വിമോചനദൈവശാസ്ത്രം കേരളത്തിൽ അവശേഷിപ്പിക്കുന്നതെന്ത് ? -സി ആര്‍ നീലകണ്ഠൻ

വിമോചനദൈവശാസ്ത്രം  കേരളത്തിൽ അവശേഷിപ്പിക്കുന്നതെന്ത് ?  -സി ആര്‍ നീലകണ്ഠൻ

വിമോചനദൈവശാസ്ത്രം എന്ന പ്രസ്ഥാനം അഥവാ ആശയം രൂപം കൊള്ളുന്നത്   ലാറ്റിൻ അമേരിക്ക എന്നറിയപ്പെടുന്ന ദക്ഷിണ അമേരിക്കൻ ഭൂഖണ്ഡത്തിലാണല്ലോ . വിമോചനത്തിനായുള്ള  “ക്രിസ്തീയ പ്രയോഗത്തിന്റെ വിമർശനാത്മകമായ വിചിന്തനം” എന്നാണല്ലോ ഈ ആശയത്തിന്റെ ഉപജ്ഞാതാവായി  അറിയപ്പെടുന്ന പെറുവിലെ ഗുസ്താവോ ഗുട്ടിറെസ് നൽകുന്ന നിർവചനം. വിമോചനം എന്നതിനെ സമഗ്രമായ അർത്ഥത്തിലാണ് മനസ്സിലാക്കുന്നത്. ഇത് ചരിത്രപരന്നായ ഒരു പ്രക്രിയയാണ്.1970 കളിലാണ് ഇതിന്റെ ഇന്നത്തെ രൂപത്തിലുള്ള ഉത്ഭവം.ഗുസ്താവോ ഗുട്ടിറെസ് 1965-66 കാലത്തു എഴുതിയ ലേഖനങ്ങളുടെ സമാഹാരം “വിമോചന ദൈവശാസ്ത്രം” 1971ലാണ്  പ്രസിദ്ധീകരിക്കുന്നത്. ഇതേ കാലത്തു തന്നെ തീർത്തും ബന്ധമില്ലാതെ യു എസിലെ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞൻ ജെയിംസ് കോൺ “കറുത്ത വിമോചനദൈവശാസ്ത്രം” എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു.

ഏതാണ്ട് ഇതേ കാലത്താണ് ചിലിയിൽ ക്രിസ്ത്യൻസ് ഫോർ സോഷ്യലിസം എന്ന പ്രസ്ഥാനം രൂപം കൊണ്ടത്. ചിലിയിലെ ഇടതുപക്ഷ പ്രസിഡന്റ് അലൻഡേ അമേരിക്കൻ ഇടപെടൽ വഴി  കൊല ചെയ്യപ്പെടുകയും ആ സർക്കാർ അട്ടിമറിക്കപ്പെടുകയും ചെയ്തപ്പോൾ ലാറ്റിൻ അമേരിക്കയിൽ കലാപകലുഷിതമായ അന്തരീക്ഷം സംജാതമായി. ഏതാണ്ട് നൂറു ശതമാനവും കത്തോലിക്കവിഭാഗക്കാരുള്ള അവിടെ സഭ എന്ത് നിലപാടെടുക്കണം എന്ന ചോദ്യം പ്രസക്തമായി. അധിനിവേശക്കാർക്കൊപ്പമാണ് സഭയെങ്കിൽ സാധാരണ വിശ്വാസികൾ എന്ത് ചെയ്യണം? അധികാരികൾക്കൊപ്പം നിന്നു കൊണ്ട് തങ്ങളുടെ സമ്പത്തും അധികാരവും സംരക്ഷിക്കലാണോ സഭയുടെ ധർമം?ഈ ചോദ്യങ്ങൾ സഭയുടെ ഘടന സംബന്ധിച്ച പ്രശ്നങ്ങൾ വരെ എത്തി.ബോൺ ഹോഫറിനെപ്പോലുള്ള ദൈവശാസ്ത്രജ്ഞർ ഒട്ടനവധി നിർണ്ണായക ചോദ്യങ്ങൾ ഉന്നയിച്ചു. അപമാനവീകരിക്കപ്പെട്ട, ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ജനതയോട് സ്നേഹത്തെക്കുറിച്ചു സംസാരിക്കുന്നതിൽ എന്തർത്ഥം? ഏതു സാഹചര്യത്തിലാണ് ഇവ അവർക്കു സദ്‌വാർത്തയും പ്രത്യാശയുമാകുന്നത്?അതുകൊണ്ടാണ് ഗുട്ടിറെസ് പറഞ്ഞത് “ആധിപത്യസമൂഹം മനുഷ്യരെന്നു അംഗീകരിക്കാത്ത മനുഷ്യരോട് വിശ്വാസതലത്തിൽ അഭിസംവാദം നടത്തുകയാണ് വിമോചനദൈവശാസ്ത്രം” എന്ന്. വിശ്വാസത്തെ ചരിത്രത്തിൽ നിന്നും വേർതിരിക്കാൻ കഴിയില്ല. ഇങ്ങനെ വേർതിരിക്കപ്പെട്ടാൽ വിശ്വാസം തനി ആശയവാദമാകും. ജീവിക്കുന്ന അവസ്ഥയിലേ വിശ്വാസത്തിനു നിലനിൽപ്പുള്ളൂ. സാധാരണ മനുഷ്യരാണ് വിമോചന ദൈവശാസ്ത്രത്തിന്റെ ആധാരബിന്ദു. മര്‍ദ്ദിതന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള സജീവമായ സമര്‍പ്പണം, ഇത് ഒരു അടിസ്ഥാന ധാരണയാണ്. ചരിത്രാവസ്ഥകളെ പരിവർത്തനപ്പെടുത്തി ക്കൊണ്ടാണ് നാം നമ്മുടെ വിശ്വാസത്തെ ദൃഢീകരിക്കുന്നതും പരിഷ്കരിക്കുന്നതും . വിമോചനത്തിന്റെ സമൂർത്തമായ ചരിത്ര സന്ദർഭങ്ങളിൽ മാത്രമേ ദൈവം വിമോചകനായി സ്വയം വെളിപ്പെടുത്തുകയുള്ളൂ എന്നതാണ് മറ്റൊരു പ്രധാന കേന്ദ്രധാരണ.

വേദപുസ്തകത്തെ സംബന്ധിച്ചും സമാനമായ വ്യാഖ്യാനമുണ്ട്. മർദ്ദിതനു വേണ്ടി എഴുതി അവനു കൈമാറിയ ദൈവവചനമാണ് വേദപുസ്തകം. മർദ്ദിതർ വേദപുസ്തകം അങ്ങനെ വായിക്കുകയും പുനര് വായിക്കുകയും ചെയ്യുന്നു. മർദ്ദനങ്ങളെയും ചൂഷണങ്ങളെയും ന്യായീകരിക്കുന്ന വ്യാഖ്യാനങ്ങൾ പിന്തള്ളപ്പെടും. ഇതിന്റെ ഭാഗമായി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ജീവിതാവസ്ഥകളുടെ കഴിവതും ശാസ്ത്രീയമായ വിമർശനം അനിവാര്യമാണ്. യാഥാർഥ്യങ്ങളോടും അതിന്റെ വെല്ലുവിളികളോടും സഭയും മതവും അവതരിപ്പിക്കുന്ന പ്രതികരണത്തെക്കുറിച്ചുള്ള വിമർശനാത്മക വിശകലനം ആവശ്യമാകുന്നു. വർത്തമാനയാഥാർഥ്യങ്ങളുമായുള്ള വൈരുദ്ധ്യാത്മക ബന്ധത്തിൽ മർദ്ദിതന്റെ കാഴ്ചപ്പാടോടെ വേദപുസ്തകം വായിക്കുന്നു. ഇത് വേദപുസ്തകത്തിനു പുതിയ മാനങ്ങളും വിശ്വാസത്തിനു പുതിയ ചരിത്രസാധ്യതകളും കണ്ടെത്തുന്നതിലേക്കു നയിക്കും. മർദ്ദിത ജനങ്ങളോടോത്തു , അവരിലൂടെ ചരിത്രത്തിൽ പ്രവർത്തിക്കുന്ന വിമോചകനാണ് ദൈവമെന്നു കണ്ടെത്തുന്നു. 

മൂന്നു അടിസ്ഥാനസത്യങ്ങൾ വിമോചന ദൈവശാസ്ത്രം വച്ച് പുലർത്തുന്നു. രക്ഷ വൈയക്തികമല്ല ; അത് മരണാന്തര ജീവിതത്തിൽ പൂർണമായി കുടികൊള്ളുന്നതുമല്ല. രക്ഷ മൗലികമായും സാമൂഹികമാണ്. അത് മനുഷ്യരുടെ പൂർണതയും പൂർത്തീകരണവുമാണ്. രണ്ടാമതായി സഭക്ക്  ഫലസിദ്ധിയൊന്നുമില്ല. സഭയെ അതിന്റെ പ്രവർത്തനങ്ങളിലാണ് വിലയിരുത്തേണ്ടത്. പ്രയോഗമാണ് സഭക്ക് അതിന്റെ സാധുത നൽകുന്നത്.യേശുവിന്റെ സ്നേഹമാണ് അതിന്റെ മുഖമുദ്ര. മൂന്നാമതായി രണ്ട് വിഭിന്നങ്ങളായ ക്രമങ്ങളില്ല. ഒരു ചരിത്രപരമായ പ്രക്രിയയും ഒരേയൊരു കൃപയും ഒറ്റ ഭാഗധേയവും മാത്രമേയുള്ളു. കേവലം ബിംബമായോ ചിത്രമായോ ദൈവത്തെ കാണാതെ വേദപുസ്തകത്തിലെ , സ്വന്തം അനുഭവമായി ദൈവത്തെ അറിയുക. ഉദാഹരണത്തിന് അബ്രാഹാമിന്റെ വിളി എന്ന ഭാഗം ഇങ്ങനെ വ്യാഖ്യാനിക്കാം. സ്വന്തം ഊർദേശം വിട്ടു നാടോടിയാകാനാണ് ദിവം അബ്രാഹാമിനെ വിളിച്ചത്. സ്വന്തമെന്നു പറയാവുന്ന എല്ലാം ഉപേക്ഷിച്ചു അജ്ഞാതമായ ദേശത്തേക്കു സാഹസികയാത്ര നടത്തുകയാണ് അബ്രാഹാം.അപ്രസക്തമായ പാരമ്പര്യങ്ങളിൽ നിന്ന്, ജീവിതത്തിന്റെ മുഴുവൻ അർത്ഥങ്ങളും ഉൾക്കൊള്ളുന്ന പുതിയ ഉൾക്കാഴ്ചയിലേക്ക് ;സുരക്ഷിതത്വത്തിൽ നിന്നും അനിശ്ചിതത്വത്തിലേക്ക്‌;മനോമൗഢ്യങ്ങളിൽ നിന്നും പുതിയ തീരുമാനങ്ങളിലേക്കു ; സ്വർഗത്തിന് വേണ്ടിയുള്ള അത്യാസക്തിയിൽ നിന്നും ഇവിടെ ഇപ്പോൾ തന്നെ പുതിയ ഭൂമിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളിലേക്ക്. ഇതുപോലെ തന്നെ ഈജിപ്തിന്റെ ബന്ധനത്തിൽ നിന്നും ഇസ്രായേൽ ജനതയെ വിമോചിപ്പിക്കുന്നതിനു വേണ്ടിയുള്ള ദൈവിക പ്രവർത്തനമാണ് പുറപ്പാട്. താൻ ജീവിക്കുന്ന ക്രമം കെട്ട സാമൂഹ്യവ്യവസ്ഥിതിയോട് കലഹിക്കുക എന്നത് പ്രവാചക ധർമ്മമാണ്.