ഒരിക്കലും മരിക്കാത്ത കുറെ ഓർമ്മകൾ -സേതു

ഒരിക്കലും മരിക്കാത്ത കുറെ  ഓർമ്മകൾ -സേതു
കുട്ടിയായിരിക്കുമ്പോള്‍ വലുതാകാനാവും മോഹം, വലുതാകുമ്പോള്‍ കുട്ടിയാവാനും. അങ്ങനെ എന്നോ കൈ വിട്ടുപോയ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളെ താലോലിക്കുകയെന്നത് ഒരു സുഖമാണ്, പ്രത്യേകിച്ചും നല്ല കാലം കഴിഞ്ഞവര്‍ക്ക്. എന്റെ കുട്ടിക്കാല ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കാലവര്‍ഷക്കാലത്തെ മൂടിക്കെട്ടിയ പകലും, വീശിയടിക്കുന്ന അലിവില്ലാത്ത കാറ്റും, രാവിരുളുമ്പോഴത്തെ മെഴുക്കുമയമുള്ള ഇരുട്ടില്‍ കൂടിപ്പിണയുന്ന കൂറ്റന്‍ മരങ്ങളുടെ നിഴലുകളുമൊക്കെയാണ്. അന്നു ഞങ്ങളുടെ ഭാഗത്ത് വൈദ്യുതി ഇല്ലായിരുന്നതു കൊണ്ട് ഇരുട്ട് പരിചയമായിരുന്നു കണ്ണുകള്‍ക്ക്; കാറ്റും മഴയും പഞ്ചേന്ദ്രിയങ്ങള്‍ ക്കും. ഒട്ടേറെ പങ്കപ്പാടുകളും കൊണ്ടാണ് കാലവര്‍ഷം എത്താറുള്ളതെങ്കിലും പുതുമഴയുടെ വരവറിയിച്ചുകൊണ്ടു മണ്ണില്‍നിന്ന് ഈയാംപാറ്റകള്‍ പൊങ്ങാന്‍ തുടങ്ങുമ്പോള്‍, വായുവില്‍ ഈര്‍പ്പം വീഴാന്‍ തുടങ്ങുമ്പോള്‍, മഴക്കാലത്തിനായുള്ള കാത്തിരിപ്പായി. മഴക്കാലത്തേക്കാള്‍ കൂടുതല്‍, രണ്ടു മൂന്നു കൊല്ലത്തിലൊരിക്കല്‍ വിരുന്ന് വരാറുള്ള മലവെള്ളത്തിനു വേണ്ടി. തോരാത്ത മഴയില്‍, കാറ്റിനോട് എതിര്‍ക്കാനാതെ ഉലയുന്ന കുടക്കീഴില്‍ മുട്ടോളം വെള്ളമുള്ള ഇടവഴികളിലൂടെ നീന്തിയാണ് സ്‌കൂളില്‍ പോകാറ്. അങ്ങനെ വളം കടിച്ചു നീറുന്ന വിരലുകള്‍ക്കിടയിലെ കുമിളകളെ കുത്തിപ്പൊട്ടിച്ച് തുരിശ് ലായനിയുടെ മരുന്ന് പുരട്ടുകയെന്നത് അമ്മയുടെ പണിയായിരുന്നു. നാല് വശവും പുഴകള്‍ കൊണ്ടു വരിഞ്ഞ ചേന്ദമംഗലം എന്ന കൊച്ചു ഗ്രാമം. തലമുറകളായി രണ്ടു നൂറ്റാണ്ടു കാലത്തോളം കൊച്ചി മഹാരാജാവിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയത്തച്ഛന്മാരുടെ ആസ്ഥാനമായിരുന്ന, ചരിത്രം ഉറങ്ങുന്ന ഗ്രാമം. ഞങ്ങളുടെ വീട്ടിനു പുറകിലും ചെറിയൊരു പുഴയുണ്ടായിരുന്നു. ഞങ്ങളുടെ പറമ്പിനും പുഴയ്ക്കുമിടയില്‍ മറ്റൊരു വളപ്പുമുണ്ടെന്നു മാത്രം. കയ്യൂക്കുള്ളവര്‍ കയ്യേറി മെലിഞ്ഞുപോയ പുഴയ്ക്ക് ഇപ്പോള്‍ നഷ്ടപ്രതാപം ഓര്‍ത്തു നെടുവീര്‍പ്പിടാനേ കഴിയൂ. എന്നാലും ഊറ്റം കൈവിടാത്ത ആ പുഴക്കുഞ്ഞിനെ വാഴ്ത്താനും ഇഷ്ടമായിരുന്നു ഞങ്ങള്‍ക്ക്. കാരണം, എനിക്കുമുണ്ടൊരു കുഞ്ഞുപുഴ എന്ന് പാടാനാകുമല്ലോ… എന്തായാലും, മിഥുനത്തിന്റെ ഒടുവിലോ, കര്‍ക്കിടകത്തിന്റെ ആദ്യത്തിലോ മറ്റോ പുഴവെള്ളത്തില്‍ കലക്കം വീഴാന്‍ തുടങ്ങുമ്പോഴേ ഞങ്ങള്‍ കാത്തിരിക്കാന്‍ തുടങ്ങും. കിഴക്കന്‍കുന്നുകളിടിഞ്ഞ് ചെമ്മണ്ണ് കലങ്ങി നിറം വീഴുന്നതാണത്. തരക്കേടില്ലാത്തൊരു ഒഴുക്കുള്ള വെള്ളത്തില്‍ ‘വലിവ്’ വീഴുമ്പോഴേ അത് കൃത്യമായി തിരിച്ചറിയുന്നവരാണ് കാരണവന്മാര്‍. അവരുടെ സിഗ്‌നല്‍ കിട്ടിയാല്‍ പുരച്ചാര്‍ത്തില്‍ കെട്ടിത്തൂക്കിയിട്ടിരിക്കുന്ന കളിവഞ്ചികള്‍ പുറത്തെടുക്കുകയായി. വല്ലപ്പോഴുമൊരിക്കല്‍ അണ്ടിനെയ്യ് തേച്ച് പരുവമാക്കിയുണ്ടാകുമെങ്കിലും, അകത്തുള്ള അഴുക്കുകളൊക്കെ കഴുകിക്കളഞ്ഞ് വെടിപ്പാക്കുന്ന പണി കുട്ടികള്‍ക്കാണ്. മൂന്നു വഞ്ചികളുണ്ടായിരുന്നു ഞങ്ങളുടെ തറവാട്ടില്‍. രണ്ടു മൂന്നാള്‍ക്ക് ഇരിക്കാവുന്ന രണ്ടു ഇടത്തരം വഞ്ചികളും, ഒരാള്‍ക്കുള്ള ഓടിവഞ്ചിയും. മലവെള്ളത്തിന്റെ വരവിന്റെ ആദ്യസൂചന കിട്ടിയാല്‍ കമ്പുകള്‍ വെട്ടി ഏറ്റക്കോലുകള്‍ കുത്തി നിറുത്തുകയെന്നതാണ് ആദ്യത്തെ വിനോദം. ആഹ്ലാദകരമായൊരു ഉത്തരവാദിത്തം. പിന്നീട് മണിക്കൂറുകള്‍ തോറും പോയി നോക്കിക്കൊണ്ടിരിക്കും കോലുകള്‍ കയറ്റിക്കുത്തണോ എന്നറിയാനായി. ഇങ്ങനെ കയറ്റത്തിന്റെ ആദ്യസൂചനകള്‍ തന്ന വെള്ളം പിന്നീട് ആരോടും പറയാതെ ഇറങ്ങിപ്പോയ സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അങ്ങനെ വെള്ളം പുറകിലത്തെ പറമ്പിന്റെ അതിര് കടന്ന് ഞങ്ങളുടെ വളപ്പിലേക്ക് കയറാന്‍ തുടങ്ങുമ്പോഴേക്കും പുറകിലെ പുഴയില്‍ നിന്ന് ആര്‍പ്പുവിളികളും, കൂക്കുവിളികളും മുഴങ്ങുകയായി. കളിവഞ്ചികളുമായി തുരുത്തുകളില്‍ നിന്ന് സംഘങ്ങള്‍ ഇറങ്ങിയതിന്റെ സൂചനയാണത്. സാമാന്യം ‘നാടനൊക്കെ’ അകത്താക്കി മലവെള്ളം ആഘോഷിക്കാനിറങ്ങിയ ചെറുപ്പക്കാര്‍. ഞങ്ങളുടെയൊക്കെ വീടുകളില്‍ നിന്ന് സ്ത്രീകളും വഞ്ചി കളിക്കാനിറങ്ങുമെങ്കിലും പുഴയിലേക്ക് പോകാന്‍ അനുവാദമില്ലവര്‍ക്ക്. മലവെള്ളക്കാലത്ത് ഒഴുക്ക് ശക്തമാണ് പുഴയില്‍. മാത്രമല്ല, പെണ്ണുങ്ങളുടെ വഞ്ചി മുക്കി, രക്ഷിക്കാനായി പുഴയിലേക്കെടുത്ത് ചാടുന്ന കൂട്ടരും കാണും പുറകെ. അതുകൊണ്ട് ഏകദേശം ഒരാള്‍ക്ക് വെള്ളമുള്ള അടുത്ത പറമ്പുകളിലൂടെ മാത്രം വഞ്ചി തുഴഞ്ഞു പോകാം, അവര്‍ക്ക്, രണ്ടു വ്യവസ്ഥകളില്‍ മാത്രം- നീന്തല്‍ അറിഞ്ഞിരിക്കണം, കൂട്ടം തെറ്റിപ്പോകുകയുമരുത്. പാവങ്ങള്‍ക്ക് വറുതിയുടെ കാലമാണ് മലവെള്ളക്കാലം. വീടുകള്‍ വെള്ളത്തിനടിയിലാകുമ്പോള്‍ വടക്കുള്ള കുന്നിന്‍മുകളിലേക്കോ, സ്‌കൂള്‍ കെട്ടിടത്തിലേക്കോ മാറിയേ പറ്റൂ. കഞ്ഞി വീഴ്ത്തിനും മറ്റു സഹായങ്ങള്‍ക്കുമായി ചില സന്നദ്ധസംഘങ്ങള്‍ തയ്യാറുണ്ടെങ്കിലും വെള്ളമിറങ്ങരുതേയെന്ന് കുട്ടികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഓര്‍ക്കാപ്പുറത്ത് വന്നു കയറിയ വെള്ളത്തെ പ്രാകുകയാവും പാവങ്ങള്‍. സാധാരണയായി രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളം ഇറക്കം തുടങ്ങുമെങ്കിലും അതിലും നീണ്ടുപോയ കാലവുമുണ്ടായിട്ടുണ്ട്. കുപ്രസിദ്ധമാണ് കൊല്ലവര്‍ഷം 1099 ലെ വെള്ളപ്പൊക്കം. അന്നു ഞങ്ങളുടെ വീട്ടിനകത്ത് അരയ്ക്ക് വെള്ളമുണ്ടായിരുന്നത്രെ. അത്തരം ഘട്ടങ്ങളില്‍ ഉപയോഗിക്കാനായി ഒരു മാളിക പോലെ സജ്ജമാണ് ഞങ്ങളുടെ തട്ടിന്‍പുറം. തിരുവാതിര ഞാറ്റുവേലക്കാലത്ത് വെള്ളം കയറിയാല്‍ ഓണം കണ്ടേ തിരിച്ചു പോകൂവെന്ന് ഒരു ചൊല്ലുണ്ടെങ്കിലും അങ്ങനെയൊന്ന് നേരില്‍ കണ്ടിട്ടില്ല. പക്ഷേ, ഒരിക്കല്‍ അങ്ങനെ ഏറെ നാള്‍ കയറിയും ഇറങ്ങിയും കിടന്ന വെള്ളം പിന്നീട് ഓണസദ്യയുടെ ഇലകള്‍ ചെന്നു വീണ ശേഷമാണ് ഇറങ്ങിപ്പോയതെന്ന് അമ്മ പറയുന്നതു കേട്ടിട്ടുണ്ട്. എന്തായാലും, നാട്ടുകാരുടെ പറച്ചിലുകളില്‍ പ്രകൃതിയുടെ ഇത്തരം വിക്രിയകള്‍ അറിയാതെ കടന്നുവരാറുണ്ട്. ഏതു സംഭവത്തെപ്പറ്റി പറയുമ്പോഴും, കൃത്യമായി അടയാള പ്പെടുത്താനായി തൊണ്ണൂറ്റൊമ്പതിലെ വെള്ളത്തിനു ശേഷം ഇത്രാം കൊല്ലം, അല്ലെങ്കില്‍ പതിനാറിലെ കാറ്റിനു ശേഷം ഇത്രാം കൊല്ലം, എന്നൊക്കെ പറയാറുണ്ട് മുതിര്‍ന്നവര്‍. എന്റെ ഏറ്റവും ഒടുവില ത്തെ മലവെള്ള അനുഭവം 1960 ലേതാണ്. ഞാന്‍ കോളേജ് വിട്ട വര്‍ഷം. അന്ന് നാഴികകളോളം നടന്നും, നീന്തിയും, വഞ്ചി കയറിയും വല്ല വിധം വീട്ടിലെത്തിയത് ഓര്‍മ്മയുണ്ട്. ഇന്ന് വല്ലപ്പോഴും നാട്ടില്‍ വരുന്ന വിദേശങ്ങളിലുള്ള എന്റെ പേരക്കുട്ടികള്‍ക്ക് നമ്മുടെ വെളിച്ചത്തിന് തീരെ വെളിച്ചം പോരാത്രെ! ബഷീര്‍ പറഞ്ഞതിന് നേരെ എതിര്! ഇരുട്ടിന് എന്തിരുട്ട് എന്നു പരാതിപ്പെടാതെ വളര്‍ന്ന ഞങ്ങളുടെ തലമുറയ്ക്കാണെങ്കില്‍ ഇതു തന്നെ ധാരാളം.