എന്റെ ലാറ്റിന്‍ ജീവിതം – സിന്ധു മരിയ നെപ്പോളിയന്‍
Print this article
Font size -16+
ഡിഗ്രിക്ക് ചേരുന്നതു വരെയും കേരളത്തിലെ ക്രിസ്ത്യാനികള്‍ എല്ലാവരും ഒരുപോലുള്ളവരാണെന്ന് നിഷ്‌ക്കളങ്കമായി വിശ്വസിച്ചിരുന്ന ആളാണ് ഞാന്‍. ക്രിസ്തുമസ്സിനും ഈസ്റ്ററിനും മുന്നോടിയായുള്ള നോമ്പിന്റെ സമയത്തും ഞാന്‍ മീനും ഇറച്ചിയുമൊക്കെ ചേര്‍ത്തു പൊതിഞ്ഞ ചോറു പൊതികള്‍ കൊണ്ടു വരുന്നത് കണ്ട് നീ ഇതെവിടുത്തെ ക്രിസ്ത്യാനിയാണെന്ന് ആരോ ചോദിച്ചപ്പോഴാണ് ജീവിതത്തിലാദ്യമായി ക്രിസ്ത്യാനികള്‍ക്കിടയില്‍ എന്തൊക്കെയോ ഏറ്റക്കുറച്ചിലുകളുള്ള കാര്യം തിരിച്ചറിഞ്ഞത്.
ഏതാണ്ട് ഇതേ സമയത്ത് തന്നെ നസ്രാണികള്‍ മാത്രം പങ്കെടുക്കുന്ന ക്യാംപില്‍ വെച്ച് ഒരു കക്ഷി എന്നോട് കുടുംബപ്പേര് ചോദിച്ചു. ലത്തീന്‍കാര്‍ക്കിടയില്‍ അങ്ങനൊരു ഏര്‍പ്പാടില്ലാത്തത് കൊണ്ടു തന്നെ വീട്ടു പേരൊന്നുമില്ലെന്നു ഞാന്‍ പറഞ്ഞയുടനെ തന്നെ, ഓ നിങ്ങള്‍ ലത്തീന്‍കാരാണല്ലേ എന്ന മറുപടിയുടെ ഒപ്പം മലങ്കരയിലും സുറിയാനിയിലുമൊക്കെ വീട്ടു പേരാണ് എടുപ്പ് എന്ന് പറച്ചിലും കേട്ടപ്പോള്‍ അവരില്‍ നിന്നൊക്കെ എന്തോ വ്യത്യാസമുള്ള കൂട്ടരാണ് ലാറ്റിന്‍കാര്‍ എന്ന് തിരിച്ചറിഞ്ഞിരുന്നു.
പില്ക്കാലത്ത് പലപ്പോഴായി പലരും ഞങ്ങളെ മുക്കുവ ക്രിസ്ത്യാനികള്‍ എന്ന് റഫര്‍ ചെയ്തതില്‍ നിന്നും, മാണി സാറും ചാണ്ടി സാറുമൊക്കെ അരങ്ങു വാഴുന്ന കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിലുള്‍പ്പെടെ, സകല ക്രിസ്ത്യാനികളുടെയും വാഴ്ത്തപ്പെട്ട പ്രതിനിധികളാക്കപ്പെട്ടവരാരും തന്നെ ഞങ്ങളുമായി കാര്യമായി യാതൊരു സാമ്യവുമില്ലാത്ത തരം നസ്രാണികളാണെന്നും തിരിച്ചറിഞ്ഞതില്‍ നിന്ന് ക്രൈസ്തവരുടെ ഇടയിലെ വകഭേദങ്ങള്‍, അവ്യക്തവും നേര്‍ത്തതുമായ ജാതികളാല്‍ തരംതിരിക്കപ്പെട്ടവയാണെന്ന് മനസിലായി.
ഒരിക്കലൊരു പാലാക്കാരന്‍ അച്ചായനോട് അഗാധമായ പ്രണയത്തിലാവുകയും വല്യ കാലതാമസമൊന്നും കൂടാതെ അയാള്‍ തന്നെ മുന്‍കൈ എടുത്ത് നമുക്കിത് ഇവിടെ വെച്ച് നിര്‍ത്താമെന്ന നിഷ്‌ക്കളങ്ക ലൈനില്‍ അവസാനിപ്പിക്കുകയും ചെയ്തപ്പോഴും അവിടെ തടസ്സമായത് അച്ചായ – മുക്കുവ ജാതി സമവാക്യങ്ങള്‍ തന്നെയായിരുന്നെന്ന് ഇന്ന് മനസിലാവുന്നുണ്ട്. അയാളൊരു പുകമറ സൃഷ്ടിച്ച് കടന്നുപോയവന്‍ ആയിരുന്നെങ്കിലും ആ പുകമറയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം ഇരുവരും ക്രിസ്ത്യാനികളെങ്കിലും ശുദ്ധിയില്‍ മുമ്പില്‍ തങ്ങളാണെന്ന സവര്‍ണ ബോധത്തിന്റെ ദീര്‍ഘവീക്ഷണമായിരുന്നെന്ന് ഇന്നെനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയും. ഒരു ഗുഡ് മോണിങ് മെസേജ് കൊണ്ടു പോലും തലയിലാവാതിരിക്കാന്‍ പിന്നീട് അദ്ദേഹം ആവുംവിധം ശ്രമിക്കുകയും ചെയ്തിട്ടുണ്ട്!