മര്‍മ്മവേധിയായ നര്‍മ്മം പ്രയോഗിച്ച സവ്യസാചി – എം. തോമസ്മാത്യു

മര്‍മ്മവേധിയായ നര്‍മ്മം പ്രയോഗിച്ച സവ്യസാചി – എം. തോമസ്മാത്യു
ആകസ്മികമോ അകാലികമോ ആയിരുന്നില്ല ആ വിടവാങ്ങല്‍. ആര്‍ഭാടപൂര്‍ണ്ണമായി നവതി ആഘോഷിച്ചു, കേരളത്തിലെ സഹൃദയരുടെ മുഴുവന്‍ അനുഗ്രഹവും ആശിസ്സും ഏറ്റുവാങ്ങി, താന്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്ന ധന്യത അനുഭവിച്ചു. അതിന്റെ അഭിമാനവും സന്തോഷവും ആസ്വദിക്കുകയും ചെയ്തു. പിന്നെയും ജീവിച്ചു ചില വര്‍ഷങ്ങള്‍. എവിടെ ചെന്നാലും ‘ഇതാ ഞാന്‍ ഇവിടെയുണ്ട്’ എന്ന് അഹങ്കാര സ്പര്‍ശമില്ലാതെ, എന്നാല്‍, അഭിമാനത്തിന് ഒട്ടും കുറവു വരുത്താതെ, വിളംബരം ചെയ്യുംപോലെ ജീവിച്ചു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുഗൃഹീതനായിരുന്നു, നന്നേ ശ്രദ്ധാലുവുമായിരുന്നു അദ്ദേഹം. എന്നിട്ടുംകാലം ആ ജീവിതത്തിന് പൂര്‍ണ്ണവിരാമം ഇടാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഒടുക്കം അദ്ദേഹം വിടചൊല്ലി അകന്നു. ഒരു നിയോഗവും നിറവേറ്റാതെ അവശേഷിപ്പിക്കുകയില്ല എന്ന ജീവിതവ്രതം തെറ്റിക്കാതെ അദ്ദേഹം പോയി!
ചെമ്മനം ചാക്കോയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഒരു കവിയെ വളര്‍ത്തി വലുതാക്കിയെടുക്കാവുന്ന ഭൗതിക സാഹചര്യങ്ങളൊന്നും ചെമ്മനം എന്ന ഗ്രാമത്തിനോ ചാക്കോയുടെ ഭവനത്തിനോ ഉണ്ടായിരുന്നില്ല. നഗരച്ചമയങ്ങള്‍ക്കെല്ലാം വിലക്കുകല്പിച്ചിട്ടുള്ളതുപോലെ ഒരു കുഗ്രാമം, അവിടത്തെ സാധാരണമായ ഒരു കൃഷീവല കുടുംബം. അത്രയേയുള്ളൂ ചെമ്മനം ചാക്കോയുടെ ഭൗതികസാഹചര്യം. കര്‍ഷക കുടുംബത്തിലെ കുഞ്ഞുകുട്ടികള്‍ക്കെല്ലാം കാണും ആ ജീവിതവൃത്തിയോട് അനുബന്ധിച്ചിട്ടുള്ള ചില്ലറ ജോലികള്‍. ബാലനായ ചാക്കോയ്ക്ക് ഏറെ അനിഷ്ടമുള്ളത് ഈ പണികളാണുതാനും. അതില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏകവഴി തനിക്ക് വായിക്കാനും പഠിക്കാനുമുണ്ട് എന്ന ഒഴികഴിവാണ്. അതുതന്നെ പ്രയോഗിച്ചു ഈ ബാലനും. എന്നാല്‍, ഈ ഒളിച്ചുകളി കാര്യമായി. വായന ചാക്കോയ്ക്ക് ഒരു ഒഴികഴിവല്ല, ലഹരിയാണ് എന്ന നിലവന്നു. അക്ഷരങ്ങളുടെ നേരെയുള്ള ഈ പ്രണയമാണ് ചെമ്മനം ചാക്കോയുടെ വിധി നിര്‍ണ്ണയിച്ചത്.
വിദ്യാര്‍ത്ഥിയായിരുന്ന കാലത്തുതന്നെ എഴുതിത്തുടങ്ങിയതാണ് ചെമ്മനം ചാക്കോ. കവിത എഴുതിയും പ്രസിദ്ധീകരിച്ചും അക്ഷര ലോകത്തില്‍ തനിക്കൊരിടം ഉണ്ടെന്ന് അവകാശപ്പെടാന്‍ മാത്രമല്ല, അതിലെ ഗുണവും ദോഷവും വിവേചിക്കാന്‍ കഴിയുന്ന വിദ്വാന്മാരുടെ അംഗീകാരവും അക്കാലത്തു തന്നെ ചെമ്മനം സ്വായത്തമാക്കുകയും ചെയ്തു. നിരന്തരമായ കാവ്യപരിചയം നേടുന്നതില്‍ അക്ഷീണമനസ്‌കനായിരുന്നതിനാല്‍ സംസ്‌കൃതഛന്ദസ്സുകളുടെയും ദ്രാവിഡശീലുകളുടെയും ആന്തരസംഗീതം എന്റെ വാക്കുകള്‍ക്കുള്ളില്‍ നിറയ്ക്കാന്‍ അദ്ദേഹത്തിന് ഒട്ടും ബുദ്ധിമുട്ട് അനുഭവപ്പെട്ടുമില്ല. എന്നുവച്ചാല്‍ ആ കവിതകള്‍ വായിക്കുമ്പോള്‍ ഒരിടത്തുപോലും അസ്വാരസ്യത്താല്‍ നെറ്റിചുളിക്കാന്‍ വായനക്കാരന് അവസരം ഉണ്ടാകുന്നില്ല. പദ്യരചനയിലെ ഈ കൃതഹസ്തത ചെമ്മനം ചാക്കോയുടെ അനുഗ്രഹങ്ങളില്‍ ഒന്നായിരുന്നു. തീര്‍ച്ചയായും നമുക്കതിനെ ഈശ്വരാനുഗ്രഹം എന്നു വിളിക്കാം. മടുപ്പില്ലാതെ അദ്ധ്വാനിക്കാനും ശിക്ഷണത്തിനു വഴിപ്പെടാനുമുള്ള സന്നദ്ധതയായിട്ടു കൂടിയാണ് ദൈവാനുഗ്രഹം ലഭിക്കുക എന്ന് മറന്നുപോകയും അരുത്. ഈ സന്നദ്ധത ആ ദേഹത്തില്‍ നിന്ന് പ്രാണന്‍ പിരിയുംവരെ ചെമ്മനത്തിന് ഉണ്ടായിരുന്നു.
ഗദ്യവും കവിതയും ഒരുപോലെ വഴങ്ങിയിരുന്നു ചെമ്മനത്തിന്. ആര്‍ജ്ജവവും പ്രസന്നതയുമുള്ള ഒരു ഗദ്യശൈലി അദ്ദേഹത്തിനു സ്വായത്തവുമായിരുന്നു. എങ്കിലും കവിതയാണ് തന്റെ യഥാര്‍ത്ഥ തട്ടകമെന്ന് അദ്ദേഹം കരുതി; ഏറെ വ്യാപരിച്ചതും കവിതയില്‍ത്തന്നെ. ഭാവബന്ധുരമായ ജീവിതസന്ദര്‍ഭങ്ങളെ ചമല്‍കൃതമായ വാങ്മയത്തില്‍ ആവിഷ്‌കരിക്കുക എന്ന സാമാന്യരീതിയാണ് ആദ്യമൊക്കെ ചെമ്മനം പിന്തുടര്‍ന്നുപോന്നത്. അദൃഷ്ടപൂര്‍വ്വമായ ഒരു ദര്‍ശനത്തിന്റെ കാന്തി ആ കവിതകള്‍ക്ക് ഉണ്ടായിരുന്നു എന്നു പറഞ്ഞുകൂടാ. എന്നാല്‍, അത് ഒരു നിലവാരത്തില്‍ നിന്ന് താഴോട്ടു പോയിരുന്നുമില്ല. അങ്ങനെ എഴുതിപ്പോകെയാണ് തനിക്കു മാത്രമായി ഒരു കാവ്യസരണിയുണ്ട് എന്ന കാഴ്ചയിലേക്ക് ചെമ്മനം ചാക്കോ ഉണരുന്നത്. നാം ഇന്ന് അറിയുകയും ആദരിക്കുകയും ചെയ്യുന്ന ചെമ്മനം ചാക്കോ എന്ന കവി ആ ഉണര്‍ച്ചയുടെ സന്തതിയാണ്. അത് ഒരു കണ്ടെത്തലായിരുന്നു – താന്‍ ആരെന്നും, തന്റെ നിയോഗം എന്തെന്നുമുള്ള കണ്ടെത്തല്‍!
നാം ജീവിക്കുന്ന കാലവും നമ്മെ ഉള്‍ക്കൊള്ളുന്ന സമൂഹവും എത്രമാത്രം ദുഷ്ടവും അത്യാചാരങ്ങള്‍ നിറഞ്ഞതുമാണ് എന്നു കാണാന്‍ കവിയുടെ കണ്ണ് ആവശ്യമില്ല എന്നും അങ്ങനെ ആയിരുന്നിരിക്കാം സമൂഹം നിയമങ്ങള്‍ ഉണ്ടാക്കിയതും അവ പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്താനുള്ള സംവിധാനങ്ങള്‍ വ്യവസ്ഥപ്പെടുത്തിയതും അതുകൊണ്ടാണല്ലോ. ഈ സംവിധാനങ്ങള്‍ തന്നെയാണ് നിയമങ്ങള്‍ ലംഘിക്കപ്പെടാനുള്ളവയാണ് എന്ന തത്ത്വത്തിന് ശാശ്വതപ്രതിഷ്ഠ നല്‍കിയത്. ഇതൊക്കെ എല്ലാവര്‍ക്കും അറിയാം. ഈ ധര്‍മ്മലംഘനങ്ങളുടെ നേരെ തൊടുത്ത അസ്ത്രമാണ്, ആയിരിക്കണം, കവിത എന്ന ബോധത്തിലേക്കുള്ള ഉണര്‍ച്ചയാണ് ചെമ്മനം ചാക്കോയെ വ്യത്യസ്തനായ കവിയാക്കിയത്. ആ ഉണര്‍ച്ചയെ സഫലമാക്കിയതാകട്ടെ അനുനിമിഷം ഉന്മേഷംകൊള്ളുന്ന ഹാസ്യബോധവും ആണ്.