മതം: ആത്മീയശക്തിയും രാഷ്ട്രീയശക്തിയും
മതങ്ങളുടെ പ്രഖ്യാപിതലക്ഷ്യം ധാര്‍മ്മികവും ആത്മീയവുമാണ്. രാഷ്ട്രീയാധികാരവും ഭൂമി അടക്കമുള്ള പ്രകൃതിവിഭവങ്ങളുടെ മേല്‍ ആധിപത്യവം ലക്ഷ്യമാക്കുമ്പോള്‍ മതം രാഷ്ട്രീയപ്പാര്‍ട്ടിയാകുന്നു. സാമ്പ്രദായിക രാഷ്ട്രീയപാര്‍ട്ടികളേക്കാള്‍ ആഴത്തില്‍ ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരോട്ടമുള്ള രാഷ്ട്രീയ സംഘടനകളായാണ് ഞാന്‍ മതങ്ങളെ കാണുന്നത്. മതങ്ങളുടെ പേരില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളാണ് എന്റെ നിഗമനത്തിന്റെ അടിസ്ഥാനം.
ധാര്‍മ്മിക/ആദ്ധ്യാത്മിക ശക്തി എന്നതിലുപരി മതം ലോകത്തിലെ വലിയ രാഷ്ട്രീയശക്തിയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്നു പ്രധാനമായും. മതം എന്നും രാഷ്ട്രീയാധികാരത്തെ നിയന്ത്രിച്ചുപോന്നു. ഭരണാധികാരികള്‍ അധികാരം നേടാനും നിലനിര്‍ത്താനും മതത്തെ ആശ്രയിച്ചുപോന്നു.
ഇന്ത്യയിലെ പ്രമുഖ ചക്രവര്‍ത്തി അശോകന് രക്തരൂഷിതമായ യുദ്ധത്തിലൂടെ അധികാരവും ചക്രവര്‍ത്തിപദവും ഉറപ്പിച്ചു. ആ അധികാരം നിലനിര്‍ത്താന്‍ ആവശ്യമായ സമാധാനാന്തരീക്ഷം ഉണ്ടാക്കാനും അധികാരത്തിനെതിരെ സായുധകലാപം ഉയരാതിരിക്കാനും നല്ലത് ബുദ്ധമതവും അഹിംസയുമാണെന്ന് അശോകന് കണ്ടു. അതോടെ അദ്ദേഹം ബുദ്ധമതത്തിന്റെയും അഹിംസയുടെയും പ്രചാരകനായി. മതപ്രചാരണത്തിലൂടെയും മതപരിവര്‍ത്തനത്തിലൂടെയും മറ്റു രാജ്യങ്ങളെ ആദ്യം മാനസികമായി കീഴ്പ്പെടുത്തി ആത്യന്തികമായി തന്റെ സാമ്രാജ്യം വിപുലമാക്കാം എന്ന രാഷ്ട്രീയതന്ത്രവും അശോകന് ആവിഷ്ക്കരിച്ചു. അശോകന്റെ ഈ രാഷ്ട്രതന്ത്രം പിന്നീടു ലോകത്തിലെ പല മതങ്ങളില്‍പ്പെട്ട ഭരണാധികാരികള്‍ക്കും വഴികാട്ടിയായി. രാഷ്ട്രീയാധികാരത്തില്‍ നിയന്ത്രണ പങ്കാളിത്തം ലഭിച്ച മതനേതൃത്വം ഭരണാധികാരികള്‍ക്കു കൂട്ടുനിന്നു.
ഇന്ത്യയില്‍ നിലനിന്ന സവര്‍ണ ഹിന്ദുമതാധിപത്യത്തിന്റെ താല്പര്യങ്ങളെ സംരക്ഷിച്ചതുകൊണ്ടാണ് അറുനൂറുകൊല്ലം മുഗളര്‍ക്കും ഇരുന്നൂറുകൊല്ലം ബ്രിട്ടീഷുകാര്‍ക്കും ഇന്ത്യ ഭരിക്കാന്‍ സാധിച്ചത്. ഇന്ത്യയെ ഇസ്ലാമികവല്‍ക്കരിക്കുകയോ ക്രൈസ്തവല്ക്കരിക്കുകയോ ചെയ്യാനുള്ള ഏതു ശ്രമവും ഹിന്ദുക്കളെ പ്രകോപിപ്പിക്കുമെന്നും അത് തങ്ങളുടെ അധികാരത്തിന്റെ അന്ത്യത്തിനു കാരണമാവുമെന്നും അവര്‍ തിരിച്ചറിഞ്ഞു. മാത്രമല്ല ജാതികളായി ജനങ്ങളെ ഭിന്നിപ്പിച്ച അടിമകളാക്കി ചൂഷണം ചെയ്യുന്ന സവര്ണഹിന്ദുമത തന്ത്രം കൂടുതല്‍ ഫലപ്രദമാണെന്നും അവര്‍ കരുതി. കാരണം, രാഷ്ട്രീയാധികാരവും പ്രകൃതിവിഭവങ്ങളെയും ജനങ്ങളയും നിര്‍ബാധം ചൂഷണം ചെയ്യാനുള്ള അവസരവുമായിരുന്നു മുഗളര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ആവശ്യം. അവര്‍ ആ സ്ഥാപിതതാല്പര്യം സവര്‍ണരായ ജന്മികളിലൂടെയം നാടുവാഴികളിലൂടെയും നടപ്പാക്കി. ഏറ്റവും കടുത്ത മതവിശ്വാസിയായിരുന്ന അറംഗസീബ് പോലും ഭരണ നിര്‍വഹണത്തിന്റെ ബ്രിട്ടീഷ് കാലഘട്ടത്തിലും അടിത്തട്ടിലെ ഇന്ത്യയെ ഭരിച്ചിരുന്നത് വൈദികമതത്തിന്റെ നിയന്ത്രണത്തിലുള്ള സവര്‍ണ ഹിന്ദുജന്മിമാരായിരുന്നു എന്നു ചുരുക്കം. ഇന്ത്യയിലെ ആ സ്ഥിതിക്ക് ഇപ്പോഴും വലിയ വ്യത്യാസമില്ല.
ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ മതശക്തി വഹിച്ച പങ്കാണല്ലൊ അവസാനം ഇന്ത്യാ വിഭജനത്തില്‍ കലാശിച്ചത്.
കേരളത്തിലെ രാജാക്കന്മാര് മതസഹിഷ്ണുതയുള്ളവരായിരുന്നുവെന്നും മതേതരവാദികളായിരുന്നുവെന്നുമൊക്കെ പറയുമല്ലോ. വാസ്തവം എന്താണ്? കേരളത്തിലെ കൃഷിഭൂമി നമ്പൂതിരിമാരുടെ കൈവശമായിരുന്നു. അതില്‍നിന്നു കരംപിരിവ് ഇല്ല. കച്ചവടത്തില്‍നിന്നു ലഭിക്കുന്ന ചുങ്കം മാത്രമായിരുന്നു രാജാക്കന്മാരുടെ വരുമാനം. കച്ചവടം നടത്തിയിരുന്നത് ജൂതന്മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളുമായിരുന്നു. അതായിരുന്നു കേരളരാജാക്കന്മാരുടെ മതേതര സംസ്കാരത്തിന്റെ അടിസ്ഥാനം. അതൊരു സംസ്കാരമായിരുന്നില്ല, ഭരണതന്ത്രമായിരുന്നു.
ഫ്രഞ്ചുവിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ജനങ്ങള്‍ ആദ്യം ആക്രമിച്ചത് പുരോഹിതന്മാരെയാണ്. ക്രിസ്തുവിനോടോ ക്രിസ്തുമതത്തോടോ ഉള്ള വിരോധം കൊണ്ടല്ല, ഫ്രാന്‍സിലെ ജനങ്ങളുടെ സമ്പത്ത് മതത്തിന്റെ പേരില്‍ കൊള്ളയടിച്ച് റോമിലേക്ക് കൊണ്ടുപോകാന്‍ ഏജന്റുമാരായി വര്‍ത്തിച്ച പുരോഹിതന്മാരോടുള്ള ശത്രുതകൊണ്ടാണ് ജനങ്ങള്‍ അവരെ മരത്തില്‍ കെട്ടിത്തൂക്കിയത്.
താന്‍ ഒരു സാമൂഹ്യപ്രവര്ത്തകയല്ലെന്നും യേശു പറഞ്ഞത് ചെയ്യുന്ന അനുയായി ആണെന്നും മദര്‍ തെരേസ പറഞ്ഞു. ആപേക്ഷികമായ സാമൂഹ്യബോധമല്ല, നിരപേക്ഷമായ ആദ്ധ്യാത്മികശക്തിയാണ് തന്റെ പ്രചോദനം എന്നാണ് മദര്‍ സൂചിപ്പിച്ചത്. കരുണയുടെയും സേവനത്തിന്റെയും ഈ ആത്മീയാവിഷ്കാരമാണ് യഥാര്‍ത്ഥ മതം. അല്ലാതെ ഭൗതികമായ അധികാരശക്തിയല്ല. പോപ് പയസ് രണ്ടാമന് ആഹ്വാനം ചെയ്ത കുരിശുയുദ്ധത്തില്‍ പങ്കെടുത്ത് ക്രൈസ്തവ വിശ്വാസ സംരക്ഷണത്തിനെന്ന പേരില്‍ തന്റെ അധികാരലാഭത്തിനായി ക്രൂരമായ കൂട്ടക്കൊലകള്‍ നടത്തിയ റുമാനിയന്‍ യുദ്ധപ്രഭുവായിരുന്നു വ്ളാദ് ഡ്രാക്യൂല. ഇന്നദ്ദേഹം രക്തദാഹിയായ പ്രേതപ്രഭുവായി മനുഷ്യഭാവനയില്‍ ജീവിക്കുന്നു. ഒരു പഞ്ഞിനൂല്‍ സ്വന്തമായുണ്ടെങ്കില്പ്പോലും ഒരുവന് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കയില്ല എന്നു പ്രഖ്യാപിച്ച്, തന്റെ മുന്പില് തുറന്നുകാട്ടപ്പെട്ട ഭാവിയുടെ സ്വര്ണസിംഹാസനങ്ങളെ പരിത്യജിച്ച്, ദാരിദ്ര്യത്തെയും പീഡാനുഭവത്തെയും വരിച്ച് ക്രിസ്തുവിനെ അനുഗമിച്ച് അസ്സീസ്സിയിലെ ഫ്രാന്‍സിസ് പുണ്യവാളനായി ആരാധിക്കപ്പെടുന്നു. വിശ്വാസസംരക്ഷണത്തിനും അധികാരത്തിനും വേണ്ടി ക്രിസ്തുവിന്റെ പേരില്‍ കൂട്ടക്കൊല നടത്തിയ ഡ്രാക്യൂലയല്ല, കാരുണ്യത്തിന്റെ മാര്‍ഗം പിന്തുടരുന്ന ഫ്രാന്‍സിസാണ് ക്രിസ്തുമതത്തിന്റെ യഥാര്‍ത്ഥമുഖം.
എന്നാല്‍ എന്നും എവിടെയും ഡ്രാക്യൂല പ്രഭുവിന്റെ രക്തദാഹവും അധികാരദാഹവും എല്ലാ മതങ്ങളുടെയും ഒരു വശമായിരുന്നു. രാഷ്ട്രീയാധികാരം ലക്ഷ്യമാക്കുന്ന രാജാക്കന്മാര്, ഭൂവുടമകള്‍, വ്യാപാരികള്‍, വ്യവസായികള്‍, കോര്‍പ്പറേറ്റുകള്‍ തുടങ്ങിയ ഭൗതികശക്തികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ചൂഷണത്തിനും എതിരായി ജനവികാരം ഉയരാതിരിക്കാന്‍ ആശ്രയിക്കുന്നത് മതങ്ങളെയാണ്. പക്ഷേ ഒരു മതം നിലനില്‍ക്കുന്നത് ആ മതത്തിന്റെ സാരം ഗ്രഹിക്കുകയും അതു ജീവിതത്തില്‍ പകര്‍ത്തുകയും അതിന്റെ വെളിച്ചം മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്‍കുകയും ചെയ്യുന്ന മഹാപുരുഷന്മാരിലൂടെയാണ്. ക്രിസ്തുമതത്തിന്റെ സാരാംശം നിത്യജീവനാണ്. അല്ലാതെ ഭൗതികാധികാരമല്ല. നിത്യജീവനാണ് സ്വര്‍ഗരാജ്യം. അവിടേയ്ക്കുള്ള മാര്‍ഗമാണ് കാരുണ്യം. അതുകൊണ്ടാണ് `കരുണയുടെ വാതില്‍ തുറന്നുകിടക്കട്ടെ’ എന്ന് അടപ്പൂരച്ചന് പറയുന്നത്.
ബാലചന്ദ്രന് ചുള്ളിക്കാട്
Close Window
Loading, Please Wait!
This may take a second or two.