മാറി മറിയുന്ന ഉന്നതവിദ്യാഭ്യാസം
രാജൻ ഗുരുക്കൾ
കേരളത്തെ ലോകോത്തര നിലവാരമുള്ള ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ പരിഷ്കാരങ്ങൾ, നാലുവർഷ ബിരുദ പ്രോഗ്രാമുകൾ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും കടന്നുവരവ്, അധ്യാപനരീതികളിൽ വരേണ്ട മാറ്റങ്ങൾ, ‘സ്റ്റഡി ഇൻ കേരള‘പദ്ധതിയിലൂടെ അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം ലേഖനം ചർച്ചചെയ്യുന്നു. വിജ്ഞാനസമ്പദ്‌വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ യാത്രയിൽ, ഗവേഷണത്തിനും നൈപുണ്യവികസനത്തിനും ഊന്നൽനൽകി സർവകലാശാലകളും കലാലയങ്ങളും എങ്ങനെ മാറണമെന്ന കൃത്യമായ രൂപരേഖയാണ് ഈ ലേഖനം മുന്നോട്ടു വയ്ക്കുന്നത്.
കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തിനാണ് സർക്കാർ ഏറ്റവും പ്രധാന്യം കൊടുക്കുന്നത്. ബിരുദതല ഉന്നതവിദ്യാഭ്യാസം ലോകത്തെ മികച്ച സർവകലാശാലകളിൽ നടക്കുന്ന രീതിയിൽ മാറ്റുകയാണ് ആദ്യ ലക്ഷ്യം. അവിടെയെല്ലാം നാലുവർഷമാണു ബിരുദപഠനം. അത് അധ്യയനത്തിനു പ്രാധാന്യം നൽകുന്നതും തുടർച്ചയായ മൂല്യനിർണയത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതുമാണ്. അവിടെ വിദ്യാർഥികൾ ക്ലാസ്സുമുറിയിലും ലൈബ്രറിയിലും ഇന്റർനെറ്റുവഴിയും തുടർച്ചയായ പഠനത്തിൽ ഏർപ്പെടുന്നു. കോഴ്‌സുകളുടെ ഉദ്ദിഷ്ട പഠനഫലം മുൻകൂട്ടി വിദ്യാർഥികൾ മനസ്സിലാക്കും. ഓരോ കോഴ്‌സിന്റെയും പഠനലക്ഷ്യം കൈവരിക്കാൻ കഴിയുന്നുണ്ടോ എന്ന ആത്മപരിശോധന വിദ്യാർഥികൾ നടത്തിക്കൊണ്ടിരിക്കണം. ക്ലാസ്സുമുറിയിലെ പങ്കാളിത്തത്തിൽനിന്നു ചർച്ചയിലൂടെയും അസൈന്മെന്റുകൾവഴിയും പഠനപുരോഗതി അധ്യാപകർ വിലയിരുത്തും. ഒടുവിൽ പരീക്ഷയും മൂല്യനിർണയവും വഴി സർവകലാശാലയും. അങ്ങനെ പഠിച്ചാണ് വിദ്യാർഥികൾ കഴിവുള്ള ബിരുദധാരികളായി മാറുന്നത്. ഗുണനിലവാരം മെച്ചപ്പെടുത്താൻ അതേ വഴിയുള്ളൂ. അതിലേക്കുള്ള ചുവടുവയ്പാണ് നാലുവർഷ ബിരുദപഠനം.
മൂന്നുവർഷ ബിരുദം മാറി നാലുവർഷ സമ്പ്രദായം നടന്നുവരികയാണല്ലൊ. നിലവിലുള്ളതിനെ അതുപോലെ ഒരുവർഷം നീട്ടുകയല്ല ആകെ മാറ്റുകയാണ് ലക്ഷ്യമെന്നും വലിയൊരു മാറ്റമായി അതിനെ കാണണമെന്നും നാം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെങ്കിലും നമ്മുടെ സിസ്റ്റം ഇനിയും മാറിയിട്ടില്ല. പരീക്ഷയ്ക്കുവേണ്ടിയുള്ള പഠിപ്പിക്കലോ പരീക്ഷമാത്രം മുമ്പിൽക്കണ്ടുള്ള പഠിക്കലോ ഇനി ഉണ്ടാവരുത് എന്നാണ് ഉദ്ദേശിച്ചിരുന്നത്. അതുപോലെ, പരീക്ഷയെത്താറാവുമ്പോൾ മാത്രം ഒരുമിച്ചു കുറേ കാര്യങ്ങൾ ഓർത്തുവയ്ക്കുകയും അതുകഴിഞ്ഞാൽ എല്ലാം മറക്കുകയും ചെയ്യുന്ന പതിവു പോരാ. പഠിക്കൽ ഓർത്തുവയ്ക്കലല്ലല്ലൊ. മനസ്സിലാക്കലാണ്. അത് അറിവ് സിദ്ധാന്തരൂപത്തിൽ ആർജിക്കലും അറിവിനെ ചിന്താ പ്രക്രിയയായി തിരിച്ചറിയലുമാണ്. അപ്പോഴാണ് അറിവിന്റെ പ്രയോഗം അറിയുക. അറിവു പ്രയോഗിക്കാൻ കഴിയുമ്പോഴേ പഠിച്ചത് മനസ്സിലായെന്നുറപ്പിക്കാനാവൂ. അതു പരീക്ഷിക്കുന്നതരം പരീക്ഷവേണം. അതിനു പറ്റിയ ചോദ്യങ്ങൾ തയാറാക്കണം. പക്ഷേ, പരീക്ഷാരീതി ഇനിയും പൂർണമായി മാറിയിട്ടില്ല. സർവകലാശാല വഴി കേന്ദ്രിതസ്വഭാവത്തിൽ നടത്തുന്ന പരീക്ഷതന്നെ തുടരുകയാണ്. അധ്യാപകർ നിരന്തരം നടത്തുന്ന നിരീക്ഷണവും തുടർച്ചയായ വിലയിരുത്തലും ആവണം പ്രധാനം. അധ്യാപകരെ വിശ്വസിച്ചും പൂർണ ഉത്തരവാദിത്വമേല്പിച്ചുമാണ് പഠനവും മൂല്യനിർണയവും നടക്കേണ്ടത്. ആരെയും വിശ്വാസമില്ലാത്ത ബ്രിട്ടീഷ് രീതി തന്നെയാണിപ്പോഴും. വിശ്വാസ്യത ഉറപ്പു വരുത്തുന്നതിൽ അധ്യാപകർ പ്രതിജ്ഞാബദ്ധരായിരിക്കുകയും വേണം.
അറിവിന്റെ പ്രവാഹം
ഓരോ വിഷയവും അറിവിന്റെ മഹാ പ്രവാഹമാണ്. അറിയൽ ആ പ്രവാഹത്തോടൊപ്പം ഒഴുകലല്ല. ഒഴുക്കിനെതിരെ പിടിച്ചുനിൽക്കലാണ്. മുങ്ങിയും പൊങ്ങിയും മുഖാമുഖം ഒഴുക്കിനെ നേരിട്ടുകൊണ്ടുള്ള പിടിച്ചു നിൽപ്പ്. വെറുതേ ഒഴുകിപ്പോയാൽ ഒഴുക്കിന്റെ ഊക്കറിയാനാവില്ല. അതിനെ നേരിടണം. അവർക്കേ അവരുടെ വഴിക്കു നീന്തിക്കയറാനാവൂ. വിഷയത്തിന്റെ സ്ഥിതിയും ഗതിയും മനസ്സിലാവണമെങ്കിൽ അങ്ങനെ സ്വയം നീന്തിക്കയറിയണം. ശ്വാസം മുട്ടിയും വെള്ളം കുടിച്ചും ഒഴുക്കിൽ പിടിച്ചു നിൽക്കാൻ പലർക്കും പാടുപെടേണ്ടിവരും. ആ കഷ്ടപ്പാടിൽ അവർക്കു വേണ്ടതൊരുകൈത്താങ്ങാണ്. അതിൽ കൂടുതലൊന്നും അധ്യാപകർ നൽകേണ്ടതില്ല. അധ്യാപകർ ഓരോവിഷയത്തിന്റെയും ഒഴുക്കിൽ നീന്തി തഴക്കം വന്നവരായിരിക്കണം. അവർ വലിയ ഒഴുക്കിൽ നീന്തിക്കാണിക്കണം. ക്ലാസ്സുകൾ പണ്ഡിതോചിതമായിരിക്കണമെന്നും സ്പൂണിൽ കോരിക്കുടുപ്പിക്കലാവരുതെന്നും ചുരുക്കം.
ഇലക്‌ട്രോണിക് ഉപാധികൾ
പലതരം ആപ്പുകൾ, കൺസെപ്റ്റ് മാപ്പുകൾ, മൈൻഡ് മാപ്പുകൾ, ഇൻഫോഗ്രാഫുകൾ, ഇൻപുട്ട് ടെക്സ്റ്റുകൾ, ഇലക്‌ട്രോണിക് ഫയലുകൾ, ഇമേജുകൾ, മൾട്ടി മീഡിയ ബ്ലോഗ് എൻട്രികൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ഹൈപ്പർലിങ്കുകൾ അങ്ങനെ പലതും. നാഷണൽ മിഷൻ ഓൺ എഡ്യൂക്കേഷൻ ത്രൂ ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്‌നോളജി (NMEICT), നാഷണൽ പ്രോഗ്രാം ഓൺ ടെക്‌നോളജി എൻഹാൻസിഡ് ലേണിങ് (NPTEL) തുടങ്ങിയവ ഈ മേഖലയെ ദേശീയതലത്തിൽ പുഷ്ടിപ്പെടുത്തുന്നുണ്ട്. ഡിജിറ്റൽ ലൈബ്രറി പോലുള്ള ഓപ്പൺ എജ്യുക്കേഷണൽ റിസോഴ്‌സുകളും ഇഷ്ടമുള്ളതു സ്വതന്ത്രമായി പഠിക്കാൻ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്സും (MOOC) മറ്റും ലഭ്യമാണ്. പാഡ്‌ലെറ്റ്, മിറോ, വിംസിക്കൽ മുതലായവ പോലുള്ള പ്രവർത്തന പ്ലാറ്റ്‌ഫോമുകൾ ഫലപ്രദമായ വെർച്വൽ വർക്ക്‌സ്‌പെയ്‌സുകൾ എന്നിവ വേറെയും. ജനറേറ്റീവ് AI powered ഇന്ററാക്ടിവ് ടൂളുകൾ ഉപയോഗിക്കാൻ ഇന്ന് വിദ്യാർഥികളിൽ പലർക്കും അറിയാം. പക്ഷേ, അതു കുറുക്കുവഴികളാക്കരുത്.
ഇത്തരം ഇന്ററാക്ടിവ് ടൂളുകൾക്ക് പരിമിതികളുണ്ട്. അവ പലതെറ്റുകൾ വരുത്തും. വിദ്യാർഥികൾ തെറ്റുകൾ ആവർത്തിക്കുന്നത് തടയാൻ പണ്ഡിതരായ അധ്യാപകർക്ക് കഴിയും. അവർ ഇന്ററാക്ടിവ് ടൂളുകൾ ടൂൾ തുറന്നുവച്ചു ക്ലാസ്സെടുക്കണം. കുട്ടികൾ chatGPT പോലുള്ള ടൂളുകളോട് ചോദ്യങ്ങൾ ചോദിക്കുന്നതും അവർക്കു ലഭിക്കുന്ന ഉത്തരങ്ങളുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാട്ടി വിമർശനാത്മകവും സർഗാത്മകവുമായി ക്ലാസ്സെടുക്കാൻ അധ്യാപകർക്ക് കഴിയണം.
ഇവ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിദ്യാർഥികൾക്ക് വേണ്ട കഴിവുകൾ വികസിപ്പിക്കാൻ പോന്നവയാണ്. ഇതിലൊക്കെ വിദ്യാർഥികളെ പ്രാപ്തരാക്കലാണ് ഇനി അധ്യാപകരുടെ ഒരു പ്രധാന ഉത്തരവാദിത്വം. ഡിജിറ്റൽ ഉപാധികൾ ഉപയോഗിക്കാൻ അധ്യാപകർ ആദ്യം പ്രാപ്തരായിരിക്കണം എന്നർത്ഥം. വിദ്യാർഥികൾക്ക് സ്വയം പഠിക്കാവുന്ന ടോപ്പിക്കുകളിൽ പ്രസംഗം നടത്തി സമയം പാഴാക്കുന്നതിനു പകരം അധ്യാപകർ ഇത്തരം കാര്യങ്ങളിൽ സഹായിക്കുകയാണു പുതിയ രീതി. വെറും പ്രസംഗ സമയം വർക്ക്ലോഡായി കണക്കാക്കുന്ന പഴയ നിയമം മാറും. വിദ്യാർഥികളുടെ പഠന പ്രക്രിയയിൽ പരമാവധി ഫീഡ്‌ബാക്ക് നൽകുന്നതിന് അധ്യാപകർ ഇനി ഒരുപാട് സമയം ചിലവഴിക്കേണ്ടതുണ്ട്. സങ്കീർണ വിഷയങ്ങളിൽ പണ്ഡിതോചിത പ്രഭാഷണം തയാറാക്കുന്നതിനും സമയത്തിന്റെ നല്ലൊരു ഭാഗം ഇനി അധ്യാപകർ ഉപയോഗിക്കേണ്ടിവരും.
ഡിജിറ്റൽ സാങ്കേതിക വിദ്യകൾ
ഉന്നതവിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും സഹകരിച്ചുകൊണ്ട് രണ്ടുവർഷമായി ഈ മേഖലയിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ കോളേജുകളെയും ഇതിനു പ്രാപ്തമാക്കുന്ന ഡിജിക്കോൾ എന്ന പദ്ധതി ഒന്നരവർഷം മുമ്പാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തത്. ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ വികാസം സർവകലാശാലകളെയും കോളേജുകളെയും ഇആർപി (എന്റർപ്രൈസ് റിസോഴ്സ് പ്ലാനിംഗ്) ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംരംഭക സ്ഥാപനങ്ങളാക്കി വരുകയാണ്. സ്ഥാപനങ്ങളുടെ സേവനശേഷി മെച്ചപ്പെടുത്തുന്നതിനും അധ്യയന അധ്യാപന പ്രക്രിയകളിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനും സ്ഥാപനസമൂഹത്തിന്റെ മുഴുവനും കൃത്യനിഷ്ഠവും സമയബന്ധിതവും ഫലപ്രദവുമാക്കുന്നതിനു ഇതു സഹായിക്കും. ഇതൊരു വ്യവസായ സ്വഭാവമല്ലേ എന്നു പുരികം ചുളിക്കാം. പക്ഷേ, കാലഘട്ടം അതാണ്. വിമർശോന്മുഖ ചിന്തവളർത്താനല്ലാതെ എല്ലാവരെയും റാഡിക്കലൈസുചെയ്യാൻ വിദ്യാഭ്യാസനയത്തിനു കഴിയില്ല. അധികാരവുമില്ല. ഡിജിറ്റൽ സങ്കേതവും ഉപാധികളും കുട്ടികളുടെ ആഴത്തിലുള്ള പഠനം എളുപ്പമാക്കുകയാണെന്ന കാര്യത്തിൽ സംശയമില്ല. ത്രിമാന എആർ, വിആർ ഹെഡ്‌സെറ്റുകളും സോഫ്റ്റ്‌വെയർ സൊല്യൂഷനുമുള്ള സിംലാബും വെർച്വൽ ലാബും സ്വതന്ത്ര ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ വിദ്യാഭ്യാസവും ജോലിസാധ്യതയുള്ള കഴിവുകൾ നേടാനും സഹായകമാണ്. സാങ്കേതികവിദ്യകളുടെ ജനായത്തവൽക്കരണത്തിനു വേഗം കൂട്ടാം. സർക്കാർ ചെയ്യുന്നത് അതാണ്. ഇന്റർനെറ്റ് പൗരാവകാശമാക്കി. കെ-ഫോൺ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. കെ-റീപ്പ് പദ്ധതി മുന്നേറുന്നുണ്ട് .
ഓരോ സ്ഥാപനവും LMS-ന്റെ ഭാഗമായി ലേണിംഗ് പ്ലാൻ വികസിപ്പിക്കേണ്ടതുണ്ട്. സ്ഥാപനങ്ങൾ, താൽപ്പര്യമുള്ള കമ്മ്യൂണിറ്റികൾ, ടീമുകൾ, വ്യക്തികൾ എന്നിവർ പഠനസഹായികളായി കണ്ണി ചേർക്കപ്പെടുന്നതിനുതകുന്നതായിരിക്കണം ലേണിംഗ് പ്ലാൻ. വിഷയങ്ങൾക്കുള്ള ഉറവിടങ്ങൾ ഓൺലൈനിലും കാമ്പസ് മോഡുകളിലും കൈകാര്യം ചെയ്യേണ്ടത് എൽഎംഎസ് (LMS) വഴിയാണ്. ഓൺലൈൻ പഠനങ്ങൾക്കുള്ള നിർദേശങ്ങൾ എൽഎംഎസ്സിൽ പോസ്റ്റ് ചെയ്യുകയും ഓൺലൈനിലും മുഖാമുഖ പഠനത്തിലും അത് പ്രതിഫലിക്കുകയും വേണം . LMS അധ്യാപന-പഠന പ്രവർത്തനങ്ങളുടെ ഫെസിലിറ്റേറ്റർ മാത്രമല്ല, മൂല്യനിർണയം സുതാര്യമാക്കുന്ന രേഖകൂടിയാണ്.ഇത്തരം എല്ലാ പ്രവർത്തനങ്ങളെയും അധ്യാപന പഠന സമയമായി കണക്കാക്കണമെന്നാണു നിർദേശം.
അധ്യാപകരുടെ ജോലിഭാരം
പുതിയ രീതി വരുന്നതോടെയും ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമാവുന്നതോടെയും അധ്യാപകർക്കു ജോലിപോകുമെന്ന ഭയമുണ്ട്. കാര്യമറിയാതെയും കടമകളറിയാതെയും ഉള്ള ഭയമാണത്. ജോലിഭാരം കൂടുമെന്ന തോന്നലും ചിലർക്കുണ്ട്. ശരിയാണ്. അദ്ധ്വാനഭാരം വർധിക്കും. പുതിയ രീതി ഫലപ്രദമാവണമെങ്കിൽ അധ്യാപകർ ധാരാളം വേണം. അതു സർക്കാറിനറിയാം. സെമസ്റ്റർ രീതി കൊണ്ടുവന്നപ്പോൾ സർക്കാർ 1400 -ഓളം പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ചല്ലൊ. ഇപ്പോഴും അതുവേണ്ടിവരും. പക്ഷേ, പുതിയ രീതി ആദ്യം അധ്യാപകർ നടപ്പാക്കിത്തുടങ്ങണം. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അധ്യാപനവും പണ്ഡിതോചിത ക്ലാസ്സുകൾ തയാറാക്കലും LMS ന് ആവശ്യമായ മറ്റു വസ്തുതകൾ ശേഖരിക്കലും അപ്‌ലോഡ് ചെയ്യലുമൊക്കെ പുതിയ അദ്ധ്വാനമായി അനുഭവപ്പെടും. അതൊക്കെ കണക്കിലെടുത്തു പുതിയ വർക്ക്‌ലോഡ് നിയമം ഉണ്ടാക്കേണ്ടത് അടിയന്തരാവശ്യമാണ്. അധ്യാപകർക്കു പ്രസംഗരൂപത്തിലുള്ള വൃഥാവ്യായാമം നിർത്തി അദ്ധ്വാനഭാരം കുറയ്ക്കാം. അദ്ധ്വാനിച്ചു ശീലമില്ലാത്ത വിദ്യാർഥികൾക്ക് ഇതോടെ പഠനം കഠിനാദ്ധ്വാനമാണെന്നു തിരിച്ചറിയാം. ഇനി ഗ്രെയ്‌സ് മാർക്കും മോഡറേഷനും വെറുതേ മാർക്കിടലും നടക്കില്ല. പഠിച്ചു സ്വന്തം കഴിവിനു മാറ്റുകൂട്ടുകയേ വഴിയുള്ളൂ. അധ്യാപകരുടെ. ജോലിഭാരം കുറയ്ക്കുന്ന മൂല്യനിർണയം വരും. കേന്ദ്രീകൃത മൂല്യനിർണയത്തിനായി പ്രൊക്റ്റേർഡ് എക്സാമിനേഷൻ സൊല്യൂഷനുകളാണ് നിർദേശിച്ചിട്ടുള്ളത്. അല്ലാത്തപക്ഷം എല്ലാ വിഷയങ്ങൾക്കും ഓൺലൈൻ മൂല്യനിർണയ രീതി ഉപയോഗിക്കണമെന്നുണ്ട്. ഒരു തുടർച്ചയായ പ്രക്രിയ എന്ന നിലയിലുള്ള മൂല്യനിർണയത്തിനാണ് ഊന്നൽ നൽകുന്നത്. വിദ്യാർഥി കേന്ദ്രിതവും കഴിവ് അടിസ്ഥാനമാക്കിയുള്ളതുമായ സമഗ്ര മൂല്യനിർണയ സംവിധാനം വരും.
ലോക ഉന്നതവിദ്യാഭ്യാസ ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ ഉതകുന്ന വിധം പഴയ രീതി പരിഷ്കരിക്കുകയും കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയും ചെയ്യാൻ പര്യാപ്തമായ അധ്യാപന അധ്യയന രീതികൾ സ്വീകരിക്കുക എന്നതാണ് ഒരുദശകത്തോളമായി സർക്കാർ പിന്തുടരുന്ന നയം. നാലുവർഷ ബിരുദപദ്ധതി പ്രാവർത്തികമാക്കിയതോടെ അതിനു തുടക്കം കുറിച്ചിരിക്കുന്നു.
എന്താണ് കേരളത്തിൽ പഠിക്കുക എന്ന പദ്ധതി ?
അന്താരാഷ്ട്രവൽക്കരണത്തിനു കേരളത്തിൽ പഠിക്കുക എന്ന പ്രത്യേകപദ്ധതി തന്നെ ആരംഭിച്ചിട്ടുണ്ട്. ദേശത്തും വിദേശത്തുമുള്ള വിദ്യാർഥികളെ ആകർഷിക്കാൻ കാലികപ്രധാന അറിവും പ്രയോഗശേഷിയും പകരുന്ന ചെറുതും വലുതുമായ നൂതന പഠനപ്രോഗ്രാമുകൾ ആരംഭിച്ചുകൊണ്ട് നമ്മുടെ സർവകലാശാലകളിലേക്കും കോളേജുകളിലേക്കും വിദേശവിദ്യാർഥികളെ ആകർഷിക്കുന്ന പദ്ധതിയാണിത്. കേരളത്തിൽ പഠിക്കുക എന്ന ആശയം അന്താരാഷ്ട്രതലത്തിൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. അതിന്റെ ഭാഗമായി നാനാവിഷയസമന്വയത്തിലൂന്നുന്ന ബിരുദപഠനവും വിഷയാന്തര ഗവേഷണവും സാർവജനീനമാക്കും. ഇതുവരെ ചുരുക്കം ചില പഠനമേഖലകൾക്കേ അന്താരാഷ്ട്രവിദ്യാർഥികളുടെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതു നാനാപഠനമേഖലകളിലേക്കു വ്യാപിപ്പിക്കുകയാണ്.
അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവ്വേ 2020 -21 കാണിക്കുന്നത് കർണാടകത്തിൽ 8137 ഉം തമിഴ്‌നാട്ടിൽ 3685 ഉം വിദേശ വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽനിന്ന് പഠനത്തിനായി എത്തിയത്. എന്നാൽ, കേരളത്തിൽ എത്തിയത് 266 വിദ്യാർഥികൾ മാത്രമാണ്. അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിക്കേണ്ടതിന്റെ പ്രാധാന്യം സംസ്ഥാനസർക്കാർ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. വിജ്ഞാനസമ്പദ് വ്യവസ്ഥയിൽ അതിന്റെ പ്രാധാന്യം വളരെ വലുതാണ്. 2022 ജൂലായ് മാസത്തിൽ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ആഗോളതലത്തിൽ വിദ്യാർഥികളെ ഇങ്ങോട്ടാകാർഷിക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് പറഞ്ഞിട്ടുണ്ട്.
ഉന്നതവിദ്യാഭ്യാസ അന്താരാഷ്ട്രവൽക്കരണത്തിന് ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വലിയ സാധ്യതകളുണ്ട് കേരളത്തിൽ. അനുകൂല ഘടകങ്ങൾ പലതുണ്ട്. ഭൂമിശാസ്ത്രപരമായ കിടപ്പും മനോഹരമായ ഭൂപ്രകൃതിയും വിദേശീയർ കൊതിക്കുന്ന കാലാവസ്ഥയും പോലുള്ള പാരിസ്ഥിതിക സവിശേഷതകളും മാത്രമല്ല കുറഞ്ഞ ചിലവിൽ അധുനാതനവും പരമ്പരാഗതവുമായ ചികത്സാ സൗകര്യവും മികച്ച ജീവൻ സുരക്ഷയും ഉള്ള പ്രദേശമാണ് കേരളം. ഇവയ്ക്കു പുറമേ ബഹുവിഷയസമന്വയത്തിലൂടെ കാലിക പ്രധാനവും പ്രായോഗക്ഷമവും ആഗോള പ്രസക്തവുമായ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ ഡിസൈൻ ചെയ്യണം. അന്താരാഷ്‌ട്ര സർവകലാശാലകളുമായി ചേർന്നുള്ള പ്രോഗ്രാമുകളും വേണം. വിഷയാന്തര വിഷയാതീത ഗവേഷണ സംരംഭങ്ങളും വിജ്ഞാനവിവർത്തന പദ്ധതികളും ആസൂത്രണം ചെയ്യണം. മെഡിക്കൽ മേഖലയിലാണത്തരം പദ്ധതികൾക്കു വലിയ സാധ്യതകളുള്ളത്. അവവികസിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഇപ്പോൾ യു എസ്സ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പല വിദേശരാജ്യങ്ങളിൽ പഠിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്നവരെ ചില ഹ്രസ്വകാല കോഴ്‌സുകൾ വഴി നമ്മുടെ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയും. അവരുടെ സമ്പർക്കം ഉപയോഗപ്പെടുത്തി നമ്മുടെ സവിശേഷ ദീർഘകാല പ്രോഗ്രാമുകൾക്കും ധാരാളം പേരെ ആകർഷിക്കാൻ കഴിയും. ധാരാളം പ്രവാസികളുള്ള സംസ്ഥാനമെന്ന നിലയിൽ അവർക്കാവശ്യമായ ഹ്രസ്വകാല കോഴ്‌സുകൾ ഡിസൈൻ ചെയ്യേണ്ടതുണ്ട്. ഇവിടത്തെ പ്രോഗ്രാമുകൾ ഫലപ്രദമാണെന്നു ബോധ്യമായാൽ വിദേശങ്ങളിൽനിന്നുള്ള വിദ്യാർഥികൾ ധാരാളമായി ഇങ്ങോട്ടുവരും. ലോകത്തെവിടെയുമുള്ള വിദ്യാർഥികൾക്കാവശ്യമുള്ള മിക്കവാറും പ്രോഗ്രാമുകൾ താരതമ്യേന കുറഞ്ഞ ഫീസിൽ ഇവിടെ ലഭ്യമാക്കാനാവും. പഠന ചിലവു കുറവും തൊഴിൽസാധ്യത കൂടുതലുമുള്ള രാജ്യങ്ങളിലേക്കാണു വിദ്യാർഥികൾ ധാരാളമായി പോവുന്നത്.
വലിയ സാധ്യതകൾ
മികവുറ്റ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുപ്രധാന ലക്ഷണങ്ങളായ ക്രിട്ടിക്കൽ മാസും വൈവിധ്യവും ശക്തിപ്പെടുത്താൻ കേരളത്തിൽ പഠിക്കുക എന്ന പദ്ധതി സഹായിക്കും. ഉന്നതവിദ്യാഭ്യാസ അന്താരാഷ്ട്രവൽക്കരണത്തിന് ഇനിയും വേണ്ടത്ര പ്രയോജനപ്പെടുത്തിയിട്ടില്ലാത്ത വലിയ സാധ്യതകളുണ്ട് കേരളത്തിൽ. ഇതുവരെ ചുരുക്കം ചില പഠനമേഖലകൾക്കേ അന്താരാഷ്ട്രവിദ്യാർഥികളുടെ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ. അതു നാനാപഠനമേഖലകളിലേക്കു വ്യാപിപ്പിക്കണം. ആസൂത്രിതവും ചിട്ടപ്പെടുത്തപ്പെട്ടതുമായ ഒരു ബഹുമുഖ പദ്ധതി അതിനാവശ്യമാണ്. ദേശത്തിന്റെ നാനാഭാഗത്തുനിന്നും വിദേശത്തുനിന്നുമുള്ള വിദ്യാർഥികൾ ധാരാളമായി വരുന്നത് കാമ്പസുകളെ സാംസ്കാരിക വൈവിധ്യമുള്ളതാക്കും. കാമ്പസുകൾ വിദ്യാർഥികളെ ആഗോള സമൂഹത്തിന്റെ ഭാഗമാവാൻ അതുസഹായിക്കും. വിനോദ സഞ്ചാരം വിജ്ഞാന സമ്പാദനത്തിനുകൂടിയാണിത് . അതുകൊണ്ട്, പഠനം ഇനി കേരളത്തിൽ എന്ന പദ്ധതി വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ദൃശ്യപരത നൽകും. ഇതൊക്കെ സംസ്ഥാനത്തിന്റെ സാമ്പത്തികവളർച്ചയെ കാര്യമായി സഹായിക്കും.
കേരളത്തിൽ പഠിക്കുക എന്ന പദ്ധതി വളരെയധികം മുമ്പോട്ടു പോയിരിക്കുന്നു. ഇവിടെ പഠിക്കാനെത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി വർധിച്ചിട്ടുണ്ട്. ഹ്രസ്വകാല കോഴ്‌സുകൾ ആവശ്യമുള്ള സഞ്ചാരി വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള പദ്ധതി പുരോഗമിച്ചുവരുന്നു. യൂറോപ്യൻ രാജ്യങ്ങളിലും യു എസ്സ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശരാജ്യങ്ങളിലും പഠിക്കുന്നവർക്കിടയിൽ ഹ്രസ്വകാല സ്വാശ്രയ കോഴ്‌സുകൾക്കു വലിയ ഡിമാന്റാണ്. ഗഹനമായ പഠനത്തിനു മുന്നോടിയായോ കരുവായോ തൊഴിൽപരമായോ പരിചയപ്പെട്ടിരിക്കേണ്ട പ്രമേയങ്ങളിൽ രണ്ടാഴ്ചയോ ഒരുമാസമോ നീണ്ടുനിൽക്കുന്ന നൂതന കോഴ്‌സുകളാണവർക്കാവശ്യം. അപരിചിത ചുറ്റുപാടുകൾ, സമൂഹം, സംസ്കൃതി, ജീവിതം തുടങ്ങിയവയിൽ നേരിട്ടുള്ള അറിവു വേണ്ട സന്ദർഭങ്ങളുണ്ട്. ബിരുദാനന്തര പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും അങ്ങനെയുള്ള അറിവുവേണ്ടിവരും. അവ ക്രഡിറ്റുകൾ ഉള്ളതോ അല്ലാത്തതോ ആയ കോഴ്‌സുകൾ വഴി നേടാൻ ആഗ്രഹിക്കുന്നവർ പല സർവകലാശാലകളിലും ഓരോരോ വിഷയങ്ങൾ കൈകാര്യംചെയ്യുന്ന അധ്യാപകരുടെ കീഴിലുണ്ട്. അവരെ നെറ്റ്‌വർക്കിലൂടെ ബന്ധപ്പെടാൻ വേണ്ട സാങ്കേതികസൗകര്യം സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്തത് ദീർഘകാല പ്രോഗ്രാമുകൾ ചെയ്യാൻ ആഫ്രിക്കൻ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്ന് ഏറെ വിദ്യാർഥികൾ എത്തുന്നുണ്ട്. ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പഠനത്തിനായി അവർക്കുവേണ്ട പ്രോഗ്രാമുകൾ ഇവിടെ ധാരാളമാണ്. അത്തരം രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനം നല്ലനിലയിൽ പുരോഗമിച്ചിരിക്കുന്നു. ആവശ്യമായ വിവരങ്ങൾ നൽകാൻ വേണ്ട പ്രചാരണ സംവിധാനം വികസിപ്പിച്ചിട്ടുണ്ട് .
വിദ്യാർഥികൾ തമ്മിൽ സമ്പർക്കവും സൗഹൃദവും തുളുമ്പുന്ന അരങ്ങുകളുള്ള സ്ഥാപനങ്ങൾ ക്രോസ് കൾച്ചറൽ കരിക്കുലം നല്ല പാർപ്പിടം ഇഷ്ടമുള്ള ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സൗകര്യം ആവശ്യമായ വിവരം തരുന്ന വെബ്‌സൈറ്റുകൾ വിദേശസ്ഥാപനങ്ങളിൽ മുൻ പരിചയമുള്ള അധ്യാപകർ പ്രവൃത്തി പരിചയം നേടാനുള്ള അനുവാദം ഭിന്നശേഷി സൗഹൃദ കാമ്പസ്സ് തുടങ്ങിയ സംഗതികളാണ് അന്യരാജ്യത്തുനിന്നുള്ള വിദ്യാർഥികളെ ആകർഷിക്കുന്ന ഘടകങ്ങൾ.
അപൂർവ സർക്കാർ പദ്ധതികൾ
ഉന്നതവിദ്യാഭ്യാസം മികവുറ്റതാക്കാൻ ഗവണ്മെന്റ് ഇതിനകം അനേകം പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. തുടർച്ചയായി മികവു തെളിയിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അണ്ടർ ഗ്രാജ്യൂവെറ്റ് തലം തൊട്ട് ബിരുദദാനന്തര പഠനംവരെ നൽകുന്ന മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ് 2009 മുതൽ തുടർന്നുവരുന്നു. ഇത്രയധികം പേർക്കു സ്കോളർഷിപ്പുലഭിക്കുന്ന ഒരുപദ്ധതി വേറൊരു സംസ്ഥാനത്തുമില്ല. അതുപോലെ ഗവേഷണ പഠനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള കൈരളി അവാർഡുകൾ കേരളത്തിൽ മാത്രം ഉള്ളവയാണ്. കൈരളി ലൈഫ്ടൈം അച്ചീവ്മെന്റ് ഗ്ലോബൽ പ്രൈസ്, ലൈഫ്ടൈം അച്ചീവ്മെന്റ് നാഷണൽ അവാർഡ്, ഗവേഷണ പുരസ്കാരം, ഗവേഷക പുരസ്കാരം എന്നിങ്ങനെയുള്ള അവാർഡുകൾ കഴിഞ്ഞ മൂന്നു വർഷമായി നൽകിവരുന്നു. ഗവേഷണത്തെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള പദ്ധതിയാണ് മികവിന്റെ മുപ്പതു കേന്ദ്രങ്ങൾ എന്ന പദ്ധതി. ഇരുപതോളം കേന്ദ്രങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു.
കേരളസർവകലാശാലാ കാമ്പസിലെ ആസ്ട്രോ ഫിസിക്സ് താണു പത്മനാഭൻ കേന്ദ്രം, കൊച്ചിസർവകലാശാലയിലെ ന്യൂറോ ഡീജനറേഷൻ പഠനകേന്ദ്രം, മഹാത്മാഗാന്ധി സർവകലാശാലയിലെ അന്താരാഷ്ട്ര നാനോടെക്‌നോളജി പഠനകേന്ദ്രം, ഇൻസ്ട്രുമെന്റേഷൻ കേന്ദ്രം, ആനിമൽ സയൻസ് സർവകലാശാലയിലെ വൺ ഹെൽത്ത് പഠനകേന്ദ്രം, കോഴിക്കോട് സ്ഥിതി ചെയ്യുന്ന കേരള മാത്തമാറ്റിക്സ് പഠന കേന്ദ്രം എന്നിവയാണ് ഏതാനും ഉദാഹരണങ്ങൾ.
എറുഡൈറ്റ് സ്കോളർ ഇൻ റെസിഡൻസ് പദ്ധതി
നമ്മുടെ വിദ്യാർഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും ആത്മവിശ്വാസവും പ്രചോദനവും പകരുന്നതിനായി ആരംഭിച്ച പദ്ധതിയാണു നൊബേൽ ലോറേറ്റുകളെ ക്ഷണിച്ചുവരുത്തുന്ന പദ്ധതി. ഇതിനകം പതിനാറോളം നൊബേൽ ലോറേറ്റുകളും അതുപോലെ പ്രഗത്ഭരായ മറ്റനേകം പേരും ഇതിനകം കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ വന്നിട്ടുണ്ട്.
ബ്രെയിൻ ഡ്രെയിൻ വഴി നമുക്ക് നഷ്ടപ്പെട്ടു പോയവരെ തൽക്കാലത്തേക്കു കൊണ്ടുവരാനുള്ള ബ്രെയിൻ ഗെയിൻ സ്‌കീം ഉന്നതവിദ്യാഭ്യാസ കൗൺസിൽ വഴി നാം നടപ്പാക്കി വരുന്നുണ്ട്. അതുപോലെ നൊബേൽ ജേതാക്കളെ ക്ഷണിച്ചുവരുത്തി നമ്മുടെ ഗവേഷകർക്ക് അവരുമായി ഇടപഴകാനും ആത്മവിശ്വാസം വർധിപ്പിക്കാനും സഹായിക്കുന്ന സ്കോളർ-ഇൻ-റസിഡൻസ് സ്‌കീമും കൗൺസിൽവഴി നടത്തിവരുന്നുണ്ട്. ഇതൊക്കെ ഇന്ത്യയിൽ വേറൊരിടത്തും ഇല്ലാത്ത സ്കീമുകളാണ്.
ചീഫ് മിനിസ്റ്റർ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
ഗവേഷണമേഖലയിൽ ലോകനിലവാരത്തോടോപ്പമെത്താൻ കേരളത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ, മലയാളികൾ ഒട്ടും പിന്നിലല്ലതാനും. രാജ്യത്തുമാത്രമല്ല ലോകമെങ്ങുമുള്ള പ്രഗത്ഭ ഗവേഷകരിലെല്ലാം മലയാളികളുണ്ട്. ഏതുവിഷയമെടുത്താലും ഗവേഷകരിൽ മലയാളികളില്ലാതിരിക്കില്ല. ദേശീയ അന്തർദേശീയ തലത്തിലുള്ള മികവുറ്റ ഗവേഷണ പഠനസ്ഥാപനങ്ങളിളെല്ലാം പഠിതാക്കളായും പരിശീലകരായും മലയാളികളെ കാണാം. പല ഗവേഷകസംഘങ്ങളുടെയും തലപ്പത്ത് അവരാണുള്ളത്. നൊബേൽ ജേതാക്കൾ നയിക്കുന്ന ടീമുകളിൽപ്പോലും നിർണായക പദവികളിൽ മലയാളികളുണ്ട്. നമ്മുടെ അക്കാദമിക് പ്രതിഭാശാലികളേറെയും രാജ്യത്തിനു പുറത്താണ്. പുറം രാജ്യങ്ങളിലെത്തുമ്പോഴാണ് മലയാളികൾ പ്രതിഭ തെളിയിക്കുന്നത്. ഇൻ ഹൌസ് എക്സലൻസ് നമുക്ക് സാധ്യമാവണം. അതിനായി ചീഫ് മിനിസ്റ്ററുടെ പേരിൽ നവകേരള പോസ്റ്റു ഡോക്ടോറൽ ഫെലോഷിപ്പുകൾ ഏർപ്പെടുത്തിയിരിക്കുന്നു.
സ്കോളർ കണക്ട്
സ്കോളർ കണക്ട് ആപ്പ് തയാറായിക്കഴിഞ്ഞു. പുറത്തു ഉന്നതവിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്‌ദ്ധരെ നെറ്റ്‌വർക്കിലൂടെ ബന്ധപ്പെടാൻ സഹായിക്കുന്ന ആപ്പ് ആണിത്.
ഗവേഷണഫലം ജനോപകാരപ്രദമായി മാറണം. ഗവേഷണംവഴി സൃഷ്ടിക്കപ്പെടുന്ന വിജ്ഞാനത്തെ നേരിട്ട് പ്രയോഗവും പ്രയോജനവും ഉല്പന്നങ്ങളും ആക്കി മാറ്റാൻ കഴിയണം. അതാണ് നോളജ് ട്രാൻസ്ലേഷൻ അഥവാ ജ്ഞാനവിവർത്തനം. ഗവണ്മെന്റ് വലിയ പ്രാധാന്യമാണ് അതിനു നൽകുന്നത്. ട്രാൻസ്ലേഷണൽ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ഓരോ സർവകലാശാലയ്ക്കും 20 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകളും ഇങ്ക്യുബേഷൻ സെന്ററുകളും പ്രവർത്തനക്ഷമമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളിൽ ചിലരെങ്കിലും അത്തരം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു പ്രവൃത്തിക്കാൻ വേണ്ടി സർവകലാശാലതന്നെ നേരിട്ടു തിരഞ്ഞെടുത്തവരാണെന്നു ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ ഗവേഷണം സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്കും പുതിയ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനും സഹായകമാവണം. ചില സർവകലാശാലകൾ ഈവഴിയിലൂടെ ജനോപകാരപ്രദമായ ധാരാളം ഉല്പന്നങ്ങൾ കണ്ടു പിടിച്ചു നിർമിച്ചുകൊണ്ടിരിക്കുന്നു.
നിർമിതബുദ്ധി
നിർമിതബുദ്ധിക്ക് വിമർശോന്മുഖവും സർഗാത്മകവും ആവാൻ കഴിയുമോ ? യഥാർഥ മനുഷ്യ ബുദ്ധിക്കല്ലേ വിമർശചിന്തയും സർഗശേഷിയുമുണ്ടാവൂ. നിലവിലുള്ളതിനെ വിമർശിക്കാനും തള്ളാനും പുതിയതു സൃഷ്ടിക്കാനും നിർമിതബുദ്ധിക്കുകഴിയും. അനേകം ബുദ്ധിയുടെ ഒന്നിക്കലാണ് നിർമിതബുദ്ധി. അതിനോടു മത്സരിക്കാൻ ഒരുവ്യക്തിയുടെ ബുദ്ധിക്കാവില്ല. ഉദാഹരണത്തിന് QR Code തിരിച്ചറിയുന്ന വേഗതയുടെ കാര്യത്തിൽ നമുക്ക് ആർക്കെങ്കിലും മത്സരിക്കാനാവുമോ ? സങ്കീർണ ഗണിതത്തിൽ കംപ്യൂട്ടറിനോടു മത്സരിക്കാൻ നമ്മുടെ എത്ര ഗണിതജ്ഞർക്കു കഴിയും. കൃത്രിമബുദ്ധി പ്രവൃത്തിക്കുന്നത് മനുഷ്യർ മുൻകൂട്ടിതയാറാക്കിയ ഡാറ്റയനുസരിച്ചാണെങ്കിലും അത്രവേഗത്തിൽ ഡാറ്റ പ്രോസസ്സുചെയ്യാൻ ഒരുവ്യക്തിയുടെ ബുദ്ധിക്ക് സാധ്യമല്ല എന്നതാണ് വിഷയം. പക്ഷേ, മനുഷ്യബുദ്ധി നിർമിക്കുന്ന കപ്ച കോഡ് ഒരു റോബോട്ടിനു തിരിച്ചറിയാനും കഴിയുന്നില്ല. സഹൃദയരെ കോരിത്തരിപ്പിക്കുന്ന കവിതയോ കഥയോ സർഗാത്മക സൃഷ്ടികളോ രചിക്കാൻ നിർമിതബുദ്ധിക്ക് അസാധ്യമാണ്. കാരണം മനുഷ്യബുദ്ധിയിൽനിന്നു സ്വതന്ത്രമായ നിർമിതബുദ്ധി ഇതുവരെ ഉണ്ടായിട്ടില്ല. ഇനിയും ഏറെക്കാലം മനുഷ്യബുദ്ധി തന്നെ മുന്നിട്ടുനിൽക്കും. ഏതായാലും, അനേകം നിർമിതബുദ്ധിയുടെ സൂക്ഷ്മോപകരണങ്ങൾ ഓരോവ്യക്തിയിലും സന്നിവേശിപ്പിച്ചേ മനുഷ്യബുദ്ധിക്ക് ഇനി സങ്കീർണവിഷയങ്ങൾ കൈകാര്യംചെയ്യാനാവൂ. ചാറ്റ്-ജി-പി.ടി ഡാറ്റ അപ്പ്-ടു-ഡേറ്റ് ആക്കുന്നതനുസരിച്ച് വിദ്യാർഥികൾക്കെന്നല്ല അധ്യാപകർക്കുതന്നെ താങ്ങാവുന്നതിലേറെ ചിലവുള്ളതായിരിക്കും. എങ്കിൽപ്പോലും അതു ധാരാളം തെറ്റുകൾ വരുത്തുന്ന സംവിധാനമാണ്. തെറ്റുകൾ വരുമെന്ന് ചാറ്റ് ജി.പി.റ്റി തന്നെ നിരന്തരം നമ്മെ ഓർമിപ്പിക്കുന്നുണ്ട്. അവ തിരിച്ചറിയാനും കുട്ടികളെ അതിനു പ്രാപ്തരാക്കാനും കഴിവുള്ളവരായിരിക്കണം അധ്യാപകർ. അതുപയോഗിക്കാൻ മാത്രമല്ല ഈ പരിമിതികൾ തിരിച്ചറിയാനും കൂടിയാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ അധ്യാപകർക്കു പരിശീലനം നൽകുന്നത്. പിന്നെ വിദ്യാർഥികൾ കുറുക്കുവഴികൾക്കായി മാത്രം ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താനുമാണ്. തേടുന്നുണ്ടെങ്കിൽ കണ്ടുപിടിക്കാനുമൊക്കെയാണ്. എല്ലാ ആപ്പുകളും ചിലവേറിയ കോപ്പുകളിലേക്കുള്ള കെണിയാണെങ്കിലും ചിലവില്ലാതെ ഉപയോഗിക്കാവുന്നവ ധാരാളമുണ്ട്.
തൊഴിൽ നൈപുണ്യം
ഉന്നതപഠനം ഇനിമേൽ പ്രധാനാമായി മൂന്നു പാതകൾ വിദ്യാർഥികൾക്കു തുറന്നുകിട്ടും. ജ്ഞാന സമ്പാദനത്തിനായി മാത്രമുള്ളതും വിശേഷ മേഖലയിൽ പ്രായോഗിക ഗവേഷണം (ട്രാൻസ്ലേഷണൽ ഗവേഷണം) ലക്ഷ്യമാക്കിയുള്ളതും തൊഴിൽമേഖലയിലേക്കു തിരിയാനുള്ളതും ആകുന്നു. വൊക്കേഷണൽ ഉന്നതവിദ്യാഭ്യാസവും പൊതു ഉന്നതവിദ്യാഭ്യാസവും സമ്മിശ്രമായി എങ്ങനെ കൊണ്ടുപോകാം എന്ന ചിന്തയുടെ ഭാഗമായി നാലുവർഷ ബിരുദ പദ്ധതിയിൽ തൊഴിൽ പരിശീനം ഏർപ്പെടുത്തിയിട്ടുണ്ട്. സർക്കാർ കമ്പനികളുടെ സഹായത്തോടെ തൊഴിലിട പ്രവൃത്തിയിൽ പരിചയം നൽകുന്ന സംവിധാനമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ സംഘടിപ്പിച്ചുവരുന്നത്.
ഫലപ്രാപ്തി വിദ്യാഭ്യാസപ്രകാരമായിരിക്കും തൊഴിൽ പരിശീലനവും നൽകുക. കേവലം ഒരുനിശ്ചിത തൊഴിലിടത്തിലെ വിരുത് മാത്രം പ്രയോഗിക്കുന്നതിനപ്പുറം നേടിയ വിരുതന്റെ വിമർശാത്മക പരിശോധനയും സൃഷ്ടിപരമായ പുനരാവിഷ്കാരവും അതിന്റെ പരിധിയിൽ കൊണ്ടുവരാൻ ശ്രമിക്കും. പുതിയ തൊഴിലിടങ്ങളിൽ പൊരുത്തപ്പെടാൻ സഹായകമാവും വിധം മാറ്റാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കെൽട്രോൺ സൗജന്യമായി തയാറാക്കിത്തന്ന സോഫ്റ്റ്‌വെയർ വഴി വിദ്യാർഥികൾക്ക് വേതന സഹിതം തൊഴിൽ പരിചയ ഇന്റേൺഷിപ്പിനായിത്തന്നെ നിരവധി സ്ഥാപനങ്ങളിൽ അവസരം കണ്ടെത്താൻ കഴിയുന്നുണ്ട്. ഇത് സർവകലാശാലകളുടെ അംഗീകാരത്തോടെ വിപുലീകരിക്കാനായി ശ്രമിച്ചുവരികയാണ്.


