നീത്ഷെ : ലൗകികതയുടെ സങ്കീർത്തനം – എബി കോശി

ലോകത്തെയും ജീവിതത്തെയും നിഷേധിക്കുന്ന ആധുനിക മാനവസംസ്ക്കാരത്തെ തിരസ്ക്കരിച്ച് ഈ ഭൂമിയേയും അതിലെ സർവ ജീവൽപ്രവാഹത്തെയും വാഴ്ത്തുന്ന ലൗകികതയുടെ മറ്റൊരു മതസംസ്ഥാപനമെന്ന ലക്ഷ്യമായിരുന്നു ഫ്രഡറിക്ക് നീത്ഷേയുടെ ദാർശനിക പദമുദ്രകളെ ചലിപ്പിച്ചത്. പോയ രണ്ടായിരം കൊല്ലക്കാലം ലോകത്തെ നിയന്ത്രിച്ചു നിറുത്തിയ മതങ്ങളുടെയും തത്ത്വചിന്താവ്യവഹാരങ്ങളുടെയുമൊക്കെ ആത്യന്തികമായ സംഭാവനയെന്തായിരുന്നുവെന്ന് ഒന്നു തുരന്നുനോക്കിയാൽ അന്തരാളങ്ങളിൽ കാണാനാവുക സർവപ്രകാശധാരകളും കൊട്ടുപോയ നിഷേധത്വത്തിന്റെ ഇരുളു മാത്രമായിരിക്കും. അത് പല തുറകളിലൂടെ ഇന്നത്തെ ജീവിതത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.  സമകാലിക ലോകത്തെ ഗ്രസിച്ച  മൂല്യരാഹിത്യവും അർത്ഥശൂന്യതയും, കത്തിക്കലും കൊല്ലലും തകർക്കലുമൊക്കെ  അതിന്റെ ചില പ്രതിഫലനങ്ങൾ മാത്രമാണ്.


നിഷേധത്വത്തെ മറികടക്കാനാവുന്നില്ലെങ്കിൽ അത് മനുഷ്യരുടെ ഭൂമിയിലെ അതിജീവനത്തെത്തന്നെ  ബാധിച്ചേക്കാമെന്ന ഒരു സ്ഥിതിവിശേഷം ഇന്നു നിലവിലുണ്ട്. നിഷേധത്വത്തെ എതിർത്തു തോല്പിക്കുകതന്നെയാണ് അതിനായി ചെയ്യുവാനുള്ളത്. തെറ്റുകുറ്റ വ്യവച്ഛേദമില്ലാതെ നന്മ-തിന്മ വേർതിരിവില്ലാതെ സർവതിനെയും ആശ്ലേഷിക്കുന്ന നീത്ഷെയുടെ പ്രസാദാത്മകമായ തത്ത്വചിന്ത മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ഭാവുകത്വം, അതത്രെ ‘പോസ്റ്റ് മോഡേൺ’. പിന്നീടുണ്ടായ ഉത്തരാധുനികമായ എല്ലാ ചലനങ്ങളുടെയും ചാലകശക്തി. സൗന്ദര്യാത്മകതയിലൂന്നിയ അതിന്റെ സ്വരവിന്യാസങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്.  


പ്രപഞ്ചത്തിന്റെ നിരന്തരമായ അഴിവു (change) മൂലം ജീവിതത്തിലുണ്ടാകുന്ന സന്നിഗ്ധതകളെ സ്വീകരിക്കാൻ സന്നദ്ധമാകാതെ അഴിവിനു മുകളിൽ സ്ഥിരതയുടെ ഒരു അതീതലോകത്തെ പ്രതിഷ്ഠിക്കുമ്പോൾ മുതലാണ്  നിഷേധത്വം മാനവരാശിക്കുമേൽ പിടിമുറുക്കുകയും ജീവിതത്തിന്റെ ഉർവരതകളെ ശോഷിപ്പിക്കുകയും ചെയ്യുന്നത്.   നിഷേധത്വത്തിന്റെ എല്ലാ രൂപങ്ങളും ഇന്ദ്രിയനിബദ്ധമായ യഥാർത്ഥലോകത്തെ കൈയൊഴിയുന്നതിലേക്കു നയിക്കുന്നു. അഴിവ് തകർച്ചയെയും ദുഃഖത്തെയും ഉണ്ടാക്കുന്നു എന്നതാണ് സുസ്ഥിര സത്യങ്ങളെ നിര്‍മിച്ച് ലോക നിഷേധികളായി മനുഷ്യർ മാറുന്നതിനു കാരണം. മാറ്റത്തെ വരവേൽക്കാൻ കഴിയാതെ സ്ഥിരതയൊരുക്കുന്ന സുരക്ഷിതത്വം മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. ഇന്ദ്രിയനിബദ്ധമായ ഇഹലോകത്തെ നിഷേധിച്ച് അതീന്ദ്രിയമായ പരലോകത്തെ പ്രതിഷ്ഠിക്കുന്ന മതങ്ങൾക്കും കലർപ്പില്ലാത്ത സുഖം മാത്രമാണ് ജീവിതത്തിൽനിന്നു വേണ്ടത്. 


എന്നാൽ, ബഹുലതകളുടെ സംഘാതമായ  ഈ പ്രപഞ്ചം സുഖ-ദുഃഖ സമ്മിശ്രമാകയാൽ സുഖാനുഭവങ്ങൾ വേണമെങ്കിൽ ദുഃഖത്തെയും ഒരു അനിവാര്യതയായിക്കണ്ട് സ്വാഗതം ചെയ്തേ മതിയാകൂ.   സുഖത്തോടൊപ്പം ദുഃഖത്തെക്കൂടി കൈയേറ്റു വാങ്ങാനുള്ള കരുത്താണ് മനുഷ്യർ അവിടെ ആർജിക്കേണ്ടത്. നിഷേധത്വ ശക്തികൾക്ക് ഇതു അസാദ്ധ്യമാകയാൽ അവർ ലോകത്തെ അപ്പാടെ വേണ്ടെന്നു വയ്ക്കുന്നു. എന്നാൽ പ്രപഞ്ചജീവിതം ആനന്ദപൂര്‍ണമാകുന്നതിന് ലോകത്തിലെ സർവവും ആവശ്യമായിരിക്കുന്നു. സന്തോഷവും, വേദനകളും, വസന്തോത്സവങ്ങളും, നൃത്തവും, പ്രണയ സമാഗമങ്ങളും, വേർപാടും, മരണവും, ചുടലകളും, ചുടലവക്കിലെ കണ്ണീരുമെല്ലാം കൈയേറ്റു വാങ്ങാനുള്ള സന്നദ്ധതയിൽനിന്നു മാത്രമേ ലൗകികജീവിതം സന്തോഷപൂര്‍ണമാകയുള്ളു.[1] നഷ്ടങ്ങളില്ലാതെ ലാഭങ്ങളില്ല. പിരിയലും വേർപാടുമില്ലാതെ പ്രണയമില്ല. വാർദ്ധക്യവും മരണവുമുണ്ടെങ്കിൽ മാത്രമാണ് യൗവ്വനം തീഷ്ണതരമാകുക. പച്ചപ്പുൽത്തകിടികളിലെ ശാന്തതയ്ക്കൊപ്പം യുദ്ധവും മഹാമാരികളും ചതിയുടെ വൃത്താന്തങ്ങളും എല്ലാം ഇടകലർന്നെങ്കിൽ മാത്രമേ ജീവിതമെന്ന മഹാനാടകം ലോകത്ത് അരങ്ങേറുകയുള്ളു. കലകൾ നീത്ഷെക്ക് ഇതിന്റെ പ്രതിനിധാനമാണ്. പ്രതിബലത്തിന്റെ സംഘാതങ്ങളാൽ നിഷേധിക്കപ്പെട്ട ജീവിതനിറവുകളുടെ ലോകം കാത്തുസൂക്ഷിക്കപ്പെടുന്നത് കലകളിലാണ്. എന്നാൽ ഇതുമാത്രമല്ല കലയെ നേർബലത്തിന്റെ ഗാനാലാപനമാക്കി മാറ്റുന്നത്. കലകൾ നൈമിഷതകളുടെ ആഘോഷമായതുകൊണ്ടു കൂടിയാണ് ജീവിതോന്മുഖമായി മാറുന്നത്.

തകർച്ച കണ്ടു പകച്ചുപോകാതെ തകർച്ചയുടെ ഗർത്തത്തിലെ നൃത്തമാക്കി ജീവിതത്തെ പരിവർത്തനപ്പെടുത്താനാവുമെന്നു കാട്ടിത്തന്നത് പുരാതന യവന സംസ്ക്കാരമാണ്. ഗ്രീക്ക് ദുരന്തനാടകങ്ങളെ അതിന്റെ


പ്രകീർത്തനങ്ങളായാണ് നീത്ഷെ കണ്ടത്. ട്രാജഡികളെ ദുഃഖത്തിന്റെ ഗീതകങ്ങളായിക്കാണുന്ന പതിവ് സമീപനത്തിൽനിന്നു ഭിന്നമായി തകർച്ചകളുടെയും സന്തോഷങ്ങളുടെയുമെല്ലാം സമ്മിശ്രമായ ബഹുലതകളുടെ ആഘോഷമായി ട്രാജഡികളെ അവതരിപ്പിച്ചപ്പോൾ അത് അഴിവിനോടുള്ള ഒരു പുതിയ സമീപനമായി മാറി. ദുഃഖത്തെ ഒഴിവാക്കുന്നതിനുവേണ്ടി ജീവിതത്തെത്തന്നെ ത്യജിക്കാനാവശ്യപ്പെടുന്ന മതങ്ങളുടെ സന്ന്യാസാദർശങ്ങൾക്കെതിരെ ജീവിതത്തെ ഒരു കേളിയാക്കി മാറ്റണമെന്നുള്ള സന്ദേശമാണ് അവയിൽ മുഴങ്ങിക്കേട്ടത്.


ചൂതുകളിയുടെ രൂപകത്തിലൂടെയാണ് നീത്ഷെ ഇത് അവതരിപ്പിക്കുന്നത്. പകിടയുടെ കട്ടകളെറിയുന്ന ഒരു കളിക്കാരന് വിജയകരമായിത്തീരുന്ന സംഖ്യകളുടെ സംയോഗം എപ്പോഴും ലഭിക്കണമെന്നില്ല. വിജയസംഖ്യകൾ ഇടയ്ക്കിടെ മാത്രമാണ് ലഭ്യമാകുക. എന്നാൽ ഒന്നാമത്തെയും രണ്ടാമത്തെയും പകിടയേറുകളിൽ പരാജയമടയുമ്പോഴേക്കും കളിനിറുത്തി പിൻവലിയുന്ന കളിക്കാരനെപ്പോലെയായിത്തീരുന്നു പലപ്പോഴും മനുഷ്യർ. തങ്ങളുടെ പ്രയത്നങ്ങൾ പലതും വ്യർത്ഥമാകുന്നതു കാണുന്ന മനുഷ്യർ തുടർന്നു മുന്നേറുവാൻ തയാറാവാതെ പ്രപഞ്ചജീവിതംതന്നെ വ്യർത്ഥമാണെന്ന വിധികല്പനകൾ എടുത്തണിയുന്നു. ജീവിതത്തിനെതിരായ പ്രതിപ്രവർത്തനത്തിലേർപ്പെടുന്നു.   ഇഹലോകജീവിതം പൂര്‍ണമായും ദുഃഖവും പരാജയവും മാത്രമാണ് എന്നു ചിന്തിച്ച് നിഷ്‌ക്രിയതയിലേക്കും മതങ്ങൾ ഒരുക്കുന്ന സ്വാന്തനങ്ങളിലേക്കും ഉൾവലിയുകയാണു അവർ ചെയ്യുന്നത്. പരാജയങ്ങൾകണ്ടു പതറാതെ വിജയ സംയോഗങ്ങൾ ലഭിക്കുംവരേക്കും കളിതുടരുകയാണ് യഥാർത്ഥത്തിൽ വേണ്ടത്. ചൂതുകട്ടകൾ വീണ്ടുംവീണ്ടും എറിയാനുള്ള സാമർത്ഥ്യമാർജിക്കുന്ന കളിക്കാരനേപ്പോലെ ഓരോ പരാജയങ്ങൾക്കു ശേഷവും വർദ്ധിതവീര്യത്തോടെ ജീതിതത്തിലേക്ക് ആഴ്ന്നിറങ്ങാനുള്ള കരുത്താണ് മനുഷ്യർ ആർജിക്കേണ്ടത്. ഇതിനെയാണ് ‘ലാവണ്യാത്മകത’ എന്നു നീത്ഷെ വിശേഷിപ്പിക്കുന്നത്. ജീവിതത്തെ അതിന്റെ സർവ വൈരുദ്ധ്യങ്ങൾക്കുമൊപ്പം സ്വാഗതം ചെയ്യുന്ന ഈ ഡയനീഷ്യൻ കാഴ്ചപ്പാട് – അതത്രെ നീത്ഷെയുടെ പ്രസാദാത്മകമായ തത്ത്വചിന്ത ഉയർത്തിപ്പിടിക്കുന്നത്. മതങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും അസ്തമനത്തിനുശേഷം ഭാവിലോകത്തിനായി കരുതിവയ്ക്കപ്പെടുന്ന ഒരു സുവിശേഷം എന്ന നിലയിലാണ് അതിനു പ്രസക്തി കൈവരുന്നത്. നീത്ഷെയുടെ ചിന്തയിലെ പോസ്റ്റ് മോഡേൺ തലം അവിടെയാണു കണ്ടെത്തേണ്ടത്. 


നാമെപ്പോഴും സംഭവവികാസങ്ങളുടെ രേഖീയമായ തുടർച്ചയും നന്മയുടെ അനിവാര്യമായ വിജയവുമാണ് നടന്നു കാണാനാഗ്രഹിക്കുന്നത്. ഈശ്വരനാൽ എല്ലാം ഭദ്രമാക്കപ്പെട്ട ലോകത്തെ മാത്രമാണ് നാം പ്രതീക്ഷിക്കുന്നത്. അതിനു വെളിയിലുള്ളവയെയൊക്കെ ഭയാശങ്കകളോടെ കണ്ട് ഒഴിവാക്കിയെടുക്കാനാണ് മനുഷ്യനു താത്പര്യം. ഇടർച്ചകളൊഴിവാക്കപ്പെട്ട് കറകളഞ്ഞ സുഖത്തിന്റേതു മാത്രമായ ഒരു ലോകമാണ് മനുഷ്യന്റെ എക്കാലത്തെയും സ്വപ്നം. അതിനു വിരുദ്ധമായതെല്ലാം തിന്മയും ക്രൂരതയുമായി വീക്ഷിക്കപ്പെടുന്നു. അവയാൽ നയിക്കപ്പെടുന്ന ലോകത്തെ തിരസ്ക്കരിച്ച് മരണാനന്തരം പ്രാപിക്കാനാകുന്ന ദുഃഖലേശമില്ലാത്ത ഒരു ലോകത്തിനായുള്ള തയാറെടുപ്പു മാത്രമാക്കി ലോകജീവിതത്തെ മാറ്റുന്നു. ഒരു വലിയ വിഭാഗമാളുകളും ഈ ലോകജീവിതത്തെ അനഭികാമ്യമായി എണ്ണുന്നതിനുള്ള മുഖ്യകാരണം ഇതാണ്. എന്നാൽ ആകസ്മികത എന്നതത്രെ ഈ ലോകത്തിന്റെ യാഥാർത്ഥ്യം. ലോകത്തെ സ്നേഹിക്കുന്നവർ ആ ആകസ്മികതയെ സ്വാഗതം ചെയ്യുന്നു. വിധിയുടെ സ്വീകരണമാണ് ‘അമോർ ഫാറ്റി’(amor fati) . എന്നാൽ എല്ലാം പൂർവനിശ്ചിതമാണെന്ന വിധിയിലുള്ള വിശ്വാസമല്ല ഇത്. മറിച്ച്, ഒരു സംഭവംപോലും പൂർവ നിശ്ചിതമല്ലാത്ത ഈ പ്രപഞ്ചത്തിൽ അതിന്റെ ആകസ്മികതകളെയും പ്രവചനാതീതമായ നിലയെയും അംഗീകരിക്കുന്നതിനു നടത്തുന്ന ആഹ്വാനമാണിത്. വിധിവൈപരീത്യങ്ങളുടെ സ്വീകരണമാണ് വേണ്ടത്. നഷ്ടങ്ങൾക്കും തിരിച്ചടികൾക്കുമെതിരെ പടവെട്ടി പ്രതിപ്രവർത്തനത്തിനു മുതിരാതെ ലോകത്തിൽ അവയുടെ അനിവാര്യതയെ അംഗീകരിക്കലാണ് ‘അമോർ ഫാറ്റി’. ലാഭങ്ങളെയും നഷ്ടങ്ങളെയും, ഇടർച്ചകളെയും തകർച്ചകളെയും ഒരു തുടർച്ചയുടെ ഫലമായിക്കണ്ട് അവയെ സ്വാഗതം ചെയ്യുമ്പോൾ ഒന്നിനോടും പകയില്ലാതെയാവുന്നു. പ്രകൃതിക്കും ജീവിതത്തിനുമുള്ള ആകസ്മികമായ നിലയുടെയും, അനിശ്ചിതത്വത്തിന്റെയും, സന്നിഗ്ധതയുടെയും ആഘോഷമാണ് പകിടകളിയുടെ രൂപകത്തിലൂടെ നീത്ഷെ വരച്ചു കാട്ടുന്നത്.


അനന്തമായ ആവർത്തനം (Eternal recurrence)


പകിടകളിയുടെ രൂപകം നീത്ഷെയുടെ ചിന്തയുടെ കാലസങ്കല്പത്തെ വിവരിക്കുന്നതിന് ഉപകരിക്കുന്ന ഒന്നാണ്. ശാസ്ത്രങ്ങളും, മതങ്ങളും, തത്ത്വചിന്തകളുമൊക്കെ മുന്നോട്ടുവയ്ക്കുന്ന ലോകവീക്ഷണം പൂര്‍ണമാകണമെങ്കിൽ അവ പ്രപഞ്ചത്തിന്റെ ഉത്പത്തിയെയും അന്ത്യത്തെയും സംബന്ധിച്ചുള്ള ഒരു ചരിത്രസിദ്ധാന്തംകൂടി വരച്ചുകാട്ടേണ്ടതുണ്ട്. നേർരേഖയിൽ എപ്പോഴും പുരോഗമിച്ചു മുന്നേറുന്ന രേഖീയമായ ഒരു കാലസങ്കല്പത്തെ ആധുനികത മുന്നോട്ടുവയ്ക്കുമ്പോൾ  നീത്ഷെ തുടക്കവും ഒടുക്കവുമില്ലാത്ത ചാക്രികമായ ഒരു സമയസങ്കല്പനമാണ് മുന്നോട്ടുവയ്ക്കുന്നത്. നിലനില്ക്കുന്നവയെല്ലാം നിരന്തരം ആവർത്തിക്കപ്പെടുന്ന ലോകത്തിന്റെ അനന്തമായ തിരിച്ചുവരവു് (Eternal recurrence) എന്ന ഈ കാലദർശനം മുൻപു പറഞ്ഞ ആകസ്മികത എന്തെന്നത് വിശദമാക്കാൻ സഹായിക്കുന്നതാണ്.


1881-കാലത്ത് ആൽപ്സ് പർവതനിരകളുടെ അടിവാരത്തുള്ള സിൽസ് മരിയയിലെ ഏകാന്തസവാരിക്കിടയിലാണ് എല്ലാറ്റിന്റെയും അനന്തമായ തിരിച്ചുവരവ് എന്ന ദർശനം ഒരു ഉൾക്കാഴ്ചയായി നീത്ഷെയിൽ ഉദിക്കുന്നത്. കൂനോ ഫിഷറുടെ ‘ആധുനിക തത്ത്വചിന്തയുടെ ചരിത്ര’മെന്ന കൃതിയിലെ സ്പിനോസയെപ്പറ്റിയുള്ള അധ്യായത്തിൽനിന്നു അതിനോടകംതന്നെ ലോകം നിത്യമായി ആവർത്തിക്കുമെന്നു പ്രതിപാദിച്ച സ്പിനോസയുടെ പ്രകൃതിദർശനം നീത്ഷെ പരിചയിച്ചുകഴിഞ്ഞിരുന്നു.


ഈ പ്രപഞ്ചത്തിലുള്ള സർവ വസ്തുക്കളുടെയും അടിസ്ഥാന പദാർത്ഥമായ ദ്രവ്യത്തിന്റെ അളവ് എപ്പോഴും നിശ്ചിതമായിരിക്കുമെന്നും അതിൽ നിന്നു ഒരല്പംപോലും എടുത്തു മാറ്റുവാനോ അതിനോട് കുറച്ചുകൂടി കൂട്ടിച്ചേർക്കുവാനോ സാദ്ധ്യമല്ല എന്നുമുള്ള ശാസ്ത്രസിദ്ധാന്തത്തിന് (Law of conservation of mass) സമാന്തരമായൊരു വിചാരമാണ് കാലത്തെ അനന്തമായ ആവർത്തനമായിക്കാണുന്ന നീത്ഷെയുടെ സമയസങ്കല്പം. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും അല്പകാലത്തെ നിലനില്പിനുശേഷം നശിച്ചുപോകുന്നത് കാണാനാകും. അവ രൂപാന്തരംപ്രാപിച്ച് മണ്ണിലേക്കുതന്നെ മടങ്ങുന്നതിനാൽ അവ ദ്രവ്യമായിത്തന്നെ ശേഷിക്കപ്പെടുന്നുണ്ട്. അതിനാൽ അവയിൽനിന്നു തന്നെയാണ് ലോകത്ത് വീണ്ടും വസ്തുക്കൾ ജന്മമെടുക്കുന്നത്. ബാഹ്യലോകത്തുനിന്നു ഒന്നും പുതുതായി എത്തുന്നില്ല. നശിച്ചുപോയ മരങ്ങളും, ജന്തുക്കളും, മനുഷ്യരും, സസ്യങ്ങളുമെല്ലാം തന്നെയാണ് വീണ്ടും ആവിർഭാവം ചെയ്യുന്നത്. സമുദ്രത്തിലേക്ക് എറിയപ്പെട്ട വസ്തുക്കളെ തിരകൾ വീണ്ടും തീരങ്ങളിലെത്തിക്കുന്നതുപോലെയാണത്. സമുദ്രാന്തരാളത്തിലേക്ക് മടങ്ങുന്ന വസ്തുക്കൾ തിരകളാൽ ആവർത്തിച്ച് തീരമണയുന്നതുപോലെയാണ് ലോകത്തിലെ വസ്തുക്കളെല്ലാം ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്നത്. പ്രപഞ്ചഗർഭത്തിൽ സർവപ്രതിഭാസങ്ങളും നിത്യമായി സംരക്ഷിക്കപ്പെടുന്നുണ്ട് എന്നതാണ് എല്ലാറ്റിന്റെയും അനന്തമായ ആവർത്തിക്കൽ എന്ന നീത്ഷെയുടെ കാലസങ്കല്പം അനാവരണം ചെയ്യാൻ ശ്രമിക്കുന്ന സത്യം.