പ്രളയാന്തര കേരളം
Print this article
Font size -16+
കേവലം രണ്ടരമാസക്കാലയളവില് മഴയുടെ അളവില്‍ 37% വര്‍ധനയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇത്ര കുറഞ്ഞ കാലയളവിലെ ഈ പ്രതിഭാസത്തിന്റെ കാരണമെന്ത്?
• ജൂണ്‍ ഒന്നുമുതല്‍ ആഗസറ്റ് 22 വരെയുള്ള ഈ മണ്‍സൂണ്‍ സീസണില്‍ 239 സെ.മീറ്റര്‍ മഴയാണ് ലഭിച്ചത്. ദീര്‍ഘകാല ശരാശരിയേക്കാള്‍ 41 ശതമാനം വര്‍ധനയാണിത്. ജൂലൈ 8 മുതല്‍ ജൂലൈ 20-ാം തീയതി വരെ പെയ്തത് കനത്ത മഴയാണ്. ആഗസ്റ്റ് 8 മുതല്‍ ആഗസ്റ്റ് 18-ാം തീയതി വരെ പെയ്ത മഴയോ, ആദ്യത്തേതിനേക്കാള്‍ ഉഗ്രമായിരുന്നു. ആഗസ്റ്റ് 15നും 16നും 24 മണിക്കൂറും നിര്‍ത്താതെ പെയ്ത മഴയും സമാനതകളില്ലാത്തവിധം ഗംഭീരമായിരുന്നു. 1871 മുതല്‍ ഇന്നുവരെ കേരളത്തില്‍ പെയ്ത മഴയുടെ ദിനംപ്രതിയുള്ള കണക്കുകള്‍ ലഭ്യമാണ്. ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മഴയില്‍ 40% വര്‍ധനയുണ്ടായത് കേവലം 3 വര്‍ഷങ്ങളിലാണ്. 1878-ല്‍ 51 ശതമാനവും 1924-ല്‍ 61 ശതമാനവും 1961-ല്‍ 52 ശതമാനവും എന്നീ കണക്കിലാണ് വര്‍ധന ഉണ്ടായത്. ഭൂമദ്ധ്യരേഖയെ മറികടന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറുഭാഗത്തുകൂടി ഇന്ത്യന്‍ ഉപദ്വീപിനു മുകളിലൂടെ വരുന്ന ശക്തവും അഗാധവുമായ വായുപ്രവാഹവുമായി കേരളത്തിലെ മണ്‍സൂണ്‍ ബന്ധപ്പെട്ടിരിക്കുന്നു. ഈ വര്‍ഷം ജൂലൈ, ആഗസ്റ്റ് എന്നീ മാസങ്ങളില്‍ മണിക്കൂറില്‍ 60 മുതല്‍ 100 കി.മീറ്റര്‍ വേഗതയില്‍ മണ്‍സൂണ്‍ മഴയ്ക്കുവേണ്ട അളവിലുള്ള നീരാവി നിറഞ്ഞ ഈ വായുപ്രവാഹം (കാറ്റ്) കേരളത്തിലുടനീളം അനുഭവപ്പെട്ട ശാന്തസമുദ്രത്തിന്റെ പടിഞ്ഞാറുഭാഗത്തുണ്ടായ ചുഴലിക്കാറ്റു മൂലമായിരിക്കാം വായുപ്രവാഹത്തിലെ ഈ ഗതിമാറ്റം സംഭവിച്ചത്. 1924-ലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അതേ പ്രദേശത്തു തന്നെ വലിയ തോതില്‍ ചുഴലിക്കാറ്റും രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം.
2. വെള്ളപ്പൊക്കത്തെ നിരീക്ഷിക്കാനുള്ള ഏക സര്‍ക്കാര്‍ ഏജന്‍സിയായ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന് കേരളത്തില്വെള്ളപ്പൊക്കം പ്രവചിക്കാനുള്ള ഒരു സൈറ്റ് പോലുമില്ല! ഇതെങ്ങനെ?
•സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ഇത്തരത്തിലുള്ള വെള്ളപ്പൊക്ക നിരീക്ഷണ – നിയന്ത്രണ സംവിധാനങ്ങളെല്ലാം കേരളത്തിനു വടക്കുള്ള സംസ്ഥാനങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.
3. ഇത് മനുഷ്യന് വരുത്തിവച്ച വിനയാണോ? അല്ലെങ്കില്‍ പ്രകൃതിദുരന്തമാണോ?
മഴയേക്കാളധികം വെള്ളപ്പൊക്കം ആശ്രയിച്ചിരിക്കുന്നത് പുഴകളെയും നമ്മുടെ ഭൂമിയെയും നാം എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെയാണ്. ഇക്കൊല്ലം, ഡാമുകളുടെ ഷട്ടര്‍ ഉയര്‍ത്തിയശേഷം വെള്ളപ്പൊക്കം അതിരൂക്ഷമായി. അതുകൊണ്ട് ഒരുകാര്യം തീര്‍ച്ചയാണ്. മനുഷ്യന് തന്നെയാണ്, ഇതിനുത്തരവാദി, പ്രകൃതിയല്ല.
4. പുനരധിവാസത്തിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും സുസ്ഥിരമായ പരിഹാരമെന്ന നിലയിലുള്ള മുന്‍ഗണനകള്‍ എന്തെല്ലാമായിരിക്കും?
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ പാനലിന്റെയും മറ്റു പഠനങ്ങളുടെയും കണ്ടെത്തലുകളിലൊന്നു കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പേമാരി അടക്കമുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ കൂടുതലായ അളവില്‍ സംഭവിക്കുമെന്നാണ്. ഇന്ത്യ ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും അവയ്ക്കുള്ള സാധ്യത ഉണ്ട്. ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, ഭരണാധികാരികള്‍ മുതലായവരുടെ ഒരു കമ്മിറ്റി കേരള സര്‍ക്കാര്‍ രൂപവത്കരിക്കുകയും കാലാവസ്ഥാ വ്യതിയാനത്തെയും പ്രകൃതിദുരന്തങ്ങളെയും നേരിടാനും അതിജീവിക്കാനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും അവര്‍ക്കു കഴിയണം. അതിവര്‍ഷമുണ്ടാകുമ്പോള്‍ ഏതു സാഹചര്യത്തിലാണ് ഡാമുകളുടെ ഷട്ടറുകള്‍ തുറക്കേണ്ടതെന്നും അവര്‍ക്ക് നിര്‍ദ്ദേശിക്കാനാവും. ഇത്തവണത്തെ പ്രളയക്കെടുതിയില്‍ ഇടയ്ക്കിടെ യഥാസമയത്ത് ഷട്ടറുകള്‍ ഉയര്‍ത്തിയിരുന്നുവെങ്കില്‍, ഈ ദുരന്തത്തിന് എത്രയോ കുറവുണ്ടാകുമായിരുന്നു! ഉയര്‍ന്ന സാങ്കേതികവിദ്യയുടെ ഇന്നു ലഭ്യമായ ഗുണഫലങ്ങള്‍ ഉപയോഗപ്പെടുത്തി പ്രകൃതി ദുരന്തങ്ങളെ കേരളീയര്‍ക്ക് നേരിടാനാവും.