുവളര്‍ത്തല്‍, പച്ചക്കറി, വാഴ, മരച്ചീനി മുതലായവയെ ഉദ്ഗ്രഥിച്ചുകൊണ്ടുള്ള സംരംഭങ്ങളില്‍നിന്ന്  ഈ വരുമാനം ഉണ്ടാക്കാവുന്നതാണ്. ഗവണ്മെന്റിന്റെ സത്വരശ്രദ്ധ ഇതില്‍ പതിയേണ്ടതാണ്. 
21. രണ്ടാമതായി ഗവണ്മെന്റ് ഊന്നല്‍ നല്‍കേണ്ടത് ലാഭകരമായി പ്രവര്‍ത്തിക്കാവുന്ന ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനത്തിനാണ്, യുവതീയുവാക്കളെ അതിലേക്കാകര്‍ഷിക്കുന്നതിനാണ്. ഒരയല്‍ക്കൂട്ടത്തിലോ ഒരു പഞ്ചായത്തിലോ ഉപയോഗിക്കപ്പെടുന്ന നൂറുകണക്കിന് സാധനങ്ങളുണ്ട്. അവയില്‍ നല്ലൊരു പങ്ക് പഞ്ചായത്തിനകത്തുതന്നെ ഉല്‍പാദിപ്പിക്കപ്പെടാവുന്നതാണ്. ഉപഭോഗം നടത്താവുന്നതാണ്. വിദ്യാഭ്യാസം, ധനകാര്യം മുതലായ മേഖലകളില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്. 
22. അതുകൊണ്ട് മാത്രമായില്ല. ജനങ്ങളുടെ ആത്മവിശ്വാസവും ഉത്സാഹവും വളര്‍ത്തി അവരെ നേതൃത്വനിരയിലേക്ക് കൊണ്ടുവരേണ്ടതാണ്. ഇതിനായി ജനകീയാസൂത്രണത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന അയല്‍ക്കൂട്ടം, വാര്‍ഡു വികസനസമിതി, പഞ്ചായത്ത് വികസനസമിതി, സന്നദ്ധ സാങ്കേതിക സംഘം മുതലായവ പുനരുജ്ജീവിപ്പിക്കുന്നത് നന്നായിരിക്കും. മാത്രമല്ല, ഹരിതകേരളം മിഷന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന ഹരിതകര്‍മസേനയും ഹരിതസഹായസ്ഥാപനവും ഇതിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്നതാണ്. 
23. സന്നദ്ധ സാങ്കേതിക സംഘത്തെ പഞ്ചായത്ത് ആസൂത്രണസമിതിയായി വളര്‍ത്തിക്കൊണ്ടുവരുന്നത് നന്നായിരിക്കും. പഞ്ചായത്തിനകത്ത് ലഭിക്കാവുന്ന വിദഗ്ധര്‍ക്ക് പുറമെ വിവിധ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരുടെ സഹായവും തേടാവുന്നതാണ്. 
24. ഇന്ന് കേരളത്തില്‍ വിദ്യാഭ്യാസവും ആരോഗ്യസേവനവും വര്‍ധിച്ചതോതില്‍ വിലകൊടുത്തു വാങ്ങേണ്ട ചരക്കുകളായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കാലാകാലങ്ങളിലായി ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന അയല്‍പക്ക സ്‌കൂള്‍ സങ്കല്പവും മാതൃഭാഷയിലുള്ള അധ്യാപനവും വിസ്മരിക്കപ്പെട്ടുകൊണ്ട് വരികയാണ്. ഈ അവസ്ഥ മാറണം. അധ്യാപകരും മാതാപിതാക്കളും ഇന്നത്തെ ഈ പോക്ക് പൊതുവിദ്യാഭ്യാസത്തിന്റെ തകര്‍ച്ചയിലേക്കാണ് നയിക്കുക എന്ന് തിരിച്ചറിയണം. അതിനെ രക്ഷിച്ചില്ലെങ്കില്‍ സമൂഹമതിന് കനത്ത വില കൊടുക്കേണ്ടിവരും. 
25. ഇന്നത്തെ വിദ്യാഭ്യാസം ഒരുതരത്തില്‍ വിദ്യാ ആഭാസമാണ്. സമൂഹത്തിലാവശ്യമായ ഒരു പ്രവര്‍ത്തനവും നടത്താന്‍വേണ്ട അറിവും കഴിവും അവര്‍ക്ക് നല്‍കുന്നില്ല. എഴുതാനറിയാത്ത ബിരുദധാരികളെ സൃഷ്ടിക്കുന്ന, ഒരു പണിയും ചെയ്യാന്‍ കഴിയാത്ത എഞ്ചിനീയര്‍മാരെ സൃഷ്ടിക്കുന്ന, ഒരു ചികിത്സയും നല്‍കാന്‍ പറ്റാത്ത ഡോക്ടര്‍മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം ആഭാസം തന്നെയാണ്. ഈ അവസ്ഥ മാറ്റുന്നതിന് ജനങ്ങള്‍തന്നെ മുന്‍കയ്യെടുക്കണം.