പാലക്കാടിന്റെ മഴയോര്‍മ്മകള്‍ – എ.വി. ഫിര്‍ദൗസ്

പാലക്കാടിന്റെ മഴയോര്‍മ്മകള്‍ – എ.വി. ഫിര്‍ദൗസ്
കേരളത്തിന്റെ ഹരിതസമ്പന്നതയുടെ അടിത്തറ കാലംതെറ്റാതെ പെയ്തിരുന്ന മഴക്കാലങ്ങളായിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മഴകള്‍ ഋതുക്കളുമായും മാസങ്ങളുമായും കൃത്യമായ ഒരു ബന്ധം കാത്തുസൂക്ഷിച്ചുവന്നു. കാര്‍ഷിക ജീവിതസംസ്‌കാരത്തിന്റെ ആധാരശീലങ്ങള്‍ രൂപപ്പെട്ടത് മഴകളെ ആശ്രയിച്ചായിരുന്നു. ആധുനിക ജീവിതശീലങ്ങളിലേക്കു പരിണമിക്കുന്നതിനുമുമ്പ് കേരള ജനത ജീവിച്ചത് കൃഷിയുമായും പ്രകൃതിയുമായും ബന്ധപ്പെട്ട ഉപജീവന മാര്‍ഗങ്ങളെ ആശ്രയിച്ചായിരുന്നതിനാല്‍ മഴയെ മുന്‍നിര്‍ത്തിയുള്ള കാലഗണനാരീതി പൊതുവായിത്തീര്‍ന്നു. വിവിധ കാര്യങ്ങളില്‍ സമയം നിര്‍ണയിക്കുമ്പോള്‍ മേടം കഴിയട്ടെ, ഇടവപ്പാതി കഴിഞ്ഞിട്ടാവാം, കര്‍ക്കടകത്തില്‍ എന്തായാലും വേണ്ട, മിഥുനം പകുതിയാവട്ടെ, തുലാവര്‍ഷം എന്താകുമെന്നു നോക്കിയിട്ടാവാം എന്നൊക്കെയുള്ള പറച്ചിലുകള്‍ കര്‍ഷക-ഗ്രാമീണ ജീവിതത്തിന്റെ ഭാഗമായിരുന്നു. കൃഷിക്ക് പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ സ്വാഭാവികമായും ഇത്തരത്തിലല്ലാതെയുള്ള കാലനിര്‍ണയങ്ങള്‍ അസാധ്യമായിരുന്നു എന്നുതന്നെ പറയാം. മഴയുടെ വരവും പോക്കുമനുസരിച്ച് കൃഷിയുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികളില്‍ വ്യാപൃതമാകേണ്ടിവരുന്നതുകൊണ്ട് പ്രവൃത്തികളില്‍നിന്നു വിരമിക്കുന്ന സമയവും കാലവും നോക്കിയാണ് ജീവിതാവശ്യങ്ങള്‍ക്കായി ഗ്രാമീണര്‍ സമയം കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാടിന് ഒരു സവിശേഷമായ സ്ഥാനംതന്നെയുണ്ട്. കേരളത്തിന്റെ നെല്ലറ എന്ന് ഒരു കാലംവരെയും വിളിക്കപ്പെട്ട പാലക്കാടിന്റെ ഉള്‍നാടന്‍ വയലുകളിലായിരുന്നു ഗ്രാമീണര്‍ അവരുടെ പകലുകളില്‍ ഏറെയും ചെലവഴിച്ചത്. നീണ്ടുപരന്നു കിടക്കുന്ന പച്ചപ്പിന്റെ പരവതാനിപോലുള്ള വയല്‍ വിശാലതയില്‍ കാറ്റും വെയിലും മഴയും വകവയ്ക്കാതെ ഗ്രാമീണര്‍ സമയം ചെലവഴിച്ചു. വര്‍ഷത്തില്‍ മൂന്നു വിള കൃഷിചെയ്തിരുന്നവയാണ് പാലക്കാടന്‍ പാടശേഖരങ്ങളില്‍ വലിയപങ്കും.
അരയില്‍ ഒരു തോര്‍ത്തും ചുറ്റി തലയില്‍ ഒരു പാളക്കുടയുമായി പാലക്കാടന്‍ ഗ്രാമീണര്‍ നെല്‍ച്ചെടികള്‍ക്കുള്ളില്‍ ആയുസ് ചെലവഴിച്ചു. നെല്‍ച്ചെടികളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിക്കാനും ഉള്‍ക്കൊള്ളാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. ഏക്കര്‍കണക്കിന് നെല്‍കൃഷിയുള്ള ഗ്രാമീണന്റെ വേഷവും മേല്‍പ്പറഞ്ഞ തോര്‍ത്തും പാളക്കുടയും തന്നെയായിരുന്നു. ഏക്കറുകളില്‍ പരന്നു കിടന്ന നെല്‍ക്കണ്ടങ്ങളില്‍ ഓരോന്നിനും ഓരോ പേരിട്ടാണ് വിളിച്ചത്. പുത്തിരിക്കണ്ടം, കന്നിക്കണ്ടം, ചിത്തിരക്കണ്ടം, മുന്നാറിക്കണ്ടം, പൊന്‍കണ്ടം എന്നിങ്ങനെ അവരുടെ ഓരോ വിളക്കും ഇറക്കുന്ന വിത്തുകള്‍ വ്യത്യാസമുണ്ടായിരിക്കുമെങ്കിലും ഓരോ കണ്ടങ്ങളിലേയും ഓരോ ചെടികളുടേയും കാര്യത്തില്‍ അവരുടെ ശ്രദ്ധ ചെന്നെത്തിയിരുന്നു. ”താഴത്തേകണ്ടത്തിലെ വടക്കേ അറ്റത്ത് രണ്ടാം വരിയില്‍ നില്‍ക്കുന്ന നെല്‍ച്ചെടിക്ക് ഒരു വാട്ടമുണ്ട്” എന്ന് കുടുംബത്തിലെ ഒരംഗത്തിന്റെ അസുഖത്തെക്കുറിച്ചു പറയുന്നതുപോലെ അവര്‍ക്ക് പറയുവാന്‍ കഴിഞ്ഞത് കൃഷി അവരുടെ ആത്മാവിന്റെ ഭാഗമായി അത്രമാത്രം ഗാഢബന്ധം സ്ഥാപിച്ചിരുന്നതുകൊണ്ടാണ്. തലമുറകള്‍ പിറകിലേക്ക് പോകുന്തോറും ഈ ആത്മബന്ധം കൂടുതല്‍ കൂടുതല്‍ ഗാഢമായിരുന്നതായി കാണാം. പാടത്ത് നെല്‍ച്ചെടികള്‍ക്കു വാട്ടമുണ്ടായാല്‍ വീട്ടില്‍ കഴിയുന്ന കര്‍ഷകന്റെ ശരീരഭാഷയില്‍ അതു പ്രതിഫലിച്ചിരുന്നു. തലമുറകള്‍ കഴിഞ്ഞുപോകുന്തോറും ആ ഗാഢബന്ധം നേര്‍ത്തുനേര്‍ത്തു വന്നു. കൃഷിക്കുവേണ്ടി ജീവിക്കുകയും നെല്‍ക്കണ്ടങ്ങളെ ആത്മവത്തയുടെ ഭാഗമായികരുതുകയും ചെയ്ത കര്‍ഷകരടെ പുതുതലമുറയുമായുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് മുണ്ടൂര്‍ സേതുമാധവന്‍രെയും മറ്റും ചില കഥകളില്‍ കാണാം. പണത്തിനുവേണ്ടി പാടം മുറിച്ചു വില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന മക്കളും ഇക്കാലമത്രയും ജീവിതത്തിന്റെ ഭാഗമായിരുന്ന കൃഷിയിടങ്ങള്‍ കൈവിടാന്‍ ഒരുക്കമല്ലാത്ത കര്‍ഷക പിതാക്കളും തമ്മിലുള്ള വിടവുകളുടെയും അകലങ്ങളുടെയും അനുഭവങ്ങള്‍ മുണ്ടൂര്‍ക്കഥകളില്‍ അങ്ങിങ്ങ് വായിച്ചുപോകാന്‍ കഴിയും.
വിയര്‍പ്പിന്റെ മണം വറ്റിപ്പോകാത്ത ശരീരങ്ങളുമായി ജീവിച്ച കര്‍ഷകര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍പോലും വിളവുകളുടെ പരിണാമങ്ങളെക്കുറിച്ചാണ് ഓര്‍ത്തത്. ഉറക്കത്തില്‍ കെട്ടുപോയ വിളയെക്കുറിച്ച് ഉറക്കെ നിലവിളിച്ചു കരയുന്ന കര്‍ഷകനായ പിതാവിനെ കഥകളില്‍ കാണാം. അതിരാവിലെ പകലിന്റെയും രാത്രിയുടെയും കറുപ്പും വെളുപ്പും കൂടിക്കലര്‍ന്ന മുഹൂര്‍ത്തങ്ങളില്‍ ഉറക്കത്തില്‍ നിന്നു പിടഞ്ഞെണീറ്റ് പാടങ്ങളിലേക്ക് പോയിരുന്ന കര്‍ഷകരെ അന്വേഷിച്ച് പിച്ചളത്തൂക്കു പാത്രത്തില്‍ കഞ്ഞിയുമായി ചെന്നിരുന്നവരാണ് അക്കാലത്തെ വീട്ടമ്മമാര്‍. വീട്ടില്‍ ചെന്നാല്‍ അവരെ കാണാന്‍ കിട്ടുമായിരുന്നില്ല. കാണേണ്ടവര്‍ പാടവരമ്പുകളില്‍ ചെന്നുനില്‍ക്കണം. ചെളിപുരണ്ട ദേഹവുമായി നെല്‍ച്ചെടികള്‍ക്കുള്ളില്‍നിന്ന് അവര്‍ ശിരസ്സുയര്‍ത്തി പൊന്തിവരും. അച്ഛനെ ഒന്നുനേരെ കാണാന്‍ മക്കള്‍ക്ക് പാടങ്ങളില്‍ ചെല്ലണമായിരുന്നു. ഇത്തരത്തില്‍ ജീവിതത്തിന്റെ ദിനരാത്രങ്ങളെ കൃഷിയില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയ കര്‍ഷകര്‍ അവരുടെ അടുത്ത സുഹൃത്തുക്കളായി കരുതിയത് സമയാസമയം പെയ്തുകൊണ്ടിരുന്ന മഴയെയാണ്. ”ചതിക്കല്ലേ ചങ്ങാതീ” എന്നു മഴകളോടവര്‍ പറയുമായിരുന്നു. മഴകളില്‍ ചിലത് ഉദ്ദേശിച്ച സമയത്തു പെയ്യാതെയാകുമ്പോള്‍ അവര്‍ അസ്വസ്ഥരായി. എന്നാല്‍ കര്‍ഷകനും കൃഷിയും പ്രകൃതിയും മഴയും തമ്മില്‍ നിലനിന്നിരുന്ന ഗാഢമായ സൗഹൃദം കൊണ്ടാവാം കാലവും ഞാറ്റുവേലയും തെറ്റാതെ മഴകള്‍ വന്നുകൊണ്ടിരുന്നു. ഓരോ ഞാറ്റുവേലകളിലെ മഴകള്‍ക്കും ചില സവിശേഷതകള്‍ കര്‍ഷകര്‍ കണ്ടുവെച്ചു. അതുകൊണ്ട് ഞാറ്റുവേല മാറിപ്പെയ്യുന്ന മഴകളെക്കുറിച്ച് കര്‍ഷകര്‍ സൗഹൃദത്തോടെ പരിഭവിച്ചിരുന്നു. ഇന്ന് നമ്മള്‍ കാണുന്ന മഴയെല്ലാം വെറും മഴകള്‍ മാത്രമാണെങ്കില്‍ അന്നത്തെ കര്‍ഷകര്‍ ഓരോ മഴയെയും അതാതിന്റെ പേരുചൊല്ലി വിളിക്കാന്‍ പ്രാപ്തരായിരുന്നു. ”എല്ലാ മഴയിലും പെയ്തിറങ്ങുന്നത് വെള്ളം തന്നെയല്ലേ” എന്ന് നമുക്കു തോന്നുന്നു. പക്ഷേ ഓരോ മഴകളുടെയും തുള്ളികള്‍ തമ്മിലള്ള ഭേദം പൂര്‍വകാല കര്‍ഷകര്‍ മനസ്സുകൊണ്ടും ശരീരംകൊണ്ടും അനുഭവം കൊണ്ടും തൊട്ടറിഞ്ഞു. ആ അറിവില്‍നിന്നു വികസിച്ചുവന്ന മഴകളെക്കുറിച്ചുള്ള അസാധാരണങ്ങളായ ബോധസഞ്ചയങ്ങള്‍ ഓരോ കര്‍ഷകനെയും അവന്റെ വയല്‍ ജീവിതത്തില്‍ വഴിനടത്തി. അങ്ങനെ കതിരിലേക്ക് പൂര്‍വകാല കര്‍ഷകര്‍ അവരുടെ പ്രാണനെ കുടിയിരുത്തിവന്നു.