ജാതി മതിലുകൾ പണിയുന്നവർ

ജാതി മതിലുകൾ പണിയുന്നവർ

കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയിലെ പുത്തന്‍കുരിശ്‌ ചൂണ്ടിയില്‍ നിന്നും രണ്ട്‌ കിലോമീറ്റര്‍ അകത്ത്‌ മാറിയാണ്‌ വടയമ്പാടി ഭജന മഠം കോളനി സ്ഥിതി ചെയ്യുന്നത്‌. അധികമാരാലും അറിയപ്പെടാത്ത സാധാരണക്കാരും കോളനിക്കാരും തിങ്ങി താമസിക്കുന്ന പ്രദേശം. ഭൂരിഭാഗവും കൂലിപ്പണിക്കാര്‍. കാര്യമായ സമരങ്ങളോ പ്രക്ഷോഭങ്ങളോ നടക്കാത്ത ഗ്രാമം. സമീപ പ്രദേശങ്ങളില്‍ നടക്കുന്ന പളളി തര്‍ക്കവും സംഘര്‍ഷവും മാത്രം കേട്ടു ശീലിച്ച പ്രദേശമാണ്‌ കഴിഞ്ഞ പത്ത്‌ മാസം കൊണ്ട്‌ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായി മാറിയത്‌. പ്രദേശത്തെ റവന്യൂ ഭൂമിയിലെ മതില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ എന്‍.എസ്‌.എസ്‌ പ്രാദേശീക നേതൃത്വവും കോളനിവാസികളും തമ്മിലുടലെടുത്ത തര്‍ക്കമാണ്‌ ജാതി മതിലെന്ന പേരില്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയായത്‌. ഇതോടെ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളുടെ തളളിക്കയറ്റത്തിനും സമര വേലിയേറ്റങ്ങള്‍ക്കും ഈ പ്രദേശം സാക്ഷിയായി. സര്‍ക്കാര്‍ ഇടപെടലോടെ സമര വേലിയേറ്റങ്ങള്‍ക്ക്‌ താത്‌കാലിക ശമനം വന്നെങ്കിലും വടയമ്പാടി അങ്ങനെ ശ്രദ്ധാകേന്ദ്രമായി മാറി.

വിവാദങ്ങളുടെ പിന്നാമ്പുറം  

ഐക്കരനാട്‌ പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ പെടുന്ന ഭജനമഠം കോളനി, ലക്ഷം വീട്‌ കോളനി, സെറ്റില്‍മെന്റ്‌ കോളനി, ബലിമുഗള്‍ കോളനി തുടങ്ങിയ പട്ടികജാതി കോളനികളിലായി നൂറ്റമ്പതോളം ദളിത്‌ കുടുംബങ്ങളാണുളളത്‌. കൂടാതെ നായര്‍, ക്രിസ്‌ത്യന്‍ കുടുംബങ്ങളും ഈ പ്രദേശത്തുണ്ട്‌. കോളനിയുടെ ഹൃദയ ഭാഗത്തായാണ്‌ എന്‍.എസ്‌.എസ്‌ വടയമ്പാടി കരയോഗത്തിന്‌ കീഴിലുളള ഭജന മഠം ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. ക്ഷേത്രത്തോട്‌ ചേര്‍ന്ന കിടക്കുന്ന 93 സെന്റ്‌ റവന്യൂ പുറമ്പോക്ക്‌ ഭൂമിയാണ്‌ ഇപ്പോഴത്തെ വിവാദ കേന്ദ്രം. റവന്യൂ പുറമ്പോക്ക്‌ ഭൂമി ഉല്‍പ്പെടുത്തി ക്ഷേത്രത്തിന്റെ ചുറ്റുമതില്‍ നിര്‍മാണം ആരംഭിച്ചതോടെ സമീപത്ത്‌ താമസിക്കുന്ന കോളനിയിലെ കുടുംബങ്ങള്‍ പ്രതിഷേധിച്ചു. തങ്ങള്‍ വര്‍ഷങ്ങളോളമായി സര്‍വ സ്വതന്ത്രമായി ഉപയോഗിച്ച്‌ വന്ന ഈ ഭൂമി റവന്യൂ പുറമ്പോക്കാണെന്നാണ്‌ രേഖകള്‍ ഉദ്ധരിച്ച്‌ കോളനിക്കാര്‍ വാദിച്ചു എന്നാല്‍ ഈ ഭൂമി തങ്ങളുടേതാണെന്നും 1981ല്‍ തങ്ങള്‍ക്ക്‌ പട്ടയം ലഭിച്ചതാണെന്നും എന്‍.എസ്‌.എസും മറുവാദം ഉന്നയിച്ചു. ക്ഷേത്രം ഭരണ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈകോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന്‌ മതില്‍ നിര്‍മാണത്തിന്‌ പോലീസ്‌ സംരക്ഷണം നേടുകയും ചെയ്‌തു. ഇതിനെ തുടര്‍ന്ന്‌ കഴിഞ്ഞ മാര്‍ച്ച്‌ ആറിന്‌ രാവിലെ മതില്‍ നിര്‍മാണം ആരംഭിച്ചു. തടയാന്‍ശ്രമിച്ച സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന മുപ്പത്‌ പേരെ പുത്തന്‍കുരിശ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പ്രതിഷേധം മറികടന്ന്‌ ഗ്രൗണ്ടിന്‌ ചുറ്റും ഒരാള്‍ പൊക്കത്തില്‍ മതില്‍ കെട്ടി തിരിച്ചു. ഇതോടെ പ്രതിഷേധമല്ലാതെ മറ്റൊരു വഴിയും കോളനിക്കാര്‍ക്കു മുന്നിലില്ലാതായി. കോളനിവാസികള്‍ ദളിത്‌ ഭൂ അവകാശ സമര മുന്നണി രൂപീകരിച്ച്‌ സമരരംഗത്തിറങ്ങി. മതില്‍ കെട്ടി മറച്ച മൈതാനത്തിന്‌ മുന്നില്‍ കുടില്‍ കെട്ടി സമരമാരംഭിച്ചു.തീര്‍ത്തും സമാധാനപരമായ സമരത്തിന്‌ വിവിധ കോണുകളില്‍ നിന്ന്‌ പിന്തുണയെത്തി. ഇതിനിടെ ഏപ്രില്‍ 9 ന്‌ ചേര്‍ന്ന വാര്‍ഡ്‌ ഗ്രാമസഭയില്‍ പ്രശ്‌്‌നം ചര്‍ച്ചയായി. മൈതാനം പെതുജനങ്ങള്‍ക്കായി വിട്ട്‌ നല്‍കാനും മതില്‍ പൊളിച്ചു നീക്കാനും ഗ്രാമസഭ ഐകകണ്‌ഠ്യേന പഞ്ചായത്തിനോടാവശ്യപ്പെട്ടു. എന്നാല്‍ ഫലമുണ്ടായില്ല. ഇതിന്‌ ശേഷമാണ്‌ സമരസമിതിയുടെ നേതൃത്വത്തില്‍ സമരഭൂമിയില്‍ ഏപ്രില്‍ 14ന്‌ അംബേദ്‌കര്‍ ജന്മദിന സമ്മേളനം സംഘടിപ്പിച്ചത്‌. സി.ആര്‍. നീലകണ്‌ഠന്‍, ജോണ്‍ പെരുവന്താനം തുടങ്ങി നിരവധി പേര്‍ ചടങ്ങിനെത്തി. പരിപാടിക്ക്‌ ശേഷം സംഘടിച്ചെത്തിയ ആബാലവൃദ്ധം കോളനിവാസികള്‍ ചേര്‍ന്ന്‌ മതില്‍ പെളിച്ചു നീക്കി. സമരത്തിന്റെ മുപ്പത്താറാം ദിനമാണ്‌ പ്രതിഷേധക്കാര്‍ മതില്‍ തകര്‍ത്തത്‌. മതില്‍ തകര്‍ത്തെങ്കിലും പട്ടയം റദ്ദാക്കുന്നത്‌ വരെ സമരം തുടാരനായിരുന്നു സമര സമിതി തീരുമാനം.

ഇപ്പോള്‍ സംഭവിച്ചത്‌…

ഭജന മഠം ദേവീ ക്ഷേത്രത്തില്‍ ജനുവരി 22 മുതല്‍ 25വരെ നടന്ന ഉത്സവാഘോഷങ്ങള്‍ക്ക്‌ സമര പന്തല്‍ തടസമാണെന്ന പരാതി ക്ഷേത്രം ഭരണ സമിതി ഉന്നയിച്ചു. മൈതാനിയുടെ പ്രവേശന കവാടത്തിന്‌ മുന്‍ വശമുളള പന്തല്‍ പൊളിച്ച്‌ മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. അവര്‍ ഇക്കാര്യം ആവശ്യപ്പെട്ട്‌ പോലീസിനും റവന്യൂ വകുപ്പിനും പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട്‌ പോലീസും എ.ഡി.എമ്മും ജില്ലാ കളക്ടറും നടത്തിയ ചര്‍ച്ചയിലും പന്തല്‍ പൊളിക്കില്ലെന്ന നിലപാടില്‍ സമര സമിതി ഉറച്ച്‌ നിന്നു. പന്തല്‍ പൊളിക്കാനുളള അണിയറ നീക്കം സജീവമായതോടെ ജനുവരി 20 ശനിയാഴ്‌ച മുതല്‍ സമര സമിതി പന്തലില്‍ അനി്‌ശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. Read More subscribe

കെ.എ.ഫൈസല്‍