തിളക്കത്തിൽ നിന്നകലെ – റെജിമോൻ കുട്ടപ്പൻ

ഖത്തർ ലോകകപ്പ് ഉരുളാൻ ഏതാനും ദിവസം മാത്രം.പക്ഷേ, സ്റ്റേഡിയവും കെട്ടിടങ്ങളും പണിത മലയാളികളടക്കമുള്ളവർ ശമ്പളം കിട്ടാതെ അലയുന്നു. കൂടുതൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി കുടിയേറ്റം നടത്തിയവരെ തൊഴില്‍ദാതാക്കൾ ചൂഷണം ചെയ്യുന്നതിന്റെ നേരനുഭവങ്ങൾ… 


നവംബർ 20-ന് ഖത്തറിലെ ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള അൽ ബയാത്ത് സ്റ്റേഡിയത്തിൽ ഖത്തർ-ഇക്വഡോർ ഉദ്ഘാടന മത്സരത്തോടെ പാകിസ്ഥാൻ നിർമിതവും അഡിഡാസ് രൂപകല്പന ചെയ്തതുമായ പന്തുകൊണ്ട്  ഫിഫ ലോകകപ്പ് 2022 അരങ്ങേറും.


ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ലേലം നേടിയ 2010 മുതൽ, ലോകത്തിലെ ഏറ്റവും ആവേശകരമായ ഈ കായിക മാമാങ്കം നടത്താൻ ഖത്തറിനെ ഒരുക്കുന്നതിനുവേണ്ടി ₹16 ലക്ഷം കോടിയിലധികം ഇതുവരെ ചെലവഴിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പിനായി ഏഴ് സ്റ്റേഡിയങ്ങൾ, പുതിയ വിമാനത്താവളം, പുതിയ മെട്രോ റെയിൽ സംവിധാനം, പുതിയ റോഡുകളുടെ ശൃംഖല, നൂറോളം പുതിയ ഹോട്ടലുകൾ എന്നിവ ഖത്തർ ഇതിനോടകം നിർമിച്ചു. ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയത്തിനുചുറ്റും ഒരു പുതിയ നഗരംതന്നെ പണിതിട്ടുണ്ട്. ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസഡറാകാൻ ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിന് 2,200 കോടി രൂപയാണ് പ്രതിഫലമായി നല്കിയത്.


എന്നാൽ എല്ലാവർക്കും ഈ പ്രയോജനം ലഭിച്ചിട്ടില്ല. സ്റ്റേഡിയങ്ങളും റോഡുകളും നിർമിച്ച നൂറുകണക്കിന് മലയാളി കുടിയേറ്റ തൊഴിലാളികളടക്കമുള്ളവർ വിവിധ ക്യാമ്പുകളിൽ  കൂലിയും സേവനാനന്തര ആനുകൂല്യങ്ങളും കാത്ത് ‘കുടുങ്ങി’ക്കിടക്കുകയാണ്. ചിലർ, പുതിയ കമ്പനികളിലേക്ക് മാറിക്കഴിഞ്ഞു. എന്നാൽ, പലർക്കും നല്കപ്പെടാത്ത വേതനം തിരിച്ചുപിടിക്കാൻ എന്തുചെയ്യണമെന്ന് നിശ്ചയമില്ല.


ഖത്തറിലെ ഗണ്യമായ പ്രവാസിസമൂഹമാണ് ഇന്ത്യൻ തൊഴിലാളികൾ. 2020-ൽ 8,907 ഇന്ത്യക്കാർ ഖത്തറിലേക്ക് കുടിയേറിയതായി ലോക്‌സഭയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു. 2021-ൽ ഇത് 49,579 ആയിരുന്നു. ഈ വർഷം ജൂലൈ വരെ ഇത് 13,628 ആണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2020ൽ ഖത്തറിൽ ആകെ 691,539 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.


മറ്റ് ജിസിസി രാജ്യങ്ങളെ അപേക്ഷിച്ച്  ഖത്തർ സർക്കാർ മാത്രമാണ് തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി ബോണ്ടഡ് ലേബർ സമ്പ്രദായം (കഫാല) പരിഷ്കരിച്ചത് എന്നതാണ് വിരോധാഭാസം. അതിനാൽ, ഈ രാജ്യം തൊഴിലാളി സൗഹൃദസ്ഥലമായി കണക്കാക്കപ്പെടുന്നു. സുതാര്യത നിലനിറുത്തുന്നതിനായി തൊഴിൽ പരാതികളുടെ എണ്ണം വെളിപ്പെടുത്തുന്ന ഒരു പ്ലാറ്റ്ഫോം ഖത്തർ തൊഴിൽവകുപ്പിന്റെ വെബ്‌സൈറ്റിൽ ചേർത്തിട്ടുണ്ട്. ഈ വർഷം ജനുവരി മുതൽ ഓഗസ്‌റ്റ് വരെയുള്ള കാലയളവിൽ ഇതിൽ 4,501 വേതന സംബന്ധമായ പരാതികൾ രേഖപ്പെടുത്തിയിട്ടുണ്ട്. ശരാശരി 18 വേതന സംരക്ഷണ പരാതികളാണ് ഓരോ ദിവസവും രജിസ്റ്റർ ചെയ്യപ്പെടുന്നത്.


അൽ ജാബർ ഗ്രൂപ്പിലെ ക്വാളിറ്റി കൺട്രോൾ ഇൻസ്‌പെക്ടറായ കേരളത്തിൽ നിന്നുള്ള ജോൺ തോമസ് (യഥാർത്ഥ പേരല്ല) ഈ റിപ്പോർട്ടറോട് സംസാരിച്ചത് തനിക്ക് എട്ടുമാസത്തെ ശമ്പളവും 16 വർഷത്തെ സേവനാനന്തര ആനുകൂല്യങ്ങളും ലഭിക്കേണ്ടതുണ്ടെന്നാണ്. “ഞാൻ ഇപ്പോഴും ദോഹയിൽ എന്റെ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഞാൻ വാടക നല്കിയിട്ടില്ല.”അദ്ദേഹം പറഞ്ഞു. കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്ത് രാജ്യം വിടണോ അതോ പണം ലഭിക്കാതെ ഇവിടെത്തന്നെ നില്ക്കണമോ എന്നതിനെക്കുറിച്ച് തനിക്ക് ഒരു പിടിയുമില്ലെന്നും ജോൺ കൂട്ടിച്ചേർത്തു.


“എനിക്ക് കിട്ടാത്ത ശമ്പളം ഏകദേശം 13 ലക്ഷം രൂപയാണ്. കൂടാതെ, 16 വർഷത്തെ എൻഡ്-ഓഫ്-സർവീസ് ആനുകൂല്യങ്ങളും ഉണ്ട്. ഈ പണം ഉപേക്ഷിച്ച് ഞാൻ എങ്ങനെ പോകും? അയാള്‍ ചോദിക്കുന്നു.

അതേ അൽ ജാബർ ഗ്രൂപ്പിലെ കേരളത്തിൽ നിന്നുള്ള ഡ്രാഫ്റ്റ്‌സ്മാൻ രാജേഷ് രവി (യഥാർത്ഥ പേരല്ല) തനിക്ക് “കമ്പനിയിൽ നിന്ന് ഏകദേശം 9.5 ലക്ഷം രൂപ ലഭിക്കാനുണ്ടെന്നും” “ആ പണമില്ലാതെ രാജ്യം വിടില്ലെന്നും” പറഞ്ഞു. ഈ വർഷം മാർച്ചിനും ഓഗസ്റ്റിനുമിടയിൽ അൽ ജാബർ ഗ്രൂപ്പ് മാത്യുവിനെയും അഗസ്റ്റിനെയും അടക്കം  നൂറുകണക്കിനുപേരെ പിരിച്ചുവിട്ടു. തനിക്ക് ഇനിയും നാലുമാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്ന് അൽ ജാബർ കൺസ്ട്രക്ഷനിലെ കേരളത്തിൽ നിന്നുള്ള എഞ്ചിനീയറായ ഷിബു എസ് (യഥാർത്ഥ പേരല്ല) പറഞ്ഞു.


“ഞങ്ങളുടെ വിഭാഗത്തിന് ഇപ്പോഴും ജോലിയുണ്ട്. അതിനാൽ, ഞാൻ രാജിവച്ചിട്ടില്ല. ഈ ഘട്ടത്തിൽ രാജിവച്ചാൽ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല, ഷിബു പറഞ്ഞു. ഒരു ക്യാമ്പിൽ, ശമ്പളം ലഭിക്കാത്ത 300 കുടിയേറ്റത്തൊഴിലാളികളെ “തടങ്കലിലാക്കിയതായി” അദ്ദേഹം കൂട്ടിച്ചേർത്തു.


“ഞങ്ങൾക്കുപോലും അവിടെ പോകാൻ അനുവാദമില്ല. തൊഴിലാളികളുടെ പണം കൊടുത്തുതീര്‍ക്കുമെന്നും അവരെ ഉടൻ തിരിച്ചയക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്”, ഷിബു പറഞ്ഞു.


ഖത്തറിലെ പ്രമുഖ നിർമാണ കമ്പനിയായ അൽ ബന്ദരിയിലെ തൊഴിലാളികളും ഇതേ അവസ്ഥയാണ് നേരിടുന്നത്.


അൽ ബന്ദരിയിലെ കേരളത്തിൽനിന്നുള്ള എഞ്ചിനീയറായ അനൂപ് ജോൺ (യഥാർത്ഥ പേരല്ല) പറഞ്ഞു, താൻ കുറച്ച് മാസങ്ങൾക്കുമുമ്പ് രാജിവച്ച് ഒരു പുതിയ കമ്പനിയിലേക്ക് മാറി. എന്നാൽ എനിക്ക് കിട്ടേണ്ട ശമ്പളവും സേവനാനന്തര ആനുകൂല്യങ്ങളും എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല,” അദ്ദേഹം പറഞ്ഞു.


“കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതു മുതൽ, കമ്പനി കുഴപ്പത്തിലാണ്. ശമ്പളം നല്കൽ മുടങ്ങിത്തുടങ്ങി. മൊത്തത്തിൽ, എനിക്ക് ആറ് മാസത്തെ ശമ്പളവും ഏഴ് വർഷത്തെ ഇ.ഒ.എസും ലഭിക്കാനുണ്ട്, 9 ലക്ഷം രൂപയോളം വരും അത്.”  അനൂപ് പറഞ്ഞു.


ആഗസ്റ്റ് 14-ന്, അൽ ബന്ദരിയിലെയും അതിന്റെ അനുബന്ധ സ്ഥാപനമായ ഇലക്‌ട്രോവാട്ടിലെയും ഏതാനും തൊഴിലാളികൾ ദോഹയിൽ – ഒരു അറബ് രാജ്യത്ത് അപൂർവമായ – തങ്ങൾക്ക് ലഭിക്കാനുള്ള വേതനം ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. അവരെ അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും നാടുകടത്തുകയും ചെയ്തു.


20 ദിവസത്തെ ജയിൽവാസത്തിനുശേഷം സെപ്റ്റംബർ 2 ന് അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് നാടുകടത്തപ്പെട്ട അൽ ബന്ദരിയിലെ മലയാളി കുടിയേറ്റ തൊഴിലാളിയായ അഷ്‌റഫ് എം.(32) പറഞ്ഞു:“ഞാൻ സമരത്തിലൊന്നും പങ്കെടുത്തിട്ടില്ല. തൊഴിലാളികൾ പണിമുടക്കി തെരുവിൽ സമരം ചെയ്തിരുന്നു. ശമ്പളമോ ആനുകൂല്യമോ ലഭിക്കാത്ത തൊഴിലാളികളിൽനിന്ന് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കുന്നുവെന്നറിഞ്ഞ് ഞാൻ അവിടെ പോയതായിരുന്നു. പക്ഷേ, അതൊരു കെണിയായിരുന്നു. എന്റെ തൊഴിൽ ഐഡി കാർഡ് കൊടുത്ത നിമിഷം അവര്‍ എന്നെ അറസ്റ്റ് ചെയ്തു.”


2013 മുതൽ അൽ ബന്ദരിയിലെ ഓട്ടോ മെക്കാനിക്കൽ വിഭാഗത്തിൽ ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് സൂപ്പർവൈസറായി അൻവർ ജോലി ചെയ്തുവരുകയായിരുന്നു. 2022 ജൂണിൽ അദ്ദേഹം രാജിവച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഒമ്പതുവർഷത്തെ സേവനാനന്തര ആനുകൂല്യങ്ങളും ഏഴുമാസത്തെ ശമ്പളവും ഇതുവരെയായി കൊടുത്തിട്ടില്ല. അറസ്റ്റിന്റെ 14-ാം ദിവസമാണ് അദ്ദേഹത്തിനും മറ്റുള്ളവർക്കും മുടങ്ങിക്കിടക്കുന്ന ശമ്പളവും സർവീസ് അവസാനിക്കുന്ന ആനുകൂല്യങ്ങളും ലഭിച്ചത്. എന്നാൽ നാടുകടത്തൽ രേഖകൾ പരിഗണിക്കുന്നതിൽ കാലതാമസം നേരിട്ടതിനാൽ അവർക്ക് അഞ്ചുദിവസം കൂടി ജയിലിൽ കഴിയേണ്ടിവന്നു.


“ഒമ്പതുവർഷത്തെ ജോലിക്കുശേഷം എനിക്ക് ഒരു കുറ്റവാളിയെ പോലെ രാജ്യം വിടേണ്ടി വന്നു,” അൻവർ പറഞ്ഞു.