എന്നില്‍നിന്ന് അനേകരിലൂടെ എന്നിലേയ്‌ക്ക്
നാഗാലാന്റിലെ കോഹിമയില്‍ എല്ലാ വര്‍ഷവും നടക്കാറുള്ള ഹോര്‍ണ്‍ബില്‍ ഫെസ്റ്റിവല്‍ കാണാന്‍ പോകുന്ന വിശേഷം ലെസ്‌ലിയോട് സുഹൃത്തായ സതീശ് പങ്കുവച്ചു. 2014-ല്‍ കണ്ണൂര്‍ ചെമ്പേരി സ്വദേശിനി ലെസ്‌ലി അഗസ്റ്റിന്‍ കേരളത്തില്‍നിന്ന് തവാംഗിലേയ്‌ക്ക് നടത്തിയ ബൈക്ക് യാത്രയുടെ പിന്നിലെ പ്രേരകശക്തി, ഈ സംഭാഷണമായിരുന്നു. കലാലയങ്ങള്‍, തൊഴില്‍ സ്ഥലങ്ങള്‍ തുടങ്ങിയിടങ്ങളില്‍നിന്ന് ഔദ്യോഗികമല്ലാത്ത ദീര്‍ഘദൂരയാത്രകള്‍ ഒറ്റയ്‌ക്കോ കൂട്ടായോ നടത്താന്‍ മലയാളി യുവതികള്‍ക്ക് കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നുണ്ട്. ഇവിടെയാണ് ലെസ്‌ലിയുടെ യാത്രകളില്‍ വലിയ പ്രത്യേകത.
പുതിയ സ്ഥലങ്ങള്‍, സാഹചര്യങ്ങള്‍, അനുഭവങ്ങള്‍ ഇവയിലേയ്‌ക്ക് സഞ്ചരിക്കുക എന്ന സഹജബോധമുള്ള യുവതിയാണ് ഈ സ്വതന്ത്ര പത്രപ്രവര്‍ത്തക. സാധാരണ ആളുകള്‍ പുറത്തിറങ്ങിയാല്‍ വീടണയാന്‍ കാണിക്കുന്ന സ്വാഭാവിക പ്രവണത ഇവരുടെ ജീവിതത്തില്‍ എതിര്‍ദിശയിലാണ്. വീട്ടിലിരുന്നാല്‍, പുറത്തിറങ്ങി യാത്ര ചെയ്യാനാണ് ലെസ്‌ലിക്ക് താല്‌പര്യം. ജനിതകവും, വളര്‍ന്ന ചുറ്റുപാടിന്റെ സ്വാധീനവും ഇതിന് കാരണമാണെന്ന് ലെസ്‌ലി പറയും. സഞ്ചാരിയായ അച്ഛന്റെ വണ്ടി കമ്പക്കാരായ മൂന്നുമക്കളില്‍ ഇളയ ആളായ താന്‍, പെണ്‍കുട്ടി എന്ന വേര്‍തിരിവുകളില്ലാതെ വളര്‍ന്നുവന്നു. എട്ടാം ക്ലാസില്‍ ബൈക്ക് ഓടിച്ച് തുടങ്ങി, ബാംഗ്ലൂരിലേയ്‌ക്ക് തനിച്ച് യാത്ര ചെയ്‌തു. അതിനും മുന്‍പേ സ്റ്റേറ്റ് ബസില്‍ കണ്ണൂര്‍ മുഴുവന്‍ കണ്ടുതീര്‍ക്കാനുള്ള ശ്രമങ്ങളും നടത്തി.
ചെയ്‌ത യാത്രകളില്‍, തവാംഗ് യാത്രയാണ് ഏറെ സ്വാധീനിച്ചത്. 15 ദിവസമെടുത്ത് 4200 കി.മീ. ബൈക്കില്‍ യാത്ര ചെയ്‌ത് നാഗാലാന്റിലെ ഫുട്‌സെറോ ഗ്രാമത്തിലെത്തി. അവിടെ നിന്ന് ഹോര്‍ണ്‍ബില്‍ ഉത്സവഗ്രാമമായ കിസാമ ഹെറിറ്റേജ് വില്ലേജിലേയ്‌ക്ക്. 19 ഓളം ഗോത്രങ്ങളുടെ തനിമയെ അടുത്തറഞ്ഞ ഉത്സാവാന്തരീക്ഷം വിട്ട് മടങ്ങാന്‍ ആലോചിക്കുമ്പോഴാണ് തവാംഗിലേയ്‌ക്കുള്ള യാത്ര ആസൂത്രണം ചെയ്യുന്നത്. സുഹൃത്തായ സതീഷ് അവിടെനിന്ന് കേരളത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ സഹയാത്രികയും ലെസ്‌ലിയും തവാംഗിലേക്ക് യാത്ര തുടങ്ങി. ബോംഡില ബെയിസ് വരെ ബൈക്കില്‍ എത്തി. അവിടെനിന്ന് സൈന്യം ഒരുക്കിയ വാഹനത്തില്‍ തുടര്‍ന്നു സഞ്ചരിച്ചു.
താവാംഗ് യാത്രയ്‌ക്കിടയില്‍ പശ്ചിമബംഗാളില്‍ നിന്നുള്ള 78 കി.മീ. ദൂരം പൊട്ടിപ്പൊളിഞ്ഞ വഴിയില്‍ ചരക്കുലോറികളുടെ നീണ്ട നിര പിന്നിട്ട് ആസാമിലെത്തിയത് വെല്ലുവിളി നിറഞ്ഞ അനുഭവമായിരുന്നു. തുടര്‍ന്ന് ഗുവഹത്തിയിലേക്ക് സൈന്യത്തിന്റെ രാത്രി പട്രോളിംഗ് സുരക്ഷ വിട്ട് മാവോയിസ്റ്റ് മേഖലയില്‍ 50 കി.മീ. അപകട പാതയിലൂടെ സാഹസികമായി സഞ്ചരിച്ചു. കനത്ത നിശബ്‌ദതയും നിഗൂഢതയും ചേര്‍ന്ന് പേടിപ്പെടുത്തുന്ന അന്തരീക്ഷം. കോഹിമിലേക്ക് എത്തുമ്പോള്‍ വഴികള്‍ വിചിത്രമായ അനുഭവങ്ങള്‍ കരുതിവച്ചിരുന്നു. ഒരു വളവ് തിരിഞ്ഞ് മുന്‍പിലേയ്‌ക്ക് നോക്കിയപ്പോള്‍ ആകാശം കാണുന്നു. ഒരുവശത്ത് കൊക്കയാണ്. പിറകില്‍ വഴി കാണിക്കാന്‍ കൂടെ കയറിയ ബാലന്‍, വണ്ടിയില്‍ സാധനങ്ങളുടെ ഭാരം അനുഭവപ്പെടുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ സമയമെടുത്തു. വളരെ കുത്തനെയുള്ള ഒരു കയറ്റത്തില്‍ വണ്ടി നില്‍ക്കുകയാണ്.
Close Window
Loading, Please Wait!
This may take a second or two.