ദൈവശാസ്ത്രത്തിലെ വിമോചനവഴികള്‍ -സെബാസ്റ്റിയന്‍ പോള്‍

ദൈവശാസ്ത്രത്തിലെ വിമോചനവഴികള്‍  -സെബാസ്റ്റിയന്‍ പോള്‍
ദരിദ്രരുടെ ജീവിതാവസ്ഥയില്‍നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് ലിബറേഷന്‍ തിയോളജി രൂപപ്പെട്ടത്. ക്‌ളാസിക്കല്‍ തിയോളജിയില്‍ ബലി പ്രധാനപ്പെട്ടതാകുമ്പോള്‍ ലിബറേഷന്‍ തിയോളജിയില്‍ കരുണ പ്രധാനപ്പെട്ടതാകുന്നു. ദൈവശാസ്ത്രത്തിലെ വിമോചനവഴികളിലൂടെ…
യേശു കലാപകാരിയായിരുന്നു. കലാപത്തെ അദ്ദേഹം വിപളവത്തിന്റെ തലത്തിലേക്കുയര്‍ത്തി. ധനികന് ദൈവരാജ്യം നിഷേധിക്കുകയും അധ്വാനിക്കുന്നവര്‍ക്ക് സമാശ്വാസം വാഗ്ദാനം ചെയ്യുകയും ചെയ്ത യേശു വര്‍ഗസംഘര്‍ഷത്തിന്റെ ആദ്യപാഠമാണ് ചരിത്രത്തിന് നല്‍കിയത്. അധ്വാനിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന തൊഴിലാളിവര്‍ഗത്തെയാണ് മാര്‍ക്‌സ് അഭിസംബോധന ചെയ്തത്. ദാരിദ്ര്യവും ചൂഷണവും നിറഞ്ഞുനിന്നിരുന്ന ലാറ്റിന്‍ അമേരിക്കയില്‍ യുവവൈദികര്‍ വിപ്‌ളവത്തിന്റെ പാതയിലേക്ക് തിരിഞ്ഞത് സ്വാഭാവികം. പത്രോസിന്റെ പിന്തുടര്‍ച്ചക്കാര്‍ക്ക് അവകാശമായി കിട്ടിയ ഒരു വാളുണ്ട്. ഗത്‌സേമനിയില്‍ സാമ്രാജ്യത്തിന്റെ സേവകനെതിരെ ഊരിയ വാളാണത്. ആധുനികകാലത്തെ ധനമൂലധന ശക്തികള്‍ക്കും സാമ്രാജ്യത്വ അധിനിവേശകര്‍ക്കും എതിരെ പ്രയോഗിക്കാനുള്ളതാണ് ആ വാള്‍. ഈ തിരിച്ചറിവില്‍നിന്നാണ് വിമോചന ദൈവശാസ്ത്രം ഉണ്ടായത്.
വിമോചന ദൈവശാസ്ത്രം അഥവാ ലിബറേഷന്‍ തിയോളജി കത്തോലിക്കാസഭയുടെ ആധുനികചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ്. വിശ്വാസത്തെ സംബന്ധിക്കുന്ന വിഷയങ്ങളില്‍ ക്‌ളാസിക്കല്‍ തിയോളജി വ്യക്തത വരുത്തുമ്പോള്‍ ലിബറേഷന്‍ തിയോളജി ലോകത്തിന്റെ സമഗ്രമായ പരിവര്‍ത്തനം ലക്ഷ്യമാക്കുന്നു. തത്ത്വശാസ്ത്രം ലോകത്തെ മനസിലാക്കാനല്ല മാറ്റാനാണ് ശ്രമിക്കേണ്ടതെന്ന് മാര്‍ക്‌സ് പറഞ്ഞു. വിമോചന ദൈവശാസ്ത്രത്തിന്റെ പ്രണേതാക്കളും ദൈവശാസ്ത്രത്തെ മാറ്റത്തിനുള്ള ഉപകരണമായാണ് കണ്ടത്.
ദരിദ്രര്‍ എപ്പോഴും നിങ്ങളുടെ കൂടെയുണ്ടെന്ന് ബഥാനിയായിലെ ശിമയോന്റെ ഭവനത്തില്‍വച്ച് യേശു ശിഷ്യന്മാരോടു പറഞ്ഞു. എന്നാല്‍ അവര്‍ എപ്പോഴും അവഗണിക്കപ്പെടുന്നു. ദരിദ്രരുടെ ദുരിതങ്ങള്‍ ക്‌ളാസിക്കല്‍ തിയോളജി പഠനവിഷയമാക്കുന്നില്ല. ദരിദ്രരുടെ ജീവിതാവസ്ഥയില്‍നിന്നും അനുഭവങ്ങളില്‍ നിന്നുമാണ് ലിബറേഷന്‍ തിയോളജി രൂപപ്പെട്ടത്. ക്‌ളാസിക്കല്‍ തിയോളജിയില്‍ ബലി പ്രധാനപ്പെട്ടതാകുമ്പോള്‍ ലിബറേഷന്‍ തിയോളജിയില്‍ കരുണ പ്രധാനപ്പെട്ടതാകുന്നു. ദരിദ്രര്‍ക്ക് ദൈവരാജ്യം വാഗ്ദാനം ചെയ്ത യേശു കരുണയ്ക്കാണ് ബലിയേക്കാള്‍ പ്രാധാന്യം നല്‍കിയത്. ദരിദ്രരെ മറക്കുന്ന സമ്പന്നന് സ്വര്‍ഗരാജ്യം നിഷേധിക്കുന്ന യേശു സമാധാനമല്ല വാളാണ് താന്‍ കൊണ്ടുവന്നിരിക്കുന്നതെന്നു പറഞ്ഞു. വാളിനു പകരം തോക്കേന്തിയ യുവവൈദികരെയാണ് ലിബറേഷന്‍ തിയോളജിയുടെ ബാനറില്‍ ലോകം കണ്ടത്.
ലിബറേഷന്‍ തിയോളജി ലാറ്റിന്‍ അമേരിക്കയുമായി ബന്ധപ്പെട്ടിരിക്കുന്നു. 1968ല്‍ കൊളംബിയയിലെ മെഡലിനില്‍ സമ്മേളിച്ച ലാറ്റിന്‍ അമേരിക്കന്‍ ബിഷപ്പുമാരുടെ സമ്മേളനത്തിലാണ് ഈ ആശയം സജീവമായത്. നീതിയും സമാധാനവും എന്ന പേരില്‍ സമാഹൃതമായ സമ്മേളനരേഖകളില്‍ വിമോചന ദൈവശാസ്ത്രം എന്ന ആശയം തുടിച്ചു നിന്നു. നവകൊളോണിയലിസവും സാമ്രാജ്യത്വവും ലാറ്റിന്‍ അമേരിക്കയില്‍ സൃഷ്ടിക്കുന്ന അനീതികള്‍ മെത്രാന്മാരുടെ ചര്‍ച്ചയ്ക്ക് വിഷയമായി. ദൈവരാജ്യത്തിന്റെ തുടക്കം ഈ ഭൂമിയില്‍ത്തന്നെയാണെന്നും അടിമത്തത്തില്‍നിന്നും അടിച്ചമര്‍ത്തലില്‍നിന്നുമുള്ള വിമോചനമാണ് രക്ഷയുടെ ആദ്യപടിയെന്നും ബോധ്യമുണ്ടായി. യേശു വാഗ്ദാനം ചെയ്ത സമാശ്വാസവും മാര്‍ക്‌സ് വിഭാവനചെയ്ത വിമോചനവും ഈ ഭൂമിയില്‍ത്തന്നെയാണ് സാധ്യമാക്കേണ്ടതെന്ന അപകടകരമായ ചിന്തയാണ് വിമോചന ദൈവശാസ്ത്രം അവതരിപ്പിച്ചത്. സുവിശേഷത്തിലെ ഓരോ തത്ത്വവും സന്ദര്‍ഭവും ദാരിദ്ര്യത്തിന്റെ അനുഭവത്തില്‍ മെത്രാന്മാര്‍ പുനര്‍വ്യാഖ്യാനം ചെയ്തു.