ഗള്‍ഫ് കുടിയേറ്റവും കുടിയിറക്കവും മാറുന്ന കുടിയേറ്റ ഭൂമികകളും മലയാളിയും
Print this article
Font size -16+
കെ.യു.ഇഖ്ബാല്‍
നാളെ ചരിത്രം രേഖപ്പെടുത്തുന്നവര്‍ക്ക് വിടാം. അറുപതുകളുടെ ആദ്യ പകുതിയില്‍ തുടങ്ങിയ ഗള്‍ഫ് കുടിയേറ്റത്തിന് വേഗത കൈവരുന്നത് എഴുപതുകളുടെ പകുതിയോടെയാണ്. എണ്‍പതുകളില്‍ ഇത് ഒരു ഒഴുക്കായി മാറി. ഗള്‍ഫില്‍ നിന്ന് മലയാളി അയക്കുന്ന പണം കേരളത്തിന്റെ മുഖഛായ മാറ്റി. വിദേശ മലയാളി കേരളത്തിലെ ബാങ്കുകള്‍ വഴിയും കുഴല്‍ പണമായും നാട്ടിലെത്തിച്ച പണത്തിന്റെ അടിത്തറയിലാണ് നാം ഇന്നത്തെ വികസനം പടുത്തുയര്‍ത്തിയത്. ഗള്‍ഫ് മലയാളി പുരോഗമനപരമായ ഒരു പാട് മാറ്റങ്ങള്‍ നാട്ടില്‍ കൊണ്ടു വന്നിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ ഈ സംഭാവനകള്‍ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പൊതു വികസനത്തിന് ഗള്‍ഫ് മലയാളിയുടെ പണം പ്രത്യക്ഷമായും പരോക്ഷമായും പ്രയോജനപ്പെട്ടെന്ന യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കാനാവില്ല. സ്വന്തം കുടുംബത്തിന്റെ ജീവിതാവസ്ഥയും നമ്മുടെ ജീവിത പരിസരങ്ങളും പ്രവാസി മാറ്റി മറിച്ചു. ഏതു മാറ്റത്തിനെ വിലയിരുത്തിയാലും നല്ലതും ചീത്തയുമായ വശങ്ങള്‍ കാണാം. അത് ഇവിടെയും ഏറിയും കുറഞ്ഞും സംഭവിച്ചിട്ടുണ്ട്. അതിന് അപ്പുറത്ത് നാട്ടില്‍ ഒരുപാട് പുതിയ പതിവുകളും ആചാരങ്ങളും ധൂര്‍ത്തും കൊണ്ടു വന്നവനെന്ന ദുര്‍വ്യാഖ്യാനം ഗള്‍ഫ് മലയാളിക്ക് മാത്രം ചാര്‍ത്തി കൊടുക്കുന്നത് ശരിയല്ല. നാട്ടിലേക്ക് ഒഴുകിയെത്തിയ ഗള്‍ഫ് പണത്തിന്റെ ഗുണഭോക്താക്കള്‍ ഗള്‍ഫ് മലയാളിയും അവന്റെ കുടുംബക്കാരും ബന്ധുക്കളും മാത്രമായിരുന്നില്ല.
എം.എ യൂസഫലി, പി.വി.അബ്ദുല്‍ വഹാബ്, രവി പിള്ള, സി.കെ മോനോന്‍, ഡോ.ആസാദ് മൂപ്പന്‍, സിദ്ധിഖ് അഹമ്മദ്, കെ.ടി.റബീബുള്ള തുടങ്ങിയ പ്രവാസി മലയാളികള്‍ ലോക വ്യവസായ ഭൂപടത്തില്‍ തന്നെ സ്ഥാനം പിടിച്ചതും വലിയ തൊഴില്‍ ദാതാക്കളായതും കാണാതിരുന്നുകൂട. ഇന്ത്യന്‍ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്ത് ഇവര്‍ക്ക് വലിയ സ്വാധീനവുമുണ്ട്. ഒരു പക്ഷെ പ്രവാസി സമൂഹത്തിന്റെ നാവായി മാറുന്നതും ഇവര്‍ തന്നെയാണ്. പ്രവാസി വിഷയങ്ങളില്‍ സംസ്ഥാന , കേന്ദ്ര സര്‍ക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കാനും പരിഹാരം കാണാനും ഒരുപരിധി വരെ ഇവര്‍ക്ക് സാധിക്കുന്നുണ്ടെന്നതും യാഥാര്‍ഥ്യമാണ്. ജീവകാരുണ്യ രംഗത്ത് പ്രവാസി മലയാളികളുടെ സംഭാവനകളും എടുത്തു പറയേണ്ടതാണ്. ഇതെല്ലാം ഗള്‍ഫ് കുടിയേറ്റത്തിന്റെ നേട്ടങ്ങളാണ്.ഈ അടുത്ത കാലത്ത് എണ്ണ വിലയിടിവിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതുവെ സംഭവിച്ച സാമ്പത്തിക മാന്ദ്യവും സ്വദേശീവല്‍ക്കരണവും പ്രവാസികളുടെ വന്‍ തോതിലുള്ള മടക്ക യാത്രക്ക് വഴി വെച്ചിട്ടുണ്ട്. ഇത് സംഭവിക്കുമെന്ന് ആദ്യം
തിരിച്ചറിഞ്ഞതും മലയാളിയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ മാധ്യമ സാക്ഷരതയെന്ന് പറയുന്നത് മലയാളിക്കെയുള്ളു. നമ്മുടെ ചാനലുകളില്‍ വരുന്ന വരണ്ട ഗള്‍ഫ് ന്യൂസുകള്‍ മാത്രമല്ല ഇംഗ്ലീഷ് പത്രങ്ങളും അറബ് പത്രങ്ങളും നല്ലൊരു ശതമാനം മലയാളികളും വായിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങള്‍ പരമാവധി അനുസരിച്ച് ജീവിക്കുന്ന പ്രവാസി സമൂഹമെന്ന ഖ്യാതിയും ഇന്ത്യക്കാര്‍ക്കുണ്ട്. പ്രത്യേകിച്ച് മലയാളികള്‍ ഇക്കാര്യത്തില്‍ മുന്‍പന്തയിലാണ്. അറബികളുമായി നല്ല സൗഹൃദവും മലയാളി സൂക്ഷിക്കുന്നു. അറബി ഭാഷ പെട്ടെന്ന് പഠിച്ച് സംസാരിക്കാനുള്ള കഴിവുള്ളതു കൊണ്ട് മലയാളിക്ക് അറബികളുമായി മെച്ചപ്പെട്ട നിലയില്‍ ആശയ വിനിമയം നടത്താനും സാധിക്കുന്നു. ഇത്തരം സവിശേഷതകള്‍ കൊണ്ട് മാറുന്ന തൊഴില്‍ നിയമങ്ങളും മറ്റും പലപ്പോഴും ആദ്യം അറിയുന്നതും മലയാളികളാണ്. ഇതനുസരിച്ച് മുന്‍കരുതലെടുക്കാനും തൊഴില്‍ മേഖലകള്‍ മാറാനും നിലനില്‍പ് കണ്ടെത്താനും പലപ്പോഴും മലയാളികള്‍ക്ക് സാധിക്കുന്നുമുണ്ട്. അതേസമയം നിലനില്‍പ് അപകടത്തിലാണെന്ന തിരിച്ചറിവും മലയാളിക്കുണ്ട്. കണ്‍മുന്നിലെ മടക്കയാത്രകളും അവനെ ആശങ്കപ്പെടുത്തുന്നു. പൊതുവെ സാധ്യതകള്‍ കുറയുകയാണെന്ന വ്യക്തമായ ബോധം പ്രവാസി മലയാളിക്കുണ്ടെങ്കിലും പല ത്താനാവില്ലെന്ന പക്ഷക്കാരനാണ് ഞാന്‍. ഈ തര്‍ക്കം കാരണങ്ങള്‍ കൊണ്ട് പ്രവാസം തുടരാന്‍ അവന്‍ നിര്‍ബന്ധിതനാകുന്നുവെന്ന് മാത്രം.
മലയാളി വന്‍കരകള്‍ കാണാന്‍ പുറപ്പെടുന്ന ഒരു സഞ്ചാരിയായിരുന്നില്ല. ലോക ഭൂപടം നോക്കി സഞ്ചാരം നടത്തുന്ന ഒരു ശീലവും മലയാളിക്ക് ഉണ്ടായിരുന്നില്ല. സഞ്ചാര സാഹിത്യം തന്നെ ജനകീ യമാകുന്നത് എസ്.കെ പൊറ്റെക്കാടിന്റെ യാത്രകളിലൂടെയായിരുന്നല്ലൊ. പിന്നീട് യാത്രകളെ ദാര്‍ശനികമായും കാല്‍പനികമായും മനുഷ്യരുടെ പ്രശ്‌നങ്ങളുമായി ഏറെ ബന്ധിപ്പിക്കുകയും പുതിയ മാനങ്ങള്‍ നല്‍കുകയും ചെയ്ത ബി.രവീന്ദ്രനും രാജന്‍ കാക്കനാടനും ആഷാ മേനോനും മുതല്‍ മുസഫര്‍ അഹമ്മദ് വരെയുള്ളവര്‍ സഞ്ചാര സാഹിത്യത്തിന്
വലിയ സംഭാവനകള്‍ നല്‍കിയവരാണ്. എം.ടി യെ പോലുളളവര്‍ അപൂര്‍വമായി എഴുതിയിട്ടുള്ള സഞ്ചാര സാഹിത്യവും മികച്ച വായനാനുഭവങ്ങളാണ്.ഇതെല്ലാം ശരിയാണ്. പക്ഷെ പൊതു മലയാളി സമൂഹം ഈ അടുത്ത കാലത്താണ് കേരളം തന്നെ മുഴുവനായി കാണാന്‍ ടൂറിന്റെയും ഗെറ്റ് ടു ഗെദറിന്റെയും പേരില്‍ യാത്ര തുടങ്ങിയത്. കുട്ടികളെ മലമ്പുഴ ഡാം കാണിക്കാന്‍ കൊണ്ടു പോകുന്ന പതിവു കലാപരിപാടികള്‍ക്ക് അപ്പുറത്ത് നമ്മുടെ അധ്യാപകരും യാത്രയെ അനുഭവ പരിപ്രേക്ഷ്യത്തില്‍ കണ്ടിരുന്നില്ല. വീഗാലാന്റ് മലയാളിയുടെ ഉല്ലാസ യാത്രകളെ പരുവപ്പെടുത്തിയ സംരംഭമായിരുന്നു. പിന്നീട് ജില്ലകള്‍ തോറും വാട്ടര്‍ തീം പാര്‍ക്കുകളായി. മൂന്നാറിനും ഇടുക്കിക്കുമൊക്കെ വലിയ പ്രാധാന്യം കിട്ടി.
ആഭ്യന്തര ടൂറിസം ഇപ്പോള്‍ തഴച്ചു വളരുന്നു. ആലപ്പുഴയും ഹൗസ് ബോട്ടുകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. സമയം കിട്ടിയാല്‍ കുടുംബത്തെയും കൂട്ടുകാരെയും കൂട്ടി യാത്രകള്‍. റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ഇതില്‍ വലിയ പങ്കുണ്ട്. ഫ്‌ളാറ്റ് സംസ്‌കാരത്തിന്റെ ഏക ക്രിയാത്മക ഉപോല്‍പ്പന്നമായി ജന്‍മം കൊണ്ട കൂട്ടായ്മകളും സാരമായ പങ്കു വഹിക്കുന്നുണ്ട്. ഇതെല്ലാം വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളാണെങ്കിലും മലയാളി അടിസ്ഥാനപരമായി ഒരു സഞ്ചാരിയല്ല. അതിജീവനത്തിനു വേണ്ടിയുള്ള സാഹസികതകളാണ് മലയാളിയെ കുടിയേറ്റക്കാരനാക്കിയത്. കുടിയേറ്റത്തിനു വേണ്ടിയുള്ള യാത്രകളാണ് മലയാളി നടത്തിയതും നടത്തി കൊണ്ടിരിക്കുന്നതും. ഈ കുടിയേറ്റമാണ് മലയാളിയുടെ വേരുകള്‍ കൊളംബോയിലും (സിലോണ്‍)മലേഷ്യയിലും കൊണ്ടെത്തിച്ചത്. നാടു കാണാനുള്ള യാത്രയായിരുന്നില്ല അത്. ജീവിതം മെച്ചപ്പെടുത്താനോ ജീവിക്കാന്‍ വേണ്ടിയോ ഉള്ള യാത്രകള്‍.
ഇതേ യാത്ര തന്നെയാണ് പത്തേമാരികളില്‍ കയറി കടല്‍ കടന്ന മലയാളിയും നടത്തിയത്. യു.എ.ഇ യിലെ ഫുജൈറക്ക് സമീപമുള്ള ഖുര്‍ഫുക്കാന്‍ കടലിടുക്കിലൂടെ നീന്തി കയറി പട്ടിണി കിടന്ന് ദാഹിച്ച് വലഞ്ഞ് പ്രവാസത്തിന്റെ കൊടി നാട്ടിയവര്‍ ആരായാലും അവര്‍ മലയാളിയെ മൊത്തത്തില്‍ കൈ പിടിച്ചുയര്‍ത്തിയെന്നത് ചരിത്രവും വര്‍ത്തമാനവുമാണ്. ഒരു കാല്‍പനികതയും സഞ്ചാര കൗതുകവും ഈ യാത്രയിലുണ്ടായിരുന്നില്ല. പകരം സാഹസികത മാത്രമായിരുന്നു. അതാകട്ടെ അതിജീവനത്തിനായുള്ള സാഹസികതയും. ആദ്യകാല പ്രവാസി അല്ലെങ്കില്‍ ഒരു സംഘം പ്രവാസികള്‍ ആരായിരുന്നുവെന്നത് ചരിത്രം രേഖപ്പെടുത്താത്ത കാര്യമാണ്. ഈ കാര്യത്തില്‍ നിലനില്‍ക്കുന്ന തര്‍ക്കവുമുണ്ട്. അത് ഹജ് തീര്‍ഥാടനത്തിനു വന്ന് മടങ്ങി പോകാതെ സൗദി അറേബ്യയിലെ മക്കയില്‍ നിന്നവരും പിന്നീട് സൗദി പൗരത്വം ലഭിച്ച മലയാളികളുമായിട്ടാണ്. അന്‍പതുകളില്‍ ഹജിനു വന്ന് മടങ്ങി പോകാതെ സൗദിയില്‍ തുടര്‍ന്നവരുടെ പുതുതലമുറ ഇപ്പോഴും മക്കയിലും മദീനയിലുമുണ്ട്.
ഈ അടുത്ത ദിവസം ജിദ്ദയില്‍ സുല്‍ത്താന്‍ അല്‍ വക്കാസ് എന്ന സൗദി സുഹൃത്ത് വഴി എന്നെ തേടി വന്ന വയോവൃദ്ധനായ സൗദി പൗരന്‍ അദ്ഭുതപ്പെടുത്തികൊണ്ട് തനി മലപ്പുറം ശൈലിയിലാണ് സംസാരിച്ചത്. അദ്ദേഹത്തിനും മകള്‍ക്കും ഇന്ത്യയില്‍ പോകാന്‍ സന്ദര്‍ശക വിസ വേണം. ജിദ്ദാ കോണ്‍സുലേറ്റിലെ പരിചയക്കാര്‍ വഴി വിസ പെട്ടെന്ന് കിട്ടാന്‍ സൗകര്യം ചെയ്യണം. നാട്ടില്‍ പോയി വന്നിട്ട് തന്റെ യാത്രയുടെ കഥ പറയാമെന്ന് ഏറ്റിട്ടാണ് അദ്ദേഹം ഇന്ത്യയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. ഇനി ഒരു പക്ഷെ കാണണമെന്ന് തന്നെയില്ല. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെപ്പോലെ നൂറു കണക്കിന് തീര്‍ഥാടകര്‍ ഹജിനു വന്ന് മടങ്ങാതെ സൗദിയില്‍ തങ്ങിയിട്ടുണ്ടെന്നും അവര്‍ക്ക് പിന്നീട് സൗദി പൗരത്വം ലഭിച്ചെന്നും മാത്രം അദ്ദേഹം പറഞ്ഞു
No comments
Write a comment
No Comments Yet!
You can be first to comment this post!