ജന്മാന്തരം -എല്‍സ നീലിമ മാത്യു
Print this article
Font size -16+
വരുംജന്മം,
അങ്ങനെയൊന്നുണ്ടെങ്കില്‍,
എനിക്കൊരു അല്ലിച്ചെന്താമരയായി വിരിയണം.
വെണ്ണക്കല്ലുകള്‍ ചുട്ടുപഴുപ്പിച്ചൊരു സെമിത്തേരിയില്‍
ചെറുതണലായ് വിരിഞ്ഞു നിന്നാടണം.
മണ്ണിലേക്കുവലിഞ്ഞ വന്‍സാഗരങ്ങളുടെ ഉപ്പുരസം
പീതനിറത്തില്‍ ചിരിയായ് പടര്‍ത്തണം.
ആഘോഷിച്ചും ആഘോഷിക്കപ്പെട്ടും
കടന്നുപോയവരോട്,
പാടിപ്പതിഞ്ഞ കഥകള്‍
ഉള്ളതാണോ എന്ന് ചോദിക്കണം.
അവര്‍ പറയാതെ ബാക്കിവച്ച
മധുരിക്കുന്ന കഥകള്‍ കേട്ട്
ചിരിച്ചു തിമിര്‍ക്കണം.
നഷ്ടപ്രണയങ്ങളുടെ നാള്‍വഴികള്‍
കുമ്പസാരരഹസ്യം കണക്കെ ചോദിച്ചറിയണം
പിന്നെ, പരസ്യക്കാരനായ കാറ്റിന്റെ ചെവിയില്‍
പതിഞ്ഞ ശബ്ദത്തില്‍ അവ എത്തിച്ചുകൊടുക്കണം.
ഇടനെഞ്ചുപൊട്ടി ഇതളുകള്‍ പൊഴിച്ചിട്ടും
വിങ്ങലുകള്‍ ഒതുങ്ങാതെ വരുമ്പോള്‍
രണ്ടും കല്പിച്ചു പൊട്ടിത്തെറിക്കണം.
കാറ്റിനൊപ്പം പറന്ന്
വിരലിലെണ്ണാവുന്ന കല്ലറകള്‍ക്കപ്പുറം സ്വസ്ഥമായുറങ്ങുന്ന
കഥയിലെ മറുപാതിയോടു പറഞ്ഞുകൊടുക്കണം.
അവിടെ വീണഴിയണം.
പിന്നെ,
മണ്ണിലാണ്ടുപോയ കരുത്തുറ്റ കഥകള്‍
തലക്കല്‍ നിന്ന് കുരിശു വരയ്ക്കുന്ന
കുഞ്ഞുമക്കള്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍
അവര്‍ക്ക് കൂട്ടായിരിക്കുവാന്‍
ഒന്നുകൂടി മനുഷ്യനായ് പിറക്കണം
വരും ജന്മം.
അങ്ങനെയൊന്നുണ്ടെങ്കില്‍,
എനിക്കൊരു അല്ലിച്ചെന്താമരയായി വിരിയണം
പേരില്‍ മാത്രം ചുവപ്പുള്ള
അല്ലിച്ചെന്താമര.
(ഗവേഷക, കാന്‍സസ് സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, മാന്‍ഹട്ടന്‍, യു.എസ്.എ.)