അക്ഷരബാല്യം -ജെര്‍ളി

അക്ഷരബാല്യം -ജെര്‍ളി
വിരുദ്ധപ്രകൃതികളായ ഒരപ്പനുമമ്മയ്ക്കും ഇടയില്‍ നിരന്തരം വിഭജിക്കപ്പെട്ടു പോയ ഒന്നായിരുന്നുഎന്റെ ബാല്യം. സൗമ്യ പ്രകൃതിയായ അപ്പനും, ഏറെ തീക്ഷ്ണ പ്രകൃതിയായ അമ്മയും. എന്നുവേണമെങ്കിലും മുങ്ങിപ്പോകാവുന്ന ഒരു പെട്ടകമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം കുടുംബം എന്നത്. ഏറ്റവും ചെറിയ ഉലച്ചിലില്‍ പോലും അതുമുങ്ങിപ്പോവുമെന്നറിഞ്ഞ്, സ്ഥിരമായ് ശ്വാസം പിടിച്ചാണ് ഞാനെന്റെ ബാല്യം പിന്നിട്ടത്. ഏതൊരസൗകര്യവും പോലെ അത് പിന്നീടൊരു ശീലവുമായി. ഓര്‍മ്മ വച്ചതില്‍ പിന്നെ ഞാനായിട്ട് ഒരു ചെറിയ അസ്വാരസ്യം പോലും ഉണ്ടാക്കിയിട്ടില്ല . അതെന്റെ നന്മ കൊണ്ടായിരിക്കാനിടയില്ല, പ്രത്യൂത, ആ ചെറിയ തിരയിളക്കങ്ങള്‍ പോലും ഒരു പക്ഷെ കുടുംബം എന്ന തണലിനെ ഇല്ലാതാക്കും എന്ന തിരിച്ചറിവായിരിക്കാം. അതുകൊണ്ടുതന്നെ പെട്ടെന്നു വലുതാകാന്‍ മോഹിച്ച ഒരു ബാല്യമായിരുന്നു എന്റേത്. ഇന്നും എനിക്ക് ബാല്യത്തെക്കുറിച്ച് ഗൃഹാതുരത്വത്തില്‍ നിന്നുയിര്‍ക്കൊള്ളുന്ന സ്മരണകള്‍തീരെയില്ല എന്നുതന്നെ പറയാം. ക്ലാസിനിടയില്‍ ഒരഞ്ചു മിനിട്ട്,പാഠ്യേതര വിഷയങ്ങളിലുള്ള സംശയങ്ങള്‍ ചോദിക്കുവാന്‍ കുട്ടികള്‍ക്ക് അനുവദിക്കുന്ന പതിവ് എനിക്കുണ്ട്. അങ്ങിനെയൊരുവേളയില്‍ എന്റെ ഒരു വിദ്യാര്‍ത്ഥി ‘സാറെന്താ എന്നും ഈ വലിയ കുപ്പായമിടുന്നത് എന്ന സംശയമുന്നയിച്ചതോര്‍ക്കുന്നു. വാസ്തവത്തില്‍ അളവിനെക്കാള്‍ വലിയ ഷര്‍ട്ടിടുന്ന കുട്ടിക്കാലം മുതലേയുള്ള ആ ശീലത്തിനു പിന്നില്‍ പെട്ടെന്നു വലുതായി എന്ന തോന്നല്‍ മറ്റുള്ളവരില്‍ ജനിപ്പിക്കുവാനുള്ള ഒരു കുട്ടിയുടെ അവന്‍ പോലുമറിയാതെ കൂടെക്കൂടിയ ആഗ്രഹംതന്നെയായിരുന്നു എന്നു തോന്നുന്നു. കൂടപ്പിറപ്പായിരുന്ന അന്തര്‍മുഖത്വം കൂടിയായപ്പോള്‍, വളരെപ്പെട്ടെന്നുതന്നെ, ചുറ്റുമുള്ളവര്‍ക്ക് ഞാന്‍ വലുതായതായി തോന്നുകയും ചെയ്തു. അതിനാല്‍തന്നെ കുട്ടി എന്ന നിലയില്‍ ഒരിക്കലുംഎന്റെ വാക്കുകള്‍ അവഗണിക്കപ്പെട്ടില്ല . കുട്ടിക്കാലം മുതലേ ഞാന്‍ കൊണ്ടു നടക്കുന്നവായനാശീലം പോലും, യഥാര്‍ത്ഥ്യത്തില്‍ കുടുംബ പ്രശ്‌നങ്ങളുടെ ആഘാതത്തില്‍ നിന്നു രക്ഷ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുഎന്ന്ഇന്നു ഞാന്‍ തിരിച്ചറിയുന്നുണ്ട്. അതേ, വായന പലരെയും പോലെ എനിക്കൊരുഹോബിആയിരുന്നില്ല, അതെന്റെരക്ഷാകവചമായിരുന്നു. അമ്മയുടെ ഗര്‍ഭ പാത്രം പോലെഅതെന്നെ എന്നുംഅതിന്റെഇരുണ്ട ശാന്തതയില്‍ഒളിപ്പിച്ചു. എന്റെമകള്‍അത്യാവശ്യമൊക്കെ വായിക്കുമെങ്കിലും,എന്നെപ്പൊലെഒരു ബിബ്ലിയോഫൈല്‍ അല്ല എന്നോര്‍മ്മിപ്പിക്കുന്നവരോട് ഞാന്‍ പലപ്പോഴുംഅതവളുടെ ബാല്യംഎന്റേതിനേക്കാള്‍മികച്ചതായതുകൊണ്ടാണ്എന്നാണു പറയാറ്. കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തില്‍ഒരാള്‍ പുസ്തകങ്ങളില്‍ആനുപാതികമല്ലാത്ത രീതിയില്‍അഭയംതേടുന്നുവെങ്കില്‍അത് അത്ര നല്ല കാര്യമല്ല. പുസ്തകങ്ങള്‍ എന്റെ ജീവിതത്തില്‍ ഗൗരവമായി രംഗപ്രവേശം ചെയ്യുന്നത് മൂന്നാം ക്ലാസിനുശേഷമുള്ള ഒരു വെക്കേഷനിലായിരുന്നു. ബാലമാസികകള്‍ വാങ്ങിത്തന്ന്, വായിക്കുവാനുള്ള എന്റെ അദമ്യമായ ത്വര ശമിപ്പിക്കുവാന്‍ സാധിക്കാതെ വന്നപ്പോള്‍ (പ്രശ്‌നം സാമ്പത്തികം തന്നെ) അമ്മ സഹപ്രവര്‍ത്തകയുടെ കയ്യില്‍ നിന്ന് ‘രജതചഷകം’ (സില്‍വര്‍ചാലിസ് എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷ) എന്ന രണ്ടു ഭാഗങ്ങളുള്ള ഒരു വലിയ നോവല്‍ കൊണ്ടുവന്നുതന്നു. അതു വായിച്ചുതീര്‍ത്തപ്പോള്‍ കേശവദേവിന്റെ ‘ഒരുസുന്ദരിയുടെ കഥ’ എന്ന നോവലെത്തി. (ഒരുമൂന്നാം ക്ലാസുകാരന് വായിക്കാവുന്നതായിരുന്നോ അത് എന്നതില്‍ സംശയമുണ്ട്) എന്തായാലും എന്റെ വായനയുടെ പൂക്കാലം അവിടെ ആരംഭിക്കുന്നു. കയ്യില്‍കിട്ടിയതെല്ലാം വായിച്ചുകൊണ്ടേയിരുന്നു. ബാല്യത്തിന്റെ അരക്ഷിതത്വത്തിന് അത് ഒട്ടൊക്കെ ഒരു പരിഹാരമായിത്തീരുകയുംചെയ്തു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് പുസ്തകം വാങ്ങുന്ന ശീലത്തിന് തുടക്കമായത്. അത്തവണത്തെ പിറന്നാളിന് എന്തുവേണം എന്ന അപ്പന്റെ അന്വേഷണത്തിന് ഒരുമറുപടിയേ ഉണ്ടായിരുന്നുള്ളൂ- പുസ്തകം. തോപ്പുംപടിയിലെ ബുക്ക്‌സെന്റര്‍ എന്ന കൊച്ചുപുസ്തകക്കടയില്‍ നിന്ന് (പുസ്തകക്കച്ചവടം ഇല്ലാതായിട്ടേറെ നാളായിരുന്നെങ്കിലും അത് ഈയിടെ പൊളിച്ചുമാറ്റിയപ്പോള്‍ വല്ലാത്ത വ്യസനം തോന്നി) ആദ്യമായി വാങ്ങിയ പുസ്തകം ഈയിടെ അന്തരിച്ച പ്രശസ്ത കുറ്റാന്വേഷണ നോവല്‍ രചയിതാവായ കോട്ടയം പുഷ്പനാഥിന്റെ ‘ഡെവിള്‍’ എന്ന ഡിറ്റക്റ്റീവ് നോവല്‍. വില പോലും ഇപ്പോഴും ഓര്‍മ്മയുണ്ട്, പതിനഞ്ചു രൂപ. അക്കാലത്ത്,രണ്ടറ്റവുംകൂട്ടി മുട്ടിക്കുവാന്‍ പെടാപ്പാടു പെടുന്ന ഒരു ചിത്രകാരനെ സംബന്ധിച്ചിടത്തോളം, മകന്റെ പിറന്നാളിന് പതിനഞ്ചു രൂപ വിലയുള്ള പുസ്തകം ഒരു വലിയ ആഡംബരമായിരുന്നു.രാശിയുള്ള പുസ്തകം വാങ്ങലായിരുന്നു അത് എന്ന് പറയാതെ വയ്യ.അന്നു തുടങ്ങിയ പുസ്തകം വാങ്ങല്‍ ഇന്നും അനവരതം തുടരുന്നു.