സി.ജെ. – ദുഃസ്വപ്നങ്ങളുടെ ദാര്ശനികന് – ടി.എം. എബ്രഹാം
Print this article
Font size -16+
സി.ജെ. തോമസിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെയും കൃതികളിലൂടെയും ഒരന്വേഷണം
സ്വന്തം ജീവിതത്തേയും മരണത്തേയും കുറിച്ച് സി.ജെ. തോമസ് എഴുതിയതിങ്ങനെ:
എന്നെ കൂടാതെ തന്നെ ഈ പ്രപഞ്ചം നിലനില്‍ക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ഞാനില്ലെങ്കില്‍ എനിക്കീ ലോകമില്ല; ഒന്നുമില്ല…
ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ പ്രപഞ്ചമുണ്ടായിരുന്നു. ഞാന്‍ മരിച്ചുകഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം എന്റെ അസ്തിത്വമാണ് ആദ്യത്തെ പടി. പ്രപഞ്ചത്തിന്റെ അസ്തിത്വത്തെ ഞാന്‍ അംഗീകരിക്കണമെങ്കില്‍ ഞാന്‍ ഉണ്ടായിരിക്കണം. അതിന് എന്റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ട് കഴിയുകയില്ലല്ലോ. എന്നെ നിഷേധിച്ചാല്‍ പ്രപഞ്ചത്തിന് നില്‍ക്കാനാവില്ല. ഞാനില്ലെങ്കിലും പ്രപഞ്ചമുണ്ടെന്ന് നിങ്ങളല്ലേ പറയുന്നത്. ഞാനില്ലെങ്കില്‍ ആ പ്രസ്താവനയുടെ പുറത്ത് ഞാനെങ്ങിനെ ഒപ്പുവയ്ക്കും? അതുകൊണ്ട് ഞാനുണ്ട്; പ്രപഞ്ചമുണ്ട്. ഞാന്‍കൂടി ഉള്‍പ്പെട്ട പ്രപഞ്ചം. ഞാന്‍ പ്രപഞ്ചത്തിന്റെ ഭാഗമാണ്.
‘ഇവന് എന്റെ പ്രിയ പുത്രന്’ എന്ന സി.ജെ. ഗ്രന്ഥത്തില്‍ നിന്നുള്ള ഭാഗമാണ് മുകളില്‍ ഉദ്ധരിച്ചത്. സി.ജെയുടെ സുഹൃത്തായിരുന്ന എം. ഗോവിന്ദന്റെ അഭിപ്രായത്തില്‍, സി.ജെ. ഒരു സാഹിത്യകാരന് എന്നതിനു പുറമെ പ്രത്യേകമായ ദാര്‍ശനിക സ്വഭാവമുള്ള ഒരു വ്യക്തിയായിരുന്നു. ശരിക്കും സി.ജെ.യിലുള്ള ചിന്തകന്‍ രംഗത്ത് പ്രത്യക്ഷപ്പെടുന്നത് ഇവന് എന്റെ പ്രിയപുത്രന് എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ‘ഞാന്‍’ എന്ന കൊച്ചു ലേഖനത്തോടെയാണ്. അവനവന് ആരാണെന്ന് കണ്ടെത്താനുള്ള വ്യഗ്രത.
മലയാളം കണ്ട എക്കാലത്തേയും വലിയ ചിന്തകനും നാടകകൃത്തുമായ സി.ജെ. തോമസിന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2018. 1960ല്‍ തന്റെ നാല്പത്തിരണ്ടാമത്തെ വയസ്സിലാണ് സി.ജെ. അന്തരിക്കുന്നത്. തന്റെ ചെറിയ ജീവിതകാലത്ത് അദ്ദേഹം അവശേഷിപ്പിച്ചുപോയ രചനകളും ചിന്താധാരകളും തന്റെ മരണത്തിനു അതിലേറെ വര്‍ഷങ്ങള്‍ക്കുശേഷവും മലയാളിയുടെ ജീവിതത്തില്‍ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്നു. ചിന്തയുടെ അസ്വാസ്ഥ്യം ഏറ്റെടുക്കാന്‍ വിധിക്കപ്പെട്ടവനാണ് എഴുത്തുകാരന്. ചിന്തയുടെ വേദന അനുഭവിക്കുന്ന എഴുത്തുകാരെയാണ് കേസരി ബാലകൃഷ്ണപിള്ള ‘വിഷം തീനികള്‍’ എന്നു വിശേഷിപ്പിക്കുന്നത്. ലോകത്തിനുവേണ്ടിയോ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തുന്നതിനുവേണ്ടിയോ നിരന്തരം വിഷം തിന്നുകൊണ്ടിരിക്കുക എന്ന വിധി എഴുത്തുകാരനെ എപ്പോഴും അലട്ടിക്കൊണ്ടേയിരിക്കുന്നു. അതില്‍നിന്നും രക്ഷനേടാന്‍ തങ്ങളുടെ സ്വഭാവഘടന അവരെ അനുവദിക്കുകയില്ല. അത്തരമൊരു സ്വഭാവഘടനയാണ് സി.ജെ. തോമസിനെ മലയാളത്തിലെ എഴുത്തുകാര്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തുന്നത്. അതിസങ്കീര്‍ണ്ണമായ ഒരു വ്യക്തിത്വത്തിനുടമയായ സി.ജെ. തോമസ് എന്ന എഴുത്തുകാരന്റെ ജീവിതവും ദര്‍ശനവും വൈവിദ്ധ്യം നിറഞ്ഞതായിരുന്നു. സുകുമാര്‍ അഴീക്കോട് സി.ജെയെപ്പറ്റി പറഞ്ഞതിങ്ങനെ: സാഹിത്യവീഥിയില്‍ സി.ജെ. തോമസ് എന്ന വ്യക്തി ‘ഒരാള്‍’ മാത്രമായിരുന്നില്ല. വാഹനം നിറച്ചുള്ള ഒരാള്‍ക്കൂട്ടം തന്നെയായിരുന്നു. നാടകകൃത്ത്, നാടക സൈദ്ധാന്തികന്‍, നിരൂപകന്, വിമര്ശകന്, പത്രപ്രവര്ത്തകന്, ഉപന്യാസകാരന്‍ എന്നിങ്ങനെ പോകുന്നു ആ വൈവിദ്ധ്യം. ഒരാള്ക്കൂട്ടത്തിലല്ലാതെ ഒരാളില്‍ത്തന്നെ ഈ വൈവിധ്യം കണ്ടുമുട്ടുക പ്രയാസമാണ്.
‘ദേശബന്ധു’ വാരികയുടെ സി.ജെ. അനുസ്മരണ പതിപ്പില്‍ അതിന്റെ പത്രാധിപരായിരുന്ന സി.എന്‍. ശ്രീകണ്ഠന് നായര്‍ എഴുതി: ”വ്യക്തി നിഹനനം തത്വശാസ്ത്രമായി സ്വീകരിച്ചിട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടു സംഘടനകളോട് അടുത്തും ഉരുമ്മിയും ഏറ്റുമുട്ടിയും രണ്ടു ദശവത്സരങ്ങള്‍ ജീവിച്ചിട്ടും വ്യക്തിത്വം നിഹനിക്കപ്പെടാതെ പൂര്‍വവല്‍ ഉജ്ജ്വലത്താക്കി പ്രകാശിപ്പിച്ചുകൊണ്ട് ഒറ്റയ്ക്ക് നില്‍ക്കാനും ഉറച്ചു ചിന്തിക്കാനും കഴിഞ്ഞ വ്യക്തിയാണ് സി.ജെ. ളോഹയിട്ട സി.ജെ. തോമസിനെ കണ്ടിട്ടുള്ളവര്‍ തന്നെ ചെങ്കുപ്പായമിട്ട സി.ജെ. തോമസിനെയും കണ്ടു. പക്ഷേ, ആ ളോഹ വലിച്ചുകീറിയപ്പോള്‍ അത്ഭുതപ്പെട്ടവര്‍ ചെങ്കുപ്പായം വലിച്ചുകീറിയപ്പോള്‍ അത്ര അത്ഭുതപ്പെട്ടില്ല. അപ്പോഴേക്കും സി.ജെയെ അവര്‍ അറിഞ്ഞുതുടങ്ങിയിരുന്നു. വൈദികനാകാന്‍ സെമിനാരിയില്‍ ചേര്‍ന്ന സി.ജെ. അതുപേക്ഷിക്കുന്നതും പിന്നീട് കമ്മ്യൂണിസ്റ്റ് സഹയാത്രികനാവുന്നതും അതും ഒരുഘട്ടത്തില്‍ ഉപേക്ഷിച്ച് പുറത്തുവന്ന സി.ജെ. എന്ന സ്വതന്ത്ര മനുഷ്യനെയാണ്, സി.എന്‍. ശ്രീകണ്ഠന് നായര്‍ വ്യംഗ്യമായി ഇവിടെ വരച്ചിടുന്നത്. പ്രൊഫ. എം.കെ. സാനു സി.ജെ.യെ വിലയിരുത്തുന്നതിങ്ങനെയാണ്: ”അവാര്‍ഡുകളുടെ അനുഗ്രഹം ഏറ്റുവാങ്ങിയില്ല. പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചെങ്കിലും കാര്യമായ പ്രചാരം ഉണ്ടായില്ല. പ്രസംഗങ്ങളിലും പ്രസ്താവനകളിലും കൂടി പത്രങ്ങളില്‍ സ്ഥാനം പിടിച്ചില്ല. ഇങ്ങനെ ‘സുപ്രസിദ്ധ’ സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ പദവി അലങ്കരിക്കാന്‍ തുനിയാതെയാണ് സി.ജെ. തോമസ് നാല്പത്തിരണ്ടാമത്തെ വയസ്സില്‍ ലോകത്തോട് വിടപറഞ്ഞത്. അതിനുശേഷം ലോകത്തിലും സാഹിത്യത്തിലും മാറ്റങ്ങള്‍ പലതുണ്ടായി. വീക്ഷണത്തിലും അഭിരുചിയിലും ഉണ്ടായ മാറ്റങ്ങള്‍ വളരെ വലുതാണ്. എങ്കിലും മരണശേഷം അരനൂറ്റാണ്ടിലേറെ ആയെങ്കിലും ചിന്തിക്കുന്ന മനസ്സുകളില്‍ സി.ജെ. തോമസ് ഇപ്പോഴും ജീവിക്കുന്നു.”