അരങ്ങ്‌ – ഉടലും ആഘോഷവും

അരങ്ങ്‌ – ഉടലും ആഘോഷവും

റുമേനിയന്‍ നാടക സംവിധായകരും അഭിനേതാക്കളുമായ പോള്‍ സിംബാരിയോ, അന പെപിന്‍ എന്നിവരുമായി എമില്‍ മാധവി നടത്തിയ അഭിമുഖത്തിലൂടെ…

?മനുഷ്യന്റെ ചിന്തയുടെയും ധൈഷണികതയുടെയും ബോധാബോധങ്ങളുടെയും വൈകാരികതകളുടെയും വൈവിധ്യം ലോകമെമ്പാടുമുള്ള അരങ്ങുകളിലും വന്നുചേരുന്നത്‌ നാം കണ്ടുകൊണ്ടിരിക്കുകയാണ്‌. മനുഷ്യനോടൊപ്പമോ മനുഷ്യന്‌ ഒരുപിടി മുമ്പോ അരങ്ങ്‌ അത്തരം വൈവിധ്യങ്ങളിലേക്ക്‌, ആഘോഷങ്ങളിലേക്ക്‌ സഞ്ചരിക്കുന്നു. ആ യാത്രയില്‍ ഷേക്‌സ്‌പിയറും സോഫോക്ലിസും ഇബ്‌സനുമെല്ലാം, ചരിത്രം ഒരിക്കലും ചിന്തിക്കാത്തവിധം വ്യത്യസ്‌തരൂപത്തില്‍, പുതിയ ഭാവുകത്വവുമായി നമുക്ക്‌ മുന്നിലെത്തുന്നു. ഒറ്റവരിക്കവിതപോലും മണിക്കൂറുകള്‍ നീണ്ട രംഗാവതരണങ്ങള്‍ക്ക്‌ പ്രാപ്‌തമാകുന്നു. ഈ പുതിയ കാലത്തെ അഭിമുഖീകരിക്കുന്നവര്‍ എന്ന നിലയില്‍ എങ്ങനെയാണ്‌ നിങ്ങള്‍ തിയ്യറ്ററിനെ നോക്കിക്കാണുന്നത്‌? എന്താണ്‌ നിങ്ങളുടെ തിയ്യറ്റര്‍?

നാം ജീവിക്കുന്ന ലോകം, ജീവിതം അത്യന്തം സംഘര്‍ഷഭരിതമാണ്‌ ഓരോരുത്തരുമതിനെ പലരീതിയില്‍ സമീപിക്കുന്നുവെന്നുമാത്രം. നമ്മളില്‍ എല്ലാവരിലുമുള്ള ആന്തരികത ഒന്നുതന്നെയാണ്‌. വിശ്വാസങ്ങള്‍ പലതാവാം. പക്ഷേ, നാമെല്ലാം മനുഷ്യരാണ്‌. ജീവിച്ചിരിക്കുന്നുവെന്നതിന്റെയും നിലനില്‍ക്കുന്നുവെന്നതിന്റെയും അത്ഭുതങ്ങളും ആകാംക്ഷകളും കൗതുകങ്ങളും ആശങ്കകളും നാം പങ്കുവയ്‌ക്കുന്നത്‌ ഒരുപോലെയാണ്‌. നാം ഉയരത്തിലെത്താന്‍ ആഗ്രഹിക്കുന്നു, വളരാനാഗ്രഹിക്കുന്നു. നാം ശരീരവും മനസ്സുമാണ്‌. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമാഗ്രഹിക്കുന്നവരാണ്‌ നാം. നാടകം ഒരിക്കലും ജീവിതാവബോധങ്ങള്‍ക്കു നേരെ പിടിച്ച ഒരു കണ്ണാടിയല്ല. ബോധങ്ങളുടെയും അബോധങ്ങളുടെയും നിമിഷങ്ങളുടെയും ക്ഷണികതകളുടെയും, ദൃശ്യങ്ങളുടെയും ഒന്നും നേരിട്ടുള്ള പ്രതിഫലനമല്ല തിയ്യറ്റര്‍. എന്തായാലും, നമ്മളൊരു അവതരണം കാണുമ്പോള്‍, നമ്മുടെ ആന്തരികതയെയാണ്‌ അതില്‍ തിരയുന്നത്‌. നമ്മുടെ ആത്മാവിന്റെ കരച്ചിലുകളെ, നമ്മുടെ ആഹ്ലാദങ്ങളെയെല്ലാം ആ അരങ്ങില്‍നിന്ന്‌ നമ്മള്‍ മനനം ചെയ്‌തെടുക്കും. നമ്മെ സംബന്ധിക്കുന്ന സത്യങ്ങളെ, യാഥാര്‍ത്ഥ്യങ്ങളെയാണ്‌ ആ അരങ്ങില്‍വച്ച്‌ നാം അഭിമുഖീകരിക്കുക. ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ സമ്മാനിക്കുന്ന ജീവിതാനുഭവങ്ങള്‍, സ്വന്തം ഹൃദയത്തിലൂടെ സ്വാംശീകരിച്ചെടുത്ത്‌, ഉരുക്കിയെടുത്താണ്‌ ആക്‌ടേഴ്‌സ്‌ ഒരവതരണം തയ്യാറാക്കുന്നത്‌. ഒരര്‍ത്ഥത്തില്‍ ജീവിതംതന്നെയാണ്‌ ഞങ്ങള്‍ അരങ്ങില്‍ പങ്കുവയ്‌ക്കുന്നത്‌; കേവല പ്രതിഫലനമല്ല. തിയ്യറ്റര്‍ അത്രയെളുപ്പത്തില്‍ വഴങ്ങുന്ന ഒരു കലാരൂപമല്ല. കാരണം പ്രേക്ഷകര്‍ക്കുമുന്നില്‍ ജീവിതമെന്ന ബിംബത്തെ, കഥകളെ, ആഖ്യാനത്തെ, ചരിത്രത്തെ അഭിനേതാക്കളുടെ ശരീരവും, ഹൃദയവും, ആത്മാവും കൊണ്ട്‌ പുനഃസൃഷ്‌ടിക്കുകയാണ്‌. സംവിധാനം (direction), സീനോഗ്രഫി (scenography), വെളിച്ചം (light) എന്നീ ഘടകങ്ങളിലൂടെയെല്ലാം, പ്രകടമാകുന്നത്‌ ഊര്‍ജ്ജത്തിന്റെയും ശ്വാസത്തിന്റെയും, വൈകാരികതയുടെയും സമ്മേളനമായ ഒരു കലാരൂപമാണ്‌. നിങ്ങള്‍ പറഞ്ഞതുപോലെ, തിയ്യറ്റര്‍ ഒരു മനുഷ്യനെപ്പോലെയാണ്‌. ഓരോ നിമിഷവും പരിണാമങ്ങള്‍ക്കു വിധേയനായിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍. എപ്പോഴെങ്കിലും ഈ ചലനാത്മകതയെ നിങ്ങള്‍ ഭഞ്‌ജിച്ചാല്‍ എല്ലാം നിലയ്‌ക്കും. അരങ്ങ്‌ ഒരു സ്വപ്‌നംപോലെ മാഞ്ഞുപോകും, നിങ്ങള്‍ ഉണര്‍ന്നെണീക്കുമ്പോഴേക്കും അവശേഷിക്കുന്നത്‌ ഓര്‍മ്മയില്‍ മാത്രമാണ്‌. സുഗന്ധങ്ങള്‍, മനസ്സിലേക്കും, ഹൃദയത്തിലേക്കും പതിയുന്ന ചിത്രങ്ങള്‍ നിങ്ങളെ മറ്റൊരാളാക്കിമാറ്റും. സംഗീതവും, ചിത്രകലയും, നൃത്തവും എല്ലാമടങ്ങുന്ന ഈ കലാരൂപത്തിലൂടെയാണ്‌ ഞങ്ങള്‍ ലോകത്തോടും സംവദിക്കുന്നത്‌, ഹൃദയവും കണ്ണുകളും തുറക്കുന്നത്‌, ശമനം നേടുന്നത്‌, ഉണര്‍വ്വിലേക്ക്‌ കുതിക്കുന്നത്‌. നേരിട്ടു വിളിച്ചുപറഞ്ഞല്ല, പ്രേക്ഷകരുടെ ഹൃദയത്തിലേക്കു കടക്കുന്നത്‌. പ്രേക്ഷകര്‍ അവരുടേതായ വൈകാരികാംശങ്ങളും, വെളിപാടുകളുമാണ്‌ തിയ്യറ്ററില്‍ നിന്ന്‌ പ്രതീക്ഷിക്കുന്നത്‌.

?നാടകത്തിന്റെ പാരമ്പര്യരൂപങ്ങള്‍/മാതൃകകള്‍ സംഭാഷണത്തിന്‌ വലിയ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ നിങ്ങളുടെ അവതരണങ്ങള്‍ ശരീരചലനങ്ങളിലാണ്‌ ഊന്നല്‍ നല്‍കുന്നത്‌. സംഭാഷണരഹിതമായി ശരീരം കൊണ്ടു നിങ്ങള്‍ സംസാരിക്കുന്നു. വ്യവസ്ഥാപിത നാടകാവതരണങ്ങളില്‍നിന്ന്‌ മാറി നടക്കുന്ന ഇത്തരം ഉത്തരാധുനിക പ്രവണതകള്‍ക്ക്‌ പ്രേക്ഷകരുമായുള്ള സംവേദന പ്രക്രിയയില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രയാസങ്ങളോ, തടസ്സങ്ങളോ വരുന്നുണ്ടോ? ഉണ്ടെങ്കില്‍ എങ്ങനെയാണ്‌ അതിനെ മറികടക്കുന്നത്‌?

ഒരു തിയ്യറ്റര്‍ ആര്‍ട്ടിസ്റ്റ്‌ ജോലി ചെയ്യുന്നത്‌ അയാളുടെ ശരീരം, മനസ്സ്‌, ആത്മാവ്‌ എന്നിവ സംയോജിപ്പിച്ചിട്ടാണ്‌. ഈ ഘടകങ്ങളെ ആന്തരികമായി സംയോജിപ്പിക്കുകയും പഠിക്കുകയും ചെയ്‌തതിനുശേഷമാണ്‌ അയാള്‍ ബാഹ്യതലങ്ങളിലേക്ക്‌ പടരുന്നത്‌. വികാരങ്ങളുടെയും, മാനസികാവസ്ഥകളുടെയും ക്രയവിക്രയങ്ങളെക്കുറിച്ചും അതിനുതകുന്ന, സാധ്യമായ എല്ലാ സാങ്കേതികതകളെയും കൃത്യമായി പഠിക്കേണ്ടതുണ്ട്‌. ജീവനമെന്ന കലയില്‍ ശരീരത്തിന്‌ കൃത്യമായ സ്ഥാനമുണ്ട്‌, സാധ്യതയുണ്ട്‌. അതുകൊണ്ടുതന്നെ ശരീരത്തെക്കുറിച്ച്‌ നമുക്ക്‌ ഒരുപാട്‌ ആഴത്തില്‍ അറിയേണ്ടതുണ്ട്‌. ഈ അറിവ്‌ നമ്മുടെ ചലനങ്ങളുടെയും, ചലനാത്മകതയുടെയും ഓരോ ഘടകങ്ങളെയും നിയന്ത്രിക്കും. ചലനങ്ങളുടെ അടരുകളെ ഒരു `പാലറ്റിലെ’ന്നപോലെ നമുക്ക്‌ നിരത്താനാകും. വാക്കുകള്‍ക്കതീതമായ പ്രത്യക്ഷീകരണത്തെ കൃത്യമായ അവബോധത്തിലേക്കു നയിക്കാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഞങ്ങള്‍ ഈ വാക്കുകള്‍ക്കതീതമായി തിയ്യറ്റര്‍ ലാംഗ്വേജിനെ ആഴത്തിലാവിഷ്‌കരിക്കാന്‍ ആഗ്രഹിക്കുന്നു. അതേക്കുറിച്ച്‌ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നു. അതും കൂടുതല്‍ ഭാവാത്മകമായും, സുഘടിതമായും. ആന്തരികത ആവിഷ്‌കരിക്കുകയെന്ന എന്റെ തീവ്രമായ ആഗ്രഹം, എന്റെതന്നെ വൈകാരികതയുടെയും, മനോഭാവങ്ങളെയും ഉയര്‍ത്തുകവഴി, എന്റെതന്നെ വികാസമാണ്‌ ലക്ഷ്യമാക്കുന്നത്‌.

ജീവിതത്തിന്റെ അയഥാര്‍ത്ഥങ്ങളായ ഭാഗങ്ങള്‍, അതായത്‌ ഫാന്റസിയുമായി ബന്ധപ്പെട്ടവയെല്ലാം കവിതയാണ്‌ എന്നതാണ്‌ യാഥാര്‍ത്ഥ്യം. കവിത, അത്ഭുതങ്ങള്‍, ഭാവനാലോക കഥകള്‍, ഡിസ്‌നി കഥകള്‍… എന്തെങ്കിലുമാകട്ടെ, വാക്കുകള്‍ക്ക്‌ ചിലപ്പോള്‍ വികാരങ്ങളെ മുഴുവനായി ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരു ഘട്ടമുണ്ട്‌. അപ്പോള്‍ നാം പരിസരബിംബങ്ങളെ സൃഷ്‌ടിക്കുന്നു. വെളിച്ചം, സംഗീതം, നൃത്തം, കാറ്റ്‌, വെള്ളം, നിറങ്ങള്‍, ചലനങ്ങള്‍, മതിഭ്രമങ്ങള്‍ (pantomime), അവതരണങ്ങള്‍ (സൗന്ദര്യാത്മകമായ നൃത്തം, സംഗീതം, സംഘട്ടനം, ഏതെങ്കിലും വാദ്യോപകരണം) ഇവയെല്ലാം പ്രേക്ഷകന്റെ സംവേദനത്തെ ഉയര്‍ത്താന്‍ സഹായകമാകും.

ഞങ്ങളുടെ ഒരുതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, ഭാഷയുടെ ഈ വ്യതിരിക്തതകളെ പ്രതിഫലിപ്പിക്കുന്ന കലാരൂപങ്ങളെ തൊട്ടറിയുക എന്നതാണ്‌. ഞങ്ങള്‍ക്കുള്ളിലുള്ളതെന്തോ അതിനെ പരമാവധി പുറത്തേക്കു പ്രകടപ്പിക്കുക എന്നതാണ്‌ ഒരു വെല്ലുവിളി. സംവിധാനം, ചേര്‍ത്തൊരുക്കലെന്നത്‌ വളരെ പ്രധാനപ്പെട്ടതാണ്‌. ഏകതാനമായ ഒരു ലോകത്തേക്ക്‌, യഥാര്‍ത്ഥരൂപകങ്ങളായി സംഗതികളെ ചേര്‍ത്തുകെട്ടുകയെന്നതും, വികാരങ്ങളെ സത്യസന്ധമായി പ്രതിഷ്‌ഠിക്കുകയെന്നതും ക്ലേശകരമാണ്‌. അവതരണത്തിലാകട്ടെ, ഇവകളെ കൃത്യമായ ബിന്ദുവിലേക്ക്‌ സന്നിവേശിപ്പിക്കുകയെന്നത്‌ തീവ്രമായ പരിശീലനവും പ്രതിബദ്ധതയും ആവശ്യപ്പെടുന്ന പ്രവൃത്തിയാണ്‌. കലാകാരന്മാര്‍ എന്ന നിലയില്‍ ഒരു കാഴ്‌ചപ്പാടുണ്ടാവുക, ആ കാഴ്‌ചപ്പാടിനെ പ്രാവര്‍ത്തികമാക്കാന്‍ പ്രയത്‌നിക്കുക എന്നതുതന്നെയാണ്‌ പ്രധാനം; അത്‌ കാഴ്‌ചക്കാരിലേക്കെത്തിക്കുകയെന്നതും. അതുകൊണ്ടുതന്നെ, സമകാലികതയിലും, പുതിയ പ്രാപഞ്ചികദര്‍ശനത്തിലും, അതിന്റെ വ്യതിരിക്തതകളിലും, സംഘര്‍ഷങ്ങളിലും, ഭാഷാപരമായ പ്രതിരോധങ്ങളിലും ഇടപെടുന്ന കലയില്‍ വിശ്വസിക്കാനാണ്‌ ഞങ്ങള്‍ക്കിഷ്‌ടം.

നാടകരംഗത്ത്‌ എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കില്‍ അത്‌ വിഖ്യാതസംവിധായകനും നടനുമായ `ഡാന്‍പ്യൂരിക്‌’ മൂലമാണ്‌. അരങ്ങില്‍ സ്വതന്ത്രമായി സഞ്ചരിക്കാനും, സ്വപ്‌നങ്ങളെയും ജീവിതത്തെയും ഹൃദയങ്ങളില്‍നിന്ന്‌ ഹൃദയങ്ങളിലേക്ക്‌ പകര്‍ത്താന്‍ നിര്‍ഭയയായി ചലിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ധൈര്യം അദ്ദേഹമാണ്‌ പകര്‍ന്നത്‌.

?സമകാലിക ചുറ്റുപാടുകളോട്‌ കലാപ്രവര്‍ത്തകര്‍ എന്ന നിലയില്‍ എത്തരത്തിലാണ്‌ നിങ്ങള്‍ ഇടപെടുന്നത്‌. നാടകപ്രവര്‍ത്തനത്തെ ഒരു വിനോദോപാധി എന്ന നിലയില്‍ മാത്രമാണോ കാണുന്നത്‌? അതിനപ്പുറത്തേക്ക്‌ പ്രതിരോധത്തിന്റെ ശബ്‌ദം കൂടിയാവാന്‍ ശ്രമിക്കാറുണ്ടോ?

സമൂഹത്തിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി കല്‍പ്പിക്കാന്‍ ഒരു കലാരൂപത്തിനുമാകില്ല. ഞങ്ങള്‍ നേരിട്ടല്ല പ്രതിരോധസ്‌പര്‍ശങ്ങള്‍ പ്രകടിപ്പിക്കുന്നത്‌. ഉദാഹരണത്തിന്‌ യുദ്ധം പോലുള്ള വിഷയങ്ങളെ ആഗോളതലത്തിലാണ്‌ ഞങ്ങള്‍ ചര്‍ച്ചചെയ്യുന്നത്‌. ദാരിദ്ര്യം, അനീതി, അസമത്വം, സ്വാര്‍ത്ഥത, പക എന്നീ വിഷയങ്ങളൊക്കെ അത്തരത്തിലേ ഞങ്ങള്‍ അരങ്ങിലേക്കു പടര്‍ത്താറുള്ളൂ. റൂമേനിയന്‍ പാരമ്പര്യകഥകളില്‍ ഇത്തരത്തില്‍ നല്ലത്‌, ചീത്ത എന്ന ദ്വന്ദ്വങ്ങളെക്കുറിച്ചുള്ള ഒരുപാട്‌ പരാമര്‍ശങ്ങളുണ്ട്‌. നിങ്ങളൊരിക്കലും ഇത്തരം വിഷയങ്ങളെ നേരിട്ടല്ല സമീപിക്കുന്നത്‌. നല്ലത്‌ ഇന്നതൊക്കെയാണ്‌, ചീത്ത ഇന്നതൊക്കെയാണ്‌ എന്നു പറയാന്‍ നമ്മളാരാണ്‌? മറിച്ച്‌ ഭീകരത, അസഹിഷ്‌ണുത തുടങ്ങിയ വിഷയങ്ങള്‍ വേറൊരു രീതിയില്‍ സമൂഹത്തെ ബാധിക്കുന്നവയാണ്‌. പക്ഷെ തിയ്യറ്ററില്‍ ഇവയെ ഉപരിപ്ലവമായി അവതരിപ്പിക്കാനാവില്ല. ഓരോ നടന്റെയും/നടിയുടെയും ആന്തരികവും ഭൗതീകവും ആത്മീയവുമായ ഊര്‍ജ്ജത്തിലൂടെ പുറത്തുവരുന്ന തികച്ചും സൗന്ദര്യാത്മകമായ സമീപനമാണ്‌ പ്രധാനം. ആര്‍ട്ടിസ്റ്റുകള്‍ എന്ന നിലയില്‍ ഞങ്ങള്‍ സൗന്ദര്യം, ആനന്ദം, അത്ഭുതം എന്നിവയോടൊപ്പംതന്നെ സമൂഹത്തെ, ലോകത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും ചര്‍ച്ച ചെയ്യാനാഗ്രഹിക്കുന്നു. പ്രകടനപരതയേക്കാള്‍ പ്രത്യക്ഷവിപ്ലവത്തേക്കാള്‍, ആന്തരികതയെ അനുനിമിഷം ഊര്‍ജ്ജത്തിലേക്കു നയിക്കുന്ന ഒരു പ്രതിരോധ രീതിയാണ്‌ ഞങ്ങള്‍ തിയ്യറ്ററില്‍ സ്വീകരിച്ചിട്ടുള്ളത്‌. അതാകട്ടെ തികച്ചും സൗന്ദര്യാത്മകവുമാണ്‌. സമകാലികതയെ എങ്ങനെ നിര്‍വചിക്കാനാണ്‌? അത്‌ ഒരേസമയം ശ്ലഥവുമാണ്‌ (sacttered), കൂടിച്ചേര്‍ന്നതുമാണ്‌ (mix). പുനരുജ്ജീവനവും, അതിജീവനവും പ്രതിരോധവുമെല്ലാം ഞങ്ങളടക്കമുള്ള ഓരോരുത്തരിലും നിന്ന്‌ ആരംഭിക്കേണ്ടതാണ്‌. എന്നാല്‍ മാത്രമേ ലോകം നമുക്ക്‌ നന്നായി ഭവിക്കൂ എന്ന അവസ്ഥയാണ്‌ നിലനില്‍ക്കുന്നത്‌. Read More Subscribe