ഗാന്ധിയും അപരവല്‍ക്കരണവും -എം.എന്‍. കാരശ്ശേരി
Print this article
Font size -16+
ഇന്ന് രാഷ്ട്രീയ ചര്‍ച്ചകളിലും സാംസ്‌കാരിക സംവാദങ്ങളിലും സാമൂഹ്യവിവാദങ്ങളിലും ധാരാളമായി കേള്‍ക്കുന്ന പദമാണ് ‘അപരവല്‍ക്കരണം’. മതം, ജാതി, ലിംഗം, ഭാഷ, പ്രദേശം, വംശം തുടങ്ങിയവകൊണ്ട് വ്യത്യസ്തമായ സമൂഹങ്ങളെ കൂട്ടത്തില്‍ കൂട്ടാതെ അകറ്റി നിര്‍ത്തുന്നതിനും അവരോട് വിവേചനം കാണിക്കുന്നതിനുംവേണ്ടി എഴുത്തും പ്രസംഗവും പ്രവര്‍ത്തനവും വഴി ഒരു പൊതുബോധം ഉല്പാദിപ്പിക്കുന്നതിനെയാണ് ‘അപരവല്‍ക്കരണം’ എന്നു പറയുന്നത്.
തത്വചിന്തയില്‍ നേരത്തേ ഉപയോഗിച്ചുപോന്ന പ്രയോഗമാണ് അപരത്വം (ീവേലൃില)ൈ. അവനവന്‍ എന്താണ്, ആരാണ് എന്ന അന്വേഷണം തത്വചിന്തയില്‍ പ്രധാനമാണല്ലോ. അങ്ങനെ അവനവനെ (ലെഹള) മനസ്സിലാക്കുവാന്‍ അവനവന്‍ അല്ലാത്തതെന്ത്, അപരമായത് എന്ത് എന്ന് അന്വേഷിക്കേണ്ടിവരും. ഇന്ത്യന്‍ പാരമ്പര്യത്തില്‍ ആത്മാവിനെ നിര്‍വചിക്കാന്‍ വാക്ക് കിട്ടാതെ ഇതല്ല, ഇതുമല്ല, ഇതുമല്ല (നേതി, നേതി) എന്ന് ‘അന്യ’ മായത് വെച്ച് മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതുപോലെയാണിത്. അവനവനുമായി സാദൃശ്യം കൊണ്ട് ഒപ്പം നില്‍ക്കുന്നത് ഏത്, വൈസാദൃശ്യം കൊണ്ട് ആശപരമായി നില്‍ക്കുന്നത് ഏത് എന്ന അന്വേഷണം അവനവന്റെ തന്മയെ വിശകലനം ചെയ്യാന്‍ സഹായിക്കും. ആന്തരവും ബാഹ്യവുമായ സാദൃശ്യങ്ങളിലൂടെയും വൈസാദൃശ്യങ്ങളിലൂടെയും വ്യക്തികളുടെയും സമൂഹങ്ങളുടെയും സ്വലക്ഷണം അതായത് തന്മ കണ്ടെത്താന്‍ കഴിയും. ഈ തന്മയാണ് സ്വത്വം (കറലിശേ്യേ).
എന്റെ ധാരണ ശരിയാണെങ്കില്‍ ജീവിതത്തിന്റെ പൊരുള് തേടുന്നതിന്റെ പ്രധാന ഭാഗമായ ആത്മജ്ഞാന (ടലഹള രീിരശീൗിെല)ൈ ത്തെയും ആത്മബോധ (ലെഹള മംമൃലില)ൈ ത്തെയും സഹായിക്കുന്ന ഒരു പരികല്പനയായി അപരത്വം (ീവേലൃില)ൈ എന്ന ആശയം അവതരിപ്പിച്ചത് ജര്‍മ്മന്‍ ചിന്തകനായ ഹെഗല്‍ (1770-1831) ആണ്. ജനങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങളുടെ മന:ശ്ശാസ്ത്ര വിശകലനത്തിന് മറ്റൊരു ജര്‍മന്‍ ചിന്തകനായ എഡ്മണ്ട് ഹുസ്സേളി (1859-1938)നെപ്പോലുള്ളവര്‍ ഇതുപയോഗിച്ചു. സ്ത്രീ-പുരുഷബന്ധം അപഗ്രഥിക്കുവാന്‍ ഫ്രഞ്ച് ചിന്തക സിമോങ് ദ് ബുവ്വെ (1908-1986) ഠവല ടലരീിറ ടലഃ (1049) എന്ന ഗ്രന്ഥത്തില്‍ അപരസങ്കല്പം കൊണ്ടുവരുന്നുണ്ട്.
‘അപരത്വം’ എന്താണെന്ന് ഞാന്‍ വിശദീകരിക്കാന്‍ ശ്രമിക്കാം.
നമുക്കിടയില്‍ പലതരം വ്യത്യാസങ്ങളുണ്ട് – ആണും പെണ്ണും, മേല്‍ജാതിയും കീഴ്ജാതിയും, ഹിന്ദുവും അഹിന്ദുവും, മലയാളിയും തമിഴനും, മുതലാളിയും തൊഴിലാളിയും, ആര്യനും ദ്രാവിഡനും… അങ്ങനെയങ്ങനെ – ജന്മസിദ്ധവും കര്‍മ്മസിദ്ധവും സാഹചര്യബദ്ധവും ആയ വ്യത്യാസങ്ങള്‍.
അവയെ അടിസ്ഥാനമാക്കി പല തലത്തില്‍ അന്യത്വം തോന്നുന്നത് സ്വാഭാവികമല്ലേ? അതെ അന്യമായ മതവും അന്യമായ ജാതിയും അന്യമായ ഭാഷയും എല്ലാം ഉള്ളതിനാല്‍ അന്യത്വവും സ്വാഭാവികം തന്നെ – തമിഴന്മാര്‍ക്കിടയില്‍ ആ ഭാഷ തിരിയാത്ത മലയാളി അന്യത്വം അനുഭവിക്കുന്നത് ഉദാഹരണം.
എന്റെ നോട്ടത്തില്‍ അന്യനും അപരനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: അന്യത്വം പ്രകൃതിയാണ്; അപരത്വം സംസ്‌കൃതിയും. സഹജമായി ഉള്ളതാണ് അന്യത്വം; വേണമെന്നുവെച്ച് ഉണ്ടാക്കുന്നതാണ് അപരത്വം.
കറുത്തവരും വെളുത്തവരും എന്ന വര്‍ണഭേദം. പ്രകൃതിയില്‍ ഉള്ളതാണ് വെളുത്തവര്‍ കറുത്തവരേക്കാള്‍ ശ്രേഷ്ഠരാണ് എന്ന ഉത്ക്കൃഷ്ടബോധവും അതുകൊണ്ടുതന്നെ ആദ്യത്തെ കൂട്ടര്‍ക്ക് രണ്ടാമത്തെ കൂട്ടരെ അടിച്ചമര്‍ത്തി ഭരിക്കാമെന്നുള്ള തീര്‍പ്പും ‘സംസ്‌കൃതി’ ഉണ്ടാക്കിയതാണ്. കറുത്തവര്‍ ബുദ്ധിയില്ലാത്തവരും സംസ്‌കാരമില്ലാത്തവും അതുകൊണ്ടുതന്നെ ജന്മനാ നികൃഷ്ടരും ആണെന്ന ബോധം ആയുധം, വിദ്യ, ധനം, അധികാരം മുതലായവ വഴി ഉല്പാദിപ്പിക്കുന്നതിലൂടെയാണ് ‘അപരവല്ക്കരണം’ നടക്കുന്നത്. ഈ ബോധം വെളുത്തവര്‍ക്കിടയിലെന്നപോലെ കറുത്തവര്‍ക്കിടയിലും ഇതു രണ്ടും അല്ലാത്തവര്‍ക്കിടയിലും സ്വാഭാവികസത്യം ആയി വേര് പിടിക്കുന്നതിലൂടെയാണ് അപരവല്ക്കരണം സാധ്യമാകുന്നത്. ഇത് അപകര്‍ഷബോധമായി കറുത്തവര്‍ക്കിടയില്‍ പുലരുന്നു.
ഇന്ത്യന്‍ സാഹചര്യത്തിലെ പ്രധാനപ്പെട്ട രണ്ട് ഉദാഹരണങ്ങള്‍ വിശകലനം ചെയ്താല്‍ കാര്യം എളുപ്പം തിരിഞ്ഞുകിട്ടും.
1. ജാതി:
‘മേല്‍ജാതി’ എന്ന് സ്വയം വിളിക്കുന്ന കൂട്ടര്‍ ‘കീഴ്ജാതി’ എന്ന് വിളിക്കപ്പെടുന്നവരുടെ പോലയാകുന്നത് എങ്ങനെയാണ്? ‘മേല്-കീഴ്’ സൃഷ്ടിക്കുന്നത് എങ്ങനെയാണ്? ജാതിമേന്മയെ സംബന്ധിച്ച കൃത്രിമവും കപടവും ആയ ബോധം ഉല്പാദിപ്പിച്ചും തലമുറകളിലൂടെ പുനരുല്പാദിപ്പിച്ചും ആണത് സാധിക്കുന്നത്. സമ്പത്തും സാമൂഹ്യഘടനയും അധികാരവും മതവിശ്വാസവും എല്ലാ ആധാരമാക്കിയാണ് ഈ ബോധനിര്‍മ്മിതി. പുരാവൃത്തങ്ങള്‍ (മിത്തോളജി) ഇതില്‍ വലിയ പങ്കുവഹിക്കുന്നു. ഈശ്വരന്റെ വിരാട് രൂപമായ കാലപുരുഷന്റെ മുഖത്തുനിന്ന് ബ്രാഹ്മണനും ബാഹുക്കളില്‍ നിന്ന് ക്ഷത്രിയനും ഊരുക്കളില്‍ നിന്ന് വൈശ്യനും പാദങ്ങളില്‍ നിന്ന് ശൂദ്രനും പിറന്നു എന്ന കഥ നോക്കുക. പതിത്വവുമായിട്ടാണ് ശൂദ്രന്‍ പിറന്നതുതന്നെ എന്നര്‍ത്ഥം. അതു മുജ്ജന്മപാപത്തിന്റെ ഫലമാണ് എന്ന യുക്തിഭദ്ര(!)മായ വിശദീകരണം കൂടിയാകുമ്പോള്‍ ‘എല്ലാം വിധിയാണ്’ എന്നുവെച്ച് അടങ്ങാനേ കീഴ്ജാതിക്കാര്‍ക്ക് പറ്റൂ. അധികാരം, വിദ്യ, സമ്പത്ത്, ചികിത്സ തുടങ്ങി സംസ്‌ക്കാരത്തിന്റെ സദ്ഫലങ്ങളെല്ലാം തങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടത് ന്യായമാണ് എന്ന് അടിയാളജാതിക്കാര്‍ക്ക് തന്നെ തോന്നും.
2. ലിംഗപദവി:
ആണ്‍-പെണ്‍ പാരസ്പര്യത്തില്‍ ആണ് മേലെയും പെണ്ണ് താഴെയും എന്നത് ‘പ്രകൃതിസിദ്ധമായ സത്യ’മായിട്ടാണ് ആണും പെണ്ണും ഒരുപോലെ കരുതുന്നത്. ‘പെണ്ണ് ദുര്‍ബ്ബലയാണ്’ എന്നത് അവളുടെ മേന്മ പോലെയാണ് തലമുറകളായി പ്രചരിപ്പിക്കപ്പെടുന്നത്. സിമോങ് ദ് ബുവ്വെ ചൂണ്ടിക്കാണിച്ചതുപോലെ, ഒരു വ്യക്തി ശാരീരികമായി സ്ത്രീയായി ജനിക്കുന്നപോലെത്തന്നെ സാമൂഹികമായി സ്ത്രീയായി നിര്‍മ്മിക്കപ്പെടുന്നുമുണ്ട്. പുരുഷാധിപത്യമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് വളരാനുള്ള സാഹചര്യമേ അവള്‍ക്കുള്ളൂ – സ്ത്രീ ഇന്നമാതിരിയാണ്, ഇന്ന മാതിരിയല്ല എന്ന് കണ്ടും കേട്ടും വളര്‍ന്നിട്ടാണ് ഒരു വ്യക്തി സ്ത്രീ ആയിത്തീരുന്നത്. പെണ്ണ് മരം കയറുന്നത് കണ്ടിട്ടില്ലാത്ത ഒരു പെണ്‍കുട്ടി, പെണ്ണ് മരം കയറരുത് എന്ന ശാസന കേട്ട് മുതിര്‍ന്ന ഒരു പെണ്‍കുട്ടി മരം കയറാന്‍ മാനസികമായോ, ശാരീരികമായോ പ്രാപ്തിയില്ലാത്തവളായിത്തീരും. പിന്നെയല്ലേ, കുടുംബജീവിതത്തിലെയോ സാമൂഹികജീവിതത്തിലെയോ പ്രധാനപ്പെട്ട അനുഭവങ്ങള്‍? പുരുഷാധിപത്യസമൂഹത്തിന്റെ പ്രധാനപ്പെട്ട അപരവല്ക്കരണം നടക്കുന്നത് സ്ത്രീയുടെ കാര്യത്തിലാണ്. എപ്പോഴും ഉള്‍വലിയാന്‍ പ്രേരണ നല്‍കുന്ന അധമമനോഭാവത്തിലാണ് നമ്മുടെ സ്ത്രീകളധികവും.
ഇവിടെ വളരെ ശ്രദ്ധേയമായ കാര്യം: ഈ മേല്‍-കീഴ് ‘മേല്‍ജാതിക്കാര്‍’ മാത്രമോ ആണുങ്ങള്‍ മാത്രമോ പഠിച്ചാല്‍ ഈ വ്യവസ്ഥ പ്രവര്‍ത്തിക്കുകയില്ല. ഇത് ‘കീഴ്ജാതിക്കാരും’ പെണ്ണുങ്ങളും പഠിക്കണം. അവര്‍ അത് പരിശീലിക്കണം. നമ്പൂരിക്ക് അയിത്തമാവാതിരിക്കാന്‍ വേണ്ടി നിരത്തില്‍ നിന്ന് ഓടേണ്ടത് നമ്പൂരിയല്ല, ചെറുമനാണ് എന്നോര്‍ക്കുക! ചെറുമന്‍ ഓടാതിരുന്നാല്‍ ആ വ്യവസ്ഥ പ്രവര്‍ത്തിക്കുകയില്ല.
ഡോ. അംബേദ്ക്കര്‍ ജനിച്ച മഹര്‍ ജാതിക്കാര്‍ക്ക് പകല്‍ സമയത്ത് പുറത്തിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല; അവരുടെ നിഴല് വീണ് ഭൂമി അശുദ്ധമാകും എന്നാണ് കണക്ക്. അതുകൊണ്ട് അവര്‍ രാത്രിമാത്രം പുറത്തിറങ്ങണമായിരുന്നു. അവര്‍ക്ക് ഭൂമിയില്‍ തുപ്പാന്‍ അനുവാദമുണ്ടായിരുന്നില്ല; അവരുടെ തുപ്പല് വീണ് ഭൂമി അശുദ്ധമാകും എന്നാണ് വെപ്പ്. അതുകൊണ്ട് അവര്‍ തുപ്പാന്‍ വേണ്ടി കഴുത്തില്‍ ചെരട്ട കെട്ടിത്തൂക്കി നടക്കണമായിരുന്നു. അവരുടെ കാല്പാട് പതിഞ്ഞ് ഭൂമി അശുദ്ധമാകും എന്നതിനാല്‍ ആ കാല്പാടുകള്‍ മായ്ച്ചു കളയുന്നതിനുവേണ്ടി അവര്‍ ഊരയ്ക്കു പിറകില്‍ ചൂല് കെട്ടിക്കൊണ്ടു നടക്കണമായിരുന്നു. അവര്‍ക്ക് പൊതുകുളത്തിലെ വെള്ളം സ്പര്‍ശിക്കാന്‍ അവകാശമുണ്ടായിരുന്നില്ല.
ആയിരക്കണക്കിന് അനുയായികളുമായി ചെന്ന് അംബേദ്ക്കര്‍ മഹാരാഷ്ട്രത്തിലെ മഹദ് പ്രദേശത്തെ ചൗദാല്‍കുളത്തിലെ വെള്ളം സ്പര്‍ശിച്ചത് (20 മാര്‍ച്ച് 1927) നമ്മുടെ ചരിത്രത്തിലെ മഹാസംഭവമാണ്!
ഗാന്ധി അംബേദ്ക്കറെ ആദ്യമായി കണ്ടപ്പോള്‍ (1931) പറഞ്ഞു: ”നിങ്ങളുടെ കോണ്‍ഗ്രസ് വിമര്‍ശനം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. അതു നമ്മുടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യം വൈകിക്കും.”
സ്വന്തമായി വെള്ളവും മണ്ണും വായുവും നിഷേധിക്കപ്പെട്ട സമുദായത്തിലെ അംഗമായി വളര്‍ന്നതുകൊണ്ട് അംബേദ്ക്കര്‍ പറഞ്ഞു: ഏമിറവശഷശ, ക വമ്‌ല ിീ വീാല ഹമിറ’ (ഗാന്ധിജി, എനിക്ക് മാതൃഭൂമിയില്ല).
ജാതിഘടന സൃഷ്ടിച്ച അപരവത്ക്കരണം എവിടെയെത്തി എന്ന് ഈ സംഭാഷണം അമ്പരപ്പിക്കുംവിധം ഉദാഹരിക്കുന്നുണ്ട്.
ജാതിഘടനയും ലിംഗപദവിയും സൃഷ്ടിച്ചുവെച്ച അപരവത്ക്കരണത്തെ ഗാന്ധി എങ്ങനെ കണ്ടു എന്നാണ് നമുക്കിപ്പോള്‍ അന്വേഷിക്കാനുള്ളത്.