പെലക്കളറും വീട് വിട്ട പെങ്ങളും -നിയു കുര്യന്‍
Print this article
Font size -16+
ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആ ക്രിസ്മസിന് അമ്മയുടെ തറവാട്ട് വീട്ടില്‍ എല്ലാവരും ഒത്തുകൂടി.വലിയ കുടുംബമാണ്.അതിനൊരു രണ്ട് മാസം മുന്‍പ് കുടുംബക്കാരുടെ മുഴുവന്‍ അഭിമാനം വ്രണപ്പെടുത്തിയ ഒരു സംഭവം അരങ്ങേറിയിരുന്നു. അമ്മാവന്റെ മകള്‍ അന്യമതക്കാരനെ പ്രേമിച്ച് കല്യാണം കഴിച്ചു .സ്വാഭാവികമായും വീട്ടില്‍ നിന്നിറക്കിവിട്ടു.പടി ചവിട്ടിയെക്കരുതെന്ന് ഭീഷണിയും..ആ സംഭവം ആണ് നാലാള് കൂടുന്നിടത്തെയെല്ലാം ചര്‍ച്ച.ഇവിടെയും അതുതന്നെ വിഷയം.
എന്നാലും ആ പെണ്ണ് ചെയ്തതൊരു കടുംകൈ ആയിപ്പോയി.നാണക്കേടുകൊണ്ട് പുറത്തിറങ്ങാന്‍ പറ്റാണ്ടായില്ലേ..?’
അല്ല ആ ചെറുക്കന്‍ ഏത് ജാതിയാണെന്ന പറഞ്ഞെ.?
നായര്‍ ആണെന്ന കേട്ടത്.
ഹൊ അത്രയും ആശ്വാസം.വല്ല പറയനോ പുലയനോ എങ്ങാനും ആയിരുന്നെങ്കിലോ ന്റെ പുണ്യാളാ ഓര്‍ക്കാന്‍ പോലും മേല.’!
ഇത് കേട്ടുകൊണ്ട് അവിടെയിരുന്ന കുഞ്ഞുങ്ങളുടെയെല്ലാം മനസ്സില്‍ സ്വാഭാവികമായും എന്താവും തോന്നിയിട്ടുണ്ടാവുക എന്നൂഹിക്കാമല്ലോ.
ഇതിനു മുന്‍പും ഇജ്ജാതി സംസാരങ്ങള്‍ ഞാന്‍ പലതവണ കേട്ടിട്ടുണ്ട് വീട്ടില്‍ നിന്ന് തന്നെ.ഒരുതരം പുച്ഛവും അവജ്ഞയും ഒക്കെയായിരിക്കും വാക്കുകളില്‍.ഇതിങ്ങനെ കേട്ട് കേട്ട് ഞാനറിയാതെത്തന്നെ ഒരു വെറുപ്പ് ഉള്ളില്‍ കടന്നുകൂടിയിരുന്നു.എന്താണെന്നോ എന്തിനാണെന്നോ പോലും അറിയില്ലെങ്കില്‍ പോലും.
നിനക്ക് വേറെ ആരും കിട്ടിയില്ലേടി കൂട്ടുകൂടാന്‍.വല്ല അസുഖവും പിടിക്കും അവറ്റകളുടെ കൂടെയൊക്കെ നടന്നാല്‍..ഇങ്ങനെ എങ്ങോട്ട് നോക്കിയാലും ഈ രീതിയില്‍ ഉള്ള വിലക്കുകളായിരുന്നു ചുറ്റും.