This Content Is Only For Subscribers
‘വിജ്ഞാനകേരളം’ പദ്ധതിയുടെ അമരക്കാരനായി സർക്കാർ അങ്ങയെ നിയമിച്ചിരിക്കുകയാണല്ലോ. 1964-ലെ ഭൂപരിഷ്കരണത്തിനും 1996-ലെ അധികാരവികേന്ദ്രീകരണത്തിനും ശേഷം ഇടതുപക്ഷ സർക്കാരിന്റെ മൂന്നാമത്തെ ചരിത്രപരമായ കാൽവയ്പായി ഇതിനെ വിലയിരുത്തുന്നവരുണ്ട്. എന്താണ് യഥാര്ഥത്തിൽ ഈ പദ്ധതിയുടെ കാതൽ? എങ്ങനെയാണ് ഇതു പ്രാവർത്തികമാക്കാൻ ഉദ്ദേശിക്കുന്നത്?
ഉത്തരം: ഭൂപരിഷ്കരണം കഴിഞ്ഞാൽ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവമാണ് അധികാര വികേന്ദ്രീകരണമെന്ന് 1996-ൽ പറഞ്ഞത് ഇ.എം.എസ് ആണ്. ആ തലത്തിലുള്ള, കേരളത്തിന്റെ ഭാവിയെ മാറ്റിമറിക്കാൻ ശേഷിയുള്ള ഒരു ബൃഹദ് പദ്ധതിക്കാണ് സർക്കാർ ഇപ്പോൾ തുടക്കമിടുന്നത്. പക്ഷേ, ഇതിന് രണ്ട് തലങ്ങളുണ്ട്. ഒന്ന്, ഉന്നതവിദ്യാഭ്യാസ രംഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, പുതിയ വ്യവസായങ്ങളെ ആകർഷിച്ച് പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കുക എന്നിങ്ങനെയുള്ള വലിയ പദ്ധതികൾ സർക്കാർ തലത്തിൽ നടക്കുന്നു.
അതോടൊപ്പം, താഴെത്തട്ടിൽ ജനങ്ങളെയാകെ പങ്കാളികളാക്കിക്കൊണ്ടുള്ള ഒരു മുന്നേറ്റമാണ് ‘വിജ്ഞാന കേരളം’. സന്നദ്ധ പ്രവർത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം ചേർന്നൊരുക്കുന്ന ഒരു ജനകീയ യജ്ഞം. പ്രധാനമായും പ്രാദേശിക തലത്തിലാണ് ഇതിന്റെ പ്രവർത്തനം ഊർജിതമാവുക.
നാല് മാര്ഗങ്ങളിലൂടെയാണ് ഈ പദ്ധതി മുന്നോട്ടുപോകുന്നത്:
(i) പഠിച്ചിറങ്ങുന്നവർക്ക് ഉടൻ ജോലി: കോളേജുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ നൈപുണി പരിശീലനം നൽകി, പഠനം പൂർത്തിയാക്കുന്ന നിമിഷംതന്നെ ജോലി ഉറപ്പാക്കുക. ഈ വർഷംമാത്രം ഒരു ലക്ഷം വിദ്യാര്ഥികൾക്ക് ഇങ്ങനെ തൊഴിൽ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
(ii) തൊഴിൽ തേടുന്നവർക്ക് കൈത്താങ്ങ്: പഠനം കഴിഞ്ഞ് ജോലിയില്ലാതെ നിൽക്കുന്ന ചെറുപ്പക്കാർക്ക് പ്രത്യേക പരിശീലനം നൽകി, തൊഴിൽമേളകളിലൂടെ മികച്ച അവസരങ്ങൾ ലഭ്യമാക്കുക.
(iii) അടുക്കളയിൽ ഒതുങ്ങുന്ന പ്രതിഭകൾക്ക് അവസരം: പഠനം പൂർത്തിയാക്കിയശേഷം വീട്ടമ്മമാരായി ഒതുങ്ങിക്കഴിയുന്ന സ്ത്രീകളെ തൊഴിൽരംഗത്തേക്ക് കൊണ്ടുവരിക. നിലവിൽ തൊഴിൽ പ്രായത്തിലുള്ള സ്ത്രീകളിൽ വെറും 20 ശതമാനം മാത്രമാണ് വീടിന് പുറത്തുപോയി ജോലിചെയ്യുന്നത്. അവർക്ക് പ്രാദേശികമായിത്തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഈ ഘട്ടം ഊന്നൽ നൽകുന്നത്.
(iv) അനുഭവസമ്പത്തിന് അംഗീകാരം: ഔപചാരിക വിദ്യാഭ്യാസം കുറവാണെങ്കിലും കെട്ടിട നിർമാണം പോലുള്ള മേഖലകളിൽ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള തൊഴിലാളികളുണ്ട്. അവർക്ക് ‘സ്കിൽ ഈക്വലൻസി’ സർട്ടിഫിക്കേഷൻ നൽകി വിദേശ രാജ്യങ്ങളിലടക്കം മികച്ച തൊഴിലവസരങ്ങൾ നേടാൻ പ്രാപ്തരാക്കുക.
ചുരുക്കത്തിൽ, കേരളത്തിലെ തൊഴിലില്ലായ്മ എന്ന വലിയ പ്രതിസന്ധിക്ക് പരിഹാരം കാണുകയാണ് ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം. ദാരിദ്ര്യ നിർമ്മാർജനത്തിലും ക്ഷേമപ്രവർത്തനങ്ങളിലുമൊക്കെ നമ്മൾ ഏറെ മുന്നോട്ടുപോയി. എന്നാൽ, തൊഴിലില്ലായ്മയുടെ കാര്യത്തിൽ ദേശീയ ശരാശരിയെക്കാൾ മൂന്നും നാലും മടങ്ങ് പിന്നിലാണ് നമ്മൾ. ആ ചീത്തപ്പേര് മാറ്റിയെടുക്കാനുള്ള ഒരു വലിയ ജനകീയ മുന്നേറ്റമായി ‘വിജ്ഞാന കേരളം’ മാറും.
കേരളം യുവതയില്ലാത്ത നാടായി മാറുന്നുവെന്ന ആശങ്ക ശക്തമാണ്. മികച്ച ജോലിയും ജീവിതവും തേടി നമ്മുടെ ചെറുപ്പക്കാർ കൂട്ടത്തോടെ നാടുവിടുകയാണ്. കേരളത്തിൽ അവർക്കിണങ്ങിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മാറിമാറിവന്ന സർക്കാരുകൾ പരാജയപ്പെട്ടു എന്നതിന്റെ വ്യക്തമായ സൂചനയല്ലേ ഇത്?
ഉത്തരം: ഇവിടെ ഒരു വിരോധാഭാസമുണ്ട്. നമ്മുടെ നാട്ടിൽ ജോലികളുണ്ട്, പക്ഷേ ആ ജോലികൾ ചെയ്യാൻ നമ്മുടെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തയ്യാറല്ല. കാരണം, അവരുടെ പ്രതീക്ഷകൾക്കൊത്ത ശമ്പളമോ പദവിയോ ആ ജോലികൾക്കില്ല. ആ ഒഴിവുകളിലേക്കു വരുന്നത് 40 ലക്ഷത്തോളം വരുന്ന അതിഥി തൊഴിലാളികളാണ്. അതേസമയം, നമ്മുടെ ചെറുപ്പക്കാർ അവർ ആഗ്രഹിക്കുന്നതുപോലുള്ള മെച്ചപ്പെട്ട ജോലികൾ തേടി മറ്റു സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നു.
ഇതിനുള്ള പരിഹാരം ഒന്നേയുള്ളൂ. ഉയർന്ന നിലവാരമുള്ള അത്തരം തൊഴിലവസരങ്ങൾ കേരളത്തിൽത്തന്നെ സൃഷ്ടിക്കണം. അതിനായി അറിവിനെ അടിസ്ഥാനമാക്കിയുള്ള പുതിയ വ്യവസായങ്ങൾ ഇവിടെ വരണം. അതാണ് ‘വിജ്ഞാന സമ്പദ്ഘടന’ എന്നതുകൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്.
അത്തരമൊരു സമ്പദ്ഘടന രൂപപ്പെടുമ്പോൾ, അവിടെ ജോലിചെയ്യാനുള്ള വൈദഗ്ധ്യം നമ്മുടെ ചെറുപ്പക്കാർക്ക് ഉണ്ടാകണം. അതിനായി കോളെജ് പാഠ്യപദ്ധതിയുടെ ഭാഗമായിത്തന്നെ നൈപുണി വികസന പദ്ധതികൾ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. തീർച്ചയായും, ഈയൊരു മാറ്റം യാഥാര്ഥ്യമാകാൻ അഞ്ചോ പത്തോ വർഷമെടുത്തേക്കാം.
ഈ ഇടക്കാലയളവിൽ നമ്മുടെ കുട്ടികൾക്ക് കേരളത്തിൽ ജോലി ലഭിക്കുന്നില്ലെങ്കിൽ, അവർക്ക് മറ്റു സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ മികച്ച അവസരങ്ങൾ നേടിക്കൊടുക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അതിനും നൈപുണി പരിശീലനം അത്യാവശ്യമാണ്. പക്ഷേ, എല്ലാ കാലത്തും അവരെ പുറത്തേക്ക് അയക്കുക എന്നല്ല ഇതിനര്ഥം. ആത്യന്തികമായ ലക്ഷ്യം, നമ്മുടെ കൃഷിയെയും വ്യവസായത്തെയും സേവനമേഖലകളെയും നവീകരിച്ച് ആ നല്ല തൊഴിലുകൾ ഇവിടെത്തന്നെ സൃഷ്ടിക്കുക എന്നതാണ്.
ജനകീയാസൂത്രണം കേരളത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവന്നു എന്നതിൽ തർക്കമില്ല. പക്ഷേ, പതിറ്റാണ്ടുകൾക്കിപ്പുറവും ആദിവാസി, ദളിത്, മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് ഒരു തുണ്ട് ഭൂമിക്കും ഒരു കൂരയ്ക്കും വേണ്ടി സമരം ചെയ്യേണ്ടിവരുന്നു. നമ്മുടെ സംവിധാനങ്ങൾ എവിടെയാണ് പരാജയപ്പെടുന്നത്?
ഉത്തരം: ജനകീയാസൂത്രണത്തിന്റെ ഏറ്റവും വലിയ നേട്ടം ഒറ്റവാക്കിൽപ്പറഞ്ഞാൽ, കേരളത്തിൽനിന്ന് ദാരിദ്ര്യം ഏതാണ്ട് പൂർണമായി തുടച്ചുനീക്കാൻ അതിനു കഴിഞ്ഞു എന്നതാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും അടിസ്ഥാന സൗകര്യങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കാൻ അധികാര വികേന്ദ്രീകരണത്തിനായി.
എന്നാൽ, ഈ പൊതുവായ നേട്ടങ്ങൾക്കിടയിലും ആദിവാസി, ദളിത്, മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ മറ്റുള്ളവർക്കൊപ്പം മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ നമ്മൾ പൂർണമായി വിജയിച്ചിട്ടില്ല എന്നത് ഒരു യാഥാര്ഥ്യമാണ്. അവർ താരതമ്യേന പിന്നാക്കാവസ്ഥയിൽ തുടരുന്നു.
ഇതിനു പല കാരണങ്ങളുണ്ട്. ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ ഞങ്ങളുടെ കണക്കുകൂട്ടൽ ഇതായിരുന്നു: അധികാരവും പണവും താഴെത്തട്ടിലേക്ക് നൽകുമ്പോൾ, ഈ വിഭാഗങ്ങൾ സംഘടിച്ച് ഗ്രാമസഭകളിലും മറ്റും ഇടപെട്ട് അവരുടെ വിഹിതം നേടിയെടുക്കും. അതിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. ഉദാഹരണത്തിന്, ആദിവാസി ഊരുകൂട്ടങ്ങൾ എടുക്കുന്ന തീരുമാനങ്ങളെ മറികടക്കാൻ പഞ്ചായത്തിനുപോലും അധികാരമില്ല. പക്ഷേ, ദൗർഭാഗ്യവശാൽ ഈ വേദികളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ ഈ സമൂഹങ്ങളിലെ സംഘടനകൾക്ക് വേണ്ടത്ര കഴിഞ്ഞില്ല. അവർ അവകാശങ്ങൾക്കായി തെരുവിൽ സമരംചെയ്യും, പക്ഷേ, തങ്ങൾക്ക് അനുവദിച്ചുകിട്ടിയ പണം എന്തുചെയ്തു എന്നു പഞ്ചായത്തിൽ കയറിച്ചെന്ന് ചോദിക്കുന്നതിൽ ഒരു വിമുഖതയുണ്ടായി.
രണ്ടാമത്തെ പ്രധാന കാരണം, കേരളത്തിലെ രൂക്ഷമായ തൊഴിലില്ലായ്മയാണ്. തൊഴിലില്ലായ്മ വരുമ്പോൾ ഏറ്റവും ആദ്യം പുറന്തള്ളപ്പെടുന്നത് സ്ത്രീകളും ഇതുപോലുള്ള പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമാണ്. അതോടെ, നല്ല ജോലി നേടി സാമൂഹികമായി ഉയരാനുള്ള അവരുടെ സാധ്യതകൾ പരിമിതപ്പെടുന്നു.
പണ്ടത്തെപ്പോലെ ഒരു ഭൂപരിഷ്കരണം ഇനി പ്രായോഗികമല്ല. നല്ല വിദ്യാഭ്യാസവും അതിലൂടെ മികച്ച തൊഴിലും നേടുക എന്നതാണ് ഇനി അവരുടെ മുന്നോട്ടുള്ള വഴി. അതിനാലാണ് ‘വിജ്ഞാന കേരളം’ പദ്ധതിയിൽ ‘ഉന്നതി’ പോലുള്ള ‘ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ’ എന്ന പ്രത്യേക പരിപാടികൾവഴി ഈ വിഭാഗങ്ങളിലെ അഭ്യസ്തവിദ്യർക്ക് പ്രത്യേക പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നത്.
ജനകീയ പങ്കാളിത്തം എന്നത് കടലാസിൽ ഒതുങ്ങുകയാണോ? ദേശീയപാത പോലുള്ള വൻകിട പദ്ധതികൾ വരുമ്പോൾ നാട്ടുകാരുടെ ശബ്ദം സർക്കാർ കേൾക്കുന്നില്ലെന്ന പരാതി ശക്തമാണ്. എതിർക്കുന്നവരെ വികസനവിരോധികളാക്കി മുദ്രകുത്തുന്നത് അധികാര വികേന്ദ്രീകരണത്തിന്റെ കടയ്ക്കൽ കത്തിവെക്കുന്നതിന് തുല്യമല്ലേ?
ഉത്തരം: അധികാര വികേന്ദ്രീകരണം എന്നതുകൊണ്ട് എല്ലാ തീരുമാനങ്ങളും താഴെത്തട്ടിൽ എടുക്കണമെന്നല്ല അര്ഥമാക്കുന്നത്. ഒരു പഞ്ചായത്തിനു ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ അവിടെത്തന്നെ തീരുമാനിക്കണം. അതിനപ്പുറമുള്ളവ മാത്രം മുകളിലേക്കുവിടുക. ഇതാണ് അതിന്റെ അടിസ്ഥാന തത്വം. ദേശീയപാത, വൻകിട വ്യവസായങ്ങൾ എന്നിവ സ്വാഭാവികമായും സംസ്ഥാന-കേന്ദ്ര തലങ്ങളിൽത്തന്നെയാണ് തീരുമാനിക്കേണ്ടത്.
എന്നാൽ, അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്നത് പ്രാദേശികജനങ്ങളാണ്. അതുകൊണ്ടുതന്നെ അവിടെ ഉയരുന്ന എതിർപ്പുകളെ വികസനവിരോധമായി മുദ്രകുത്തുന്നത് ശരിയല്ല. ഏത് വലിയ പദ്ധതിക്കും ഗുണവും ദോഷവുമുണ്ടാകും. നമ്മൾ ചെയ്യേണ്ടത് കൃത്യമായ ഒരു ഗുണദോഷ വിചിന്തനമാണ്. ദോഷങ്ങളെക്കാൾ ഗുണങ്ങളുണ്ടെന്ന് ഉറപ്പുള്ള പദ്ധതികളുമായി മുന്നോട്ടുപോകണം. ഒപ്പം, പദ്ധതിയുടെ ഇരകളാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണം.
ദേശീയപാത വികസനംതന്നെ മികച്ച ഉദാഹരണമാണ്. തുടക്കത്തിൽ എതിർപ്പുകളുണ്ടായെങ്കിലും, പിന്നീട് പലയിടത്തും കൂടുതൽ സൗകര്യങ്ങൾക്കും നല്ല നടപ്പാതകൾക്കുംവേണ്ടിയായി ജനങ്ങളുടെ ആവശ്യം. വിമർശനങ്ങളെ ക്രിയാത്മകമായി കാണുകയാണ് വേണ്ടത്.
കെ-റെയിലിനുവേണ്ടി ഞാൻ വാദിച്ചത് അതുകൊണ്ടാണ്. കേരളത്തിന്റെ ഭാവിയിലെ ഗതാഗതത്തിന് ഏറ്റവും പരിസ്ഥിതി സൗഹൃദപരമായ മാർഗം അതാണ്. അല്ലെങ്കിൽ, ഇപ്പോൾ നാലുവരിയാക്കിയ പാതയും അഞ്ചുവർഷംകൊണ്ട് തികയാതെ വരും. വീണ്ടും റോഡുകൾ പണിയേണ്ടി വരും. കെ-റെയിൽ പോലുള്ള ഒരു അതിവേഗ ഗതാഗതസംവിധാനത്തെ കേന്ദ്രമാക്കി മറ്റുള്ള റോഡ് യാത്രകളെ ബന്ധിപ്പിക്കുകയാണുവേണ്ടത്. പദ്ധതി നടപ്പാക്കുമ്പോൾ പാരിസ്ഥിതികപ്രശ്നങ്ങളോ വെള്ളക്കെട്ടോ ഉണ്ടാകുമെങ്കിൽ, അത് എങ്ങനെ മറികടക്കാമെന്നാണ് നമ്മൾ ചർച്ചചെയ്യേണ്ടത്. വിമർശിക്കുന്നവരെല്ലാം വികസനവിരോധികളാണെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ, ഒരു പദ്ധതിയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾത്തന്നെ, അതിനെ മറികടക്കാനുള്ള ബദൽ മാർഗങ്ങളെക്കുറിച്ചും നാം ചിന്തിക്കണം. വിശാലമായ കാഴ്ചപ്പാടോടെയുള്ള ഒരു സമീപനമാണ് നമുക്കാവശ്യം.
കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറകുനൽകിയ കിഫ്ബി ഒരു കടക്കെണിയായി മാറുമോ എന്ന ആശങ്ക സാമ്പത്തികവിദഗ്ധർ പങ്കുവയ്ക്കുന്നുണ്ട്. ഈ ആശങ്കയിൽ കഴമ്പുണ്ടോ? കിഫ്ബിയുടെ ഭാവി സുരക്ഷിതമാണോ?
ഉത്തരം: ആ വിഷയത്തിൽ എനിക്ക് യാതൊരു ആശങ്കയുമില്ല. കിഫ്ബി ഇന്നു ചെയ്യുന്ന പ്രവർത്തനങ്ങൾ കേരളത്തിന് അത്യന്താപേക്ഷിതമാണ്. വർഷങ്ങളായി വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഊന്നൽ നൽകിയപ്പോൾ നമ്മുടെ റോഡുകളും പാലങ്ങളും പോലുള്ള അടിസ്ഥാനസൗകര്യവികസനം അവഗണിക്കപ്പെട്ടു. ബജറ്റിനെ മാത്രം ആശ്രയിച്ചാൽ ഈ വിടവ് നികത്താൻ കാൽനൂറ്റാണ്ടെടുക്കും. അത്രയും കാലം കാത്തിരിക്കാൻ കേരളത്തിന് കഴിയില്ല.
നമ്മളൊരു വീട് വയ്ക്കുമ്പോൾ കൈയിലെ പണത്തിനുവേണ്ടി കാത്തിരിക്കാറില്ലല്ലോ. വായ്പയെടുത്ത് വീടുപണിത്, പതിയെ തിരിച്ചടയ്ക്കുകയാണ് ചെയ്യുക. അതുതന്നെയാണ് സർക്കാരും കിഫ്ബിയിലൂടെ ചെയ്യുന്നത്. സർക്കാരിനു നേരിട്ട് വായ്പയെടുക്കുന്നതിനു പരിമിതികളുണ്ട്. അതിനാലാണ് കിഫ്ബി എന്ന സംവിധാനം. കിഫ്ബി വായ്പയെടുത്ത് പദ്ധതികൾ നടപ്പാക്കും. അതിനുപകരമായി മോട്ടോർ വാഹന നികുതിയുടെ ഒരു പങ്ക് എല്ലാവർഷവും സർക്കാർ കിഫ്ബിക്ക് നൽകും. ഈ തുക നിയമംമൂലം നിജപ്പെടുത്തിയതാണ്. അതുകൊണ്ട് സർക്കാരിന്റെ ബാധ്യത ഒരിക്കലും നിയന്ത്രണാതീതമായി വർധിക്കുന്നില്ല.
മാത്രമല്ല, സർക്കാരിൽനിന്ന് ലഭിക്കുന്ന വരുമാനംകൊണ്ട് തിരിച്ചടയ്ക്കാൻ കഴിയുന്ന വായ്പകളേ കിഫ്ബിക്ക് എടുക്കാനാകൂ. ഇത് ഉറപ്പുവരുത്താൻ ശക്തമായ ഡയറക്ടർ ബോർഡും, മുൻ സി.എ.ജി. അധ്യക്ഷനായ സമിതിയുമെല്ലാമുണ്ട്. അതിനാൽ കിഫ്ബി ഒരു കടക്കെണിയാകുമെന്നോ തിരിച്ചടവ് മുടങ്ങുമെന്നോ ഭയപ്പെടേണ്ടതില്ല. ഒരേസമയം നമ്മുടെ പശ്ചാത്തലസൗകര്യങ്ങളിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനും, അതുവഴി കേരളത്തെ ഒരു വലിയ വികസനക്കുതിപ്പിന് തയ്യാറാക്കാനും കിഫ്ബിക്ക് സാധിക്കും.
Toppling the First Ministry: Kerala, the CIA, and the Struggle for Social Justice എന്നൊരു കൃതി താങ്കളും റിച്ചാർഡ് ഡബ്ല്യു ഫ്രാങ്കിയും ചേർന്ന് എഴുതിയിട്ടുണ്ട്. ഇതിൽ ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ സി.ഐ.എയുടെ രഹസ്യ പ്രവർത്തനങ്ങളുടെ കഥ പറയുന്നുണ്ട്. എങ്ങനെയാണ് താങ്കൾ സി.ഐ.എയുടെ ഇടപെടലിനെ വസ്തുനിഷ്ഠമായി സ്ഥാപിച്ചെടുക്കുന്നത് ?
ഉത്തരം: ഒരു കാലത്ത് റിച്ചാർഡ് ഫ്രാങ്കി ഒരു സി.ഐ.എ ഏജന്റാണെന്നും, അദ്ദേഹവുമായി സഹകരിച്ച ഞാൻ അതിന് കൂട്ടുനിൽക്കുകയാണെന്നുംവരെ കേരളത്തിൽ വലിയ ദുഷ്പ്രചരണം നടന്നിരുന്നു. അതുകൊണ്ടുതന്നെ, കേരളത്തിലെ സി.ഐ.എ ഇടപെടലിനെക്കുറിച്ച് ഒരു പുസ്തകം എഴുതിക്കൊണ്ട് തന്റെ സജീവ പഠനജീവിതത്തിൽനിന്ന് വിരമിക്കാൻ എന്നു തീരുമാനിച്ചു. പ്രായമായ റിച്ചാർഡ് ഫ്രാങ്കി ഒരു ഓൾഡ് ഏജ് ഹോമിലേക്ക് മാറുന്നതിന് മുൻപ് പൂർത്തിയാക്കിയ പുസ്തകമാണിത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്ത് പലയിടത്തും ഇടതുപക്ഷ സ്വഭാവമുള്ള സർക്കാരുകൾ അധികാരത്തിൽ വന്നു. കേരളത്തിലേത് ശുദ്ധ കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നെങ്കിൽ, മറ്റു പലയിടത്തും വിവിധതരം ഇടതുപക്ഷ കൂട്ടായ്മകളായിരുന്നു. ഗ്വാട്ടിമാല, ബ്രിട്ടീഷ് ഗയാന, ഇന്തോനേഷ്യ, കോംഗോ, ഇറാൻ എന്നിങ്ങനെ നീണ്ടൊരു പരമ്പരതന്നെയുണ്ട്. ഇവിടങ്ങളിലെല്ലാം സർക്കാരുകളെ അട്ടിമറിച്ചത് സി.ഐ.എ ആണ്. ഈ അട്ടിമറികളെക്കുറിച്ചെല്ലാം ഇന്ന് രേഖകൾ ലഭ്യമാണ്, നിരവധി പിഎച്ച്ഡി പ്രബന്ധങ്ങൾ പോലുമുണ്ട്. എന്നാൽ, കേരളത്തിലെ ഇടപെടലിനെക്കുറിച്ച് ഇംഗ്ലീഷിൽ ഒരു പുസ്തകംപോലും ഉണ്ടായിരുന്നില്ല.
ഈ പുസ്തകത്തിനായി ഞങ്ങൾ ഇവിടെനിന്നും അമേരിക്കയിൽനിന്നും ധാരാളം രേഖകൾ ശേഖരിച്ചു. ഏകദേശം 12 വർഷത്തെ പ്രയത്നമുണ്ടതിന് പിന്നിൽ. ഫ്രീഡം ഓഫ് ഇൻഫർമേഷൻ ആക്ട് (Freedom of Information Act) പ്രകാരം റിച്ചാർഡ് ഫ്രാങ്കി നിരന്തരം അപേക്ഷകളും അപ്പീലുകളും നൽകി. ഉദാഹരണത്തിന്, 2010-ലോ 11-ലോ കൊടുത്ത ഒരു അപ്പീലിന് മറുപടി കിട്ടുന്നത് 2016-ലോ 17-ലോ ആണ്. അതായിരുന്നു ഏറ്റവും നിർണായകമായ രേഖ.
1957-ൽ അമേരിക്കൻ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽച്ചേർന്ന സെക്യൂരിറ്റി കൗൺസിൽ യോഗം, കേരളത്തിലെ സർക്കാരിനെ ‘ആവശ്യമെങ്കിൽ രഹസ്യനീക്കത്തിലൂടെ’ (through covert action, if necessary) അട്ടിമറിക്കണം എന്ന് തീരുമാനമെടുത്തതിന്റെ രേഖയാണത്. സാധാരണഗതിയിൽ ‘കവർട്ട് ആക്ഷൻ’ പുറത്തുപറയാറില്ല. വെനസ്വേലയെ അട്ടിമറിക്കാൻ ‘കവർട്ട് ആക്ഷന്’ ഉത്തരവിട്ടു എന്നു പരസ്യമായി പ്രഖ്യാപിച്ചത് ഇപ്പോഴത്തെ അമേരിക്കന് പ്രസിഡന്റ് ട്രംപ് ആണ്. അപ്പോൾ, അട്ടിമറിക്കാനുള്ള കൃത്യമായ ഉത്തരവിന്റെ രേഖതന്നെ നമുക്ക് ലഭിച്ചു. അതിനുപുറമെ, പണം നൽകിയതിനെക്കുറിച്ച് രണ്ടു മുൻ അംബാസഡർമാരുടെയും സി.ഐ.എ ഓപ്പറേറ്റീവുകളുടെയും മൊഴികളുണ്ട്.
അട്ടിമറിക്കുശേഷമുള്ള ‘ഡീപ് ബ്രീഫിങ്’ രേഖകൾക്കായി ഞങ്ങൾ ആബിലിൻ പട്ടണത്തിലെ ഐസൻഹോവർ ആർക്കൈവ്സിൽ പോയിരുന്നു. ആ രേഖകൾ കിട്ടുമെന്ന് ഏതാണ്ട് ഉറപ്പിച്ചാണ് പോയത്. എന്നാൽ, അത് ‘ക്ലാസിഫൈഡ്’ (Classified) ആണെന്നും തരാൻ അനുവാദമില്ലെന്നുമായിരുന്നു മറുപടി. ആ ശൂന്യമായ പെട്ടിയുടെ ഫോട്ടോയും, അത് ക്ലാസിഫൈഡ് ആണെന്നുള്ള അറിയിപ്പും ചേർത്തുകൊണ്ടാണ് ഞങ്ങളുടെ പുസ്തകം അവസാനിക്കുന്നത്.
എങ്കിലും ഒരുകാര്യം ശ്രദ്ധേയമാണ്. സമരം കഴിഞ്ഞപ്പോൾ ആർ. ശങ്കർ പലർക്കും നന്ദി പറഞ്ഞുകൊണ്ട് പത്രസമ്മേളനം നടത്തി, അതിൽ USIS-നും നന്ദി പറഞ്ഞു. ഇത് വിവാദമായപ്പോൾ കൗൺസിൽ അത് നിഷേധിച്ചു. നെഹ്റു സി.ഐ.എ ഇടപെടലിനെ ശക്തമായി എതിർത്തിരുന്ന ആളാണ്. അതിനാൽ നെഹ്റു അറിയാതെ, അദ്ദേഹത്തെ മറ്റുള്ളവരെക്കൊണ്ട് സ്വാധീനിപ്പിച്ചാണ് കാര്യങ്ങൾ നീക്കിയത്. ഇന്ത്യയിലെ ഇന്റലിജൻസ് ബ്യൂറോ (IB) വഴിയാണ് ഇതു നടപ്പാക്കിയത്. ഐ.ബി വഴി പന്തിലേക്കും, അവിടെനിന്ന് കാബിനറ്റിലേക്കും കാര്യങ്ങളെത്തി.
ചുരുക്കത്തിൽ, ഇതു കേരളത്തിൽനിന്ന് മാത്രമായി ഉയർന്നുവന്ന ഒരു സമരമായിരുന്നില്ല. അതിന് അമേരിക്കൻ സി.ഐഎയുടെ സജീവമായ പിന്തുണയും ഇടപെടലും ഉണ്ടായിരുന്നു എന്ന് ഈ പുസ്തകം തർക്കരഹിതമായി സ്ഥാപിക്കുന്നുണ്ട്.
അമേരിക്കയിൽ ട്രംപ് നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങളും തൊഴിൽ മാറ്റങ്ങളും ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് തിരിച്ചടിയാകുമോ? ലോകരാഷ്ട്രീയം കൂടുതൽ കലുഷിതമാവുകയല്ലേ?
ഉത്തരം: ഇന്ത്യൻ സമ്പദ്ഘടനയ്ക്കും മറ്റു ബ്രിക്സ് (BRICS) രാജ്യങ്ങൾക്കും ഇതു ചെറിയതോതിൽ തിരിച്ചടിയുണ്ടാക്കും, പക്ഷേ, അതുകൊണ്ട് സമ്പദ്ഘടന തകരാൻ പോകുന്നില്ല. ഇത് യഥാര്ഥത്തിൽ ചൂണ്ടിക്കാണിക്കുന്നത് അമേരിക്കയുടെ ദൗർബല്യത്തെയാണ്. ഒരു സ്വതന്ത്ര മത്സര വിപണിയിൽ അമേരിക്കൻ വ്യവസായ ഉൽപ്പന്നങ്ങൾക്ക് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.
വ്യവസായത്തിൽ പിടിച്ചുനിന്നില്ലെങ്കിലും അമേരിക്ക തകരില്ല. കാരണം, ലോക നാണയ വ്യവസ്ഥ അമേരിക്കൻ ഡോളറിനെ ആശ്രയിച്ചാണ്, ലോകത്തെ നിയന്ത്രിക്കുന്നത് അമേരിക്കൻ ഫിനാൻഷ്യൽ മൂലധനമാണ്, അമേരിക്കൻ സൈന്യത്തെ വെല്ലുവിളിക്കാൻ ഇന്ന് ലോകത്ത് ആരുമില്ല.
ട്രംപിനെ സംബന്ധിച്ച്, അമേരിക്കയിൽ ജോലി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അതു തിരിച്ചുപിടിച്ചു നൽകും എന്ന വാഗ്ദാനം നൽകിയാണ് അദ്ദേഹം അധികാരത്തിൽ വന്നത്. അതുകൊണ്ടാണ് ഇത്തരം സംരക്ഷണ നയങ്ങൾ (protectionism) സ്വീകരിക്കുന്നത്. ഇതുകൊണ്ട് അമേരിക്കയിൽ പുതിയ വ്യവസായങ്ങൾ വരാൻ പോകുന്നില്ല. ട്രംപിനെ വിശ്വസിച്ച് ഏതു മുതലാളിയാണ് അവിടെ നിക്ഷേപം നടത്തുക? അടുത്ത ഭരണകൂടം ഈ നയം പിൻവലിക്കില്ലെന്ന് എന്തുറപ്പുണ്ട്?
ഈ നീക്കം ലോക സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഒറ്റയ്ക്ക് അമേരിക്കയുമായി വിലപേശി നേട്ടമുണ്ടാക്കാൻ ശ്രമിക്കരുത്. പകരം, സമാനരാജ്യങ്ങളുമായി യോജിച്ചുനിന്ന് ഇതിനെ നേരിടണം. ചൈന, ഇന്ത്യ, ബ്രസീൽ, സൗത്ത് ആഫ്രിക്ക, മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവർ ഒരുമിച്ചുനിന്നാൽ അതൊരു വലിയ കമ്പോളമാണ്. “ഞങ്ങൾ നിങ്ങളുടെ ഉൽപ്പന്നങ്ങൾ വാങ്ങുന്നില്ല, ഞങ്ങൾ തമ്മിൽ വ്യാപാരം നടത്തിക്കൊള്ളാം, ഞങ്ങളുടെ സ്വന്തം നാണയങ്ങൾ ഉപയോഗിച്ചുകൊള്ളാം” എന്ന് ഈ രാജ്യങ്ങൾ തീരുമാനിച്ചാൽ അമേരിക്ക മുട്ടുകുത്തും.
ഇന്നു ബ്രിക്സ് രാജ്യങ്ങളുടെ മൊത്തം ജി.ഡി.പി അമേരിക്കയുടേതിനെക്കാൾ കൂടുതലാണ്. നമ്മൾ തമ്മിൽ കച്ചവടം നടത്തിയാൽ പിടിച്ചുനിൽക്കാം. മറിച്ച്, നമ്മുടെ രാജ്യങ്ങളിൽനിന്നുള്ള വിലകുറഞ്ഞ ഉൽപ്പന്നങ്ങൾ കിട്ടാതെ വരുമ്പോൾ അമേരിക്കയിലായിരിക്കും വിലക്കയറ്റം രൂക്ഷമാവുക. അത് അമേരിക്കൻ സമ്പദ്ഘടനയ്ക്ക് തന്നെയാണ് ദോഷംചെയ്യുക.
അതുകൊണ്ട് നമ്മൾ കീഴടങ്ങുകയല്ല, വെല്ലുവിളിക്കുകയാണ് വേണ്ടത്. ആ വെല്ലുവിളി ഒറ്റയ്ക്കല്ല, കൂട്ടായി നടത്തണം. പക്ഷേ, അങ്ങനെയൊരു കാഴ്ചപ്പാട് വേണ്ടത്ര നമ്മുടെ ഇപ്പോഴത്തെ ഭരിക്കുന്നവർക്കില്ല എന്നതാണ് യാഥാർഥ്യം.
ഇന്ത്യൻ രാഷ്ട്രീയം മാറുന്നു. ഫെഡറലിസവും മതേതരത്വവും ദുർബലപ്പെടുത്തുന്നതിനുള്ള നീക്കങ്ങൾ വലതുപക്ഷ ശക്തികൾ നടത്തുന്നു. ഇതു നാം അനുഭവിച്ചുകൊണ്ടിരിക്കുന്നതാണല്ലോ. ഇന്ത്യയുടെ ഭാവിയെ താങ്കൾ എങ്ങനെ നോക്കി കാണുന്നു?
ഉത്തരം: സാമ്പത്തികമായി ഇന്ത്യ ലോകത്തിലെ മുൻനിര രാജ്യങ്ങൾക്കൊപ്പം വളർച്ച നേടുന്നുണ്ട്. പക്ഷേ, ഇതൊരു പുതിയ പ്രതിഭാസമല്ല. ബ്രിട്ടീഷുകാർ ഭരിക്കുമ്പോൾ നമ്മുടെ വളർച്ച ഒരു ശതമാനമായിരുന്നു. നെഹ്റുവിന്റെ കാലത്ത് അതു മൂന്നര ശതമാനമായി, രാജീവ് ഗാന്ധിയുടെ കാലത്ത് അഞ്ചുശതമാനമായി, നരസിംഹറാവുവിന്റെ കാലത്ത് ആറും ഏഴും ശതമാനമായി. ഈ വളർച്ചയ്ക്ക് ഒരു ചരിത്രമുണ്ട്.
പ്രശ്നം അതല്ല. ഈ സാമ്പത്തികവളർച്ചയുടെ നേട്ടം നാട്ടുകാർക്ക്, സാധാരണജനങ്ങൾക്ക് കിട്ടുന്നില്ല എന്നതാണ്. അതാണ് ചൈനയും ഇന്ത്യയും തമ്മിലുള്ള പ്രധാന വ്യത്യാസം. അതിനു തെളിവു വേണമെങ്കിൽ ആഗോള സാമൂഹികസുരക്ഷാ സൂചികകൾ നോക്കിയാൽ മതി. ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡെക്സ്, സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഇൻഡെക്സ്, പ്രോസ്പെരിറ്റി ഇൻഡെക്സ് തുടങ്ങി ഏതു സൂചിക എടുത്താലും ഇന്ത്യയുടെ സ്ഥാനം വളരെ താഴെയാണ്.
ഇന്ത്യയിലെ ശക്തമായ ജനാധിപത്യ പാരമ്പര്യം കാരണം, ജനവിരുദ്ധ നയങ്ങൾക്കെതിരെ വലിയ എതിർപ്പുകൾ ഉയരാറുണ്ട്. അതുകൊണ്ടാണ് മുപ്പതുവർഷമായി ശ്രമിച്ചിട്ടും ബാങ്കുകൾ പൂർണമായി സ്വകാര്യവൽക്കരിക്കാനോ, ലേബർ-കർഷക നിയമങ്ങൾ മാറ്റിയെഴുതാനോ അവർക്കു കഴിയാതെപോയത്. ഈ ശക്തമായ എതിർപ്പിനെ മറികടക്കുന്നതിനുള്ള ഒരു ഉപായമായിട്ടാണ് അവർ വർഗീയതയെ ഉപയോഗിക്കുന്നത്.
വർഗീയതയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുക, രാജ്യത്തെ ദാരിദ്ര്യത്തിനും മറ്റു പ്രശ്നങ്ങൾക്കും കാരണം ന്യൂനപക്ഷങ്ങളാണ് (മുസ്ലീങ്ങളും ക്രിസ്ത്യാനികളും) എന്നു പ്രചരിപ്പിക്കുക, അതിലൂടെ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുക എന്നതാണ് ഹിന്ദുത്വവാദികളുടെ ശ്രമം. അതിൽ അവർ ഒരു പരിധിവരെ വിജയിച്ചിട്ടുമുണ്ട്.
അതുകൊണ്ട്, ഇന്ത്യയിൽ ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ പേരും ഒരുമിച്ചുനിൽക്കണം. സാമ്പത്തികകാര്യങ്ങളിൽ നമുക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവാം; ഇടതുപക്ഷത്തിനും കോൺഗ്രസിനും അവരുടേതായ നിലപാടുകൾ ഉണ്ടാവാം. പക്ഷേ, മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുക എന്ന രണ്ട് അടിസ്ഥാന കാര്യങ്ങളിൽ യോജിച്ചുനിന്നുകൊണ്ട് ഈ ഹിന്ദുത്വ ‘നിയോ ഫാസിസ’ത്തെ നമ്മൾ പരാജയപ്പെടുത്തണം.
കേരളത്തിലെ ഇടതുപക്ഷ പാർട്ടികളും ജനങ്ങളും തമ്മിലുള്ള ബന്ധം കുറയുകയാണെന്നും, അധികാര രാഷ്ട്രീയം നിലനിറുത്താനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം എന്നുമുള്ള ഒരു നിരീക്ഷണത്തോടുള്ള പ്രതികരണം എന്താണ്?
ഉത്തരം: നമ്മൾ ഒരു ഫെഡറൽ സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുമ്പോൾ അതിന്റെ പരിമിതികൾ നമ്മെ ബാധിക്കും. ആ പരിമിതികൾ ഇന്നു കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, സർക്കാരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അസംഘടിതരായ ‘സ്കീം വർക്കേഴ്സ്’ ഉണ്ട്. അവർക്ക് സർക്കാർ ജീവനക്കാരുടേതിനു സമാനമായ ശമ്പളത്തിന് അർഹതയുണ്ട്. എന്നാൽ, അതു നൽകാൻ സംസ്ഥാനത്തിന്റെ ഇന്നത്തെ ധനസ്ഥിതി അനുവദിക്കുന്നില്ല. മറ്റൊന്ന്, കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സ്വകാര്യവൽക്കരണ നയങ്ങളാണ്. ‘കൺകറന്റ് ലിസ്റ്റിൽ’ ആയതുകൊണ്ട് കേന്ദ്രം നിയമം പാസാക്കിയാൽ നമ്മൾ അത് അനുസരിക്കാൻ ബാധ്യസ്ഥരാണ്. ഇതൊക്കെ ജനങ്ങളിൽ സ്വാഭാവികമായും അസംതൃപ്തി സൃഷ്ടിക്കുന്നുണ്ട്. അതിനെ രാഷ്ട്രീയംകൊണ്ടുതന്നെ മറികടക്കാനേ സാധിക്കൂ.
രണ്ടാമത്തെ കാര്യം, നമ്മൾ അധികാരത്തിൽ ഇരിക്കുമ്പോൾ അധികാരത്തിന്റെതായ ദുഷിപ്പുകൾ നമ്മളെയും ബാധിക്കും. അതു നിഷേധിച്ചിട്ടു കാര്യമില്ല. അത്തരം പ്രവണതകൾ വര്ധിക്കുന്നുമുണ്ട്. അതിനെതിരായി നിരന്തരമായ ജാഗ്രത പുലർത്തിക്കൊണ്ടു മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ.
ഇങ്ങനെയൊക്കെ പരിമിതികൾ ഉണ്ടെങ്കിലും, മതനിരപേക്ഷതയും ഇടതുപക്ഷ നിലപാടും ഒരുമിച്ച് ഉയർത്തിപ്പിടിക്കുന്ന ഇന്ത്യയിലെ ഏക സർക്കാർ കേരളത്തിലേതാണ്. അതുകൊണ്ട് ഇന്ത്യയ്ക്ക് മുന്നിൽ വയ്ക്കാവുന്ന ഒരു ‘ബദൽ മാർഗം’ ഇതാണ്. ഞങ്ങൾ പെർഫെക്റ്റ് ആയതുകൊണ്ടല്ല ഈ സർക്കാർ നിലനിൽക്കേണ്ടത്, മറിച്ച് നമ്മുടെ രാജ്യത്ത് ജനങ്ങളുടെ മുമ്പിൽ മറ്റൊരു മാർഗം ഇല്ലാത്തതുകൊണ്ടാണ്. ഈ തെറ്റുകൾ തിരുത്തി നമുക്കു മുന്നോട്ടുപോകാൻ കഴിയണം.
ചൈനയിൽ വിപ്ലവത്തിന് തിരിച്ചടി നേരിട്ടപ്പോൾ, മാവോ സൈന്യത്തെയുംകൊണ്ട് ലോങ്ങ് മാർച്ച് നടത്തി ‘യനാൻ’ എന്ന സ്ഥലത്ത് താവളമുറപ്പിച്ചു. അവിടെനിന്നാണ് അവർ പ്രത്യാക്രമണം തുടങ്ങിയത്. അതുപോലെ, ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെയും പുരോഗമനചിന്തയുടെയും മതനിരപേക്ഷതയുടെയും ഒരു സുരക്ഷിത താവളമായി (യനാൻ ആയി) കേരളത്തെ നിലനിറുത്തണം. അത് ഇടതുപക്ഷത്തിന്റെ മാത്രം ആവശ്യമല്ല, പുരോഗമനവാദികളായ എല്ലാവരുടെയും ആവശ്യമാണ്.
1957-ൽ നിന്നും 2025–ൽ എത്തുമ്പോൾ കേരളം ഇതര സംസ്ഥാനങ്ങളെക്കാൾ സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഏറെ മുന്നിലാണ്. ഇതിനു സഹായിച്ച ഘടകങ്ങൾ അല്ലെങ്കിൽ വികസനതന്ത്രങ്ങൾ എന്തൊക്കെയാണ്?
ഉത്തരം: 1957-ലെ ആദ്യ സർക്കാരിന്റെ അജണ്ട പരിശോധിച്ചാൽ ഇതിന്റെ ഉത്തരം വ്യക്തമാകും. ഒന്ന്, ഭൂപരിഷ്കരണം. കേരളത്തിലെ ജാതി-തൊഴിൽ-സാമ്പത്തിക അടിത്തറ തകർത്തത് അതാണ്. പിന്നാക്കം നിന്നിരുന്ന മലബാറിനെ കൊച്ചിക്കൊപ്പം എത്തിക്കാൻ ഭൂപരിഷ്കരണത്തിനു സാധിച്ചു. രണ്ട്, തൊഴിൽ അവകാശങ്ങൾ. തൊഴിൽ തർക്കങ്ങളിൽ പോലീസ് ഇടപെടേണ്ടതില്ല എന്ന തീരുമാനം, സംഘടിക്കാനുള്ള അവകാശം ഉറപ്പുവരുത്തൽ, കൂലി വര്ധനവ് എന്നിവ നടപ്പാക്കി. ഭൂപരിഷ്കരണം ‘സ്വത്തിന്റെ പുനർവിതരണം’ ആയിരുന്നെങ്കിൽ, ഇതു ‘വരുമാനത്തിന്റെ പുനർവിതരണം’ ആയിരുന്നു. മൂന്നാമത്തേത്, ഇൻക്ലൂസീവ് വികസനം (Inclusive Development). എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും ആരോഗ്യം, എല്ലാവർക്കും പാർപ്പിടം, എല്ലാവർക്കും ഭക്ഷണം എന്ന സാമൂഹികക്ഷേമ പാത. ഈ പാത സ്വീകരിക്കാൻ പിൽക്കാലത്ത് വന്ന ഇടത്-വലത് സർക്കാരുകളെല്ലാം നിർബന്ധിതരായിത്തീർന്നു.
അതിനുകാരണം, കേരളത്തിൽ രൂപപ്പെട്ട സവിശേഷമായ രാഷ്ട്രീയ-പൗരസമൂഹ അന്തരീക്ഷമാണ്. ഇവിടെ എല്ലാവരും സംഘടിതരാണ്, രാഷ്ട്രീയമായും സാമൂഹികമായും സജീവമാണ്. ഈ പൗരസമൂഹം സർക്കാരുകൾക്കുമേൽ ചെലുത്തിയ സമ്മർദം വളരെ വലുതാണ്. ഇത്തരത്തിലുള്ള പൗരസമൂഹ ഇടപെടലിന്റെ സാധ്യതകൾ പതിന്മടങ്ങ് വര്ധിപ്പിച്ച ഒന്നായിരുന്നു ‘അധികാര വികേന്ദ്രീകരണം’. അതും കേരളത്തിന്റെ മുന്നേറ്റത്തെ ശക്തിപ്പെടുത്തി.
ഇന്നു നമ്മൾ പുതിയൊരു ഘട്ടത്തിലേക്കു കടക്കുകയാണ്. നമ്മുടെ സമ്പദ്ഘടനയെ നവീകരിക്കുകയും, അതിലൂടെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നർക്ക് അവരുടെ പ്രതീക്ഷകൾക്കൊത്ത തൊഴിലവസരങ്ങൾ കേരളത്തിൽത്തന്നെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി.


