അപരന്‍ എന്ന അപകടകാരി -ബി.ആര്‍.പി. ഭാസ്‌കര്‍

അപരന്‍  എന്ന അപകടകാരി -ബി.ആര്‍.പി. ഭാസ്‌കര്‍
ഭൂരിപക്ഷ വിഭിന്നമായ ഭാഷ സംസാരിക്കുന്നതും, മതം പിന്തുടരുന്നതും സാംസ്‌കാരികമായും ചരിത്രപരമായും വേറിട്ടു നില്‍ക്കുന്നവരും ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവരും ഭീതിദമായ വിധത്തില്‍ അപരവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദേശീയതയുടെ പേരില്‍ നടക്കുന്ന ഇത്തരം വിഭജനങ്ങളിലൂടെ പൊതുബോധത്തിനകത്ത് അപരത്വം നിര്‍മ്മിച്ചെടുക്കുകയാണ് ചെയ്യുന്നത്.
കുട്ടികളുടെ ഭാവന ഇല്ലാത്ത കൂട്ടുകാരെ സൃഷ്ടിക്കുമ്പോള്‍  മുതിര്‍ന്നവരുടെ ഭാവന ഇല്ലാത്ത ശത്രുക്കളെ സൃഷ്ടിക്കുന്നു എന്ന് പറയാറുണ്ട്. കുട്ടികള്‍ അപരന്മാരെ മിത്രങ്ങളായും മുതിര്‍ന്നവര്‍ ശതുക്കളായും കാണുന്നതെന്തെന്ന് വിശദീകരിക്കേണ്ടത് മന:ശാസ്ത്രജ്ഞരാണ്. അപരന്‍, യാഥാര്‍ത്ഥ്യമായോ ഭാവനാസൃഷ്ടിയായോ, നമ്മോടൊപ്പം സഞ്ചരിക്കുന്നു എന്നതാണ് വാസ്തവം. 
ഒരു വ്യക്തി സൃഷ്ടിക്കുന്ന അപരനെ അയാള്‍ക്ക്  നിയന്ത്രിക്കാനാകും. കാരണം അയാളാണ് അതിന്റെ സൃഷ്ടാവ്. എന്നാല്‍ വ്യക്തികളെ കൂടാതെ പ്രസ്ഥാനങ്ങളും  ഇക്കൂട്ടത്തില്‍ മതങ്ങളും രാഷ്ട്രീയ കക്ഷികളും ഉള്‍പ്പെടെ  അപരനെ സൃഷ്ടിക്കുന്നുണ്ട്. അത് യഥാര്‍ത്ഥത്തിലുള്ള  വ്യക്തിയോ പ്രസ്ഥാനമോ ആകാം.
ഞാനും നീയും ഉണ്ടായപ്പോള്‍ അവന്‍ എന്ന അപരന്‍ അല്ലെങ്കില്‍ അവള്‍ എന്ന അപരയുമുണ്ടായി എന്ന് സാമാന്യേന പറയാം. ഞാനും നീയും ചേര്‍ന്ന്  നമ്മള്‍ ആകുമ്പോള്‍ അപരസാന്നിധ്യം ഇല്ലാതാകുന്നു. അന്യോന്യം ശത്രുതയില്ലെങ്കില്‍ നമ്മള്‍ ആയില്ലെങ്കിലും പ്രശ്‌നമില്ല. എന്നാല്‍ നമ്മള്‍ക്കിടയില്‍ ഏതെങ്കിലും തരത്തിലുള്ള മത്സരമുണ്ടെങ്കില്‍-അത് വ്യക്തിപരമോ സാമുഹികമോ സാമ്പത്തികമോ രാഷ്ട്രീയപരമോ ആയ കാരണങ്ങളാലാകാം, അപരസാന്നിധ്യം അപകടകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം. മത്സരത്തില്‍ ജയിക്കാന്‍, ഇല്ലാത്ത അപരന്‍ സൃഷ്ടിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകാം.
എല്ലാ മതങ്ങളും പ്രാരംഭഘട്ടത്തില്‍ സാഹോദര്യം വളര്‍ത്തിയവയാണ്. വളരുന്ന സാഹോദര്യം അപരസൃഷ്ടിയിലേക്ക് നയിച്ച അവസരങ്ങളുമുണ്ട്. ഫരോവാ ചക്രവര്‍ത്തിമാരുടെ കീഴില്‍ ദുരിതമനുഭവിച്ചിരുന്ന തന്റെ ആളുകളെ ഒന്നിപ്പിച്ച് ഈജിപ്തില്‍ നിന്ന് പ്രവാചകനായ മോസസ് പുറപ്പെട്ടത് യഹൂദ സാഹോദര്യം വളര്‍ത്തി.  യഹൂദരുടെ ദൈവമായ യഹോവ അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചു. അയല്‍ക്കാരന്‍  തന്നെപ്പോലെ ഒരാള്‍, അതായത് മറ്റൊരു യഹൂദന്‍ ആണെങ്കില്‍ ആ സ്‌നേഹസങ്കല്പം വിശാലമായ ഒന്നല്ല. യഹൂദ  പൗരോഹിത്യത്തെ വെല്ലുവിളിച്ച യേശു ക്രിസ്തുവിനെ അവര്‍ അപരനാക്കി. അവനെ കുരിശിലേറ്റുക, കള്ളനായ ബാറബാസിനെ മോചിപ്പിക്കുക എന്ന് ജനം ആര്‍ത്തു വിളിച്ചു. യേശുവിന്റെ സഹോദര സങ്കല്പം മോസസിന്റെതിനേക്കാള്‍ വിശാലമായിരുന്നു. അയല്‍ക്കാരനെ ആര്‍ക്കും  സ്‌നേഹിക്കാനാകും, നീ നിന്റെ ശത്രുവിനെ സ്‌നേഹിക്കുക എന്ന് യേശു പറഞ്ഞു. യരുശലേം തകരുകയും യഹൂദര്‍ ലോകമാകെ ചിതറുകയും ചെയ്തപ്പോള്‍  എത്തിപ്പെട്ടയിടങ്ങളിലെ  ജനങ്ങള്‍ അവരെ അപരന്മാരായി കാണുകയും ദ്രോഹിക്കുകയും ചെയ്തു. രണ്ടായിരം കൊല്ലത്തിനുശേഷം തിരിച്ചുവന്ന യഹൂദര്‍ അവിടെയുള്ള പലസ്തീനികളെ അപരന്മാരായി പ്രഖ്യാപിച്ച്, ദ്രോഹിച്ചുകൊണ്ടിരിക്കുന്നു.      
ക്രിസ്തുമതം പടിഞ്ഞാറോട്ട് വ്യാപിച്ചശേഷം മദ്ധ്യപൂര്‍വ്വ പ്രദേശത്ത് നിന്ന്  സാഹോദര്യത്തിന്റെ പുതിയൊരു സന്ദേശം ഉയര്‍ന്നു. മോസസ് മുതല്‍ യേശു വരെയുള്ള എല്ലാ പ്രവാചകന്മാരെയും ഇസ്ലാം അംഗീകരിച്ചു. പക്ഷേ, മുഹമ്മദ് നബിയുടെ അനുയായികളെ മുന്‍ പ്രവാചകരുടെ അനുയായികള്‍ അപരന്മാരായി കണ്ടു. അവര്‍ മറിച്ചും. ഒന്നുകില്‍ നിങ്ങള്‍ അല്ലെങ്കില്‍ ഞങ്ങള്‍ എന്ന് പറഞ്ഞുകൊണ്ട് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഏറെ കാലം യുദ്ധം ചെയ്‌തെങ്കിലും ഒന്നിന് മറ്റേതിനെ ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ പ്രാചീന മതഗ്രന്ഥമായ   ഋഗ്വേദത്തിലെ നിരവധി സൂക്തങ്ങള്‍ വൈദിക സമൂഹത്തില്‍പെട്ടവര്‍ 3,500 കൊല്ലം മുമ്പ് അവ രചിക്കുമ്പോള്‍ ചുറ്റും അവരേക്കാള്‍ സമ്പന്നരായ ഒരു നാഗരികസമൂഹം ഉണ്ടായിരുന്നെന്ന് സാക്ഷ്യപ്പെടുത്തുന്നു. ആ അപരന്മാരുടെ  പശുക്കളെ തങ്ങള്‍ക്ക് തരണേ എന്ന് അവര്‍ പ്രാര്‍ത്ഥിച്ചു. (ഇന്ന് ആ പ്രാര്‍ത്ഥതനകള്‍ക്കൊക്കെ തത്വചിന്താപരമായ ഭാഷ്യങ്ങളുണ്ട്. അവ പതിന്നാലാം നൂറ്റാണ്ടില്‍ സായണന്‍ എന്ന പണ്ഡിതന്‍ ചമച്ചവയാണ്. സായണനും മൂത്ത സഹോദരന്‍ മാധവനും വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാരായിരുന്നു. സംസ്‌കൃതഭാഷയില്‍ വലിയ മാറ്റങ്ങളുണ്ടായെന്നും അര്‍ത്ഥം അറിയാതെയാണ് പുരോഹിതന്മാര്‍ സൂക്തങ്ങള്‍ ഉരുവിടുന്നതെന്നും അതുകൊണ്ട് ശരിയായ അര്‍ത്ഥം കണ്ടെത്തണമെന്നുമുള്ള അപേക്ഷയുമായി ചിലര്‍ ചക്രവര്‍ത്തിയെ സമീപിച്ചു, അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം മാധവന്‍ സായണന്റെ നേതൃത്വത്തില്‍ ഒരു പണ്ഡിത സദസ് സംഘടിപ്പിച്ചു. അവിടെ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സായണഭാഷ്യം തയ്യാറാക്കപ്പെട്ടത്. അതിനെ ആസ്പദമാക്കി മാക്‌സ്മുള്ളര്‍ ഇംഗ്ലീഷിലും ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് മലയാളത്തിലും ഋഗ്വേദം അവതരിപ്പിച്ചു.)
ഭാരതീയ തത്ത്വചിന്തയിലെ അത്യുദാത്തമായ ആശയങ്ങള്‍ വൈദികസമൂഹവും ഇന്ത്യയിലെ ഇതര സമൂഹങ്ങളും തമ്മില്‍ ഇടപഴകിയശേഷമുണ്ടായ ഉപനിഷത്തുകളിലാണുള്ളത്. മറ്റിടങ്ങളില്‍ ഒരു ജനവിഭാഗം മറ്റൊന്നിനെ കീഴ്‌പ്പെടുത്തിയപ്പോള്‍ തോറ്റവരുടെ ദൈവം പുറത്തായി. യഹോവ താന്‍ മാത്രമാണ് സത്യദൈവമെന്നും മറ്റുള്ളവര്‍ വ്യാജന്മാരാണെന്നും അബ്രഹാമിനോട് പറയുന്നുണ്ട്. യഹോവ പേരെടുത്തു പറയുന്ന വ്യാജന്മാരില്‍ ഒരാളായ ബാല്‍ ഫിനീഷ്യക്കാരുടെയും സുമേറിയക്കാരുടെയും ആരാധനാമൂര്‍ത്തിയായിരുന്നു. ഈ രീതിയില്‍ നിന്നു തികച്ചും വ്യത്യസ്തമായി ഇവിടെ  ആധിപത്യം സ്ഥാപിച്ച വൈദിക സമൂഹം മറ്റുള്ളവരൂടെ ദൈവങ്ങളെ പുറത്താക്കിയില്ല. പുരോഹിതരായി തങ്ങളെ അംഗീകരിച്ചവരുടെ ദൈവങ്ങളെ സ്വീകരിച്ചുകൊണ്ട് അവര്‍ ബഹുദൈവ ഹിന്ദു സംവിധാനമുണ്ടാക്കി. ദൈവങ്ങള്‍ തമ്മില്‍ വഴക്കടിച്ച കഥകളുണ്ട്. പക്ഷേ, ആരും വ്യാജന്മാരെന്ന് മുദ്രകുത്തി പുറത്താക്കപ്പെട്ടില്ല. ഋഗ്വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന തങ്ങളുടെ ആദി ദേവീദേവന്മാരെ കൈവിട്ടുകൊണ്ട് വൈദിക സമൂഹം  ഇതര സമൂഹങ്ങളുടെ ദേവീദേവന്മാരുടെ ഉപാസകരായി എന്ന് പറയാം.