വസ്ത്രം, സമൂഹം, സംസ്കാരം
The body is into a thing it is a situation,
it is our grasp on the world and a sketch of our projects
– ഡിമൊണ് ദ ബുവ്വെ ( സെക്കന്റ്സെക്സ് – 1949)
കേരളത്തിന്റെ ഒരു നൂറ്റാണ്ടിലെ സാമൂഹികവികാസത്തിന്റെ ചരിത്രത്തില്‍ വസ്ത്രധാരണം, ശരീരം എന്നിവ സംബന്ധിച്ച മൂല്യസങ്കല്പനങ്ങള് നിരന്തരമായ കലങ്ങി മറിഞ്ഞിട്ടുണ്ട്. പുതിയ ജനാധിപത്യകാമകള്ക്കനുസൃതമായി പഴയ യുക്തികളെ സൂക്ഷ്മതയോടെ വിമര്‍ശനാത്മകമായ വിശകലനം ചെയ്യുകയും പുതിയ ചിന്തകളെ ഉണര്‍ത്തിയെടുക്കുകയും ചെയ്യുന്ന നവരാഷ്ട്രീയ ഭവന ഈ പൊളിച്ചെഴുത്തുകള്‍ ആവശ്യപ്പെടുന്നുണ്ട്. സമീപകാലംവരെയും വസ്ത്രത്തെക്കുറിച്ചുള്ള `പുരോഗമന’ ചര്‍ച്ചകള്‍ ഏറെയും സ്ത്രീകേന്ദ്രിതമായാണ് നടന്നിരുന്നത്. അതിനു കാരണം യാഥാസ്ഥിതിക സമൂഹം അതിന്റെ ജനാധിപത്യസങ്കല്പങ്ങള്ക്കകത്ത് സ്ത്രീമൂല്യങ്ങളെയും സ്ത്രീവ്യവഹാരങ്ങളെയാകെത്തന്നെയും തളച്ചിടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി വേഷ/വസ്ത്രചര്ച്ചകളെ സ്ത്രീവിരുദ്ധമായി മുന്നോട്ടുവയ്ക്കുന്നതാണ്.
സ്ത്രീകളുടെ ശരീരത്തെ ലൈംഗികമായ ആകര്ഷണകേന്ദ്രമാക്കുന്നതില് സ്ത്രീകളുടെ വസ്ത്രധാരണത്തിന് കുറ്റകരമായ പങ്കുണ്ടെന്ന കാഴ്ചപ്പാടാണ് മേല്പറഞ്ഞതില് ഏറ്റവും പ്രബലം. സ്ത്രീശരീരവും സ്ത്രീവേഷങ്ങളും പുരുഷനെ ആകര്‍ഷിക്കുന്ന തെറ്റായ പ്രവണതയ്ക്കു കാരണമാകുന്നു; മാത്രമല്ല അത് `പാരമ്പര്യ’ത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഫാഷനുകളിലൂടെ തെറ്റായ മൂല്യൂങ്ങള് വിനിമയം ചെയ്യുന്നു! ആത്യന്തികമായി സ്ത്രീക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങളിലേക്കവ വളര്‍ന്നെത്തുകയും ചെയ്യുന്നു എന്നീ വാദക്കാര്‍ പറയുന്നു. മറ്റൊരു കാഴ്ചപ്പാട് സ്ത്രീയുടെ വസ്ത്രധാരണം പുരുഷന്മാരേക്കാള് വളരെയേറെ പകിട്ടേറിയതും അലങ്കാരപരവും ചെലവേറിയ സര്‍ഗാത്മകവുമായ മണ്ഡലങ്ങളില്‍ അവര്‍ക്കുള്ള ശേഷിക്കുറവും കീഴായ്മയുമാണ്. ഇപ്രകാരം സ്ത്രീവിരുദ്ധമായ ഒട്ടനേകം വസ്ത്രചര്ച്ചകള് നമ്മുടെ പൊതുമണ്ഡലത്തില്‍ വളരെക്കാലമായി മുന്നേറുന്നു. സ്ത്രീവാദമണ്ഡലങ്ങളില് നിന്നുള്ള ഇടപെടലുകള്‍ സ്വയംഭരണശേഷിയെയും ഉയര്ത്തിക്കൊണ്ടുള്ളതുമായിരുന്നു. സ്വന്തം ശരീരത്തിന്മേല് അവനവനുതന്നെയുള്ള അവകാശത്തെ, സ്വപ്രമാണിധിഷ്ഠിതമായ സ്വയം അലങ്കരിക്കാനും സമൂഹമധ്യത്തില്‍ ആവിഷ്ക്കരിക്കാനുമുള്ള അവകാശത്തെ മുന്നോട്ടുവയ്ക്കുന്നതുമായിരുന്നു.
സ്ത്രീപക്ഷത്തില്നിന്നു ലിംഗരാഷ്ട്രീയത്തിലേക്ക്
സ്ത്രീവാദ രാഷ്ട്രീയത്തില്‍തന്നെ മുന്നോട്ടുപോക്കിനിടയില്‍ പ്രധാനമായുണ്ടായ വിഛേദങ്ങളും വികാസവും ഈ ആലോചനകളെ കൂടുതല്‍ അടിസ്ഥാനപരവും സൂക്ഷ്മവുമാക്കുന്നുണ്ട്. അതായത് സ്ത്രീപക്ഷ കാഴ്ചപ്പാടില്‍നിന്നും ലിംഗരാഷ്ട്രീയത്തിന്റെ മാനങ്ങളിലേക്കുള്ള കടന്നുകയറ്റം പതുക്കെപ്പതുക്കെയാണെങ്കിലും ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്സ്ജെന്റര്, ഇന്റര്‍സെക്സ് ഐഡന്റിറ്റിയുള്ളവര്‍ – കൂടതല്‍ അടിച്ചമര്‍ത്തലും തമസ്ക്കരണവും നേരിടുന്നു എന്ന തിരിച്ചറിവ് സൂക്ഷ്മരാഷ്ട്രീയം ഇന്നു പങ്കുവയ്ക്കുന്നുണ്ട്. സ്ത്രീത്വം ഒരു അടിസ്ഥാനപരമായ, സ്വാഭാവികവും സഹജവുമായ, ഭദ്രമായ സ്വത്വപദവിയോ മൂല്യമോ അല്ലെന്നു നാം മനസ്സിലാക്കുന്നു. കാലാകാലങ്ങളായി വ്യത്യസ്ത സാമൂഹിക സന്ദര്‍ഭങ്ങളിലൂടെ, അനുശാസനകളിലൂടെ രൂപംകൊണ്ടും മാറിമറിഞ്ഞ് ഉറച്ചതുമായ സ്ത്രീത്വം എന്ന സ്വത്വപദവി ഒരു സവിശേഷ നിര്‍മിതി തന്നെയാണ്. ഈ നിര്മിതത്വത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് പൗരുഷത്തിന്റെ ഘടനയെയും ആധുനികസ്ത്രീവാദം തിരിച്ചറിയുന്നത്. സാമൂഹ്യമായ നിബന്ധനകളും അനുശാസനകളും വ്യക്തിചോദനകളും സാഹചര്യങ്ങളും ചേര്‍ന്നു സൃഷ്ടിക്കുന്ന ഈ നിര്‍മിതികള്‍ രണ്ടു വിരുദ്ധ ദ്വന്ദ്വകേന്ദ്രങ്ങളായി നാം സ്വരൂപിക്കുന്നു. ഈ രണ്ടു ഘടനയിലും പെടാത്ത അവയെ ഭദ്രമായി പ്രതിനിധീകരിക്കാത്ത മറ്റനവധി ലിംഗസ്വത്വങ്ങളെയും ലൈംഗീകാഭിരുചികളെയും (sexual orientation) അഭിസംബോധന ചെയ്യാതെ സാമൂഹികമായ നവരാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കാനാവില്ല. സ്ത്രീകള്‍ എന്ന സംവര്‍ഗം വര്‍ണ, വര്‍ഗ, വംശ വ്യത്യസ്തതകള്ക്കനുസരിച്ച് ഒരു ബഹുസ്വരഘടനയാണ്. അതേപോലെതന്നെ ഈ ലിംഗസ്വത്വങ്ങളും നമ്മുടെ ചിന്തയില്‍ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. പഴയമട്ടില്‍ സ്ത്രീകളെ സംരക്ഷിക്കുക, സ്ത്രീസുരക്ഷ ശക്തമാക്കുക എന്ന ഒഴുക്കന്യുക്തികള്ക്ക് ഈ വെല്ലുവിളികളെ നേരിടാനാവില്ല. വ്യത്യസ്തതകളെയും വൈവിധ്യങ്ങളെയും തിരിച്ചറിഞ്ഞു പരിഗണിക്കുക എന്നതാണ് പ്രധാനം. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെയോ നടപ്പു പുരോഗമനപ്രസ്ഥാനങ്ങളുടെയോ മുന്‍കയ്യില്‍ നടപ്പാകുന്ന ശാക്തീകരണ പദ്ധതികള്‍ ദുര്‍ബലപ്പെട്ടുപോകുന്നു. കൂടുതല്‍ തുറന്നതും വിശാലവും മുന്‍വിധികളില്ലാത്തതുമായ, എന്നാല്‍ ബഹുസ്വത്തയിലൂന്നിയ ഒരു ജനാധിപത്യസങ്കല്പമാണ് ഈ ബഹുസാംസ്കാരികമായ ലിംഗരാഷ്ട്രീയം ആവശ്യപ്പെടുന്നത്. ഈയൊരു കാഴ്ചപ്പാടില്‍നിന്നു നോക്കുമ്പോള്‍ പുരോഗമനപരമെന്നു നാം കൊണ്ടാടിയ പലതിന്റെയും രാഷ്ട്രീയമൂല്യം മങ്ങിത്തുടങ്ങുന്നതായി നമുക്ക് തിരിച്ചറിയാന്‍ കഴിയും. ഒരേസമയം ട്രാന്സ്ജെന്ററുകള്ക്ക് തൊഴിലവസരങ്ങള്‍ ഏര്‍പ്പാടാക്കുകയും അതേസമയം അവര്‍ ഭരണകൂടത്താല്‍ നിരന്തരം ആക്രമിക്കപ്പെടുകുയം ചെയ്യുന്ന വൈപരീത്യം ഉണ്ടാകുന്നതങ്ങനെയാണ്. പറഞ്ഞുവന്നത് പുതിയ ലിംഗരാഷ്ട്രീയത്തിന്റെ സംവാദസാധ്യതകളെക്കുറിച്ചാണ്. അവയുടെ വെളിച്ചത്തില്‍ വേഷചര്ച്ചകളെ എങ്ങനെ പരിഗണിക്കണം എന്നതാണിനി ചിന്തിക്കേണ്ടത്. Read More Subscribe
Close Window
Loading, Please Wait!
This may take a second or two.