ചരിത്രം പുതച്ച ചിത്രശിലാവനങ്ങള്‍

ചരിത്രം പുതച്ച ചിത്രശിലാവനങ്ങള്‍

1. ഹംപി : തുംഗഭദ്രാ തടത്തിലെ മൃതനഗര ശേഷിപ്പുകള്‍ നോക്കുന്നിടത്തൊക്കെ കണ്‍ക്കെട്ടുകളാണ്‌. കാലം നിന്നുപോയ ഒരു പുരാനഗരത്തിന്റെ കരിങ്കല്‍ശേഷിപ്പുകള്‍. വഴിയുടെ ഇരുവശത്തും കാണാം, വലുതും ചെറുതുമായ മലകള്‍. കുട്ടികള്‍ കളിച്ചു കമിഴ്‌ത്തിയ മണ്ണപ്പങ്ങള്‍ പോലെ തുടര്‍ച്ചയറ്റ മലങ്കൂട്ടങ്ങള്‍. അതിന്റെ താഴ്‌വാരങ്ങളില്‍ അങ്ങിങ്ങായി കൊയ്‌തൊഴിഞ്ഞ നെല്‍പ്പാടങ്ങള്‍, വാഴത്തോപ്പുകള്‍. പാടങ്ങള്‍ക്കു നടുവിലുമുണ്ട്‌, മലകളില്‍ നിന്നൂര്‍ന്നുവന്ന വലിയ പാറകള്‍. ആര്‍ക്കോവേണ്ടി അളന്നു മുറിച്ച പോലെ ആകൃതിയൊത്തവ.

വഴിയെത്തുന്നത്‌ വിശാലമായ പീഠഭൂമിയിലാണ്‌. ചുറ്റും കാണാം, പടയോട്ടം കഴിഞ്ഞ പ്രേതഭൂമി പോലെ, ഹംപി എന്ന മൃതനഗരത്തിന്റെ അവശിഷ്ടങ്ങള്‍. ക്ഷേത്രങ്ങള്‍, മുഖമണ്ഡപങ്ങള്‍, ഒറ്റക്കല്‍ ശില്‍പങ്ങള്‍, പുഷ്‌കരണികള്‍, കോട്ടകള്‍, മണിഗോപുരങ്ങള്‍, കല്‍ത്തൂണുകള്‍, രാജസമുച്ചയങ്ങള്‍, അന്ത:പുരങ്ങള്‍, കുളിപ്പുരകള്‍, ആനപ്പന്തികള്‍, കുതിരലായങ്ങള്‍…. കണ്ണെത്താദൂരം പടര്‍ന്നുകിടക്കുകയാണ്‌ പഴയ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനം. മകരച്ചൂടില്‍ വംഗദേശത്തു നിന്ന്‌ ശ്വാസം പോലെ വീശുന്ന ചെറുകാറ്റില്‍ യുദ്ധാനന്തര ഭൂമിയുടെ അകവിലാപങ്ങളുണ്ട്‌.

ഹരിഹരനും ബുക്കനും സംഗമ രാജവംശം സ്ഥാപിച്ചുവെന്നു പഠിച്ചത്‌ ചെറിയ ക്ലാസ്സിലാണ്‌. കൃഷ്‌ണദേവരായര്‍ എന്ന രാജാവിന്റെ പേരു ചേര്‍ത്ത്‌ എത്രയോ കേട്ടിരിക്കുന്നു, വിജയനഗരമെന്ന സാമ്രാജ്യത്തെക്കുറിച്ച്‌. അന്നേ കൊതിപ്പിച്ചതാണ്‌ ഹംപി. രാവിലത്തെ ബാംഗ്ലൂര്‍ എക്‌സ്‌പ്രസിന്‌ എറണാകുളത്തു നിന്നും പുറപ്പെട്ട്‌ വൈകീട്ടോടെ ബാംഗ്ലൂരില്‍ എത്തി അവിടെ നിന്ന്‌ രാത്രി 10 ന്‌ തിരിക്കുന്ന ഹംപി എക്‌സ്‌പ്രസില്‍ പിറ്റേന്ന്‌ രാവിലെ തന്നെ ഹോസ്‌പേട്ട്‌ റെയില്‍വെ സ്‌റ്റേഷനിലിറങ്ങി. ബെല്ലാരി ജില്ലയിലെ സാമാന്യം വികസിച്ച നഗരമാണ്‌ ഹോസ്‌പെട്ട്‌. എല്ലാ ലോകോത്തര ബ്രാന്‍ഡുകള്‍ക്കും വില്‌പനശാഖകളുള്ള നഗരം. ഇന്ത്യന്‍ നഗരങ്ങളെയെല്ലാം പോലെ ചേരികളുടെ വിയര്‍പ്പില്‍ വിളഞ്ഞ വികസനത്തിന്റെ കാഴ്‌ചകള്‍. ഇവിടെ നിന്ന്‌ 13 കി.മീറ്ററേയുള്ളൂ ചരിത്രമുറങ്ങുന്ന ഹംപി എന്ന തുംഗഭദ്രാ തീരത്തേയ്‌ക്ക്‌. ബാംഗ്ലൂരില്‍നിന്ന്‌ 376 കി.മീറ്റര്‍. രണഭേരികളും മരണവിലാപങ്ങളും അകംകൊണ്ട ആ ഗന്ധകഭൂമിയിലൂടെ വെറുതെയങ്ങിനെ അലയാനാണ്‌ തോന്നിയത്‌. പക്ഷെ, കൂടെയുള്ള രണ്ടാം ക്ലാസുകാരിയെ ഓര്‍ത്ത്‌ ഹോട്ടലിന്റെ ട്രാവല്‍ ഡെസ്‌കില്‍നിന്ന്‌ ഒരു വാഹനം ഏര്‍പ്പാടാക്കി.

രാവിലെ 8 മണിക്കു തന്നെ `ഒരുമ്പെട്ടി’റങ്ങി, ഞങ്ങള്‍ നാല്‍വര്‍സംഘം. മൃതനഗരത്തിന്റെ പ്രധാന കേന്ദ്രമായ വിരൂപാക്ഷ (ശിവ) ക്ഷേത്രത്തിന്റെ മുന്നില്‍ ഞങ്ങളെ ഇറക്കി ഡ്രൈവര്‍ പാര്‍ക്കിങ്ങിലേക്ക്‌ മാറി. ഭക്ഷണം ആവലാതിയാവാത്തതിനാല്‍ യാത്രകളില്‍ വെള്ളം മാത്രമേ കരുതാറുള്ളൂ. വഴിപോക്കന്‌ പുല്ലുമാഹാരം എന്ന മട്ടില്‍ നടപ്പു തുടങ്ങി. 4,100 ഹെക്ടര്‍ സ്ഥലത്ത്‌ പടര്‍ന്നുകിടക്കുന്ന 1,600 ലേറെ ചരിത്രസ്‌മാരകങ്ങള്‍ മുഴുവന്‍ കണ്ടറിയണമെങ്കില്‍ ആഴ്‌ചകള്‍ മതിയാവില്ല. ഞങ്ങളാകട്ടെ, ആകെയുള്ള മൂന്നു നാള്‍ കൊണ്ട്‌ ഹംപി മാത്രമല്ല, അതിനടുത്തുള്ള ആനെകുന്തിയും ഹിപ്പി ഐലന്‍ഡും അതിനും 140 കി.മീ. അപ്പുറത്തുള്ള ബദാമിയും ഐഹോളെയും പട്ടടയ്‌ക്കലും ലക്ഷ്യമിട്ടിട്ടുണ്ട്‌. യുനെസ്‌കോയുടെ ലോകപൈതൃക സംരക്ഷണപദ്ധതിയി?പ്പെടുന്നതാണ്‌ ഹംപിയും ഐഹോളെയും പട്ടടയ്‌ക്കലും ബദാമിയും.

പാര്‍വ്വതിയുടെ കന്നഡ ഭേദമായ പമ്പയില്‍ നിന്നാണ്‌ ഹംപി എന്ന പേരിന്റെ ഉത്‌പത്തിയെന്ന്‌ വിശ്വാസികളും കാമ്പിളി രാജവംശത്തിന്റെ പേരില്‍ നിന്നാണ്‌ അതുണ്ടായതെന്ന്‌ സ്ഥലനാമകാരന്‍മാരും പറയുന്നു. എ.ഡി. 1327 ല്‍ മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക്‌ കാമ്പിളിയെ കീഴ്‌പ്പെടുത്തിയെന്നും നിരവധിയാളുകളെ തടവുകാരായി ഡല്‍ഹിയിലേക്ക്‌ കൊണ്ടുപോയതില്‍, കാമ്പിളിയിലെ ധനകാര്യ ഉദ്യോഗസ്ഥനായ സംഗമേശന്റെ മക്കള്‍ ഹരിഹരനും ബുക്കനുമുണ്ടായിരുന്നുവെന്നും ചരിത്രം.

ഇസ്ലാം മതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യപ്പെട്ട ഹരിഹരനും ബുക്കനും തുഗ്ലക്കിന്റെ പതാകാ വാഹകരായി പിന്നീട്‌ ഹംപിയിലെത്തി. അവിടെ കണ്ടുമുട്ടിയ വിദ്യാരണ്യ സ്വാമികളുടെ പ്രേരണയാല്‍ അവര്‍ ഇസ്ലാം മതം ഉപേക്ഷിക്കുകയും വിജയനഗരമെന്ന ഹൈന്ദവ സാമ്രാജ്യത്തിന്‌ അടിത്തറയിടുകയും ചെയ്‌തുവത്രെ. കഥയില്‍ ചരിത്രവും ചരിത്രത്തില്‍ കഥയും കലരുന്ന കാലത്ത്‌ വാസ്‌തവം ഇതിനിടയിലെവിടെയെങ്കിലുമാവാം.

എ.ഡി.1336 ല്‍ ഹരിഹര ബുക്കര്‍മാന്‍ സ്ഥാപിച്ച വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി. എ.ഡി.1500 ആയപ്പോഴേക്കും ബെയ്‌ജിങ്ങിനു തൊട്ടുപുറകില്‍ ലോകത്തെ ഏറ്റവും സമ്പന്നമായ രണ്ടാമത്തെ നഗരമായി ഹംപി വളര്‍ന്നുവെന്ന്‌ അക്കാല സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. പേര്‍ഷ്യ, യൂറോപ്പ്‌, ചൈന എന്നിവിടങ്ങളുമായി വാണിജ്യ ബന്ധങ്ങളുണ്ടായിരുന്ന വിജയനഗരത്തിന്‌ ചൈനയില്‍ ഒരു നയതന്ത്ര കാര്യാലയവുമുണ്ടായിരുന്നു. സിലോണിലേക്ക്‌ ദൗത്യസംഘത്തെ അയച്ച രാജ്യതലസ്ഥാനമാണ്‌ ഹംപി …!

പതിനാറാം നൂറ്റാണ്ട്‌ അവസാനം രാമരായ എന്ന ഭരണാധികാരിയുടെ കാലത്ത്‌, ഡക്കാന്‍ സുല്‍ത്താന്‍മാരുടെ സംഘടിതസൈന്യത്തോട്‌ തളിക്കോട്ട യുദ്ധത്തില്‍ തകര്‍ന്നടിയുന്നതുവരെ അധികാരത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രമായിരുന്നു വിജയനഗരം. പരാജിതനായ രാമരായയുടെ തലയറുത്ത സുര്‍ത്താന്‍ സൈന്യം വിജയനഗരത്തെ കൊള്ളയടിക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്‌തുവത്രെ. ആറു മാസത്തോളം അഗ്‌നി വിളയാടിയ നഗരവഴികളിലൂടെയാണ്‌ യാത്രയെന്നും അന്ന്‌ ഒരു ലക്ഷത്തിലേറെ ആളുകള്‍ മരിച്ചുവീണ മണ്ണിലാണ്‌ ചവുട്ടി നില്‍ക്കുന്നതെന്നും നാട്ടുകാരിലാരോ ഓര്‍മ്മിപ്പിക്കുമ്പോള്‍ താഴെ, മണ്‍തരികള്‍ കാലടികളോട്‌ പറഞ്ഞിരിക്കണം, പഴയ കുതിരക്കുളമ്പടികളെപ്പറ്റി.. കലയ്‌ക്കും ക്ഷേത്ര വാസ്‌തുശില്‍പത്തിനും സാഹിത്യത്തിനും നല്‍കിയ പരിഗണനയാണ്‌ ഹംപിയുടെ ഔന്നത്യം. ഏഴാം നൂറ്റാണ്ടിലെ വിരൂപാക്ഷ ക്ഷേത്രം പിന്നീട്‌ കൃഷ്‌ണദേവരായരുടെ കാലത്ത്‌ ഇപ്പോള്‍ കാണും വിധം പുതുക്കിപ്പണിതതാണ്‌. അതിനു മുന്നില്‍ ഒരു കിലോമീറ്ററോളം നീണ്ട വജ്രമാല്‍ക്കറ്റും വിജയവിത്തല ക്ഷേത്രവും അതിനകത്തെ ഒറ്റക്കല്‍ രഥശില്‍പവും രാജമന്ദിര (Royal Enclosures) അവശിഷ്ടങ്ങളുമൊക്കെയാണ്‌ ഹംപിയിലെ കാഴ്‌ചകള്‍. ക്ഷേത്രസമുച്ചയങ്ങള്‍ക്കപ്പുറത്തായി 59,000 ചതുരശ്ര മീറ്റര്‍ വിസ്‌തൃതിയിലാണ്‌ രാജമന്ദിര അവശിഷ്ടങ്ങള്‍. 20 ജലാശയങ്ങളും ജലവിതരണ സംവിധാനവും നവമി മണ്ഡപവും ലോട്ടസ്‌ മഹലും ക്വീന്‍സ്‌ ബാത്തും ഭൂഗര്‍ഭ കേന്ദ്രങ്ങളും ഗസ്റ്റ്‌ ഹൗസും പതിനൊന്ന്‌ ആനകള്‍ക്കുള്ള അലങ്കരിച്ച ആനപ്പന്തിയും അവിടെയാണ്‌. കുതിരകള്‍ക്ക്‌ വെള്ളം നല്‍കിയിരുന്ന ഒരു നീളന്‍ കല്‍ത്തൊട്ടി അപ്പോള്‍ വീണതുപോലെ ചെരിഞ്ഞു കിടക്കുന്നു. റോയല്‍ എന്‍ക്ലോഷറിലെ വളഞ്ഞ വഴികളും അവിടവിടെയായി നിരന്ന നിഴല്‍മരങ്ങളും വിക്രമാദിത്യ കഥകളിലെ ഗ്രാമങ്ങളെ ഓര്‍മ്മിപ്പിച്ചു.

പ്രധാനമായും ഹൈന്ദവക്ഷേത്രങ്ങള്‍ക്കു പ്രശസ്‌തമാണ്‌ ഹംപിയെങ്കിലും അതിനും മുമ്പേയുളള ജൈനബൌദ്ധകാല മന്ദിരങ്ങളും അവിടെ കാണാം. ഇരുനൂറ്‌ വര്‍ഷത്തെ സങ്കര സാംസ്‌കാരിക പാരമ്പര്യമുള്ള ഹംപിയില്‍ നിന്നാണ്‌ ദക്ഷിണേന്ത്യയാകെ വ്യാപിച്ച ക്ഷേത്രനിര്‍മ്മാണ രീതികളുടെ തുടക്കം. ഏറെ അലച്ചിലിനൊടുവില്‍ അസ്‌തമയവും കണ്ട്‌ ഹംപിയോട്‌ വിടപറയുമ്പോള്‍ സഹവര്‍ത്തിത്വത്തിന്റെയും സമന്വയത്തിന്റെയും ഭൂതകാലത്തില്‍ നിന്ന്‌ ഒരു നാട്‌ അസഹിഷ്‌ണുതയുടെ വ?ത്തമാനത്തിലേക്ക്‌ സഞ്ചരിക്കുന്ന വഴികളെക്കുറിച്ചാണ്‌ ഓര്‍ത്തത്‌. പിറ്റേന്ന്‌ കാണേണ്ട ആനെഗുന്തിയുടെയും ഹിപ്പി ഐലന്‍റിന്റെയും വായനയി? നിറഞ്ഞ്‌ ഞാന്‍ സീറ്റിലേക്ക്‌ ചാഞ്ഞു…

2. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ആനെഗുന്തി

ഹംപിയിലെ തലേന്നത്തെ അലച്ചിലിന്റെ ക്ഷീണം മാറ്റിവെച്ച്‌ പ്രഭാതഭക്ഷണം ധൃതിയില്‍ കഴിച്ച്‌, രാവിലെ തന്നെ മുറിയി? നിന്നിറങ്ങി. ഇന്ന്‌ ലക്ഷ്യം ആനെഗുന്തിയും ഹിപ്പി ഐലന്റമാണ്‌. തുംഗഭദ്രയുടെ വടക്കുഭാഗത്താണ്‌ ആനെഗുന്തി. ഹോസ്‌പെട്ടില്‍ നിന്ന്‌ റോഡുമാര്‍ഗ്ഗം 27 കി.മീറ്റര്‍ സഞ്ചരിച്ച്‌ നേരിട്ടും, 13 കി.മീറ്റര്‍ യാത്ര ചെയത്‌ ഹംപിയിലെത്തി കുട്ടവഞ്ചിയിലോ ബോട്ടിലോ നദികടന്നും ആനെഗുന്തിയിലെത്താം. പുതിയ ജീവിതക്കാഴ്‌ചകള്‍ ലക്ഷ്യമിട്ട്‌ ഞങ്ങള്‍ തെരഞ്ഞെടുത്തത്‌ വളഞ്ഞ വഴിയാണ്‌.

നഗരകേന്ദ്രത്തിനിന്ന്‌ മിനിറ്റുകള്‍ സഞ്ചരിച്ചപ്പോഴേക്കും ഉള്‍ഗ്രാമമായി. കാഴ്‌ച ഒഴുകിയിറങ്ങുന്ന മലകളുടെ താഴ്‌വാരങ്ങളില്‍ വാഴയും കരിമ്പും ചോളവും നെല്ലും വിളയുന്നു. റോഡരികി? അവിടവിടെ നൂറുകണക്കിന്‌ വാഴക്കുലകള്‍ നിരത്തിവച്ചിട്ടുണ്ട്‌. നെല്‍വയലുകളില്‍ കൊയ്‌ത്തു യന്ത്രങ്ങളുടെ ശബ്ദം അങ്ങിങ്ങു കേള്‍ക്കാം. വളഞ്ഞും പുളഞ്ഞും പോകുന്ന നാട്ടുപാതയിലൂടെ കോലാട്ടില്‍ പറ്റങ്ങള്‍ നടന്നു പോകുന്നു. പഴയ കാലവും ചുമന്ന്‌ കാളവണ്ടികള്‍ കിതയ്‌ക്കുന്നുണ്ട്‌. വിളവെടുത്ത പാടങ്ങളില്‍ കാലിക്കൂട്ടങ്ങള്‍ മേയുന്നു. മലമുകളില്‍ ചിലതിലൊക്കെ ചെറുക്ഷേത്രങ്ങളുണ്ട്‌.

വാസ്‌തവത്തില്‍, ഹംപിയെക്കാള്‍ പഴമയുണ്ട്‌ ആനെഗുന്തിക്ക്‌. പ്രാചീനശിലായുഗത്തിന്റെയും ചരിത്രാതീതകാലത്തിന്റെയും ശിഷ്ടസൂചനകളുടെ അക്ഷയഖനി. ക്ഷേത്രങ്ങളായും ഗുഹാചിത്രങ്ങളായും കിലോമീറ്ററുകള്‍ പരന്നു കിടക്കുകയാണത്‌. ചരിത്രവും ഐതിഹ്യവും മിത്തുമെല്ലാം കൂടിക്കുഴയുന്നു ആനെഗുന്തിയില്‍. രാമായണത്തിലെ വാനരസാമ്രാജ്യമായ കിഷ്‌കിന്ധയാണ്‌ ആനെഗുന്തി എന്നാണ്‌ വിശ്വാസികളുടെ പക്ഷം. പതിനാലാം നൂറ്റാണ്ടില്‍ വിജയനഗര സൈന്യത്തിന്റെ ആനപ്പടയുടെ ആസ്ഥാനമായതിനാലാണ്‌ ഇവിടം ആനെഗുന്തിയായതെന്ന്‌ പഴമക്കാര്‍. നിരവധി ചരിത്ര സ്ഥലികളുണ്ടെങ്കിലും രാമഭക്തനായ ഹനുമാന്റെ ജന്മസ്ഥലമെന്ന പേരിലാണ്‌ ഗ്രാമവാസികള്‍ നാടിനെ കാണുന്നത്‌. ബാലി സുഗ്രീവ യുദ്ധം നടന്നതും രാമാസ്‌ത്രമേറ്റ്‌ ബാലി വീണതും ഇവിടെയത്രെ. അതെന്തായാലും, ഇവിടെയൊരു കിഷ്‌കിന്ധാ പാലം സംരക്ഷിത സ്‌മാരകമായുണ്ട്‌. കിഷ്‌കിന്ധാ ട്രസ്റ്റാണ്‌ ആനെഗുന്തിയിലെ ടൂറിസം പ്രോത്സാഹിപ്പിക്കുന്നത്‌. 572 പടികള്‍ കയറിയെത്താവുന്ന അത്യുയരത്തിലുള്ള കുന്നില്‍ (അഞ്‌ജനാദ്രി) നെറുകിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്കാണ്‌ ആനെഗുന്തിയില്‍ പ്രധാനമായും ആളുകളെത്തുന്നത്‌. രാജസ്ഥാനിലെ ചിറ്റോഡി? നിന്നുള്ള അറുപതംഗ സംഘം താഴെ പമ്പാസരോവറില്‍ കുളിച്ചു തയ്യാറാവുന്നത്‌ കണ്ടിരുന്നു.

വാടകയ്‌ക്കെടുത്ത മോട്ടോര്‍ബൈക്കിലും സൈക്കിളുകളിലും വിദേശികളായ യുവതീയുവാക്കള്‍ തലങ്ങും വിലങ്ങും പായുന്നതും ശ്രദ്ധിച്ചിരുന്നു. പക്ഷെ, അവരാരെയും ഹനുമാന്‍മല കയറ്റത്തിലോ മലമുകളിലോ കണ്ടില്ല. ആനെഗുന്തിയുടെ ചുറ്റുവട്ടമായ ഒനകെ കിണ്ടി പോലുള്ള ഗുഹാചിത്ര സങ്കേതങ്ങളിലേക്കും ചരിത്രാവശിഷ്ടങ്ങളിലേക്കും ഹിപ്പി ഐലന്‍ഡിലേക്കുമാണവ? പോകുന്നത്‌. ചരിത്രമോ മിത്തോ ചികയാന്‍ ഞങ്ങളല്ലാതെ മറ്റൊരു സ്വദേശിയും അപ്പോഴവിടെയില്ല.. എത്ര ദരിദ്രവും ദുര്‍ബലവുമാണ്‌ നമ്മുടെ പുരാബന്ധ ബോധം എന്നോര്‍ത്തു പോയി. അല്ലെങ്കിലും, വിശ്വാസബന്ധിതമല്ലാത്തതൊന്നും പ്രധാനമല്ലല്ലോ നമുക്ക്‌. നിരവധി കവാടങ്ങളുള്ള, തകര്‍ന്നടിഞ്ഞ ഒരു കോട്ടയുണ്ട്‌ ആനെഗുന്തിയില്‍. ഒരു ദുര്‍ഗ്ഗാക്ഷേത്രവും നിരവധി ശവകുടീരങ്ങളുമുണ്ടതില്‍. വിജയനഗര രാജാക്കന്മാര്‍ യുദ്ധങ്ങള്‍ക്കു മുന്‍പ്‌ ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചിരുന്നുവത്രെ. ദുര്‍ഗ്ഗാക്ഷേത്രമുളള ചെറിയൊരു കുന്നിലേക്കാണ്‌ ഞങ്ങളാദ്യം പോയത്‌. പൂജാരിയും കാര്യക്കാരനും ഒരു കച്ചവടക്കാരനുമല്ലാതെ ക്ഷേത്രത്തില്‍ മറ്റാരുമില്ല. മുറ്റത്തെ അത്തിമരത്തില്‍ അഭീഷ്ടസിദ്ധിക്കായി ഭക്തര്‍ കെട്ടിത്തൂക്കിയ നാളികേരപ്പൊതികള്‍ കാണാം. പിന്നീട്‌ ഞങ്ങള്‍ അഞ്‌ജനാദ്രിയുടെ ചുവട്ടിലെത്തി. 572 പടവുകളുണ്ടെന്നും വഴിയില്‍ വാനരന്‍മാര്‍ അല്‍പം `അവകാശബോധ’മുള്ളവരാകയാല്‍ കൈയ്യിലുള്ളതെന്തും കൈക്കലാക്കുമെന്നുമുള്ള മുന്നറിയിപ്പുകള്‍ കണ്ടു.

സ്വീഡനില്‍ നിന്നുള്ള വിക്ടറിനെ `വിക്തോ?’ എന്ന്‌ അയാള്‍ പരിചയപ്പെട്ടത്‌ അവിടെ വച്ചാണ്‌. വെബ്‌ ഡിസൈനറാണ്‌ 26 കാരനായ വിക്ടര്‍. നാട്ടുകാരില്‍ പലരോടും ചോദിച്ച്‌ ഉത്തരം കിട്ടാതായ സംശയത്തിന്‌ വിക്ടറാണ്‌ മറുപടി തന്നത്‌..! ഹിപ്പി ഐലന്‍ഡ്‌ എവിടെയാണെന്നതിന്‌ ആനെഗുന്തിയും ഹംപിയും അനായാസം കൈവെള്ളയില്‍ അടയാളപ്പെടുത്തി അവയ്‌ക്കു നടുവിലൂടെ ഒരു വരയും വരച്ച്‌ അയാള്‍ പറഞ്ഞു.

“This is Thungabhadra”. എന്നിട്ട്‌ കൈ ചൂണ്ടി. ‘Go this way, it’s just 2 Kilo Meters away’ വിക്ടറിനെ കൊച്ചിയിലേക്കു ക്ഷണിച്ച്‌, ഹിപ്പി ദ്വീപിനെ മനസ്സിലിട്ട്‌, വാനരസേന അകമ്പടിയായ പടവുകള്‍ ചവിട്ടി ഒരു മണിക്കൂര്‍കൊണ്ട്‌ ഞങ്ങള്‍ മലമുകളിലെത്തി. പെയിന്റടിച്ച്‌ വികൃതമാക്കിയ ഹനുമാന്റെ ഒരു ചുമര്‍പ്രതിഷ്‌ഠയാണ്‌ നെറുകില്‍. ക്ഷേത്രമല്ല, അവിടെ നിന്നുള്ള താഴ്‌വാരദൃശ്യമാണ്‌ ആകര്‍ഷകമായി തോന്നിയത്‌. മറ്റു കാഴ്‌ചകളില്ലാത്തതിനാല്‍ അടുത്ത അരമണിക്കൂറില്‍ ഞങ്ങള്‍ താഴെയെത്തി.

നിതാന്ത സഞ്ചാരികളുടെ ഹിപ്പി ഐലന്റ്‌

തലേന്ന്‌ ഹംപിയിലേക്ക്‌ വന്ന ഡ്രൈവര്‍ കുമാര്‍ പറഞ്ഞത്‌ മദ്യവും മയക്കുമരുന്നും വ്യാപകമായതിനാല്‍ ഹിപ്പി ബസാര്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയെന്നും കുടുംബമായി അവിടെ പോകുന്നതത്ര പന്തിയല്ലെന്നുമാണ്‌. ഇന്നത്തെ സാരഥി രാജശേഖറിനും ദ്വീപിനെക്കുറിച്ച്‌ അറിയില്ല.

അഞ്‌ജനാദ്രിയുടെ ചുവട്ടില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഹിപ്പി ദ്വീപിലെത്തിയപ്പോള്‍ ഡ്രൈവര്‍ വെളുക്കെ ചിരിച്ചു, ഇതെനിക്കറിയാമെന്ന മട്ടില്‍. ഹിപ്പി ദ്വീപിന്റെ യഥാര്‍ത്ഥ പേര്‌ വിരുപാപുര ഗഡെ എന്നാണ്‌. അതെഴുതിയിട്ട ബോര്‍ഡ്‌ കവാടത്തില്‍ തന്നെയുണ്ട്‌ …! അത്‌ നോക്കിയാണ്‌ രാജശേഖറിന്റെ ചിരി. ഗഡെ എന്നാല്‍ ഫാം. പേരു സൂചിപ്പിക്കും പോലെ, തൈത്തെങ്ങുകള്‍ അതിരിട്ട നെല്‍പ്പാടങ്ങള്‍ നിരന്നു കിടക്കുന്നുണ്ട്‌ പാതയുടെ ഒരു വശത്ത്‌. മറുവശത്ത്‌ നീളന്‍ സുവനീര്‍ മാര്‍ക്കറ്റാണ്‌. പക്ഷെ, പുറംകാഴ്‌ചയിലേറെ ജീവിതവും കൗതുകവും ഉള്ളിലൊളിപ്പിച്ച ഹിപ്പി ദ്വീപ്‌ ഒരു വ്യത്യസ്‌ത ലോകമാണ്‌. പിച്ചളയും ചെമ്പും കൊണ്ടുള്ള മണല്‍ഘടികാരവും വടക്കുനോക്കി യന്ത്രവും ഒറ്റക്കുഴല്‍ ദൂരദര്‍ശിനിയും വിവിധതരം സഞ്ചികളുമായി നിരനിരയായി സുവനീര്‍ ഷോപ്പുകള്‍. കരകൗശല വസ്‌തുക്കളും തുണികളും തുകല്‍ ഉല്‍പ്പന്നങ്ങളും എല്ലാമുണ്ടതില്‍. നാട്ടുകാരുടെ നിരവധി ഹോംസ്‌റ്റേകളുണ്ട്‌ ഈ ദ്വീപില്‍. മാസങ്ങളോളം അതില്‍ താമസിച്ചാണ്‌ വിദേശികള്‍ സൈക്കിളില്‍ വിജയനഗരം ചുറ്റുന്നത്‌. ഭക്ഷണശാലകളില്‍ കന്നഡയും ഇംഗ്ലീഷും മുതല്‍ ഹീബ്രു വരെ എഴുതിയിട്ട ബോര്‍ഡുകള്‍ കാണാം. അത്തരത്തില്‍ `കോസ്‌മോപോളീറ്റ’നായ ഒരു ഭക്ഷണശാലയില്‍ നിലത്തിരുന്ന്‌ ജാപ്പനീസ്‌ രീതിയില്‍ ചോറും ചപ്പാത്തിയും ഫ്രെഞ്ച്‌ െ്രെഫസും കഴിച്ച്‌ പുറത്തിറങ്ങി. ദ്വീപിന്റെ അറ്റത്തുനിന്ന്‌ തെക്കോട്ടുള്ള ഇറക്കം തുംഗഭദ്രയിലേയ്‌ക്കാണ്‌. നദിയ്‌ക്കപ്പുറം ആകാശത്തേക്കുയര്‍ന്നു നില്‍ക്കുകയാണ്‌ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ഗോപുരങ്ങള്‍. നദിയിലേയ്‌ക്കുള്ള വഴിയുടെ ഇരുവശത്തും നാട്ടുകാരുടെ കച്ചവടങ്ങളാണ്‌. തുണി മുതല്‍ തൊപ്പി വരെ എല്ലാറ്റിനും ഒരു നൊമാഡിക്ക്‌ ഹിപ്പി സ്‌പര്‍ശമുണ്ട്‌.

നിതാന്ത സഞ്ചാരമാണല്ലോ ഹിപ്പികളുടെ മുഖമുദ്ര. പുറത്തേയ്‌ക്കുള്ള ഓരോ യാത്രയും അകത്തേയ്‌ക്കുള്ള യാത്രയുമാണെന്ന്‌ അനുഭവിച്ചറിയുന്നവര്‍. സഞ്ചാരികളുടെ ആ പറുദീസയോട്‌ വിടപറയാന്‍ മടിച്ച്‌ ഏറെനേരം ഞങ്ങളവിടെ അലഞ്ഞു.

3. ചരിത്രം പുതച്ച ചിത്രശിലാ വനങ്ങള്‍

ചരിത്രം പുതച്ചാണുറങ്ങിയത്‌, കഴിഞ്ഞ രണ്ടു രാവും. ഹംപിയിലും ആനെഗുന്തിയിലും ഹിപ്പി ബസാറിലും കണ്ട മനുഷ്യരുടെ വേരുകളിലേക്ക്‌ ഉറക്കത്തിലും വെറുതെ സഞ്ചരിക്കുകയായിരുന്നു മനസ്സ്‌. അതിന്റെ തുടര്‍ച്ചയിലാണ്‌ ഉണര്‍ന്നതും യാത്ര തുടങ്ങിയതും. 24 വയസ്സുള്ള ഹുസൈന്‍ ഖാനാണ്‌ ഇന്ന്‌ ഡ്രൈവര്‍. പത്താം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ച്‌, ഡ്രൈവിങ്ങ്‌ ജീവിതമാര്‍ഗ്ഗമാക്കിയ ചെറുപ്പക്കാരന്‍. പാല്‍പ്രിയനും ശാന്തനുമാണ്‌ ഖാന്‍… വടക്കന്‍ കര്‍ണ്ണാടകയിലെ ഐഹോളെയിലേക്കും പട്ടടക്കലിലേക്കും ബദാമിയിലേക്കുമാണ്‌ ഇന്നത്തെ യാത്ര. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 150 കി.മീറ്റര്‍ ദൂരം.

ഹോസ്‌പെട്ടില്‍ നിന്ന്‌ നേരെ ബദാമിയിലെത്തി അവിടെ നിന്ന്‌ പട്ടടക്കല്‍, ഐഹോളെ വഴി തിരിച്ചുവരാനായിരുന്നു ആദ്യപരിപാടി. ബിജാപ്പൂരിലേക്കു നീളുന്ന എന്‍.എച്ച്‌ 50 ല്‍ 40 കി.മീറ്ററോളം പോയപ്പോള്‍ തന്നെ തടസ്സങ്ങള്‍ കണ്ടു. ഒരു കൂട്ടം ആളുകള്‍ ഹൈവേ ഉപരോധിക്കുകയാണ്‌. വാഹനങ്ങളുടെ ടയറും മുള്‍ച്ചെടികളും മറ്റും നിരത്തിയിട്ട്‌ കത്തിക്കുന്നു. ഉറക്കെ ചില മുദ്രാവാക്യങ്ങളൊക്കെ വിളിക്കുന്നുണ്ട്‌. ഒന്നു രണ്ടു പോലീസുകാര്‍ ദൂരെ മാറി നില്‍ക്കുന്നു. വാഹനത്തില്‍ ഒരു കുടുംബത്തെ കണ്ടിട്ടാണെന്നു തോന്നുന്നു അവരടുത്തുവന്നു. ഗോവയില്‍നിന്ന്‌ മഹാദയി നദിയിലെ വെള്ളം വിട്ടുകിട്ടാത്തതിനാല്‍ കടുത്ത ശുദ്ധജല ക്ഷാമമനുഭവിക്കുന്ന ഉത്തര കര്‍ണ്ണാടകയിലെ 5 ജില്ലകളില്‍ ഇന്ന്‌ കര്‍ഷകരുടെ ബന്ദ്‌ ആണെന്നും ഹൈവേ ഒഴിവാക്കുകയാണ്‌ നല്ലതെന്നും പോലീസുകാര്‍ ഉപദേശിച്ചു. തിരിച്ചുപോകാമെന്ന മട്ടില്‍ ഹുസൈന്‍ എന്നെ നോക്കി. മറ്റുവഴികളെക്കുറിച്ച്‌ അയാള്‍ക്കറിയില്ലത്രെ. എന്തുവന്നാലും മുന്നോട്ടു പോകാമെന്ന്‌ ഞാനയാളോട്‌ പറഞ്ഞു. ഒടുവില്‍ ഞങ്ങളുടെ നിര്‍ബ്ബന്ധത്തില്‍, യാത്ര നേരെ ഐഹോളെ, പട്ടടക്കല്‍ വഴി ബദാമിയിലേക്കെന്ന്‌ നിശ്ചയിച്ച്‌, ഗൂഗിളിന്റെ മാപ്പ്‌ തുറന്ന്‌ അയാള്‍ നാട്ടുവഴികളിലേക്ക്‌ കാറോടിച്ചു.സൂര്യകാന്തിയും ചോളവും നിറഞ്ഞ, കണ്ണെത്താപാടങ്ങളാണ്‌ വഴിയുടെ ഇരുഭാഗത്തും. വിളവെടുപ്പുകാലം തീരുന്നതിനാല്‍ സൂര്യകാന്തികള്‍ അധികമില്ല. ചോളവയലുകള്‍ പക്ഷെ, കൊയ്‌ത്തു കാത്തു കിടക്കുന്നു. വിജനമായ വഴി പലപ്പോഴും ചെറിയ നാട്ടുകവലകളിലെത്തും. ഒന്നോ രണ്ടോ പീടികകള്‍ മാത്രമുള്ള, എല്ലാവരും എല്ലാവരെയും അറിയുന്ന ക?ഷകഗ്രാമങ്ങളാണ്‌. കന്നുകാലികളും മനുഷ്യരും സഹവസിക്കുന്ന വീടുകള്‍. വീടിന്റെ മുറ്റത്തു തന്നെയുണ്ട്‌ പശുക്കള്‍ക്കും താവളം. രാജ്യത്തെ പുതിയ കന്നുകാലി നിയമം ഈ മനുഷ്യരെയും കാലികളെയും എങ്ങനെയാവും ബാധിക്കുകയെന്ന്‌ ഞാനോര്‍ത്തു. ദാരിദ്ര്യത്തിന്റെ ആ ജീവിതപ്പെരുമയിലും കുട്ടികള്‍ ഉത്സാഹത്തിലാണ്‌. വെളുത്ത പൈജാമയും കു?ത്തയും ധരിച്ച, വൃദ്ധരായ ആണുങ്ങള്‍ ഒറ്റയ്‌ക്കും തെറ്റയ്‌ക്കും നടക്കുന്നു. എല്ലാവല്‍ക്കുമുണ്ട്‌, തലയില്‍ ഒരു ഗാന്ധിത്തൊപ്പി. സാമ്പത്തിക നിലയനുസരിച്ച്‌ ഉടുപ്പിന്റെ വെളുപ്പിന്‌ ഏറ്റക്കുറച്ചിലുണ്ട്‌. `സ്വച്ഛഭാരത്‌’ ഇങ്ങനെയൊക്കെയാവും ഓരോ ഭാരതീയനിലും പ്രവ?ത്തിക്കുന്നത്‌..! പിന്നെയും പലേടത്തും വഴിതെറ്റിത്തടഞ്ഞ്‌ ഐഹോളെയിലെത്തിയപ്പോ? നേരം നട്ടുച്ച.

ഐഹോളെ

ഐവള്ളിയെന്നും ആര്യപുരമെന്നും പേരുള്ള ഐഹോളെ വടക്കന്‍ കര്‍ണ്ണാടകയിലെ ഭാഗന്‍കോട്ട്‌ ജില്ലയിലാണ്‌. മല്ലപ്രഭാ നദിയുടെ തീരം. 1990 കളിലാണ്‌ ഐഹോളെ കണ്ടെടുക്കപ്പെടുന്നത്‌. അതിന്‌ മുന്‍പ്‌ ഈ സ്‌മാരകങ്ങളില്‍ പലതും തദ്ദേശവാസികളുടെ വീടിന്റെ ഭാഗമായിരുന്നു…!! എ.ഡി. നാലാം നൂറ്റാണ്ടു മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ നീളുന്ന വിപുലമായ ചരിത്രമാണ്‌ ഐഹോളെയുടേത്‌. ക്ഷേത്ര വാസ്‌തുശാസ്‌ത്രം (Temple architecture) പഠിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്‌ത ഒരിടമായിരുന്നു ഐഹോളെ. ഇവിടെ നിന്നുള്ള വാസ്‌തുശില്‍പ്പികളോ അവരുടെ തുടര്‍ച്ചയോ ആണ്‌ ഹംപിയിലും മറ്റും ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചത്‌. ദക്ഷിണേന്ത്യന്‍ ക്ഷേത്രനിര്‍മ്മാണ രീതികള്‍ക്ക്‌ പുരാതന ഗ്രീക്കോ റോമന്‍ ക്ഷേത്രഘടനയുമായി സാമ്യമുണ്ടത്രെ. ക്ഷേത്രനിര്‍മ്മാണത്തിന്‌ തടിയ്‌ക്കു പകരം കല്ലുപയോഗിക്കാമെന്ന പരീക്ഷണമാണ്‌ ഐഹോളെയില്‍ പ്രധാനമായും നടന്നത്‌. ക്ഷേത്രങ്ങളുടെ മേല്‍ക്കൂരയില്‍ വിലങ്ങനെ കിടക്കുന്ന നീണ്ട പാറക്കഷ്‌ണങ്ങള്‍ മരക്കഴുക്കോലുകള്‍ക്ക്‌ പകരം ഇങ്ങനെ പരീക്ഷിക്കപ്പെട്ടവയാണ്‌. ഹിന്ദുജൈനബൌദ്ധ ക്ഷേത്രങ്ങളുടെ ധാരാളിത്തമുണ്ട്‌ ഐഹോളെയിലെങ്കിലും ദുര്‍ഗ്ഗാക്ഷേത്രസമുച്ചയമാണ്‌ അവയില്‍ പ്രധാനം. ക്ഷേത്രങ്ങളും ക്ഷേത്രമാതൃകകളുമായി പതിനഞ്ചോളം സ്‌മാരകങ്ങളുണ്ട്‌ സമുച്ചയത്തില്‍. ഇന്ത്യന്‍ പാര്‍ലമെന്റ്‌ മന്ദിരം ഈ ദുര്‍ഗ്ഗാക്ഷേത്രത്തിന്റെ മാതൃകയിലാണ്‌. ക്ഷേത്രത്തിന്റെ താഴികക്കുടം യുദ്ധമോ പ്രകൃതിക്ഷോഭമോ കൊണ്ട്‌ താഴെ വീണുകിടക്കുന്നു. കോട്ടയെ (ദുര്‍ഗ്ഗം) സംബന്ധിക്കുന്നത്‌ എന്ന അര്‍ത്ഥത്തിലാണ്‌ ദുര്‍ഗ്ഗ. അല്ലാതെ, ദേവിയല്ല അത്‌ ! വിഷ്‌ണുവിന്‌ മാത്രമല്ല, സൂര്യനും കാറ്റിനും ഭ്രാന്തിക്കും കോട്ടയ്‌ക്കുമെല്ലാം ക്ഷേത്രമുണ്ട്‌ ഐഹോളെയില്‍. ഹിന്ദുത്വം രാമനിസവും വിഷ്‌ണുവിസവും മാത്രമായി ചുരുങ്ങുന്നത്‌ പിന്നീടാണല്ലോ… ചരിത്രം പറയാമെന്നേറ്റ്‌ കൂടെക്കൂടിയ ഒരു ഗൈഡ്‌, അതിനൊപ്പം അയാളിലെ ഹിന്ദുത്വ രാഷ്ട്രീയം കൂടി ചെലുത്താന്‍ തുടങ്ങിയപ്പോള്‍ പണവും നല്ല നമസ്‌കാരവും കൊടുത്ത്‌ അയാളെ ഒഴിവാക്കി. കര്‍ണ്ണാടക ടൂറിസം വകുപ്പിന്റെ ഒരു ഹോട്ടലില്‍നിന്ന്‌ ഉച്ചഭക്ഷണം കഴിച്ച്‌ ഞങ്ങള്‍ പട്ടടക്കല്‍ ലക്ഷ്യമാക്കി നീങ്ങി.

പട്ടടക്കല്‍

ഐഹോളെയില്‍ നിന്ന്‌ 10 കി.മീറ്ററാണ്‌ പട്ടടക്കലിലേയ്‌ക്ക്‌. രക്തപുര എന്നൊരു പേരുകൂടിയുണ്ട്‌ ഈ സ്ഥലത്തിന്‌. എ.ഡി. ഏഴാം നൂറ്റാണ്ടിലെ ഹിന്ദു ജൈന ക്ഷേത്രങ്ങളാണ്‌ പട്ടടയ്‌ക്കലിലേത്‌. പ്രധാനമായും ശൈവ പാരമ്പര്യത്തിലുള്ളവയാണെങ്കിലും വൈഷ്‌ണവ, ശാക്തേയ പാരമ്പര്യങ്ങളും കാണാം. ചാലൂക്യരാജവംശത്തിലെ കിരീടധാരണ, സ്ഥാനാരോഹണ ചടങ്ങുകള്‍ ഈ വിശാല ക്ഷേത്രമുറ്റത്താണ്‌ നടന്നിരുന്നത്‌. കൊട്ടും കുരവയുമായി എത്രയെത്ര അധികാരമേല്‍ക്കലുകള്‍ക്ക്‌ ഈ തീരം സാക്ഷ്യം വഹിച്ചിരിക്കുമെന്നോര്‍ത്തു നില്‍ക്കെ ആര്‍ത്തുവിളിച്ചെത്തി, ഏതോ വിദ്യാലയത്തിലെ കുട്ടികളുടെ പഠനയാത്രാസംഘം. ചാലൂക്യരും രാഷ്ട്രകൂടരും മുഗളന്മാരും ടിപ്പുവും പിന്നെ ബ്രിട്ടീഷുകാരും പടനയിച്ച ക്ഷേത്രമുറ്റത്ത്‌ കൂടെ ഇന്ത്യയുടെ ഇളംതലമുറ നിരയായി നീങ്ങുന്നത്‌ നോക്കിനില്‍ക്കെ മനസ്സ്‌ ഓര്‍മ്മിപ്പിച്ചു, `ബദാമിയിലെത്തണം’.

ബദാമി

പട്ടടയ്‌ക്കലില്‍നിന്ന്‌ 23 കി. മീറ്ററുണ്ട്‌ ബദാമിയിലേക്ക്‌. ചാലൂക്യരാജവംശത്തിന്റെ തലസ്ഥാനമായിരുന്നു, വാതാപി എന്നും പേരുള്ള ബദാമി. ഒറ്റനോട്ടത്തി?ത്തന്നെ ആരെയും അമ്പരപ്പിക്കുന്നതും വിചിത്രവുമായ ചരിത്ര നിര്‍മ്മിതിയാണ്‌ ബദാമിയിലെ ഗുഹാക്ഷേത്രങ്ങള്‍. പ്രകൃതിയാണോ മനുഷ്യനാണോ മികച്ച ശില്‍പി എന്ന്‌ നാം നിശ്ചയമായും സംശയിക്കും അതിനു മുന്‍പില്‍ നില്‍ക്കുമ്പോള്‍. അടുത്തടുത്തായി നെടുകെ ഉയര്‍ന്ന നാലു പര്‍വ്വതഭാഗങ്ങളില്‍ ഓരോന്നിലും ഓരോ ഗുഹാക്ഷേത്രങ്ങളാണ്‌. അജന്ത എല്ലോറ ക്ഷേത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഗുഹകള്‍. പോക്കുവെയില്‍ വെളിച്ചത്തില്‍ ആ ചുവന്ന സാന്‍ഡ്‌ സ്‌റ്റോര്‍ മലഞ്ചെരിവും നിര്‍മ്മിതികളും കണ്ണിലല്ല, ഹൃദയത്തിലാണ്‌ പതിച്ചത്‌. മണിരത്‌നം സംവിധാനം ചെയ്‌ത `ഗുരു’ മുതല്‍ പ്രഭുദേവയൊരുക്കിയ ‘റൌഡി രാത്തോഡ്‌’ വരെ നിരവധി സിനിമകള്‍ക്ക്‌ ലോക്കേഷനായിട്ടുണ്ട്‌ ബദാമി. ഒന്നും രണ്ടും ഗുഹകളിലെ കൊത്തുപണികള്‍ 6, 7 നൂറ്റാണ്ടുകളിലെ ഡെക്കാന്‍ ശൈലിയിലുള്ളവയാണ്‌. വിഷ്‌ണുവിന്‌ സമര്‍പ്പിച്ചിട്ടുള്ളതാണ്‌ മൂന്നാം ഗുഹ. എ.ഡി. 579 ലേതെന്ന്‌ വ്യക്തമായ ലിഖിതമുള്ള ഇതാണ്‌ അറിഞ്ഞതില്‍ വച്ച്‌ രാജ്യത്തെ ഏറ്റവും പഴക്കമേറിയ ഹിന്ദു ഗുഹാക്ഷേത്രം. മൈസൂരില്‍ നിന്നുള്ള ഒരു സംഘം ചിത്രകലാ വിദ്യാര്‍ത്ഥികള്‍ കൊത്തുപണികളെ ക്യാ?വാസിലേക്ക്‌ പകര്‍ത്തുന്നുണ്ട്‌. ഏറ്റവും ഉയരെയുള്ള നാലാമത്തെ ഗുഹ ഒരു ജൈനക്ഷേത്രമാണ്‌. ഇതിന്റെ മുന്നില്‍നിന്ന്‌ നോക്കിയാല്‍ താഴെ കാണാം അഗസ്‌ത്യ തടാകവും ഭൂതനാഥ ക്ഷേത്രക്കെട്ടുകളും. മുകളിലേക്കു കയറുമ്പോള്‍ കണ്ണില്‍പ്പെട്ട ഒരു മുസ്ലീം പള്ളിയുടെ മിനാരത്തെ ഇറക്കത്തില്‍ സൂക്ഷ്‌മമായി ശ്രദ്ധിച്ചു. ഒന്നാം ഗുഹയുടെ മുന്നില്‍ സൗഹൃദഭാവത്തില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്‌ അതിന്റെ താഴികക്കുടം. പഴക്കമേറെ തോന്നിച്ച അതിലേക്ക്‌ നോക്കി നില്‍ക്കെ താഴെ പള്ളിയില്‍ നിന്ന്‌ കേട്ടു, മഗ്‌ രിബിന്റെ ശീലുകള്‍. `ഹയ്യ അല സ്വലാത്ത്‌…. ഹയ്യ അല ഫലാഹ്‌…’ “നിങ്ങള്‍ പ്രാര്‍ത്ഥനയിലേക്ക്‌ വരിക … നിങ്ങള്‍ വിജയത്തിലേയ്‌ക്ക്‌ വരിക …” സമയമായെന്നും മോണ്യുമെന്‍റ്‌ അടയ്‌ക്കുകയാണെന്നും സൂചിപ്പിച്ച്‌ സെക്യൂരിറ്റിയുടെ വിസില്‍ മുഴങ്ങി. മടക്കയാത്രയില്‍, സഞ്ചാരികളുടെ ജീവിതസൂക്തം മഴ പോലെ മനസ്സിലെത്തി. “Cover the earth before it covers you…”

മദന്‍ ബാബു