ഗോത്ര സംസ്‌കൃതിയുടെ പ്രാക്തനശേഷിപ്പുകള്‍ (അതിരപ്പിള്ളി കാടുകളിലെ കാടര്‍ ഗോത്ര ജീവിതം) -ഇ.സി. ഗുരേഷ്

ഗോത്ര സംസ്‌കൃതിയുടെ പ്രാക്തനശേഷിപ്പുകള്‍ (അതിരപ്പിള്ളി കാടുകളിലെ കാടര്‍ ഗോത്ര ജീവിതം) -ഇ.സി. ഗുരേഷ്
അന്യമാകുന്ന കാടര്‍ ജീവിതത്തിന്റെ ഗോത്രതനിമകള്‍ സമാഹരിക്കപ്പെടുകയും സംരക്ഷിക്കുകയും വേണം. പരിണാമദശയുടെ പ്രാരംഭത്തില്‍തന്നെ സ്തംഭിച്ചു പോയ പ്രാക്തന ഗോത്രജീവിതങ്ങളുടെ നേര്‍സാക്ഷ്യങ്ങളിലേക്ക്…
സവര്‍ണ്ണ ഹൈന്ദവതയുടെ ഫാസിസ്റ്റ് ജീവിതവീക്ഷണങ്ങള്‍ കേരളീയ സാംസ്‌കാരിക മണ്ഡലത്തിനുമേല്‍ അതിന്റെ അധിനിവേശം പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ ഒരു ചരിത്രസന്ധിയില്‍ സാംസ്‌കാരിക ബദലുകള്‍ക്കും വൈവിധ്യങ്ങള്‍ക്കും വേണ്ടിയുള്ള അന്വേഷണങ്ങള്‍ ചെറുത്തുനില്‍പിന്റെ സമരരൂപങ്ങളായി മാറുന്നു. ചാലക്കുടി താലൂക്കിലുള്‍പ്പെട്ട അതിരപ്പിള്ളി കാടുകളിലെ കാടര്‍ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ ഇന്നും തുടര്‍ന്നുപോകുന്ന ചില ജീവിതസമ്പ്രദായങ്ങളും വിശ്വാസ-ആചാര-ആരാധനാക്രമങ്ങളുമെല്ലാം ഹൈന്ദവതയുമായി ബന്ധമില്ലാത്ത ഒട്ടേറെ സാമൂഹ്യവിഭാഗങ്ങള്‍ അതിപുരാതനകാലം മുതല്‍ ഇവിടെ അതിവസിച്ചിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്.
നരവംശശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാല്‍ പരിണാമദശയുടെ ആദ്യ അടരുകളില്‍തന്നെ സ്തംഭിച്ചുപോയ പ്രാക്തന ഗോത്രജീവിതമാണ് കാടര്‍ വിഭാഗങ്ങളുടേത്. സാമൂഹ്യവികാസത്തിന്റെ ഏറ്റവും പിന്നണിയില്‍പ്പെട്ടുപോയ ഈ ആദിവാസി ജനവിഭാഗങ്ങളോട് ഒരുതരം പുച്ഛവും കടുത്ത അവഗണനയുമാണ് ആധുനികനാഗരിക മനുഷ്യരും ഭരണാധികാരികളുമെല്ലാം നിലനിര്‍ത്തിപ്പോരുന്നത്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന കാടര്‍ ഗോത്രവിഭാഗങ്ങളുടെ ഭാഷയും കലകളും സംസ്‌കാരവുമെല്ലാം സംരക്ഷിക്കാനും പഠനവിധേയമാക്കാനും കഴിയുകയും, അതുവഴി സ്വന്തം സാംസ്‌കാരിക ചരിത്രത്തില്‍നിന്നും അഭിമാനബോധത്തിന്റെ ഊര്‍ജ്ജം സമാഹരിച്ചെടുത്തുകൊണ്ട് ഈ ഗോത്രജനതയ്ക്ക് അവരുടെ അധമബോധത്തെ മറികടക്കാന്‍ സഹായകരമാംവിധവുമുള്ള സത്വരമായ ഒരിടപെടല്‍ ഇന്നാവശ്യമാണ്.
‘ഇന്ത്യന്‍ ചരിത്രപഠനത്തിന് ഒരു മുഖവുര’ എന്ന കൃതിയില്‍ ഡി.ഡി. കൊസാംബി കണ്ടെത്തുന്നതുപോലെ കാര്‍ഷികഗ്രാമവ്യവസ്ഥ വികാസത്തിന്റെ പല തട്ടുകളില്‍നിന്ന ഗോത്രസമൂഹങ്ങളെ ഭിന്നരീതികളില്‍ ഉള്‍ക്കൊണ്ട് വിവിധ രൂപങ്ങളാര്‍ജിക്കുന്നതിന്റെ സവിശേഷവൈരുദ്ധ്യങ്ങളാണ് പ്രാചീന ഇന്ത്യന്‍ സമൂഹങ്ങളുടെ സംസ്‌കാര രൂപീകരണങ്ങളില്‍ പ്രവര്‍ത്തിച്ചത്. ഇന്ത്യയിലാദ്യമായി ചാതുര്‍വര്‍ണ്ണ്യവ്യവസ്ഥയുടെ രൂപത്തിലാണ് വര്‍ഗ്ഗവിഭജിത സമൂഹം ഉയര്‍ന്നുവരാനാരംഭിക്കുന്നത്. പ്രാകൃത ഗോത്രസമൂഹവ്യവസ്ഥയുടെ തകര്‍ച്ച ആദ്യം സംഭവിക്കുന്നത് ഗംഗാതടത്തിലാണ് എന്നാണ് കരുതപ്പെടുന്നത്. ചാതുര്‍വര്‍ണ്ണ്യത്തിലധിഷ്ഠിതമായ ഈ വര്‍ഗ്ഗവിഭജിത കാര്‍ഷിക ഗ്രാമവ്യവസ്ഥ മറ്റിതര ഭാഗങ്ങളിലേക്ക് പിന്നീട് പടരുകയാണ് ചെയ്തത്. വര്‍ഗവിഭജിത സമൂഹത്തിന്റെ ഉല്പാദന സമ്പ്രദായവും ജീവിതമൂല്യങ്ങളും വികാസത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിനില്‍ക്കുന്ന ഗോത്രസമൂഹങ്ങളിലേക്കാണ് എത്തിച്ചേര്‍ന്നത്. തൊഴില്‍ വിഭജനം സംഭവിച്ചുകഴിഞ്ഞിട്ടില്ലാത്ത ഗോത്രങ്ങള്‍ മുതല്‍ ഗോത്രതലവന്മാര്‍ രാജാക്കന്മാരായി മാറിക്കഴിഞ്ഞ ഗോത്രങ്ങള്‍വരെ വളര്‍ച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളിലെത്തിനില്‍ക്കുന്ന ഗോത്രങ്ങളെയെല്ലാം കാര്‍ഷിക ഗ്രാമവ്യവസ്ഥയുടെ അച്ചില്‍ ഒരേ മാതൃകയില്‍ വാര്‍ത്തെടുക്കാനാവില്ല. പ്രാചീന ഇന്ത്യന്‍ (കേരള) കാര്‍ഷിക സമൂഹങ്ങളെ അന്യോനഭിന്നമാക്കിയ വൈരുദ്ധ്യം ഈ വൈപരീത്യത്തിലാണ് കുടികൊള്ളുന്നത്.
ഗംഗാതടത്തിനെ അപേക്ഷിച്ച് മാത്രമല്ല കാവേരിതടത്തിനെ അപേക്ഷിച്ചും പിന്നണി യില്‍ കിടക്കുന്ന പ്രദേശമായിരുന്നു കേരളം. ചാതുര്‍വര്‍ണ്ണ്യത്തോടുകൂടിയ വര്‍ഗ്ഗവിഭജിത സമൂഹത്തിന്റെ സവിശേഷതകളെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ കേരളത്തിലെ ഗോത്രസമൂഹങ്ങളില്‍ തൊഴില്‍വിഭജനം സാധിച്ചുകഴിഞ്ഞിരുന്നില്ല. അവികസിതമായ ഈ ഗോത്രങ്ങളാകട്ടെ പ്രാകൃതമായ ഗോത്രവിശുദ്ധി സങ്കല്പം നിലനിര്‍ത്തുന്നവയുമായിരുന്നു. പരസ്പരം വര്‍ജിക്കുന്ന ഈ ഗോത്രവിശുദ്ധി സങ്കല്പത്തോടും കൂടി കാര്‍ഷികഗ്രാമവ്യവസ്ഥ ഈ ഗോത്രങ്ങളെ ജാതികളെന്ന നിലയില്‍ ഉള്‍ചേര്‍ക്കപ്പെടുകയാണുണ്ടായത്. ഇതോടെ ഗോത്രവിശുദ്ധി സങ്കല്പം ജാതിവിശുദ്ധി സങ്കല്പമായി മാറി. സവര്‍ണജാതികള്‍ പോലും പരസ്പരം അയിത്തജാതികളായിരിക്കുകയും, ഏറ്റവും താണജാതികള്‍പോലും തമ്മില്‍ തമ്മില്‍ അയിത്തം ആചരിക്കേണ്ട വിശുദ്ധരായിരിക്കുകയും ചെയ്യുന്ന കേരളീയ ജാതിഘടനയുടെ അടിവേരുകള്‍ കിടക്കുന്നത് ഇവിടെയാണ്.
ഇങ്ങനെ സങ്കീര്‍ണ്ണമായ ചരിത്ര പ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞ് ഉയര്‍ന്നുവരാനാരംഭിക്കുന്ന കേരളീയ സാമൂഹ്യഘടനയ്ക്കു പുറത്ത് അപ്പോഴും നിരവധി ഗോത്രങ്ങള്‍ ഇതിലുള്‍ക്കൊള്ളാതെ അവരുടെ പ്രാക്തനമായ ഗോത്രജീവിതം തുടര്‍ന്നു. ഇങ്ങനെ സാമൂഹ്യരൂപീകരണത്തിന്റെ ചരിത്രപ്രക്രിയയ്ക്ക് പുറത്ത് അതിന് സമാന്തരമായ തുടര്‍ന്നുപോന്ന അവികസിതമായ ഗോത്രങ്ങളിലെ ഏറ്റവും പിന്നണിയില്‍പ്പെട്ട ഗോത്രവിഭാഗമാണ് കാടര്‍ ഗോത്രവിഭാഗം.
കാടര്‍ ഗോത്രവിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ചാലക്കുടി പുഴയുടെ തീരത്ത് അതിരപ്പിള്ളി കാടുകളിലാണ്. വേട്ടയാടിയും മീന്‍പിടിച്ചും വനാന്തര്‍ഭാഗങ്ങളില്‍മാത്രം ജീവിച്ചുപോന്ന ഇവര്‍ കോളനികളിലായി സ്ഥിരവാസം ആരംഭിച്ചിട്ട് അധികകാലമായിട്ടില്ല. അതിരപ്പിള്ളിയില്‍ എട്ട് കാടര്‍ കോളനികളിലായി 250 ഓളം കുടുംബങ്ങള്‍ അതിവസിക്കുന്നുണ്ട്. ചാലക്കുടി പുഴയുടെ തീരത്തുനിന്നും പണ്ടെങ്ങോ കുടിയേറിയതാകാം. മറ്റത്തൂര്‍ പഞ്ചായത്തിലുള്‍പ്പെടുന്ന ആനപാന്തം ഭാഗത്തും (ഇപ്പോള്‍ ശാസ്താംഭൂ) ഒരു കാടര്‍ കോളനിയുണ്ട്. വാഴച്ചാല്‍, പുകലപ്പാറ, പെരിങ്ങല്‍ക്കുത്ത്, ആനക്കയം, ഷോളയാര്‍, മുരിക്കുംപുഴ, വാച്ച്മാരം,  പെരുമ്പാറ എന്നിവയാണ് അതിരപ്പിള്ളിയിലെ കാടര്‍ കോളനികള്‍.
കാര്‍ഷികവൃത്തിയോട് പൊതുവേ അടുപ്പമുള്ളവരല്ല കാടര്‍ വിഭാഗക്കാര്‍. കോളനി ജീവിതം നയിക്കുമ്പോഴും ജീവിതത്തിലേറെ കാലവും വനാന്തരങ്ങളില്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്ന ജോലികളില്‍ മുഴുകി ജീവിതം  തള്ളിനീക്കുന്നവരാണിവര്‍. ആണും പെണ്ണുമടക്കം ചെറുസംഘങ്ങളായും ഒറ്റയ്‌ക്കൊറ്റയ്ക്കും കാട്ടില്‍ താല്‍ക്കാലികമായുണ്ടാകുന്ന ചെറുകുടിലുകളില്‍ മാറിമാറി താമസിച്ച് ആഴ്ചകളോളം ഉള്‍വനങ്ങളിലലയുന്ന ഇവര്‍ ഇങ്ങനെ ശേഖരിക്കുന്ന തേനും, തെള്ളിയും, കൂവയും, കാട്ടിബിയുമായിട്ടാണ് ഊരുകളിലേക്ക് മടങ്ങുക. പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ വരവോടെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്നും ഒരളവോളം രക്ഷനേടാന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും വനവിഭവങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതും വനവിഭവങ്ങള്‍ ശേഖരിക്കാനാവാത്ത കാലത്ത് മറ്റ് വരുമാനമാര്‍ഗ്ഗങ്ങളില്ലാതെ പോകുന്നതും മുഴുപട്ടിണിയിലേക്ക് ഇവരെ തള്ളിനീക്കാന്‍ കാരണമാകുന്നു.