This Content Is Only For Subscribers
സമകാലികം/ ഹോര്മിസ് തരകൻ ഐ.പി.എസ്.(റിട്ട.)
കേരള പോലീസിന്റെ ഇന്നലെകളെയും ഇന്നുകളെയും ഒരു മുൻ ഡി.ജി.പി.യുടെ കണ്ണിലൂടെ നോക്കിക്കാണുന്ന വിശകനം. സേനയുടെ കൊളോണിയൽ തുടക്കം മുതൽ ഇന്നത്തെ സങ്കീർണമായ വെല്ലുവിളികൾ വരെയുള്ള പരിണാമത്തിന്റെ ഒരു നേർചിത്രം. കാലാകാലങ്ങളിൽ നിരവധി പരിഷ്കാരങ്ങളും കോടതി ഇടപെടലുകളും ഉണ്ടായിട്ടുണ്ടെങ്കിലും, രാഷ്ട്രീയ സമ്മർദങ്ങൾ, കാലഹരണപ്പെട്ട സേനാസംസ്കാരം, ജനാധിപത്യപരമായ ഉത്തരവാദിത്തങ്ങൾ പൂർണമായി ഏറ്റെടുക്കാനുള്ള വൈമുഖ്യം എന്നിവ കേരള പോലീസിനെ ഇന്നും പിന്നോട്ടുവലിക്കുന്നു. സേനയിൽ മാറ്റങ്ങൾ വരേണ്ടത് പുറത്തുനിന്നല്ല, അകത്തുനിന്നു തന്നെയാണെന്ന ശക്തമായ നിലപാടാണ് ഈ ലേഖനത്തിന്റെ കാതൽ.
കാലംചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയെക്കുറിച്ചുള്ള കഥകളിൽ ഏറ്റവും ഹൃദയസ്പർശിയായത്, അദ്ദേഹം കർദിനാളായിരുന്ന കാലത്ത് കൗമാരപ്രായക്കാരനായിരുന്ന തന്റെ സഹോദരപുത്രൻ ഹോസെയ്ക്ക് നൽകിയ ഉപദേശമാണ്: “മാറ്റം ഉള്ളിൽനിന്നാണ് വരേണ്ടത് – അർപ്പണബോധത്തിൽനിന്ന്. നിനക്ക് പോലീസിനെക്കുറിച്ച് പരാതിയുണ്ടെങ്കിൽ പോലീസിൽ ചേർന്ന് പോലീസിനെ നന്നാക്കാൻ നോക്കുക”. അങ്ങനെ പോലീസിന്റെ ഉള്ളിൽനിന്ന് പോലീസിനെ നന്നാക്കാൻ ശ്രമിച്ച ഒരാളെന്ന് അവകാശപ്പെടാമോ എന്ന് എനിക്കറിയില്ല. എന്നാലും കേരള പോലീസിൽ പ്രവർത്തിച്ചിട്ടുള്ള ഒരാൾ എന്ന നിലയ്ക്ക് ഈയിടെയായി ആ സേനയ്ക്കെതിരായി ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളെ വിലയിരുത്തുവാൻ ഒരു ചെറിയ ശ്രമം നടത്തുകയാണ് ഈ ലേഖനത്തിലൂടെ. പോലീസ് സ്റ്റേഷനിൽ മർദനത്തിന് വിധേയനായി എന്ന പരാതിയുള്ള ഒരാൾ അതിന് തെളിവായി പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോൾ പോലീസ് ആ അപേക്ഷ നിരസിക്കുകയും, പോലീസിന്റെ ആ നിലപാട് ശരിയല്ലെന്ന് സംസ്ഥാന വിവരാവകാശകമ്മീഷൻ തീർപ്പുകൽപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് പോലീസിനെതിരായ പല പഴയ പരാതികൾക്കും വീണ്ടും പുതുജീവൻ വച്ചത്. കൂടാതെ, മുൻ സർക്കാരുകളുടെ കാലത്തും പോലീസ് അതിക്രമങ്ങൾ നടന്നിരുന്നു എന്ന ആക്ഷേപങ്ങളും ഉയർന്നുവന്നു.
പോലീസിലെ മൂന്നാംമുറ ഒരു പ്രശ്നമാണെന്നത് എല്ലാക്കാലത്തും അംഗീകരിക്കപ്പെട്ടുപോന്നിട്ടുള്ള ഒരു വസ്തുതയാണ്. കേരളത്തിലെ പോലീസ് മേധാവികളിൽ ഏറ്റവും ആദരണീയനായ ഒരാളായിരുന്നു എം.കെ. ജോസഫ്. പകുതി കളിയായും പകുതി കാര്യമായും അദ്ദേഹം പറയുമായിരുന്നു, “നമ്മുടെ ഹെഡ്മാരെ അൽപം സംസ്കൃതം പഠിപ്പിക്കേണ്ടതുണ്ട്. ‘മൃദുഭാവേ ദൃഢകൃത്യേ’ എന്ന കേരള പോലീസിന്റെ ആപ്തവാക്യത്തിന്റെ അർഥം ‘ചിരിച്ചുകൊണ്ട് ഇടിക്കുക’ എന്നാണെന്ന് അവരിൽ പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്.” എന്ന്. 1950-കളിൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്റെ മറ്റൊരു കഥ, അക്കാലത്തെ പ്രശസ്തനായ ഒരു ഇൻസ്പെക്ടറെക്കുറിച്ചാണ്. ഒരു വിദൂരജില്ലയിൽ വലിയ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ അന്നത്തെ ഐ.ജി. തന്റെ വിശ്വസ്തനായ ഈ ഉദ്യോഗസ്ഥനെ അവിടേക്ക് അയച്ചു. അവിടെനിന്ന് ഐ.ജിക്ക് ലഭിച്ച വയർലെസ് സന്ദേശം ഇതായിരുന്നുവത്രേ – “സ്ഥിതി നിയന്ത്രണാതീതം. ഞാൻ നിയമം കൈയിലെടുത്തുകൊള്ളട്ടെ?”
ഇന്ത്യയിൽ പൊതുവേ സ്ഥിതി ഇതുതന്നെയായിരുന്നു. 1854-ൽ പോലീസ് പീഡനത്തെക്കുറിച്ച് പഠിക്കുവാനായി ഒരു കമ്മീഷൻ രൂപവല്ക്കരിച്ചു. 1861-ൽ നിലവിൽ വന്ന ഇന്ത്യൻ പോലീസ് ആക്ട്, പോലീസ് പ്രവർത്തനത്തെ നിയന്ത്രിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെങ്കിലും ഒരു കൊളോണിയൽ ഭരണത്തിൻ കീഴിൽ ഭരണകൂടത്തിന് പോലീസിന്റെ മേൽ പൂർണമായ മേൽക്കോയ്മ നിലനിറുത്താൻ പര്യാപ്തമായ ഒരു സംവിധാനമാണ് അതിൽ വിഭാവനംചെയ്തിരുന്നത്. ആ നിയമം നിലവിൽ വന്നതിനുശേഷവും ഇന്ത്യൻ പോലീസിലെ സ്ഥിതിഗതികൾ ഒട്ടും മെച്ചപ്പെട്ടിട്ടില്ലെന്ന വിവരം 1902-ലെ പോലീസ് കമ്മീഷൻ ചൂണ്ടിക്കാട്ടിയെങ്കിലും ആ കമ്മീഷൻ നിർദേശങ്ങൾ നടപ്പിലാക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ സർക്കാർ തുനിഞ്ഞില്ല. അന്നേക്ക് തലയുയർത്തിത്തുടങ്ങിയിരുന്ന ദേശീയപ്രസ്ഥാനത്തെ നേരിടാൻ, ഇടിക്കാൻ പറഞ്ഞാൽ കേൾക്കുന്ന പോലീസ് തന്നെയാണ് നല്ലതെന്ന് അവർ വിലയിരുത്തിയിട്ടുണ്ടാവാം.
എന്നാൽ, നമുക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ജനാധിപത്യത്തിൽ അധിഷ്ഠിതമായ ഒരു ഭരണഘടന നാം നമുക്കുതന്നെ നൽകിക്കഴിഞ്ഞിട്ടും, 1861-ലെ ഇന്ത്യൻ പോലീസ് ആക്ടിന് കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ യാതൊരു ശ്രമവും ഉണ്ടായില്ല. കൊളോണിയൽ സമ്പ്രദായത്തിൽ ഭരണകൂടത്തിനു പോലീസിനുമേൽ ഉണ്ടായിരുന്ന പൂർണനിയന്ത്രണം, റിപ്പബ്ലിക്കൻ സമ്പ്രദായത്തിൽ ഭരണകക്ഷിക്ക് അതുപോലെത്തന്നെ നൽകിയാൽ അതു ജനാധിപത്യത്തിനുതന്നെ വിനയാവില്ലേയെന്നു ചിന്തിക്കുവാൻ ആരും അധികം മെനക്കെട്ടില്ല. പോലീസിന്റെ മേലാളിത്തം ലഭിച്ച ഭരണകക്ഷി ആ സൗഭാഗ്യം ആസ്വദിച്ചപ്പോൾ, ഒരിക്കൽ ഞങ്ങളുടെ ഊഴവും വരുമെന്നു കരുതി പ്രതിപക്ഷവും അക്ഷമരായെങ്കിലും കാത്തിരുന്നു. സഹിച്ചത് ജനങ്ങളാണെന്നു മാത്രം.
ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വരുത്തുവാൻ കളമൊരുക്കിയത് 1975-ൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയും അക്കാലത്ത് പോലീസിന്റെ പേരിൽ ആരോപിക്കപ്പെട്ട അതിക്രമങ്ങളുമായിരുന്നു. ഭരണകൂടത്തിനു പോലീസിനുമേലുണ്ടായിരുന്ന പൂർണനിയന്ത്രണമാണ് ഇതിനിടയാക്കിയതെന്ന് 1977-ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം നിലവിൽവന്ന പുതിയ ദേശീയനേതൃത്വം വിലയിരുത്തിയതിനാലാകാം, ഒരു പുതിയ ദേശീയ പോലീസ് കമ്മീഷൻ ആ വർഷം നിലവിൽ വന്നത്. വളരെനാൾ യൂണിയൻ ആഭ്യന്തരവകുപ്പ് സെക്രട്ടറി ആയിരുന്ന, മുൻ ഐ.സി.എസ്. ഉദ്യോഗസ്ഥൻ ധരം വീര അധ്യക്ഷനായിരുന്ന ആ കമ്മീഷനിൽ നിയമപണ്ഡിതരും പ്രഗത്ഭരായ ചില മുൻ പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളായിരുന്നു. 1979-നും 1981-നും ഇടയ്ക്ക് എട്ടു റിപ്പോർട്ടുകൾ ഈ കമ്മീഷൻ ഭാരതസർക്കാരിന് സമർപ്പിച്ചെങ്കിലും അതിലെ നിർദേശങ്ങൾ നടപ്പിലാക്കുവാൻ സർക്കാർ ഒരുത്സാഹവും കാണിച്ചില്ല.
1996-ൽ മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥരായ പ്രകാശ് സിങ്, എൻ.കെ. സിങ് എന്നിവർ സുപ്രീം കോടതിയെ സമീപിച്ചതിനെത്തുടർന്ന്, പത്തുവർഷത്തിനുശേഷം 2006-ൽ ചീഫ് ജസ്റ്റിസ് വൈ.കെ. സഭർവാളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചരിത്രപ്രാധാന്യമുള്ള ഒരുത്തരവ് പുറപ്പെടുവിച്ചു. ദേശീയ പോലീസ് കമ്മീഷന്റെ നിർദേശങ്ങൾ പൂർണമായും ശരിവച്ചുകൊണ്ടുള്ള ആ ഉത്തരവിൽ, പോലീസിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുവാനായി ചില മാർഗനിർദേശങ്ങൾ നൽകുകയും അവ ഉൾക്കൊണ്ടുകൊണ്ട് സംസ്ഥാനങ്ങൾ 1861-ലെ ഇന്ത്യൻ പോലീസ് ആക്ടിനു പകരം നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. (ഇവിടെ ഒരു കാര്യംകൂടി ഓർക്കേണ്ടതുണ്ട്. സുപ്രീംകോടതി ഉത്തരവ് വരുന്നതിനുമുമ്പുതന്നെ ദേശീയ പോലീസ് കമ്മീഷന്റെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള ചങ്കൂറ്റം കാണിച്ച ഒരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിരുന്നു – എ.കെ. ആന്റണി. അതിന് അദ്ദേഹം വലിയ വില കൊടുക്കേണ്ടിയും വന്നു.).
2006-നുശേഷമുള്ള വർഷങ്ങളിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളും പുതിയ പോലീസ് നിയമം കൊണ്ടുവന്നു. ഏറ്റവും ആദ്യമായി അപ്രകാരം ചെയ്തത് ഒരുപക്ഷേ, കേരളമായിരുന്നു – 2011-ൽ. മിക്ക സംസ്ഥാനങ്ങളും പക്ഷേ, സുപ്രീംകോടതി നിർദേശങ്ങൾ പൂർണമായി സ്വീകരിക്കുവാൻ തുനിഞ്ഞില്ല, കേരളംപോലും. (സെൻകുമാർ കേസിലെ വിധിന്യായത്തിൽ ജസ്റ്റിസ് മദൻ ലോക്കൂർ ഇത് എടുത്തു പറയുകയുണ്ടായി.) പോലീസിന്റെ നിയമപരിപാലനത്തിൽ ഭരണകക്ഷിയുടെ അമിതാധികാരം ലഘൂകരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ആ കോടതിവിധിയുടെ സത്ത ഉൾക്കൊള്ളാനല്ല, മറിച്ച് എന്തെങ്കിലും ഊടുവഴി കണ്ടുപിടിച്ച് പോലീസിന്റെ പ്രവർത്തനസ്വാതന്ത്ര്യം തടയാനാണ് പല സംസ്ഥാന സർക്കാരുകളുടെയും ശ്രമം. നിർഭയനായി പ്രവർത്തിക്കുന്ന ഒരുത്തമനായ ഉദ്യോഗസ്ഥനെ പോലീസ് മേധാവിയാക്കിക്കഴിഞ്ഞ് അയാളെ രണ്ടുവർഷത്തേക്ക് മാറ്റാൻ സാധിക്കില്ലെങ്കിൽ അത് തങ്ങളുടെ രാഷ്ട്രീയതാൽപര്യങ്ങൾക്ക് പരിക്കേൽക്കുമെന്ന തെറ്റായ വിശ്വാസംമൂലം ഇന്നും സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരുകൾക്കെതിരായ കോടതിയലക്ഷ്യ കേസുകൾ തുടരെ നടന്നുകൊണ്ടിരിക്കുന്നു. 2006-ലെ വിധി ഇനിയും പൂർണമായി അക്ഷരാർഥത്തിൽ നടപ്പിലാക്കാത്തതാണ് ഇന്നും ഭാരതീയപോലീസിന്റെ മാത്രമല്ല, ജനതയുടെയും പ്രധാന നിർഭാഗ്യങ്ങളിലൊന്ന്.
2006-ലെ സുപ്രീംകോടതിവിധിയുടെ ഫലമായി, പോലീസിന്റെ നിയന്ത്രണത്തിൽ പ്രധാന ചുമതലകളുള്ള സംസ്ഥാന സുരക്ഷാകമ്മീഷൻ 2011-ലെ കേരള പോലീസ് ആക്ട് അനുസരിച്ച് നിലവിൽ വന്നപ്പോൾ, ആദ്യത്തെ ആ സമിതിയിൽ 2011-16 കാലഘട്ടത്തിൽ ഞാനും ഒരു അനൗദ്യോഗികാംഗമായിരുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, താൻ തുടക്കത്തിൽ കൈകാര്യംചെയ്തിരുന്ന ആഭ്യന്തരവകുപ്പിന്റെ ചുമതല ഒഴിഞ്ഞതിനുശേഷം ഒരു പ്രാവശ്യം മാത്രമാണ് സംസ്ഥാന സുരക്ഷാകമ്മീഷൻ യോഗംചേർന്നത്. പ്രതിപക്ഷനേതാവുകൂടി അംഗമായ കമ്മീഷന്റെ പ്രവർത്തനത്തിൽ പിന്നീടുവന്ന ആഭ്യന്തരമന്ത്രിമാർക്ക് വലിയ താൽപര്യമുള്ളതായി കണ്ടില്ല. എന്നിരുന്നാലും, കേരള പോലീസ് സേനയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി പല നല്ല കാൽവയ്പുകളും കേരളത്തിലെ രാഷ്ട്രീയനേതൃത്വം പാർട്ടിവ്യത്യാസംകൂടാതെ കാലാകാലങ്ങളിൽ എടുത്തിട്ടുണ്ട് എന്ന വസ്തുത ഞാൻ മറക്കുന്നില്ല. കഴിവുള്ള ചില പോലീസ് മേധാവികളുടെ ഉപദേശങ്ങൾ സ്വീകരിക്കുവാനും പൊതുജനത്തിന്റെയും എല്ലാ തലങ്ങളിലുമുള്ള പോലീസ് സേനാംഗങ്ങളുടെയും ആവശ്യങ്ങൾ മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കുവാനും അവർ പൊതുവേ മടി കാണിച്ചിട്ടില്ല. അതിന്റെയൊക്കെ ഫലമായി പല നല്ല പരിഷ്കാരങ്ങളും കേരളത്തിൽ വരികയുണ്ടായി. സി.സി.ടി.വി ക്യാമറ എല്ലാ പോലീസ് സ്റ്റേഷനുകളിലും സ്ഥാപിക്കണമെന്ന സുപ്രീംകോടതി നിർദേശം വരുന്നതിനുമുമ്പുതന്നെ, 2009-ൽ കേരളത്തിൽ അതു നടപ്പിലാക്കിയിരുന്നു.
2011-ലെ കേരള പോലീസ് ആക്ട് അനുസരിച്ച്, പോലീസ് സ്റ്റേഷനിൽ അതിക്രമം നടന്നാൽ അതു റിപ്പോർട്ട് ചെയ്യേണ്ട ചുമതല പോലീസ് ഉദ്യോഗസ്ഥർക്ക് തന്നെയുണ്ട്. പെരുമാറ്റരീതി മെച്ചപ്പെടുമെന്ന വിശ്വാസത്തിൽ എല്ലാ പോലീസ് സ്റ്റേഷനിലും വനിതാപോലീസുകാരുടെ സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ആരെയെങ്കിലും കസ്റ്റഡിയിലെടുത്താൽ അടുത്തബന്ധുവിനെയോ സുഹൃത്തിനെയോ അറിയിക്കണമെന്നത് ഇപ്പോൾ നിർബന്ധമാണ്. നമ്മുടെ സംസ്ഥാനത്ത് കസ്റ്റഡിയിലുള്ളവരെ എതുസമയവും പരിശോധിക്കുവാനുള്ള അധികാരം ജില്ലാ മജിസ്ട്രേറ്റിനു മാത്രമല്ല, മനുഷ്യാവകാശ കമ്മീഷൻ, വനിതാകമ്മീഷൻ, പട്ടികജാതി കമ്മീഷൻ എന്നിവയുടെ അംഗങ്ങൾക്കുമുണ്ട്. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും പോലീസിനെതിരെയുള്ള പരാതികൾ കൈകാര്യംചെയ്യാനായി അതോറിറ്റികൾ സ്ഥാപിതമായിട്ടുണ്ട്.
പോലീസിലെ പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം പല പണ്ഡിതരും നിർദേശിച്ചിട്ടുള്ള ‘കമ്മ്യൂണിറ്റി പോലീസിങ്’, ജേക്കബ് പുന്നൂസ് സംസ്ഥാന പോലീസ് മേധാവിയായിരുന്ന കാലത്ത് ഹേമചന്ദ്രൻ, സന്ധ്യ എന്നീ ഉന്നതോദ്യോഗസ്ഥർ മുൻകൈയെടുത്ത് കേരളത്തിലും ‘ജനമൈത്രി’ എന്ന പേരിൽ നടപ്പിലാക്കാൻ ശ്രമിക്കുകയുണ്ടായി. 2011-ലെ കേരള പോലീസ് ആക്റ്റിലും ഇതേക്കുറിച്ച് ഒരു വ്യവസ്ഥ ഉൾക്കൊള്ളിച്ചിരുന്നു. ഈയവസരത്തിൽ കമ്മ്യൂണിറ്റി പോലീസിങ്ങിനെക്കുറിച്ച് അൽപംകൂടി മനസ്സിലാക്കാൻ നമുക്ക് ശ്രമിക്കാം. ഭാരതത്തിലെ പോലീസ് സംവിധാനത്തെക്കുറിച്ച് വിശദമായി പഠിച്ചിട്ടുള്ള വിദേശപണ്ഡിതരിൽ അഗ്രഗണ്യനാണ് ഡേവിഡ് ബെയ്ലി. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ജനാധിപത്യസംവിധാനത്തിലെ പോലീസിന് നിയമസമാധാനപാലനം കൂടാതെ രണ്ട് കടമകൾ കൂടിയുണ്ട്. ഒന്ന്, വ്യക്തികളുടെ ആവശ്യങ്ങളോട് വേണ്ടവിധത്തിൽ പ്രതികരിക്കുക. രണ്ട്, തങ്ങളുടെ ഉത്തരവാദിത്വനിർവഹണത്തെക്കുറിച്ചുള്ള പരിശോധനകൾക്ക് സ്വയം വഴങ്ങുക. ഇതിൽ ആദ്യം പറഞ്ഞ കടമ നിർവഹിക്കുവാൻ, ജനങ്ങളുടെ ആവശ്യങ്ങൾ എന്തെന്ന് മനസ്സിലാക്കാൻ പോലീസിനെ സഹായിക്കുന്ന ഒരുപാധിയാണ് “കമ്മ്യൂണിറ്റി പോലീസിങ്”. അത് പലവിധത്തിൽ പ്രാവർത്തികമാക്കാവുന്ന ഒരു സങ്കല്പമാണ്. മിക്ക രാജ്യങ്ങളിലും ഒരു ബീറ്റ് പോലീസ് സംവിധാനത്തിലൂടെയാണ് പോലീസും പൊതുജനവും തമ്മിലുള്ള ഇടപഴകൽ സുഗമമാക്കുന്നത്. കേരളത്തിലെ ജനമൈത്രി സംവിധാനത്തിന്റെ അടിസ്ഥാനവും അതുതന്നെയായിരുന്നു. തുടക്കമിട്ട തലമുറയിലെ മേലുദ്യോഗസ്ഥർ വിരമിച്ചതിനുശേഷം “ജനമൈത്രി പ്രസ്ഥാനം” വിജയകരമായി നടപ്പിലാക്കാനുള്ള ഉത്സുകത കുറഞ്ഞുപോയെന്നു തോന്നാമെങ്കിലും, നിലവിലെ പോലീസ് നേതൃത്വത്തിനു കീഴിൽ വീണ്ടും ഒരും ഉണർവുണ്ടായിട്ടുണ്ടത്രെ.
കേരള പോലീസിനെതിരെ ആരോപണങ്ങൾ ഉയരുമ്പോഴും ചില നല്ല കാര്യങ്ങളും കേൾക്കുന്നുണ്ട് – ചീത്ത വാർത്തകൾക്കിടയിൽ നല്ല വാർത്തകൾ മുങ്ങിപ്പോകുമെന്നത് ഒരു മാധ്യമസത്യമാണെങ്കിൽപ്പോലും. ഇപ്പോൾ എ.ഡി.ജി.പി. പദവിയിൽ കേരളത്തിലെ ഇന്റലിജൻസ് മേധാവിയായി വർത്തിക്കുന്ന പി. വിജയന്റെ വിജയഗാഥയെന്നു വിശേഷിപ്പിക്കാവുന്ന ജീവിതകഥ ഹാർവാർഡ് അടക്കം ആറ് അമേരിക്കൻ സർവകലാശാലകളിൽ പഠനഗ്രന്ഥമായിരിക്കുന്നുവത്രെ. ഈ ദിവസങ്ങളിൽ വായിച്ച മറ്റൊരു നല്ല വാർത്ത, 31 വർഷം മുമ്പ് ഒരു കൊല നടത്തിയശേഷം വിദേശത്തേക്ക് കടന്ന ഒരു പ്രതിയെ പിടികൂടി എന്നതാണ്.
ഇതൊക്കെയായിട്ടും എന്തുകൊണ്ടാണ് കേരളത്തിലെ പോലീസിനെതിരെ പരാതികൾ ഉയരുന്നത്? ഞാൻ സംസ്ഥാന പോലീസ് മേധാവിസ്ഥാനം ഒഴിഞ്ഞിട്ട് ഇരുപതുവർഷം കഴിഞ്ഞു. അതിനാൽ, എനിക്കുശേഷവും ജോലിചെയ്ത് പിരിഞ്ഞ, കഴിവുതെളിയിച്ച ചില ഉന്നത ഉദ്യോഗസ്ഥരോട് ഞാൻ ചോദിച്ചു, മേൽനോട്ടക്കുറവാണോ? അതിനു മറുപടി പറയേണ്ടത് ഞങ്ങളല്ല, പൊതുജനമാണ് എന്നതാണ് അവരുടെ നിലപാട്. എന്നാൽ, രാഷ്ട്രീയനേതൃത്വത്തിന്റെ നിർദേശങ്ങൾക്ക് കാത്തുനിൽക്കാതെ ഉന്നത ഉദ്യോഗസ്ഥർ നിർഭയം തീരുമാനമെടുക്കുകയാണെങ്കിൽ, കീഴുദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കാനും കെടുകാര്യസ്ഥതയും അധികാരദുർവിനിയോഗവും നിയന്ത്രിക്കുവാനും അത് ഉപകരിക്കുമെന്ന അഭിപ്രായം അവർക്കുണ്ട്. കൂടാതെ, പോലീസിൽ എക്കാലവും നിലനിന്നുപോന്നിരുന്ന രണ്ടു പ്രവണതകൾകൂടി സേനയുടെ പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു എന്ന് അവർ ചൂണ്ടിക്കാട്ടുന്നു: ഒന്ന്, തെറ്റുചെയ്താലും സഹപ്രവർത്തകനെ സംരക്ഷിക്കണമെന്ന മനോവികാരം; രണ്ട്, മനോവീര്യം അഥവാ ‘morale’ എന്നത് ഓരോ പോലീസുകാരന്റെയും വ്യക്തിപരമായ സന്തോഷമല്ല, മറിച്ച് നിയമം നടപ്പാക്കാൻവേണ്ടി വിഷമം സഹിക്കാനുള്ള കഴിവാണെന്നു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്.
ഞാൻ ഐ.പി.എസ്സിൽ ചേർന്ന് കേരളത്തിൽ ജോലിചെയ്യാൻ തുടങ്ങിയത് എം. ഗോപാലൻ എന്ന സംസ്ഥാന പോലീസ് മേധാവിയുടെ കീഴിലായിരുന്നു. അദ്ദേഹം കേരള പോലീസ് തലവനായി ചുമതലയേറ്റപ്പോൾ, 1967 നവംബർ 24-ന് എല്ലാ സേനാംഗങ്ങൾക്കുമായി ഒരു സന്ദേശം അയക്കുകയുണ്ടായി. ആ സന്ദേശത്തിലെ ഉപസംഹാര ഖണ്ഡിക ഉദ്ധരിച്ചുകൊണ്ട് ഞാനിത് അവസാനിപ്പിക്കാം.
“സത്യവും നീതിയുമൊഴിച്ച് വേറൊരു പ്രേരണയ്ക്കും വഴങ്ങുകയില്ലെന്നും സ്വന്തം മനസ്സാക്ഷിയുടേതല്ലാതെ മറ്റൊരു വിമർശനത്തെയും ഭയക്കുകയില്ലെന്നും നമുക്ക് ആത്മാർഥമായി നിശ്ചയിച്ചുറയ്ക്കാം. ഇന്നിതൊരു ധാർമ്മിക സമീപനമല്ല, വ്യക്തികളെന്ന നിലയിലും സമൂഹങ്ങളെന്ന നിലയിലും, നാടെന്ന നിലയിലും ജനങ്ങളെന്ന നിലയിലും അതിജീവിക്കാനുള്ള കഴിവ് നമുക്കുണ്ടാകുമോ എന്നതിന്റെ പ്രശ്നമാണ്. ഈ ബോധത്തിലൂടെയും പരസ്പരസഹകരണത്തിലൂടെയും ശുദ്ധവും കാര്യക്ഷമവുമായ പോലീസ് സേവനം സർക്കാരിനും ജനങ്ങൾക്കും അർപ്പിക്കുവാൻ നമുക്കു കഴിയട്ടെ.” ഇന്നും എന്നും അന്വർത്ഥമായ വാക്കുകൾ.


