പേശാമടന്തയുടെ അത്ഭുതലോകങ്ങള്‍ – എസ്. ശാരദക്കുട്ടി
‘തന്നെ സ്വാധീനിച്ച, അനുഭവങ്ങളുടെ വന്‍കരകളായ, ജീവിതത്തെ സമര്‍ത്ഥമായി നേരിട്ട് ജീവിച്ച് കാണിച്ചുതന്ന സ്ത്രീകളെ തന്റെ ബാല്യകാല ഓര്‍മ്മകളില്‍ വരച്ചിടുകയാണ് ശാരദക്കുട്ടി’…
ധാരാളം സ്ത്രീകളുള്ള കുടുംബത്തില്‍ ജനിച്ചു വളരുന്ന ഒരു പെണ്‍കുട്ടിക്ക് അനുഭവങ്ങള്‍ തേടി പുറത്തേക്കെങ്ങും പോകേണ്ടി വരില്ല. വീടിനും ചുറ്റുവട്ടത്തുമുള്ള ഓരോ സ്ത്രീയും അവളെ വ്യത്യസ്തമായ അനുഭവങ്ങളുടെ ഓരോ വലിയ ഭൂഖണ്ഡങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകും. അനുഭവങ്ങളെ സ്വീകരിക്കുമ്പോഴും അവയോട് പ്രതികരിക്കുമ്പോഴും സാമ്പത്തികപദവിയിലും അധികാരബന്ധങ്ങളെ വിലയിരുത്തുമ്പോഴും ഇവര്‍ പുലര്‍ത്തുന്ന വൈവിദ്ധ്യം അമ്പരപ്പിച്ചു കളയും. ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടു വന്ന് വീടിന്റെ പടിഞ്ഞാറേ കോലായിലെ ചാരുകസേരയില്‍ കിടന്നു കൊണ്ട് ‘ഈ സ്ത്രീകള്‍ എന്തൊരു അത്ഭുത ജീവികള്‍’ എന്ന് അന്തം വിടുന്നുണ്ട് ബഷീര്‍ പാത്തുമ്മയുടെ ആടില്‍. അതു പോലെ പ്രായോഗിക ജീവിതത്തില്‍ എന്റെ ചുറ്റിനുമുണ്ടായിരുന്ന സ്ത്രീകള്‍ പുലര്‍ത്തിയിരുന്ന സാമര്‍ഥ്യം കണ്ടാണ് ഞാനും വളര്‍ന്നത്. അതിസാമര്ഥ്യക്കാരികളെന്ന് അവരെ ആരും പരിഹസിച്ചില്ല. തന്നിഷ്ടക്കാരികളെന്ന് ആരും അവരെ ആക്ഷേപിച്ചില്ല. അതിശയോക്തികളൊന്നും ഇല്ലാതെ തന്നെ പറയാം അമിതവിനയമോ അടിമത്തബോധമോ തൊട്ടുതീണ്ടാത്ത സ്ത്രീകളായിരുന്നു അവരില്‍ വലിയൊരു വിഭാഗവും. എന്നിലെ പെണ്‍കുട്ടിയെ ഏറ്റവുമധികം സ്വാധീനിച്ചതും ഈ സ്ത്രീകളുടെ താന്‍പോരിമ തന്നെയായിരുന്നു. സത്യത്തില്‍ ഞാനാരാണെന്നു ചോദിച്ചാല്‍ ‘എന്റെ കണ്മുന്നില് ജീവിതത്തെ സമര്‍ഥമായി നേരിട്ടു ജീവിച്ചു കാണിച്ചു തന്ന ആ സ്ത്രീകള്‍ തന്നെയാണ് ഞാന്‍’ എന്നതാണ് ഏറ്റവും സത്യസന്ധമായ ഉത്തരം. അവരില്‍ എന്റെ വീട്ടിലെ സ്ത്രീകളും അവരുടെ കൂട്ടുകാരികളും മറ്റു വീടുകളില്‍ പണിയെടുത്തു നടക്കുന്നവരും അധികാരമുള്ള പദവികളിലിരിക്കുന്നവരും ഉണ്ടായിരുന്നു. പക്ഷേ സ്ത്രീകളെന്ന നിലയില്‍ അവരെല്ലാം അനുഭവങ്ങളുടെ വന്കരകളായിരുന്നു.
ആണുങ്ങളേക്കാള്‍ രസകരമായ ആഖ്യാനശൈലി അവരുടെ പ്രത്യേകതയായിരുന്നു. സംസാരിക്കുന്ന സ്ത്രീകള്ക്കിടയിലിരിക്കാന് അന്നുമിന്നും ഞാനിഷ്ടപ്പെടുന്നത് കഥയുണ്ടാക്കാനും കഥക്കുമേല് കഥകള്‍ കെട്ടിപ്പടുക്കാനുമുള്ള അവരുടെ കൗശലത്തോടുള്ള അതിരറ്റ ആരാധന കൊണ്ടാണ്. ലോകത്തെങ്ങു നിന്നുമുള്ള അറിവുകള്‍ ഇവരുടെ കഥയൊഴിയാത്ത ഭാണ്ഡങ്ങളിലുണ്ടാകും. ഇവര്‍ ഒരുമിച്ചു കൂടിയിരുന്നു പറഞ്ഞിരുന്ന കഥകളില്‍ അക്കാലത്തെ രാഷ്ട്രീയവും കുടുംബബന്ധങ്ങളും വീടുകളിലെ അതിക്രമങ്ങളും സ്ത്രീവിരുദ്ധതയും ദാമ്പത്യപ്രശ്നങ്ങളും സമൂഹമനശ്ശാസ്ത്രവും അവിഹിതബന്ധങ്ങളും എല്ലാം ഉണ്ടായിരുന്നു. കേട്ട കഥകളെ അവര്‍ പുനര്‍നിര്‍മ്മിക്കുകയാണ്. കഥപറച്ചിലിന്റെ മര്‍മ്മമായ പരിണാമഗുപ്തി എന്ന ഗുണം അവരുടെ ആഖ്യാനങ്ങളിലുണ്ടായിരുന്നു. അപാരസാദ്ധ്യതകളുള്ള ട്വിസ്റ്റിലേക്ക് പലപ്പോഴും ഇവര്‍ കഥകളെ കൊണ്ടുപോകുന്നത് കണ്ട് അമ്പരന്നിട്ടുണ്ട്. മുഴുവന്‍ നുണയാണെന്ന് മറ്റു സ്ത്രീകള്‍ അടക്കം പറയും. പക്ഷേ ഒരാള്‍ക്കും ആ കഥപറച്ചിലില്‍ മുഴുകാതിരിക്കാനാവില്ല. അത്യന്തം പരമ്പരാഗതരീതിയെന്നു തോന്നിക്കുന്ന പല കഥകളും പക്ഷേ അങ്ങനെയായിരിക്കില്ല അവസാനിക്കുക. വീക്ഷണകോണുകള്‍ അവര്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കും. എന്താണ് ഒരു സ്ത്രീക്ക് വേണ്ടത് എന്ന വലിയ ചോദ്യത്തിനുള്ള ഉത്തരങ്ങളായിരുന്നു ഇവര്‍ പറഞ്ഞിരുന്ന കഥകള്‍. പെണ്ണ് നടത്തിയിട്ടുള്ള എല്ലാ ആഖ്യാനങ്ങള്ക്കുമുള്ള കാരണം ആ ഒരു ചോദ്യത്തില്‍ കേന്ദ്രീകരിച്ചാല്‍ ചിലപ്പോള്‍ ലഭിച്ചേക്കും. ജപ്പാനിലെ ഏറ്റവും പഴക്കമുള്ള രചനകളിലൊന്നായ ഷികിബു മുറാസാക്കിയുടെ ഗഞ്ചിയുടെ കഥയില്‍ നിന്നു മുതല്‍ നമുക്കതിനുള്ള അന്വേഷണം തുടങ്ങിയാലും ആ ചോദ്യത്തിനുള്ള ഉത്തരം വ്യക്തമാകും..ആയിരത്തിലധികം പുറങ്ങളുള്ള ഈ നോവല്‍ ഇന്നും അത്യന്താധുനികമായി തുടരുന്നതിന് കാരണം അതിന്റെ മനശ്ശാസ്ത്രപരമായ ഔന്നത്യമാണ്. ഹയന് രാജവംശത്തിലെ ഒരു ദാസിപ്പെണ്ണാണ് നോവലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ സൈക്കോളജിക്കല്‍ നോവല്‍ എഴുതിയതെന്നത് ചരിത്രം. മനശ്ശാസ്ത്രജ്ഞാനമുള്ള, കഥപറച്ചിലുകാരികളായ അമ്മുമ്മമാരുടെ പിന്മുറക്കാരാണ് നമ്മളെല്ലാം.
തോപ്പില്‍ മാധവിയമ്മ, കിഴക്കേടത്തു ജാനകിയമ്മ ഇവരാണ് എന്റെ രണ്ട് അമ്മുമ്മമാര്. അമ്മാവന്മാരുടെ ഭരണകാലത്ത് നിന്ന് അച്ഛന്റെ ഭരണത്തിലേക്ക്- പിതൃധികാരത്തില് നിന്ന് ഭര്ത്രധികാരത്തിലേക്ക്-ഗൃഹാന്തരീക്ഷം മാറുന്ന കാലത്തിന്റെ തിക്താനുഭവങ്ങളുടെ രക്തസാക്ഷികളായ രണ്ടു സ്ത്രീകള്‍. അകത്തു തിങ്ങുന്ന കണ്ണുനീര് ഒരു തുള്ളിയും പുറത്തു കളയാതെ ഉള്ളില്‍ പിറ്റേന്നത്തേക്കുള്ള ഇന്ധനമാക്കി ജ്വലിപ്പിച്ചെടുത്തവര്.
Close Window
Loading, Please Wait!
This may take a second or two.