അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഗാന്ധിയുടെ കത്ത് -കെ. അരവിന്ദാക്ഷന്‍

അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഗാന്ധിയുടെ കത്ത് -കെ. അരവിന്ദാക്ഷന്‍
1940 ഡിസംബര്‍ 24-നാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ക്ക് ഗാന്ധി വാര്‍ധാ ആശ്രമത്തില്‍ നിന്ന് കത്തെഴുതുന്നത്. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ കത്ത് തമസ്‌ക്കരിച്ചു. 1939 ജൂലൈ 23-ന് ഗാന്ധി ഹിറ്റ്‌ലര്‍ക്ക് എഴുതിയ കത്തും തമസ്‌ക്കരിക്കപ്പെട്ടിരുന്നു.
ഇന്ന് നമ്മുടെ രാജ്യം കടന്നുപോകുന്നത് സ്വേച്ഛാധികാരത്തിന്റെ വിഷക്കാറ്റിലൂടെയാണ്. അത് ഫാസിസമാണോ, ഹിന്ദുത്വ മതാധികാര റിപ്പബ്ലിക്കിലേക്കുള്ള കുറുക്കുവഴിയാണോയെന്ന് പറയാനാവില്ല. എന്നാല്‍, അതിസൂക്ഷ്മമാണ് ഇന്ത്യയുടെ ഓരോ കോശത്തിലേക്കുമുള്ള അതിന്റെ അധിനിവേശം.
അതിനെതിരെയുള്ള പ്രതിരോധം അതേ മാര്‍ഗ്ഗത്തിലൂന്നിയാണ് ഇപ്പോഴുമെന്നതാണ് നിരാശാജനകമായ വസ്തുത. ദളിതരും, ആദിവാസികളും, ന്യൂനപക്ഷങ്ങളിലെ ദരിദ്രരും, കര്‍ഷകരും, കൈവേലക്കാരും, കര്‍ഷകതൊഴിലാളികളുമാണ് ഹിന്ദു വര്‍ഗ്ഗീയത ഏല്‍പ്പിക്കുന്ന സാമ്പത്തിക-സാംസ്‌കാരിക രാഷ്ട്രീയാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. ഇന്ത്യ ഇന്ന് നേരിടുന്നത് കടുത്ത ആത്മീയശോഷണമാണ്. ഈ ആത്മീയശോഷണത്തെ അധഃകരിക്കുവാന്‍ എന്ത് വഴിയെന്നതിന് കൃത്യമായ ദിശാസൂചനകള്‍  നല്‍കുന്നതാണ്, ഹിറ്റ്‌ലര്‍ക്കുള്ള ഗാന്ധിയുടെ കത്തിലെ വരികള്‍:
പ്രിയ സ്‌നേഹിതാ,
”താങ്കളെ ഒരു സ്‌നേഹിതനായി ഞാന്‍ അഭിസംബോധന ചെയ്യുന്നത് ഔപചാരികത കൊണ്ടല്ല. എനിക്ക് ശത്രുക്കളില്ല. വര്‍ഗ്ഗ-വര്‍ണ്ണ-ജാതികള്‍ക്കപ്പുറം മൊത്തം മാനവസമൂഹവുമായ ചങ്ങാത്തത്തിലായിരിക്കുന്നതാണ് കഴിഞ്ഞ മുപ്പത്തിമൂന്നു കൊല്ലമായി എന്റെ ജീവിത വ്യാപാരം.
പ്രാപഞ്ചിക മൈത്രിയുടെ സ്വാധീനത്തില്‍ ജീവിക്കുന്ന നല്ലൊരു ശതമാനം മനുഷ്യരും താങ്കളുടെ പ്രവൃത്തികളെ എപ്രകാരം കാണുന്നുവെന്നറിയുവാന്‍ താങ്കള്‍ക്ക് ആഗ്രഹവും, സമയവും ഉണ്ടാകുമെന്ന് ഞാന്‍ വിചാരിക്കുന്നു. താങ്കളുടെ ധൈര്യത്തെപ്പറ്റിയോ, പിതൃഭൂമിയോടുള്ള താങ്കളുടെ അര്‍പ്പണത്തെപ്പറ്റിയോ ഒരു സംശയവും ഞങ്ങള്‍ക്കില്ല. താങ്കളുടെ എതിരാളികള്‍ പ്രചരിപ്പിക്കുന്നതുപോലെ താങ്കള്‍ ഒരു ഭീകരനാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നില്ല. എന്നാല്‍, പ്രാപഞ്ചിക മൈത്രിയില്‍ വിശ്വസിക്കുന്ന എന്നെപ്പോലുള്ളവര്‍ക്ക്, പ്രത്യേകിച്ചും താങ്കളുടെയും സുഹൃത്തുക്കളുടെയും പ്രഖ്യാപനങ്ങളും പ്രവൃത്തികളും ഭയാനകവും മനുഷ്യന്റെ അന്തസ്സിന് നിരക്കാത്തതുമായി അനുഭവപ്പെടുന്നു. ഡെന്‍മാര്‍ക്കിനെ വിഴുങ്ങിയതും, പോളണ്ടിനെ ബലാല്‍സംഗം ചെയ്തതും, ചെക്കോസ്ലോവാക്യയെ അപമാനിച്ചതും അത്തരത്തിലുള്ളതാണ്. താങ്കളുടെ ജീവിതവീക്ഷണത്തില്‍ അത്തരം ചെയ്തികള്‍ സചരിതമായ പ്രവൃത്തികളായിട്ടാണ് താങ്കള്‍ പരിഗണിക്കുന്നത് എന്ന് ഞാന്‍ അറിയുന്നു. എന്നാല്‍, കുഞ്ഞുനാള്‍മുതല്‍ അത്തരം പ്രവൃത്തികളെ മനുഷ്യത്വത്തെ അപമാനിക്കുന്നതായിട്ടാണ് ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് താങ്കളുടെ സൈനിക നടപടികള്‍ക്ക് വിജയം ആശംസിക്കാന്‍ ഞങ്ങള്‍ക്കാവില്ല.
പക്ഷേ, ഞങ്ങളുടേത് മൗലികമായ നിലപാടാണ്. നാസിസത്തെ പ്രതിരോധിക്കുന്നതില്‍നിന്ന് ഒട്ടും കുറയാതെ ഞങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെയും പ്രതിരോധിക്കുന്നു. അതിലെന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍, അളവില്‍ മാത്രമാണ്. അഞ്ചിലൊന്ന് മനുഷ്യസമൂഹം ബ്രിട്ടന്റെ കാല്‍ക്കീഴിലാണെന്നതിന് ഒരു തെളിവും ആവശ്യമില്ല. അതിനോടുള്ള ഞങ്ങളുടെ പ്രതിരോധം ഒരു തരത്തിലും ബ്രിട്ടീഷ് ജനങ്ങളുടെ നേരെയല്ല. യുദ്ധഭൂമിയില്‍ അവരെ തോല്‍പ്പിക്കാനല്ല, അവരെ പരിവര്‍ത്തനപ്പെടുത്താനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിനുനേരെ ഞങ്ങള്‍ ഉയര്‍ത്തുന്നത് നിരായുധമായ വിപ്ലവമാണ്. എന്നാല്‍ ഞങ്ങള്‍ അവരെ പരിവര്‍ത്തനപ്പെടുത്തുവാന്‍ സാധിക്കുമോ ഇല്ലയോ എന്നതല്ല, അഹിംസയിലൂന്നിയ നിസ്സഹകരണത്തിലൂടെ അവരുടെ ഭരണം അസാധ്യമാക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. അത് അപ്രതിരോധ്യമായ മാര്‍ഗ്ഗമാണ്. ഇരയുടെ ബോധപൂര്‍വ്വമോ നിര്‍ബന്ധപൂര്‍വ്വമോ ആയ ചെറിയ തോതിലുള്ള സഹകരണമില്ലാതെ ഒരു ചൂഷകനും തന്റെ ലക്ഷ്യം നേടാനാവില്ല എന്ന അറിവിലാണ് അത് അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. ഭരണാധികാരികള്‍ക്ക് നമ്മുടെ ഭൂമിയും സ്വത്തം ശരീരവുമെല്ലാം കീഴ്‌പ്പെടുത്താം. പക്ഷേ, ആത്മാവുകളെ തൊടാനാവില്ല. ഇന്ത്യക്കാരായ ഓരോ കുഞ്ഞിന്റെയും സ്ത്രീയുടെയും പുരുഷന്റെയും നശീകരണത്തിലൂടെ അത് അവര്‍ക്ക് സാധിക്കുമായിരിക്കാം. എല്ലാ മനുഷ്യരും ഒരുപോലെ ഉയിര്‍ത്തെഴുന്നേല്‍ക്കണമെന്നില്ല; ചെറിയൊരളവിലുള്ള ഭയം മൂലം വിപ്ലവത്തെ വളയ്ക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, അത്തരമൊരു വാദത്തില്‍ കഴമ്പില്ല. ചൂഷകരോട് യാതൊരു വിധത്തിലുമുള്ള വെറുപ്പുമില്ലാതെ ഇന്ത്യയിലെ നല്ലൊരു ശതമാനം സ്ത്രീകളും പുരുഷന്മാരും ചൂഷകര്‍ക്ക് മുമ്പില്‍ മുട്ടുമടക്കുന്നതിനുപകരം, തങ്ങളുടെ ജീവന്‍ പരിത്യജിക്കാന്‍ തയ്യാറായെന്നിരിക്കട്ടെ, ഹിംസയുടെ ഭീകരതയില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയായിരിക്കും അത്.
കഴിഞ്ഞ അര നൂറ്റാണ്ടോളമായി ഞങ്ങള്‍ ബ്രിട്ടീഷ് ഭരണത്തെ വലിച്ചെറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അഹിംസാത്മക മാര്‍ഗ്ഗത്തിലൂടെ ഇക്കാര്യത്തില്‍ ഒട്ടൊക്കെ വിജയം നേടിയിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും സംഘടിതമായ ഹിംസയെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പൊരുതുവാന്‍ ശരിയായ മാര്‍ഗ്ഗങ്ങള്‍ ഞങ്ങള്‍ അന്വേഷിക്കുകയാണ്. താങ്കള്‍ ബ്രിട്ടീഷ് അധികാരത്തെ വെല്ലുവിളിച്ചിരിക്കുന്നു. ബ്രിട്ടനാണോ ജര്‍മ്മനിയാണോ കൂടുതല്‍ സംഘടിതം എന്ന് കാണാനിരിക്കുന്നതേയുള്ളൂ. ലോകത്തെ യൂറോപ്യേതരവംശങ്ങള്‍ക്കും, ഞങ്ങള്‍ക്കും മേലുള്ള ബ്രിട്ടീഷ് ആധിപത്യത്തിന്റെ അര്‍ത്ഥം ഞങ്ങള്‍ക്കറിയാം. പക്ഷേ, ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുവാന്‍ ഒരിക്കലും ഞങ്ങള്‍ ജര്‍മ്മന്‍ സഹായം തേടില്ല. ലോകത്തിലെ ഏറ്റവും ഭീകരമായ ഹിംസകള്‍ ഒന്നിച്ച് ചേര്‍ന്നാലും അതിനെ നേരിടാന്‍ അഹിംസാത്മക ശക്തിക്ക് കഴിയും. അഹിംസാ മാര്‍ഗ്ഗത്തില്‍ പരാജയം എന്നൊരു വാക്കില്ല. മറ്റുള്ളവരെ നോവിക്കാതെ, കൊല്ലാതെ പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണത്. നശീകരണശാസ്ത്രത്തിന്റെയും പണത്തിന്റെയും സഹായമില്ലാതെ, അതെല്ലാമുപയോഗിച്ച് താങ്കള്‍ നടത്തുന്ന ഹിംസയെ നേരിടാനാവും അഹിംസയ്ക്ക്. ഹിംസ ആരുടെയും കുത്തകയല്ലെന്ന് താങ്കള്‍ മനസ്സിലാക്കുന്നില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ബ്രിട്ടീഷുകാരല്ലെങ്കില്‍ മറ്റേതെങ്കിലും ഹിംസാശക്തികള്‍ താങ്കളുടേതിനേക്കാള്‍ ശക്തമായി ഹിംസ ഉപയോഗിച്ച് താങ്കളെ തോല്‍പ്പിക്കും. ജര്‍മ്മന്‍ ജനതയ്ക്ക് അഭിമാനിക്കാന്‍ തക്കതായ യാതൊരു പൈതൃകവും താങ്കള്‍ (ഭൂമിയില്‍) വിട്ടിട്ട് പോകുന്നില്ല. എത്ര വിദഗ്ധമായി ആസൂത്രണം ചെയ്തതായാലും ക്രൂരമായ ചെയ്തികളെ പാടിപ്പുകഴ്ത്തുന്നതില്‍ ജര്‍മ്മന്‍ ജനത അഭിമാനിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് മാനവസമൂഹത്തിനുവേണ്ടി ഞാന്‍ താങ്കളോട് അപേക്ഷിക്കുന്നു, ഈ യുദ്ധം നിര്‍ത്തുവാന്‍…”
ഹിറ്റ്‌ലര്‍ക്കുള്ള ഗാന്ധിയുടെ കത്തില്‍ തെളിഞ്ഞുവരുന്ന ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ (1) ബ്രിട്ടീഷ് ഹിംസയെ പ്രതിരോധിക്കാന്‍ ജര്‍മ്മന്‍ ഫാസിസത്തിന് സാധിക്കില്ല. അതായത് ഹിന്ദുത്വയുടെ വര്‍ഗ്ഗീയ ഹിംസകളെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സിന്റെ മൃദുഹിന്ദുത്വം കൊണ്ടോ, ന്യൂനപക്ഷ വര്‍ഗ്ഗീയ ഹിംസകൊണ്ടോ, മാര്‍ക്‌സിസ്റ്റ് – സ്റ്റാലിനിസ്റ്റ് ഹിംസകൊണ്ടോ,സോഷ്യലിസ്റ്റ്-ദളിത് പാര്‍ട്ടികളുടെ ഹിംസാത്മക സമീപനങ്ങള്‍കൊണ്ടോ സാധ്യമല്ല. ഏത് കൂട്ടര്‍ ജയിച്ചാലും ദരിദ്രന്റെയും, ദളിതന്റെയും, ആദിവാസികളുടെയും ജീവിതത്തിന് ഗുണപരമായ മാറ്റമുണ്ടാകില്ല. ധാര്‍മ്മികതയിലൂന്നിയ ഒരു രാഷ്ട്രീയം അതിനുവേണം.