ബജറ്റ്‌ 2018-19: അസമത്വത്തിലേക്ക്‌ കുതിച്ചു വീണ്ടും

ബജറ്റ്‌ 2018-19: അസമത്വത്തിലേക്ക്‌ കുതിച്ചു വീണ്ടും

തോമസ്‌ പികറ്റിയും ലൂക്കോസ്‌ ചാന്‍സലും ചേര്‍ന്നു നടത്തിയ പഠനം (ഇന്ത്യയെ സംബന്ധിച്ച്‌) കണ്ടെത്തിയത്‌ ജനസംഖ്യയുടെ തലപ്പത്തെ ഒരു ശതമാനം ദേശീയവരുമാനത്തിന്റെ ഏറ്റവും കൂടുതല്‍ പങ്കു കൈയാളുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്ക്‌. 1982-83ല്‍ ദേശീയവരുമാനത്തിന്റെ 6.2% കൈയ്യടക്കിയിരുന്ന ഇവര്‍ 2013-14 ആയപ്പോഴേക്ക്‌ അത്‌ 21.7% ആയി ഉയര്‍ത്തി. ബ്രിട്ടീഷ്‌ രാജിന്റെ കാലത്തെ ഇന്ത്യ എടുത്താല്‍ 1939-40-ല്‍ അസമത്വം ഏറ്റവും ഉയര്‍ന്നുനിന്ന വര്‍ഷമായിരുന്നു. അന്ന്‌ തലപ്പത്തെ 1% ന്റെ കൈകളില്‍ ദേശീയ വരുമാനത്തിന്റെ 20.7% ആണ്‌ ഉണ്ടായിരുന്നത്‌. സ്വതന്ത്ര ഇന്ത്യയിലേതിനേക്കാള്‍ സാമ്പത്തിക ധ്രവീകരണം കുറവായിരുന്നു എന്നര്‍ത്ഥം. (Thomas Piketty and Lucar Chacel, ‘Indian Income In equality, 1922-2014 from British Raj to Billion Economics). കാര്‍ഷികമേഖല എന്ന അച്ചുതണ്ടിന്‌ ചുറ്റുമാണ്‌ ബജറ്റ്‌ ഭ്രമണം ചെയ്യുന്നത്‌ എന്ന തോന്നലുണ്ടാക്കുന്നു. 2018-19 ബജറ്റ്‌ ഡോക്യുമെന്റ്‌ എന്നാല്‍ വിശദാംശങ്ങളുടെ വിശകലനത്തില്‍ മല എലിയെ പ്രസവിച്ചു എന്ന പ്രതീതിയാണുണ്ടാവുന്നത്‌. എന്‍.ഡി.എയുടെ മുന്‍ബജറ്റുകള്‍ ഇത്തരമൊരു നസ്‌തൂര സ്ഥാനം പോലും കൃഷിക്കു നല്‍കിയിരുന്നില്ലെന്നു കാണുമ്പോള്‍ അവസാന ബജറ്റിലെ കാര്‍ഷിക ചായ്‌വ്‌ ആശ്വാസകരമാണ്‌. ആഗോള റേറ്റിംഗ്‌ ഏജന്റുമാരുടേയും, വിദേശനിക്ഷകരുടേയും ശ്രദ്ധപിടിച്ചുപറ്റാന്‍ ചതുരംഗക്കളി നടത്തുന്നതിനിടയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ദീനരോദനം തുകിലുണര്‍ത്തി കേള്‍പ്പിച്ചു കൊടുക്കുന്നതാര്‌? വളക്കൂറുള്ളിടത്തേയ്‌ക്ക്‌ ചാഞ്ഞുനില്‍ക്കാനാണ്‌ ഏതു മരവും ഇഷ്‌ടപ്പെടുക. ഇന്ത്യപോലെ ജനസമ്പന്നമായ രാജ്യത്ത്‌ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ അപര്യാപ്‌തത ചൂണ്ടിക്കാണിക്കുന്ന പഠനങ്ങളും ഏജന്‍സികളും ധാരാളം. എന്നാല്‍ 2018-19 ബജറ്റ്‌ ഈ മേഖലകളില്‍ നിന്ന്‌ അതിവേഗം പിന്നോട്ടുപോകുന്ന കണക്കുകളാണുള്ളത്‌. തൊഴില്‍ സൃഷ്‌ടിക്കുന്ന കാര്യത്തില്‍ ഒന്നാം മുന്‍ഗണന എന്നു പറയുമ്പോഴും യാഥാര്‍ത്ഥ്യം മറിച്ചാണ്‌ വിഭവവിന്യാസം കണക്കിലെടുത്തുനോക്കുമ്പോള്‍. `മകളെ രക്ഷിക്കൂ, മകളെ പഠിപ്പിക്കൂ’ (ബേഡി ബച്ചാവോ, ബേഡി പഠാവോ) എന്ന്‌ പ്രഖ്യാപിക്കുമ്പോഴും അതിനുവേണ്ടിയും, വനിതാ ബജറ്റിനുവേണ്ടിയും നീക്കിവച്ചിരിക്കുന്നത്‌ തീരെ അപര്യാപ്‌തം. ആഗോളതലത്തില്‍തന്നെ അന്യാദൃശമായ ആരോഗ്യപരിരക്ഷ എന്ന പെരുമ്പറ കൊട്ടുമ്പോഴും അതിനായി നീക്കിവച്ചിരിക്കുന്നത്‌ ശൂന്യം. ഭക്ഷ്യസുരക്ഷാ നിയമം (2013) നിലനില്‍ക്കുമ്പോഴും പോഷകാഹാര ദാരിദ്ര്യം പരിഹരിക്കാന്‍ മുന്‍ഗണനയില്ല. ബജറ്റിന്റെ വിശദാംശങ്ങള്‍ നോക്കുമ്പോള്‍ ജനപ്രിയം തൊഴില്‍ സൃഷ്‌ടി, ധനകമ്മി കുറയ്‌ക്കല്‍ എന്നീ മൂന്നു ചേര്‍ച്ചയില്ലാത്ത ലക്ഷ്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുപോകാനായി ധനമന്ത്രി പ്രയത്‌നിക്കുന്നതുകാണാം. ബജറ്റിന്റെ പൊതുസ്വഭാവമെന്തെന്ന്‌ പട്ടിക-1 വെളിപ്പെടുത്തുന്നു.

പട്ടിക-1 ശ്രദ്ധിക്കുമ്പോള്‍ മനസ്സിലാവുന്ന ഗൗരവതരമായ പരമാര്‍ത്ഥം ബജറ്റിന്റെ ആപേക്ഷികവലുപ്പം കുറഞ്ഞുവരുന്നു എന്നുള്ളതാണ്‌. ബജറ്റിന്റെ ആവൃതിക്കകത്തുനിന്ന്‌ നേടിയെടുക്കേണ്ട മുന്‍ഗണന ആവശ്യങ്ങള്‍ വര്‍ദ്ധിക്കുകയും ഞാന്‍ മുമ്പില്‍ ഞാന്‍ മുമ്പില്‍ എന്ന മട്ടില്‍ മത്സരിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ആപേക്ഷിക വലുപ്പത്തിലുണ്ടാകുന്ന കുറവ്‌ സമ്പദ്‌ഘടനയുടെ വളര്‍ച്ചയിലേക്കല്ല തളര്‍ച്ചയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. ബജറ്റിന്റെ ആപേക്ഷിക വലുപ്പം കുറയുന്നതിന്റെ കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്‌.

1. 14-ാം ധനകാര്യ കമ്മീഷന്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 32%ല്‍ നിന്ന്‌ 42% ആക്കി ഉയര്‍ത്തി. ഇതുമൂലം പല സംസ്ഥാനതല പദ്ധതികളുടേയും കേന്ദ്രവിഹിതം കുറച്ചു. 2. കേന്ദ്ര ഗവണ്‍മെന്റിന്റെ റവന്യു വരുമാനം വര്‍ദ്ധിക്കുന്നതിനുപകരം മുരടിച്ചുനില്‍ക്കുന്നു. എന്നാല്‍ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ബാരലിന്‌ 115 ഡോളര്‍ (2014-ല്‍)ല്‍ നിന്ന്‌ 27 ഡോളര്‍ (2016-ല്‍) ആയി താഴ്‌ന്നപ്പോള്‍ അതിന്റെ പ്രയോജനം ജനങ്ങളിലേക്ക്‌ പകരാതെ അപ്പപ്പോള്‍ എക്‌സൈസ്‌ തീരുവ വര്‍ദ്ധിപ്പിച്ച്‌ ഖജനാവ്‌ വളര്‍ത്തിയ ഗവണ്‍മെന്റ്‌ മുകളില്‍ പറഞ്ഞ രണ്ടു ന്യായങ്ങളും ജനങ്ങളെ കബളിപ്പിക്കാന്‍ പോന്നതാണ്‌. നികുതിവിഹിതം 42% ആയി വര്‍ദ്ധിപ്പിച്ചപ്പോള്‍ 60 കേന്ദ്ര സഹായപദ്ധതികളില്‍ നിന്ന്‌ എട്ടെണ്ണം എടുത്തുകളഞ്ഞു. ശേഷിക്കുന്നവയുടെ കേന്ദ്ര-സംസ്ഥാന ഫണ്ടനുപാതം സംസ്ഥാനങ്ങള്‍ക്ക്‌ ദോഷകരമായ രീതിയില്‍ വെട്ടിക്കുറച്ചും നിലവിലിരുന്ന അനുപാതത്തില്‍തന്നെ തുടരുന്നത്‌ വളരെ കുറച്ചു പദ്ധതികള്‍ മാത്രം. പൂര്‍ണമായും നിറുത്തലാക്കിയവയില്‍ ഉള്‍പ്പെടുന്നതാണ്‌ പോലീസ്‌ മോഡേണൈസേഷന്‍ ഗ്രാന്റ്‌, പിന്നോക്ക ജില്ലാ വികസന ഗ്രാന്റ്‌ തുടങ്ങിയവയൊക്കെ. അതായത്‌ നികുതിയുടെ പങ്ക്‌ 42 ശതമാനമായി വര്‍ദ്ധിപ്പിച്ചത്‌ ആത്യന്തികമായി സംസ്ഥാനങ്ങള്‍ക്ക്‌ ദോഷമാണ്‌ ചെയ്‌തതെന്നര്‍ത്ഥം. റവന്യു വരുമാനം വര്‍ദ്ധിക്കാതിരിക്കുന്നത്‌ മുഖ്യമായും ബ്യൂറോക്രസിയും രാഷ്‌ട്രീയക്കാരും വ്യാപാരിവ്യവസായികളുമുള്‍പ്പെട്ട ദൂഷിതവലയം നാള്‍തോറും ശക്തിപ്പെട്ടുവരികയും പ്രത്യക്ഷ-പരോക്ഷ നികുതികള്‍ അഴിമതിക്കാരുടെ കീശകളിലേക്കൊഴുകുകയും ചെയ്യുന്നതുമൂലമാണ്‌. നികുതി വരുമാനത്തിലെ പഴുതുകളടച്ച്‌, അടിത്തറ വിപുലപ്പെടുത്തി, ഉല്‍പാദന ഘട്ടം മുതല്‍ ഉപഭോക്താവിലെത്തുന്നതുവരെയുള്ള മൂല്യവര്‍ദ്ധനവുവരെ നികുതി വിധേയമാക്കി ചോര്‍ച്ച തടയുകയും ഇ-കോമേഴ്‌സിനും നികുതി ചെലുത്തുകയും ചെയ്യുന്ന ചരക്കുസേവന നികുതി ശരിയായി വരുന്നതോടെ നികുതി വരുമാന – ജി.ഡി.പി. അനുപാതം നിലവിലുള്ള 11 മുതല്‍ 12% വരെ എന്ന സ്ഥിതിമാറി 20% വരെയെങ്കിലും വര്‍ദ്ധിക്കുമെന്ന കണക്കുകൂട്ടലാണ്‌ ശുഭാപ്‌തി വിശ്വാസികള്‍ക്കുള്ളത്‌. അപ്പോഴെങ്കിലും ബജറ്റിന്റെ ആപേക്ഷികവലുപ്പം കൂടിവരുമെന്ന്‌ വിശ്വസിക്കാം.

പട്ടിക – 2 പരിശോധിക്കുമ്പോള്‍ 2017-18ല്‍ റവന്യുവരുമാനം പ്രതീക്ഷയ്‌ക്കൊത്ത്‌ വളര്‍ന്നില്ലെന്നു കാണാം. 2016 നവംബറിലെ നോട്ടുനിരോധനം സൃഷ്‌ടിച്ച സാമ്പത്തികമാന്ദ്യാവസ്ഥയില്‍നിന്ന്‌ സമ്പദ്‌ഘടന കരകയറുന്നതിനുമുമ്പുതന്നെ 2017 ജൂലൈ ഒന്നുമുതല്‍ ചരക്ക്‌ നികുതി (ജി.എസ്‌.ടി) നടപ്പിലാക്കി. പ്രാരംഭ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നറിഞ്ഞിട്ടും ആ വെല്ലുവിളി ഗവണ്‍മെന്റ്‌ ഏറ്റെടുക്കുകയായിരുന്നു. പ്രതീക്ഷിച്ചത്ര സുതാരിയത, കാര്യക്ഷമത എന്നിവയൊന്നും കൈവരിക്കാനായില്ല. നികുതി വെട്ടിക്കല്‍ അഭംഗുരം നടക്കുകയും ചെയ്യുന്നു. അങ്ങനെ 2017-18 ബജറ്റില്‍ പ്രതീക്ഷിച്ചതിലും – 0.68% കുറവുണ്ടായി റവന്യുവരുമാനത്തില്‍. എന്നാല്‍ ജി.എസ്‌.ടി. രണ്ടാം വര്‍ഷത്തിലേക്ക്‌ കടക്കുമ്പോള്‍ കൂടുതല്‍ കാര്യക്ഷമമാകും എന്ന പ്രതീക്ഷയില്‍ 2018-19 ബജറ്റ്‌ പ്രതീക്ഷിക്കുന്നത്‌ 14.6% വളര്‍ച്ചയാണ്‌. മറ്റൊരു തിരിച്ചടി കമ്മികളുടെ കാര്യത്തിലാണ്‌. ഫിസ്‌കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്റ്‌ ബജറ്റ്‌ മാനേജ്‌മെന്റ്‌ ആക്‌ട്‌ അനുശാസിക്കുന്ന ധന ഏകീകരണം നേടിയെടുക്കാന്‍ ഗവണ്‍മെന്റ്‌ കഠിനശ്രമം നടത്തി. ലക്ഷ്യത്തോടടുക്കുകയും ചെയ്‌തു. അന്താരാഷ്‌ട്ര റേറ്റിംഗ്‌ ഏജന്‍സികളെ സ്വാധീനിക്കാനും, നേരിട്ടുള്ള വിദേശനിക്ഷേപം ആകര്‍ഷിക്കാനും, രാജ്യം കടക്കെണിയിലേക്കല്ല സ്ഥിരവികസനത്തിന്റെ പാതയിലാണെന്ന്‌ കാണിച്ചേതീരൂ. അതു സാധിക്കാനാണ്‌ എല്ലാ തിരിച്ചടികള്‍ക്കുമുന്നിലും ബജറ്റിന്റെ താരതമ്യ വലുപ്പം വെട്ടിക്കുറച്ചും ധനഏകീകരണ നയവുമായി മുന്നോട്ടുപോയത്‌. എന്നാല്‍ ബജറ്റിന്റെ ആപേക്ഷിക വലുപ്പം വെട്ടിക്കുറയ്‌ക്കുമ്പോള്‍ ചോര്‍ന്നുപോകുന്നത്‌ അതിന്റെ നൈതികതയാണ്‌. വിട്ടുപോകുന്നത്‌ ശബ്‌ദമില്ലാത്തവരുടെ പദ്ധതികളാണ്‌. ഇനി ഊന്നല്‍ നല്‍കുന്നു എന്ന്‌ പ്രഖ്യാപിച്ച വകുപ്പുകളും പദ്ധതികളും ഏതൊക്കെ എന്നു നോക്കാം. Read More Subscribe