പോരാട്ടത്തിന്റെ പെണ് പ്രത്യയശാസ്ത്രം -തസ്ലിമ നസ്റിന്/ മഞ്ജുഷ ഹരി
Print this article
Font size -16+
എഴുത്ത് സുഖകരമായ അനുഭവമാണ്. എന്നാല്‍ ചിലത് എഴുതുന്നതിന്റെ പേരില്‍ എഴുത്തുകാര്‍ക്ക് ജീവന് കൊടുക്കേണ്ടിവരുന്ന കാലമാണിതെന്ന് നാം ലജ്ജയോടെ ഓര്‍മ്മിക്കണം. ബാര്‍ത്ത് പറഞ്ഞതുപോലെ വായനക്കാരന് അവന്റെ പാഠങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ മാത്രമല്ല, എഴുതുക, എഴുതിയത് തിരുത്തുക, എഴുതാതിരിക്കുക, ഈ സാധ്യതകള്‍ക്കിടയിലാണ് ഇന്ന് എഴുത്തുകാര്‍ ഭൗതികമായോ അല്ലാതെയോ മരിക്കുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കുമ്പോഴും അതിജീവിക്കുമ്പോഴും എഴുത്ത്, കേവലം എഴുത്ത്മാത്രമല്ലാതാകുന്നു. അതൊരു പോരാട്ടമാകുന്നു. സ്വന്തമായതെല്ലാം ത്യജിച്ച് ഈ യുദ്ധഭൂമിയില്‍ ദശാബ്ദങ്ങളായി തസ്ലിമ നസ്റിനുണ്ട്. ആണ്‍കോയ്മയുടെ ശക്തിദൗര്‍ബല്യങ്ങള്‍ വാഴ്ത്തിപ്പാടുമ്പോള് പെണ്‍കോയ്മയുടെ ഈ മുഖം നാം കാണാതെ പോകരുത്. സ്വച്ഛം, ലളിതം – തസ്ലിമ നസ്റിന്റെ വാക്കുകളെക്കുറിച്ചും രൂപഭാവങ്ങളെക്കുറിച്ചും ഇത്രയേ പറയാനുള്ളൂ. പക്ഷേ, ആ ശാന്തതക്കുള്ളിലും തിള യ്ക്കുന്ന ലാവയുണ്ട്. അസഹിഷ്ണുതകളെ എഴുത്തിലൂടെ നേരിടാന്‍ അതുമതി. എഴുത്ത്, മതം, സ്ത്രീ, പ്രണയം, ലൈംഗികത, സ്വാതന്ത്ര്യം, സംസ്കാരം, ദേശം ഇവയ്ക്കൊക്കെ തന്റേതായ, കൃത്യമായ നിര്വചനങ്ങളുണ്ടവര്ക്ക്. എഴുത്തിലൊന്ന്, ജീവിതത്തില്‍ മറ്റൊന്ന് എന്ന ഇരട്ടത്താപ്പില്ല എന്നതുകൂടിയാണ് ഈ എഴുത്തുകാരിയെ വ്യത്യസ്തയാക്കുന്നത്. സ്വന്തം നിലപാടുകള്‍ക്ക് ഇത്രയേറെ വ്യക്തതയുള്ള എഴുത്തുകാര്‍ അപൂര്‍വ്വം. കൊച്ചിയില്‍ നടന്ന കൃതിഫെസ്റ്റില് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ബുക്ക്സ് ആന്‍ഡ് ഓഥേഴ്സില് പങ്കെടുത്ത തസ്ലിമ നസ്റിനുമായി നടത്തിയ അഭിമുഖം.
? വധഭീഷണി, ആക്രമണങ്ങള്‍, ഫത്വ, പുസ്തക നിരോധനം, നാടുകടത്തല്‍ – എതിര്‍പ്പുകള്‍ക്കിടയില്‍ എന്തുകൊണ്ട് താങ്കള്‍ എഴുത്തെന്ന ഈ സമരം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു?
എഴുതുകയെന്നതാണ് എന്റെ കടമ. എനിക്ക് പറയാനനുവാദമില്ലാത്ത പലതും പറയേണ്ടിയിരുന്നു. കാരണം സ്ത്രീകള്‍ക്ക് സംസാരിക്കാനവകാശമില്ലാത്ത സമൂഹമാണിത്. ഇവിടെ പാട്രിയാര്‍ക്കിയല്‍ ഘടനയ്ക്കോ സാമൂഹികനിയമങ്ങള്ക്കോ എതിരായി സംസാരിക്കാന്‍ പാടില്ല. പുരുഷന്മാര്ക്ക് അതാകാം. അവര്‍ക്ക് സോഷ്യല്സിസ്റ്റത്തിനെതിരായി പോകാം. പക്ഷേ സ്ത്രീ അതുചെയ്യുമ്പോള്‍ കഠിനമായ ശിക്ഷയാണ് ലഭിക്കുന്നത്. പുരുഷനെ ഒരു റിബലായി കണക്കാക്കുമ്പോള്‍ സ്ത്രീയെ റിബലായോ വിപ്ലവകാരിയായോ അല്ല, മോശക്കാരിയായി കാണുന്നു. പാട്രിയാര്‍ക്കിയല്‍ സിസ്റ്റം, മിസോജനി ഇവയ്ക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീയെ ചീത്തയായി മുദ്രകുത്തുന്നു. അതുകൊണ്ട് ധാരാളം സ്ത്രീകള്‍ പുരുഷനെതിരെയും പുരുഷാധിപത്യപരമായ സമൂഹത്തിനെതിരെയും ശബ്ദിക്കാന്‍ ഭയക്കുന്നു. അവര്‍ മൗനം പാലിക്കുന്നു. അങ്ങനെ സമൂഹത്തിലെ ഏതുതരം അസമത്വങ്ങളോടും അനീതികളോടും പ്രതിഷേധിക്കാതെ ഈ മൗനം അവര്‍ ശീലിക്കുന്നു.
ഇത്തരം സിസ്റ്റങ്ങളോട് പ്രതിഷേധിക്കാന്‍ ഞാന്‍ എന്റെ പേനയെടുത്തു. കാരണം സംസാരിക്കുന്നതിലോ ഒച്ചയിടുന്നതിലോ ഞാന്‍ മിടുക്കിയല്ല. ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയിലോ സാമൂഹിക സംഘടനകളിലോ അംഗവുമല്ല. കാഴ്ചപ്പാടുകള്‍ എഴുത്തിലൂടെ പ്രകടിപ്പിക്കുകയാണ് എനിക്ക് നല്ലതെന്ന് തോന്നിയത്. അതുകൊണ്ടുതന്നെ എന്റെ മനസ്സുതുറക്കാന്‍ ഞാന്‍ ഈ മാധ്യമം തെരഞ്ഞെടുത്തു.
? സ്വദേശത്ത് സ്വന്തം സംസ്കാരത്തില്‍ ജീവിക്കാനിഷ്ടപ്പെടുന്ന താങ്കള്‍ക്ക് അന്യദേശങ്ങളില്‍ നഷ്ടബോധം തോന്നിയിട്ടുണ്ടോ? ദേശീയതയെയും സംസ്കാരത്തെയും താങ്കളെങ്ങനെ നിര്‍വചിക്കും?
ഇല്ല. എനിക്കെന്റെ സംസ്കാരം നഷ്ടപ്പെട്ടിട്ടില്ല. മതേതരബംഗാളി സംസ്കാരം ഞാനിഷ്ടപ്പെടുന്നു. ഇന്നത്തെ ബംഗ്ലാദേശ് ജനതയ്ക്കാണ് തങ്ങളുടെ സംസ്കാരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. മറ്റു സംസ്കാരങ്ങള്‍ കൂടിക്കലരുമ്പോള്‍ അവര്‍ സ്വന്തം സംസ്കാരത്തെക്കുറിച്ച് ബോധവാന്മാരല്ല. ബംഗാളി സംസ്കാരത്തേക്കാള്‍ ശക്തമാണ് മതപരമായ സംസ്കാരമെന്നവര് കരുതുന്നു. ദേശീയതയില്‍ ആവശ്യത്തിലധികം താല്പര്യമുള്ള ഒരാളല്ല ഞാന്‍. സഞ്ചാരസ്വാതന്ത്ര്യത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് എന്റെ രാജ്യത്തേക്ക് തിരിച്ചുപോകാന്‍, അവിടെ സഞ്ചരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. രാജ്യം എന്നത് ചില ഭൂപ്രദേശങ്ങള്ക്കപ്പുറമാണ്, ദേശീയാതിര്ത്തികള്ക്കും അപ്പുറമാണ്. ഇതെന്റെ രാജ്യമാണ്; അതുകൊണ്ട് ഇവിടെത്തന്നെ ജീവിക്കണമെന്ന് ഞാന്‍ ചിന്തിക്കുന്നില്ല. ദേശീയാതിര്‍ത്തിയില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കുറേ ഭൂമി, അതൊരു രാജ്യമായി മുറിച്ച്, അവിടെയുള്ളവര്‍ അന്യരാജ്യങ്ങളെ വെറുക്കണമെന്ന ചിന്തയിലൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ജര്‍മ്മനി, ഫ്രാന്‍സ്, അസര്ബൈജാന് അങ്ങനെ ധാരാളം രാജ്യങ്ങളെ ഞാനിഷ്ടപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ രാജ്യം പ്രധാനമേയല്ല. ജനങ്ങളാണ് പ്രധാനം. നല്ല ആളുകളും ചീത്ത ആളുകളും എല്ലായിടത്തുമുണ്ട്. നല്ല മനുഷ്യര്‍ ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യത്തിലും സ്ത്രീയുടെ അവകാശങ്ങളിലും ജനാധിപത്യത്തിലും വിശ്വസിക്കും. അവര്‍ ദയയുള്ളവരും മനുഷ്യരുമാണ്. ഇത്തരം മനുഷ്യരെ ലോകത്തിലെല്ലായിടത്തും നിങ്ങള്‍ക്ക് കണ്ടെത്താം. അവരാണ് എന്റെ രാജ്യം. അവരോടൊപ്പമായിരിക്കുമ്പോള്‍ ഞാന്‍ വീട്ടിലായിരിക്കും പോലെയാണ്. എന്റെ നാട്ടിലെ ഒരു മൗലികവാദിയെയോ സ്ത്രീവിദ്വേഷിയെയോ നിങ്ങള്‍ കൊണ്ടുവരികയാണെങ്കില്‍ എനിക്കും അയാള്‍ക്കും ഒരേ സംസ്കാരമാണെന്ന് ഞാന്‍ വിചാരിക്കില്ല. അയാളുടെ സംസ്കാരം വെറുപ്പാണ്. എന്റേത് സ്നേഹവും.
ഞാന്‍ സാരി ധരിക്കാനും പൊട്ടുതൊടാനും ഇഷ്ടപ്പെടുന്നു. എന്റെ രാജ്യത്തില്‍ ജീവിക്കുമ്പോഴും അമേരിക്കയിലോ യൂറോപ്പിലോ ആയിരിക്കുമ്പോഴും ഞാനത് ചെയ്യുന്നു. ഈ സംസ്കാരത്തെ ഞാനിഷ്ടപ്പെടുന്നു. ഏത് ഭാഗം സ്വീകരിക്കണമെന്നും ഏതു ഭാഗം തിരസ്കരിക്കണമെന്നും നിങ്ങള്‍ തീരുമാനിക്കുന്നതാണ് നിങ്ങളുടെ സംസ്കാരം. സംസ്കാരം പ്രത്യേകമായതോ സ്ഥിരമായതോ അല്ല. അത് ഒഴുകിക്കൊണ്ടിരിക്കുന്നു, മാറിക്കൊണ്ടിരിക്കുന്നു.
നിങ്ങളുടെയിടയില്‍ സ്ത്രീകളെ മര്‍ദ്ദിക്കുന്ന ശീലമുണ്ടെങ്കില്‍ അത് സംസ്കാരമാണോ? അല്ല. അത് സ്ത്രീകള്‍ക്കെതിരെയുള്ള പീഡനമാണ്. സ്ത്രീകള്‍ അടുക്കളയില്‍ കഴിയണമെന്നും പുരുഷന് പുറത്തിറങ്ങി ആഘോഷിക്കണമെന്നും ധാരാളമാളുകള്‍ കരുതുന്നുണ്ട്. അത് സംസ്കാരമല്ല. അത് സ്ത്രീയെ അടിച്ചമര്‍ത്തലാണ്. ഇത് മാറണം. സമത്വം വേണം. സമത്വത്തിലും നീതിയിലും ഉറച്ച ഒരു സംസ്കാരത്തെ നാം തന്നെ നിര്‍മ്മിക്കണം.


