മണ്ണിന്റെ ജൈവ ജീവിതം വിത്തുകള്‍ പറയും – കെ. പി. ഇല്യാസ്

Print this article
Font size -16+
മണ്ണും വിത്തും ചേര്‍ന്നുണ്ടാകുന്ന ഭൂമിയുടെ ജൈവ വൈവിധ്യം തകര്‍ന്നു പോകുന്നതിനെക്കുറിച്ചുള്ള ആകുലതകള്‍ പങ്കുവെയ്കുന്നു
പരമ്പരാഗത കര്‍ഷകര്‍ കാലങ്ങള്ക്കൊണ്ടുണ്ടായ തിരിച്ചറിവിന്റെ ഫലമായി വളരെ സൂക്ഷ്മതയോടു കൂടിയായിരുന്നു മണ്ണില്‍ പണി ചെയ്തിരുന്നത്. മണ്ണില്ലാതെ കൃഷിയില്ലെന്ന് അവര്‍ക്കറിയാമായിരുന്നതുകൊണ്ട് മണ്ണിനെ പൊന്നായി കണ്ട് മണ്ണ് സംരക്ഷണം ഉറപ്പു വരുത്തിക്കൊണ്ടുള്ള കൃഷിരീതികളായിരുന്നു അവര്‍ നടത്തിയിരുന്നത്. ഓരോ പ്രദേശത്തെയും മണ്ണിന്റെ പ്രത്യേകതകള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള വിളകള്‍ തെരഞ്ഞെടുത്തു. മണ്ണൊലിച്ചു പോകാതിരിക്കാന്‍ ചെരിഞ്ഞ പ്രദേശത്തെ കൃഷിയിടങ്ങള്‍ തട്ടുകളാക്കി തിരിച്ച് കയ്യാലകള്‍ പിടിപ്പിച്ചു. മഴക്കാലത്ത് തൂപ്പും തോലും വെട്ടിയിറക്കി വിളകള്‍ക്കു ചുറ്റുമുള്ള മണ്ണിനെ പൊതപ്പിച്ചു. മകീര്യം ഞാറ്റുവേലയില്‍ മതിമറന്നു മഴപെയ്യുമ്പോള്‍ തെങ്ങിനു ചുറ്റും വലിയ കുഴികള്‍ നിര്‍മ്മിച്ചു മഴവെള്ളം മണ്ണിലേക്കു താഴ്ത്തി. അതിരുകളില്‍ സസ്യങ്ങള്‍ കൊണ്ട് ജൈവവേലികള്‍ പിടിപ്പിച്ചു. ഇങ്ങനെ മേല്‍മണ്ണ് സംരക്ഷണത്തിന് പരമ്പരാഗതമായി ഏറെ കാര്യങ്ങള്‍ ചെയ്തിരുന്നു.
ഒരു പ്രദേശത്തെ മണ്ണ് രൂപപ്പെടുന്നത് ആ സ്ഥലത്തെ മഴ, വെയില്, ഭൂമിയുടെ ഘടന തുടങ്ങിയവയെ ആശ്രയിച്ചാണ്. മണ്ണിനനുസരിച്ച് ആ പ്രദേശത്തെ സസ്യ- ജന്തുജാലങ്ങളും രൂപം കൊള്ളുന്നു. അനേകവര്‍ഷത്തെ പരിണാമത്തിന്റെ ഫലമായി മണ്ണും സസ്യങ്ങളും ജന്തുക്കളും പരസ്പര ബന്ധിതമായ (symbiosis) ഒരു ആവാസ വ്യവസ്ഥ സൃഷ്ടിക്കപ്പെടുന്നുണ്ട്. പ്രകൃതിയിലെ ജീവശൃംഖലയെ കുറിച്ച് പറയുമ്പോള്‍ പലപ്പോഴും മണ്ണിന് പുറത്തുള്ള സ്ഥൂലജീവശൃംഖലയെ കുറിച്ചാണ് പറയാറുള്ളത്. എന്നാല്‍ സ്ഥൂലജീവശൃംഖലയ്ക്ക് ജീവന് നല്കുന്ന മണ്ണിലെ സൂക്ഷ്മജീവി വര്‍ഗ്ഗങ്ങളും (Detrital food chain) ഉള്‍പ്പെടുത്തിയാലേ ഈ വൃത്തം പൂര്‍ണമാകുകയുള്ളൂ. മണ്ണിലെ സൂക്ഷ്മ സ്ഥൂലജീവികളും മണ്ണിന് പുറത്തുള്ള സസ്യജന്തുജാലങ്ങളും ഉള്‍പ്പെടുന്ന ഈ ജീവചക്രം പരസ്പരം കൊടുക്കല്‍ വാങ്ങലുകള്‍ നടത്തികൊണ്ടിരിക്കുന്നു. ഈ ജൈവവ്യവസ്ഥയിലേക്ക് പുറമെ നിന്ന് ഒരു സസ്യമോ, ജീവിയോ കടന്നു വരുമ്പോള്‍ സ്വാഭാവികമായും ആ പ്രദേശത്തെ ജൈവപ്രകൃതിയെ അത് ബാധിക്കുന്നു. ചിലത് കാലങ്ങള്‍ കൊണ്ട് പൊരുത്തപ്പെട്ടു പോരുമ്പോള്‍ മറ്റു ചിലത് അവിടുത്തെ ആവാസവ്യവസ്ഥയെ തന്നെ തകിടം മറിക്കുന്നു.
മണമുള്ളതാണ് മണ്ണെന്നാണ് പറയാറുള്ളത്. മണ്ണിനു മണമുണ്ടാകണമെങ്കില് മണ്ണില്‍ ജീവന് വേണം. കുംഭമീന മാസങ്ങളിലെ വേനല്ചൂടിനൊരാശ്വാസമായി മേടത്തില് പുതുമഴ പെയ്യുമ്പോള്‍ മണ്ണില്‍ മയങ്ങികിടക്കുന്ന ആക്ടിനോമൈസീട്സുകള് ആക്ടീവാകുമ്പോഴാണ് മണ്ണിന്റെ മണം നമ്മള് തിരിച്ചറിയാറുള്ളത്. മണ്ണില്‍ സൂക്ഷ്മ ജീവികളുടെ സാന്നിധ്യമില്ലെങ്കില്‍ ഈ മണം നമുക്ക് ലഭിക്കില്ല. ജൈവവസ്തുക്കളെ മണ്ണിലേക്ക് വിഘടിച്ചു ചേര്‍ക്കുന്നതില്‍ ഈ സൂക്ഷ്മ ജീവികള്‍ മുഖ്യപങ്ക് വഹിക്കുന്നു.ചെടികള്ക്കാവശ്യമാ യ മൂലകങ്ങള്‍ അവയ്ക്ക് ആഗിരണം ചെയ്യാന്‍ പാകത്തിലാക്കി നല്‍കുന്നത് ഈ സൂക്ഷ്മ ജീവികളാണ്. അന്തരീക്ഷ നൈട്രജനെ മണ്ണിലേക്കെത്തിക്കുന്നതും സൂക്ഷ്മ ജീവികള്‍ തന്നെ.
മണ്ണില്ലാത്ത കൃഷി എന്നു പറഞ്ഞ് ചില കൃഷിരീതികള്‍ ഇന്ന് പ്രചരിപ്പിക്കുന്നുണ്ട്. ആത്യന്തികമായി മണ്ണില്ലാതെ ഒരു കൃഷിയും സാധ്യമല്ല . മണ്ണിനെ ഒരു നിര്‍ജ്ജീവ വസ്തുവായി കാണുന്നതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നത്. മണ്ണെന്ന് പറയുന്നത് വെറും മണലോ പാറപ്പൊടിയോ അല്ല. സസ്യങ്ങളുടെ വളര്‍ച്ചയ്ക്കു സഹായകമാകുന്ന പലവിധ സൂക്ഷ്മ മൂലകങ്ങളും സൂക്ഷ്മ ജീവികളും അടങ്ങിയതാണ് മണ്ണ്. ഇതൊന്നുമില്ലെങ്കില്‍ അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ് കൃഷികളൊന്നും സാധ്യമല്ല. അന്തരീക്ഷത്തില്‍ നിന്ന് ഫോസ്ഫറസും പൊട്ടാസ്യമൊന്നും ഉണ്ടാക്കാന്‍ പറ്റില്ലല്ലോ. ഇതിന്റെയൊക്കെ ഉറവിടം മണ്ണാണ്. ഭൂമിയില്‍ ജലം പിടിച്ചു നിര്‍ത്താനും മണ്ണ് തന്നെ വേണം. ജലമില്ലെങ്കില്‍ പിന്നെ കൃഷിയില്ലല്ലോ.
ആധുനിക കൃഷി ശാസ്ത്രം മണ്ണിനെ അതിന്റെ സമഗ്രതയില്‍നിന്ന് അടര്‍ത്തി മാറ്റി, സസ്യങ്ങള്‍ക്കു വേണ്ട ചില ഘടകങ്ങളെ മാത്രം വേര്‍തിരിച്ച് കൃത്രിമമായി അത് നല്കുന്ന കൃഷി സമ്പ്രദായമാണ് പ്രചരിപ്പിച്ചത്.പലവിധ രാസവളങ്ങള്‍ മണ്ണിലേയ്ക്കു വിതറി. അതിനു ചേര്‍ന്ന ചില വിത്തുകളും അവര്‍ വികസിപ്പിച്ചെടുത്തു. ഏകവിളത്തോട്ടങ്ങള്ക്ക് പ്രാധാന്യം നല്കി. വളക്കൂറു നഷ്ടപ്പെട്ട മണ്ണില്‍ വളര്‍ന്ന വിളകള്‍ക്ക് പ്രതിരോധ ശേഷി നഷ്ടമായി. കീടരോഗാക്രമണങ്ങള്‍ പെരുകി. കൃഷിയിടങ്ങളില്‍ കീടനാശിനികള്‍ തളിച്ച് മണ്ണിനെ ഊഷരമാക്കി.