ദശാവതാരം
പെണ്ണേ,
വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി
ആഴങ്ങളിലേക്ക് നീ വലിച്ചെറിഞ്ഞ
പ്രജ്ഞയെ വീണ്ടെടുക്കാന്‍
ഒരു മത്സ്യാവതാരം ഇനി വരില്ല
ഉള്ളത് കറിയായി ചട്ടിയില്‍ കടന്ന് തിളയ്‌ക്കുന്നതിന്
നീ സാക്ഷിയാണല്ലോ.
നീ ഇരുളിലേക്കുപേക്ഷിച്ച
സന്തോഷത്തിന്റെ താക്കോല്‍
കണ്ടെടുത്തു തരാന്‍
ഒരാമയില്ല
കിണറുകളും കുളങ്ങളും അരുവികളും
വറ്റിപ്പോയി.
മണ്ണില്‍പ്പതഞ്ഞ നിന്റെ സ്വത്വം
തേറ്റയില്‍ കോര്‍ത്തു തിരിയെത്തരാന്‍
തയ്യാറായ വരാഹമില്ല
ഗോമാംസം നിരോധിക്കയാല്‍
അവര്‍ക്കൊരു രക്ഷയുമില്ലാതായി
തൂണുപിളര്‍ന്നു നിന്നെ
ദ്രോഹിക്കുന്നവരോടു പകരം വീട്ടാന്‍
നരസിംഹവുമില്ല
ഉള്ളു പൊള്ളയായവകൊണ്ടല്ലേ
നിന്റെ വീടുപണിഞ്ഞത്?
സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാത്ത നിന്നെത്തേടി
ഏതു വാമനനാണ് വരിക?
ഒരു പരശുരാമനും നിനക്കുവേണ്ടി
ആയുധമേന്താനില്ല
കടല്‍കടന്നും യുദ്ധം ചെയ്‌തും
നിന്നെ മോചിപ്പിക്കാന്‍ രാമനില്ല.
ആര്‍ദ്രത വറ്റിവരണ്ട
നിന്നലേക്കൊഴുകാനിനി
ഒരു നീര്‍ച്ചാലുമായി
ബലരാമനോ
പ്രണയത്തിന്റെ പുല്ലാങ്കുഴലൂതി
ശ്രീകൃഷ്‌ണനോ വരില്ല
വന്നുപോയവരെപ്പോലെ
ഇനി വരാനിരിക്കുന്നവരെപ്പറ്റിയും
പ്രതീക്ഷവേണ്ട, പെണ്ണേ…
നിന്നെ രക്ഷിക്കാന്‍
നീ തന്നെ മറ്റൊരതാരമാകേണ്ടിവരും
ഒന്നും തകര്‍ക്കാത്ത പടച്ചട്ടയണിഞ്ഞും
ഉറഞ്ഞു തുള്ളിയും
അലറി വിളിച്ചും
രക്തം കുടിച്ചും
മൂര്‍ച്ചയുള്ള ആയുധം വീശിയും
കണ്ണു ചിമ്മാതെ, വിശ്രമിക്കാതെ ഉറങ്ങാതെ
ജാഗരൂകയായി…
-സന്ധ്യ ഇ
Close Window
Loading, Please Wait!
This may take a second or two.