അധിവാസയോഗ്യമല്ലാതാകുന്ന ഭൂമി -കെ. ബാബു ജോസഫ്
Print this article
Font size -16+
രണ്ടു തരത്തിലുള്ള ദുരന്തങ്ങള്‍ നമ്മെ ഗ്രസിക്കാറുണ്ട്. ഒന്ന്, അപ്രതീക്ഷിതം; രണ്ട്, പ്രതീക്ഷിതം. ഏകദേശം 75,000 വര്‍ഷം മുന്‍പ് ഇന്‍ഡോനേഷ്യയിലുണ്ടായ ടോബയെന്ന അഗ്നിപര്‍വ്വതത്തിന്റെ സ്ഫോടനത്തില്‍ പുറത്തുവന്ന ചാരവും പുകയും ആയിരക്കണക്കിന് കിലോമീറ്റര്‍ ചുറ്റളവില്‍ വിതരണം ചെയ്യപ്പെട്ടതിന്റെ ഫലമായി, ഭൂമി മുഴുവനും, ആദ്യം ചൂടിന്റെയും ഇരുട്ടിന്റെയും, പിന്നീട് തണുപ്പിന്റെയും ഇരുട്ടിന്റെയും പിടിയിലായത് തികച്ചും അപ്രതീക്ഷിത സംഭവമായിരുന്നു. മനുഷ്യവര്‍ഗ്ഗം ഏറെക്കുറെ മുഴുവനായി തുടച്ചുനീക്കപ്പെട്ടു. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ പ്രവചിക്കാന്‍ വയ്യ. എന്നാല്‍, പ്രതീക്ഷിതമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ഒരു ദുരന്തമാണ് ഇപ്പോള്‍ നമ്മെ കാത്തിരിക്കുന്നതെന്ന് പറയാതെ വയ്യ. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാനിടയുള്ള വമ്പിച്ച വിപത്താണ് വിഷയം. ജനപ്പെരുപ്പം, മലിനീകരണം, വനനശീകരണം, മനുേഷ്യതര ജീവികളുടെ വംശനാശം എന്നിങ്ങനെ പലതും നമ്മളെ ബാധിക്കുമെങ്കിലും, അടിയന്തരശ്രദ്ധ പതിയേണ്ടത് കാലാവസ്ഥയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന, ഒരു പരിധിവരെ പ്രതീക്ഷിതമെന്ന് പറയാവുന്ന, കോളിളക്കങ്ങളിലാണ്. ഹരിതഗൃഹപ്രഭാവം (Green House Effect) മൂലം ഭൂമിയുടെ ഉപരിതല താപനില ഏകതാനമായി, വര്‍ദ്ധിച്ചുവരുന്നത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
എന്താണ് ഹരിതഗൃഹപ്രഭാവം? ഇന്‍ഫ്രാറെഡ് അല്ലെങ്കില്‍ താപവികിരണങ്ങളെ ആഗിരണം ചെയ്യുകയും ഉത്സര്ജിക്കുകയും ചെയ്യുന്ന വാതകങ്ങളാണ് ഹരിതഗൃഹവാതകങ്ങള്‍. നീരാവി, കാര്‍ബണ്‍ഡയോക്സൈഡ്, മീതെയ്ന്‍, നൈട്രസ് ഓക്സൈഡ്, ഓസോണ്‍ എന്നിവയാണിവ. ഇവയുടെ സാന്നിധ്യം മൂലം, ഭൂമിയില്‍ പതിക്കുന്ന സൗരോര്‍ജത്തില്‍ ഒരു പങ്ക് ആകാശത്ത് തിരികെ എത്തുന്നില്ല. ഇതിന്റെ ഫലമായി ഭൂമിയുടെ ശരാശരി താപനില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അന്തരീക്ഷത്തില്‍ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുന്നതല്ലാതെ കുറയുന്നില്ല. സാമ്പ്രദായിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന എണ്ണയെ ആധാരമാക്കിയുള്ള ഇന്ധനങ്ങളാണ് ഇതിലെ കുറ്റവാളികള്‍. ഹരിത സാങ്കേതികവിദ്യകളെപ്പറ്റി പറയുന്നതല്ലാതെ, അവയൊന്നും വ്യവസായത്തിന്റെയും ഗതാഗതത്തിന്റെയും മേഖലകളില്‍ കാര്യമായ ആഘാതം എല്പിച്ചിട്ടില്ലിതുവരെ.
1988ല്‍, യു.എന്‍. ജനറല്‍ അസംബ്ലിയുടെ അംഗീകാരത്തോടെ ആരംഭിച്ച ഒരു സംഘടനയാണ് ഇന്റര്‍ ഗവണ്മെന്റല് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) യു.എന്നില്‍ അംഗത്വമുള്ള എല്ലാ രാജ്യങ്ങളും ഇതിലും അംഗങ്ങളാണ്. കാലാവസ്ഥാ വ്യതിയാനത്തെപ്പറ്റി ആധികാരിക റിപ്പോര്‍ട്ടുകള്‍ ഏകദേശം അഞ്ചു വര്‍ഷത്തെ ഇടവേളകളില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കുകയാണ് ഈ പാനലിന്റെ പ്രധാന ഉത്തരവാദിത്വം. ഇവരുടെ സ്തുത്യര്‍ഹമായ സേവനത്തിന് അംഗീകാരമായി 2007ലെ നൊബേല്‍ സമാധാന പുരസ്കാരത്തിന്റെ പകുതി ഐ.പി.സി.സി.ക്ക് കിട്ടിയെന്നത് പ്രസ്താവയോഗ്യമാണ്. ആഗോള കാലാവസ്ഥാ സമ്മേളനങ്ങളില്‍ ഇവരുടെ റിപ്പോര്‍ട്ടുകളാണ് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിഷയമാവുക. 2009-ല്‍ കോപ്പന്ഹേഗനില്വച്ചാണ് കാലാവസ്ഥയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് അടിയന്തരസ്വഭാവം കൈവന്നത്. വന്‍തോതിലുള്ള വ്യവസായവല്‍ക്കരണം യൂറോപ്പിലും അമേരിക്കയിലും വരുന്നത് 19-ാം നൂറ്റാണ്ടിലാണ്. അതിന് മുന്‍പുള്ള കാലഘട്ടത്തെ വ്യവസായീകരണ പൂര്‍വകാലം (Pre-industrial Times) എന്ന് വിശേഷിപ്പിക്കുന്നു. ആഗോളഭൂതല താപനില ഈ കാലഘട്ടത്തെ അപേക്ഷിച്ച് 2 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വര്ദ്ധിക്കരുതെന്ന നിര്‍ദ്ദേശമാണ് 2009 ല്‍ കോപ്പന്‍ഹേഗനില്‍ ഉരുത്തിരിഞ്ഞത്. 2013-ല്‍ തയ്യാറാക്കിയ ഐ.പി.സി.സി. റിപ്പോര്‍ട്ടാണ് 2015-ല്‍ പാരീസില്‍ കൂടിയ സമ്മേളനം പരിഗണിച്ചത്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ശുപാര്‍ശ ആഗോളതാപനില ഉയര്‍ച്ച 1.5 ഡിഗ്രിയില്‍ കൂടാതെ നിലനിര്‍ത്തണമെന്നും അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി നടത്തണമെന്നും ആയിരുന്നു. ആഗോളതാപനത്തിന് മുഖ്യഉത്തരവാദികള്‍ വികസിതരാഷ്ട്രങ്ങളായ അമേരിക്ക, ചൈന, ബ്രിട്ടന്, ഫ്രാന്‍സ്, ജര്‍മനി, റഷ്യ എന്നിവയാണെന്നും, പുത്തന്‍ ഹരിതസാങ്കേതികവിദ്യകള്‍ നടപ്പിലാക്കുന്നതിന്, വികസ്വര രാജ്യങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ബില്ല്യണ്‍ ഡോളറിന്റെ സഹായം നല്‍കണമെന്നും മറ്റും പാരീസില്‍ തീരുമാനിച്ചു.
എന്നാലെന്തുണ്ടായി?
ഒന്നും സംഭവിച്ചില്ലെന്ന് പറഞ്ഞുകൂടാ. 100 ബില്ല്യണ്‍ പോയിട്ട് 10 ബില്ല്യണ്‍ ഡോളര്‍പോലും സഹായത്തിനായി നീക്കിവയ്ക്കാന്‍ ആരും തയ്യാറായില്ല. പാരീസ് ഉടമ്പടി എന്നറിയപ്പെടുന്ന നിശ്ചയങ്ങളില്‍ നിന്ന്, ട്രംപിന്റെ നേതൃത്വത്തില്‍ അമേരിക്ക കൈകഴുകിമാറുകയും, കാലാവസ്ഥാ മാററമെന്നൊന്നില്ലെന്ന പഴയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നിലപാടിലേക്ക് വഴുതിപ്പോവുകയും ചെയ്തിരിക്കുകയാണ്.