പേടിസ്വപ്‌നങ്ങളുടെ പരിഭാഷയാണ് എഴുത്ത്
Print this article
Font size -16+
അഭിമുഖം : സേതു / രോഷ്‌നി
? സേതുവിന്റെ കഥകളുടെയും നോവലുകളുടെയും ആത്മഭാഷ അകത്തേക്കുള്ള മൗനങ്ങളാണ്. എഴുതുന്ന ഓരോ വാക്കും നിശ്ശബ്ദതകളും സേതുവില്‍ എഴുത്തിന്റെ അടരുകളാണ്. അപ്പോള്‍ത്തന്നെ അത് മനുഷ്യമനസ്സിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്നു. കഥാകൃത്തായിരിക്കുക, നോവലിസ്റ്റായിരിക്കുക, ഒപ്പം സ്വന്തം അടയാളങ്ങള്‍ക്കായി നിരന്തരം പരതിക്കൊണ്ടിരിക്കുക… നിശ്ശബ്ദതകളെ, പേടികളെ, വിഭ്രമങ്ങളെ ഏറ്റെടുക്കുകയും ചെയ്യുന്നു. എന്താണീ പേടികള്‍ക്കു കാരണം? കൈമുദ്രകളിലും, അടയാളങ്ങളിലും, പാണ്ഡവപുരത്തിലുമൊക്കെ ആവര്‍ത്തിച്ചുവരുന്ന ഈ പേടികളുടെ ഉറവിടം എവിടെയാണ്?
ആദ്യകാലത്ത് എന്റെ കഥകള്‍ക്ക് വൈദേശിക സ്വാധീനമുണ്ടെന്ന് പരക്കെ ആരോപണമുണ്ടായിരുന്നു. ഇന്ത്യാക്കാരനായ ഒരെഴുത്തുകാരനില്‍ ‘ഭയം’ എങ്ങനെ വന്നു എന്ന രീതിയില്‍. വിദേശ എഴുത്തുകാരായ കാഫ്കയിലും മറ്റും ലോകമഹായുദ്ധങ്ങളുടെ വലിയ കെടുതികള്‍, 1942-ലെ ബോംബുകളുടെ പൊട്ടിത്തെറികള്‍ എല്ലാം പ്രതിഫലിച്ചിട്ടുണ്ട്, ഭയത്തിന്റെ രൂപത്തില്‍. അപ്പോള്‍ എപ്പോള്‍ വേണമെങ്കിലുമൊരു യുദ്ധം വരാം. സ്വേച്ഛാധിപതിയായ ഏതെങ്കിലുമൊരു തലവന്റെ മനോനില തകര്‍ന്ന അവസ്ഥയില്‍ ഇങ്ങനെ ഇനിയും സംഭവിച്ചുകൂടേ എന്ന തോന്നലില്‍ പല കലാകാരന്മാരുടെയും സൃഷ്ടിയില്‍ ഭയം കടന്നുവന്നിട്ടുണ്ട്. പിക്കാസോവിന്റെ ഗൂര്‍ണിക്കയൊക്കെ ജനിക്കുന്നത് അങ്ങനെയാണ്. ലോകരാഷ്ട്രീയത്തെത്തന്നെ മാറ്റിമറിച്ചിട്ടുണ്ട് ഈ ഭയചിന്ത. പല ക്ലാസ്സിക് രചനകള്‍ക്കും ഈ ചിന്ത കാരണമായിട്ടുണ്ട്. നമ്മെ സംബന്ധിച്ച് ഇതൊന്നുമല്ല നമ്മുടെ സാഹിത്യത്തിന്റെ പ്രേരകശക്തി. എന്നെ സംബന്ധിച്ചിടത്തോളം, നാട്ടിന്‍പുറത്ത് ജനിച്ചുവളര്‍ന്ന എനിക്ക്, ചേന്ദമംഗലമെന്ന കുഗ്രാമത്തിന്റെ ഒരുപാട് സ്വാധീനങ്ങളും സാന്നിധ്യങ്ങളും കൈമുതലായുണ്ട്. എന്റെ തറവാട്ടുവീടിന്റെ ചുറ്റുവട്ടത്തൊന്നും വൈദ്യുതി ഇല്ലായിരുന്നു. ഇരുട്ടായിരുന്നു എങ്ങും. മണ്ണെണ്ണ വിളക്ക് ആയിരുന്നു അന്ന്. ഒരാള്‍ക്കുചുറ്റും മാത്രം കിട്ടുന്ന വെളിച്ചവും കൊണ്ടാണ് വീടിന്റെ ഒരു മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്കുതന്നെപോവുക. ഇരുട്ട് അത്രമാത്രം മൂടിനിന്ന ഒരു അന്തരീക്ഷം. ഇടവം, മിഥുനം, കര്‍ക്കിടകം – ഈ മൂന്നു മാസം കോരിച്ചൊരിയുന്ന ഇടവപ്പാതിയാണ്. വല്ലപ്പോഴുമേ സൂര്യനെപ്പോലും കാണാന്‍ കഴിയൂ. അത്രക്ക് ഇരുട്ടുകുത്തിയ മഴയാണ്. സൂര്യനെക്കാണുമ്പോള്‍ അത്ഭുതമായിരുന്നു. ആ സമയത്ത് ഒരു കുട്ടിയുടെ മനസ്സിലേക്കു കിട്ടുന്ന വാങ്മയ ചിത്രങ്ങള്‍ പ്രധാനമായിരുന്നു. പെരുമഴയത്ത് ആടിയുലയുന്ന കവുങ്ങുകളും പലതരം വൃക്ഷങ്ങളും ഒക്കെചേര്‍ന്നാണ് കാഴ്ചരൂപപ്പെടുന്നത്. തറവാട് വൃക്ഷങ്ങള്‍കൊണ്ട് നിബിഢമായിരുന്നു. തറവാടിന്റെ കിഴക്കുവശത്ത് ഒരു കൂറ്റന്‍ പാലനിന്നിരുന്നു. അതിന്റെ മുകളില്‍ യക്ഷിയുണ്ടെന്ന് വിശ്വസിപ്പിച്ചിരുന്നു. പിന്നെ, മൂന്ന് സര്‍പ്പക്കാവുകളുമുണ്ടായിരുന്നു. സര്‍പ്പക്കാവിനെ ചുറ്റിപ്പറ്റി ഒരുപാട് വിശ്വാസങ്ങള്‍ ഉണ്ടായിരുന്നു. കണ്ഠാരന്‍ എന്ന ഒരു പ്രതിഷ്ഠ ഒരു പ്ലാവിന്‍ചുവട്ടില്‍ ഉണ്ടായിരുന്നു. സ്ഥിരമായി നിവേദ്യവും പൂജയുമൊക്കെ പതിവായിരുന്നു. അതിനൊരു തമോശക്തിയാണ്. സര്‍പ്പദൈവങ്ങളുടെ കരിങ്കല്‍ത്തറയില്‍ ഉണ്ടായിരുന്ന ബിംബങ്ങളെ കൗതുകത്തോടെ നിരീക്ഷിച്ചിരുന്നു. പിന്നീടൊരിക്കല്‍ ആരോ, എന്റെ കഥകള്‍ക്ക് കാഫ്കയുടെ കഥകളുമായുള്ള സാദൃശ്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ ഈ കുട്ടിക്കാലത്തെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. ”ചെറുപ്പത്തില്‍ ഞാന്‍ കാക്കയെ കാഫ്ക എന്നായിരുന്നു വിളിച്ചത്” – എന്ന്. പിന്നീട് ഐ. ഷണ്‍മുഖദാസ് ആണ് എന്നോട് പറഞ്ഞത് ”ചെക് ഭാഷയില്‍ ‘കാഫ്ക’ എന്ന വാക്കിന്റെ അര്‍ത്ഥം കാക്ക എന്നാണ് എന്ന്. എന്നെ സംബന്ധിച്ച് എന്റെ സ്വപ്നങ്ങളില്‍, എഴുത്തില്‍, ഓര്‍മ്മയില്‍ ഒക്കെ ഈയൊരു കുട്ടിക്കാലത്തെ ഇരണ്ടടച്ച മഴയും കാറ്റും വൃക്ഷങ്ങളുമൊക്കെച്ചേര്‍ന്ന ദൃശ്യങ്ങളാണ് നിറഞ്ഞിരിക്കുന്നത്. ഞങ്ങളുടെ തറവാടുകളില്‍ അക്കാലത്ത് ഒരുപാട് മരണങ്ങള്‍ കണ്ടും അനുഭവിച്ചും കടന്നുപോയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട പ്രക്രിയകള്‍, കുളിപ്പിക്കുക, പുതപ്പിക്കുക, വിളക്ക് കത്തിക്കുക തുടങ്ങി മൃതശരീരത്തോടു പാലിക്കുന്ന ചടങ്ങുകള്‍.. ഒന്നുംതന്നെ നോക്കരുത് എന്ന് നിഷ്‌കര്‍ഷയുണ്ടായിരുന്നാല്‍ക്കൂടി, ജനലുകളിലൂടെ ഞങ്ങള്‍ കുട്ടികള്‍ നോക്കും. രാത്രിയില്‍ ചിതകത്തുന്നതും തലച്ചോറു പൊട്ടിത്തെറിക്കുന്ന ശബ്ദവും വല്ലാത്ത ഒരു ഭീതിയോടെ പിന്‍തുടര്‍ന്നിട്ടുണ്ട്. എന്റെ കഥകളില്‍ പലപ്പോഴും കടന്നുവരാറുള്ള മറ്റൊരു കാര്യം, മരണവീടുകളില്‍, മരണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കാലന്‍കോഴി കൂവാറുണ്ട്. മരണത്തിന്റെ വരവായി അത് കണക്കാക്കപ്പെട്ടു.
കൂടുതല്‍ വായിക്കുന്നതിനായി സന്ദര്‍ശിക്കു…https://www.magzter.com/IN/LIPI/Ezhuthu/Art/No comments
Write a comment
No Comments Yet!
You can be first to comment this post!