കളപ്രസാദവും കാലമാറ്റങ്ങളും – ശ്രീവൽസൻ തിയ്യാടി

ക്ഷേത്രകല എന്ന നിലയിൽ മതിലിനുപുറത്തും നവവേദികൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന അയ്യപ്പൻ തീയാട്ട് പുതിയ കാലത്തിന്റെതന്നെ വെല്ലുവിളികളെയും നേരിട്ട് മുന്നേറുകയാണ്. വള്ളുവനാട്ടിൽ ഈയിടെ പന്തീരായിരം തേങ്ങയേറോടെ നടന്ന കോമരനൃത്തത്തിന്റെ പശ്ചാത്തലത്തിൽ വിചിന്തനം.


വാദ്യഘോഷത്തോടെ രണ്ടേമുക്കാൽ മണിക്കൂറുകൊണ്ട് പന്തീരായിരം നാളികേരമത്രയും യുവാവ് താളാത്മകമായി ഇരുന്നയിരിപ്പിൽ ഉടച്ചുതീർത്തപ്പോൾ കൊച്ചുവെളുപ്പാൻകാലമായിരുന്നു. മഹാമാരിശേഷം കേരളീയ ക്ഷേത്രകലകൾ കുറേശ്ശെയായി പോഷിച്ചുവരുന്നതിനിടയിൽ അയ്യപ്പൻ തീയാട്ട് മുന്നോട്ടുവച്ച കാൽവയ്പ്. വള്ളുവനാട്ടിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ 2022-ലെ നവരാത്രിയുടെ സപ്തമി-അഷ്ടമി നാളുകളിൽ അരങ്ങേറിയ വിശേഷം. നൂറ്റാണ്ടുകളായി ഈയടിയന്തിരം നിത്യം നിവർത്തിച്ചുള്ള അമ്പലത്തിൽ ഒരു വ്യാഴവട്ടത്തിനു ശേഷമായിരുന്നു പന്തീരായിരം തേങ്ങയേറോടുകൂടിയ കലാവതരണം.


പഞ്ചവർണപ്പൊടികളിൽ അയ്യപ്പന്റെ കടുംബരൂപമെഴുതി, അതിനൊരുവശത്ത് നിരന്നിരുന്ന് ഹരിഹരപുത്ര സ്തുതിഗീതങ്ങൾ കൊട്ടിപ്പാടി, പരമേശ്വര-മോഹിനീവിഷ്ണു സംയോഗത്തിലെ ജനനം തമിഴുചുവയുള്ള തോറ്റങ്ങളായി ചൊല്ലി, ഈ പുരാണകഥ മുദ്രാനൃത്തങ്ങളോടെ കൂത്താടി, ഒടുവിൽ താളാത്മകമായി കോമരം പ്രദക്ഷിണംചെയ്ത് കളത്തിലേക്കുചാടി, നാലതിരിനകം സർവം മായ്ച്ചുള്ള കാഴ്ച ജനം കണ്ടുനിന്നു. നിലത്ത് ശേഷിച്ച ധൂളി ഇലച്ചീന്തിൽ പ്രസാദമായി കിട്ടിയതുവാങ്ങി നാലുവഴി പിരിഞ്ഞു.


നേരത്തേ,സന്ധ്യകഴിഞ്ഞ്, ആൽത്തറയിൽനിന്ന് മേളത്തോടെ എഴുന്നള്ളിച്ചുകൊണ്ടുവന്ന വെളിച്ചപ്പാട് ക്ഷേത്രമതിലകത്ത് ചെണ്ടവലംതലയിലെ ഈടുംകൂറും മേടുകൾ സ്വന്തം കാലിൻചുവടുകളിലൂടെ പുനരാവിഷ്കരിച്ചു. അഗ്രശാലയേറി കളത്തിനു വലങ്ങൾവയ്ക്കാന്‍ തുടങ്ങി. ആദ്യം പതിഞ്ഞ കാലത്തിൽ, ക്രമേണ മുറുകിയ താളത്തിൽ. ഒടുവിൽ കൂറക്കീഴിലേക്ക് കടന്നു. ദേഹം ലയത്തോടെയുലച്ച് കടുത്തിലകൊണ്ട് കുരുത്തോലകൾ വീശിവീഴ്ത്തി. തിരുമുഖം മായ്ച്ചു.


ഇതിനിടയിലാണ് ആ കായികാദ്‌ഭുതം നടന്നത്. രംഗക്രിയകളുടെ ഒരു നിശ്ചിതഘട്ടത്തിൽ കോമരം നാളികേരമുടയ്ക്കാൻ ഊട്ടുപുരവേദി വിട്ട് പുറത്തേക്ക് പോയതായിരുന്നു വഴിത്തിരിവ്. നാലമ്പലത്തിനു വെളിയിലെങ്കിലും മതിലകത്തുതന്നെ. പ്രദക്ഷിണവഴിയുടെ ഒരു കോണിൽ പരമശിവന്റെ ഓരോ ഭൂതഗണത്തിനുമായെന്ന സങ്കല്പത്തിൽ പന്തീരായിരം തേങ്ങ വൈകിട്ടോടെതന്നെ കുമിച്ചുകൂട്ടിയിട്ടുണ്ട്. അവയോരോന്നും ചെണ്ടയിലത്താളകൊമ്പുകളുടെ നാദത്തോടെ എറിഞ്ഞുടയ്ക്കുന്നു. എണ്ണം ഇത്ര പെരുതാകയാൽ സാധാരണവഴിപാടിനു പകരം വലിയതീയാട്ടാവുന്നു. അതായിരുന്നു ചെർപ്പുളശ്ശേരി അയ്യപ്പൻകാവിൽ വ്രതനിഷ്ഠയോടെ നടന്നത്.


പന്തീരായിരം നാളികേരമേറ് നിവർത്തിച്ചത് വെളിച്ചപ്പാടായി വന്ന സന്ദീപ് ടി.കെ. എന്ന യുവാവ്. പട്ടാമ്പിക്കും കുന്നംകുളത്തിനും മദ്ധ്യേയുള്ള പെരുമ്പിലാവ് എന്ന ഗ്രാമവാസി. ചെമ്പട്ടുടുത്തത്തിനുമേൽ വെള്ളവസ്ത്രം ധരിച്ച കോമരം ചെമ്പരത്തിയും തുളസിയും കോർത്തമാല പിന്നാക്കമാക്കി ഉപവിഷ്ടനായി. പൊതിച്ചതേങ്ങക്കൂന പീഠമാക്കി. പ്രകടനപരതയില്ലാതെയെങ്കിലും ആത്മവിശ്വാസത്തോടെ മുഴുവൻ നാളികേരവുമുടച്ചു. ധാരാളമായി പതിവുള്ളതല്ല പന്തീരായിരം തേങ്ങയേറുള്ള അയ്യപ്പൻ തീയാട്ട്; തീരെ ദുർലഭവുമല്ല. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് കോട്ടയത്തിന് എട്ടുനാഴിക കിഴക്ക് വെന്നിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ വലിയ തീയാട്ട് നടന്നിരുന്നു. സപ്തതിയെടുക്കുന്ന മുളംകുന്നത്തുകാവ് രാമൻ നമ്പ്യാർ ആയിരുന്നു അന്ന് വെളിച്ചപ്പെട്ടത്.


ഇത്രയും പറഞ്ഞതുകൊണ്ട് നാളികേരമെറിയുന്നതാണ് അയ്യപ്പൻതീയാട്ടിന്റെ കാതലായ ക്രിയയെന്ന് വ്യംഗ്യമുദ്ദേശിക്കുന്നില്ല. വിശാലമായി നാലിനങ്ങളുള്ള ഈ കലയിലെ ഒടുഭാഗത്തെത്തുന്ന വെളിച്ചപ്പാടിന്റെ ബഹുതരം ചടങ്ങുപ്രകടനങ്ങളിൽ ഒന്നുമാത്രമേയാവുന്നുള്ളൂ ‘പന്തീരായിരം’ എന്ന ചുരുക്കപ്പേരിൽ പറയുന്ന തേങ്ങയേറ്. സാധാരണ തീയാട്ടിൽ ഒറ്റ നാളികേരമേ ഉടയ്ക്കാറുള്ളൂ. എണ്ണം പന്തീരായിരമാവുമ്പോൾ ശാരീരികമായ ആയാസം പലമടങ്ങ് വർധിക്കുന്നു. സമയവും മൂന്നു മണിക്കൂറോളം എടുക്കുന്നു. തീയാട്ടിൽ ഇതിനിരട്ടി നേരം വേണം ആദ്യത്തെ മുഖ്യയിനമായ കളം എഴുതാൻ – അയ്യപ്പനും ഭാര്യ പ്രഭയും മകൻ സത്യകനും ആയുള്ള മൂന്നുരൂപം എങ്കിൽ ഉറപ്പായും. നാല് തൂണിനുമേൽ വിരിഞ്ഞ കയറുകൾ പാവിയുള്ള കരിംകൂറയ്ക്കു കീഴെയുള്ള ഈ ചിത്രപ്പണിയാകട്ടെ, മൂന്നാലു പേർ ചേർന്നാണുതാനും ചെയ്യുക. തുടർന്ന്, കളംപൂജ കഴിഞ്ഞുള്ള ‘കൊട്ടും പാട്ടും’. ശേഷം, കഥയാടുന്ന ‘കൂത്ത്’ പിന്നിട്ടാണ് വെളിച്ചപ്പാടിലെത്തുന്ന അവസാന അധ്യായം.


പലമാതിരി വാസനകൾ


മേലെ സൂചിപ്പിച്ച മൊത്തം രൂപരേഖയിൽനിന്ന് ഒരുകാര്യം വ്യക്തം: അയ്യപ്പൻതീയാട്ടു കലാകാരന് (സ്ത്രീകൾ പതിവില്ല) അഭികാമ്യമാണ് ഒന്നിലേറെ കലകളിൽ വാസന. ചിത്രംവര, സംഗീതം, നൃത്തം, വാദ്യം എന്നിവയ്ക്കൊപ്പം ശരാശരിക്കുമേൽ ശരീരക്ഷമത. മേൽച്ചൊന്ന കഴിവുകൾ ഏറിയും കുറഞ്ഞുമിരിക്കും മിക്കവാറും പ്രയോക്താക്കളിൽ. അതിനനുസരിച്ച് തീയാട്ടിൽ അവരുടെ പ്രവൃത്തിമികവ് രൂപപ്പെട്ടേക്കും. പ്രകൃതിദത്തമായ അഞ്ചുനിറം പൊടികൾ തയാറാക്കുന്നതിൽ ഒതുങ്ങുന്നു. സ്ത്രീജന പങ്കാളിത്തമെങ്കിൽക്കൂടി പുതിയകാലത്ത് കളമെഴുതാൻ കൂടാറുണ്ട് രണ്ടെങ്കിലും വനിതകൾ (ഒരാൾ സമുദായത്തിന് പുറത്തുള്ളതും). അരനൂറ്റാണ്ടുമുമ്പ്, പല കേരളീയ കലകളുമെന്നപോലെ, ഇരുണ്ട ഭാവി മുന്നിൽക്കണ്ട അയ്യപ്പൻതീയാട്ട് കഴിഞ്ഞ മൂന്നര ദശകങ്ങളായി വീണ്ടും തളിർത്തുകായ്ക്കുന്ന ചര്യയിലാണ്. മുഖ്യധാരാ വിദ്യാഭ്യാസം നല്കുന്ന ഇടത്തരം ജോലികൾക്കിടയിലൂടെ കുലത്തൊഴിൽ കൊണ്ടുനടക്കുന്നവരാണ് തീയാട്ടുകാരിൽ ഇക്കാലത്ത് ഭൂരിഭാഗവും. അമ്പലത്തിനു പുറത്തും തീയാട്ടിന് വേദികൾ കൂടിവരുന്നു ഈ നൂറ്റാണ്ടിൽ. സാംസ്‌കാരിക സംഘടനകൾക്കായും സർക്കാർ പരിപാടികൾക്കായും ഇടയ്‌ക്കെല്ലാം അവതരിപ്പിക്കുന്ന തീയാട്ടിന് പുതുതായി വഴിപാടുനേർന്ന വീടുകളും ചിലപ്പോഴൊക്കെ സംസ്ഥാനത്തിനും രാജ്യത്തിനുതന്നെയും വെളിയിൽ ഇടം കൊടുത്തുതുടങ്ങിയിട്ടുണ്ട്.


അപ്പോഴും, നിത്യമെന്നവണ്ണം അടിയന്തിരത്തീയാട്ടുള്ള ഒരുപിടി അയ്യപ്പക്ഷേത്രങ്ങളേ മലനാട്ടിലുള്ളൂ. അതിനൊരുകാരണം ഈ രംഗത്തു പ്രവർത്തിക്കുന്ന സമുദായത്തിന്റെ കുറഞ്ഞ അംഗസംഖ്യയാണ്. മധ്യകേരളത്തിലായി എട്ട് തറവാടുകളെ തിയ്യാടി നമ്പ്യാർ എന്ന അമ്പലവാസികൾക്കുള്ളൂ. വൃശ്ചികം (മണ്ഡലകാലം) തുടങ്ങി വേനലൊടുവുവരെ കാലം ഈ കലാരൂപം സവിശേഷമായി അരങ്ങേറിപ്പോരുന്നത് ഉത്തരമലബാറിലാണ്. പ്രധാനമായും കോഴിക്കോട്, കണ്ണൂർ പ്രദേശങ്ങളിൽ, ചുരുക്കമായി വയനാട്ടിലും. ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും. നല്ലൊരു ഭാഗം അയ്യപ്പൻതീയാട്ടും ഇങ്ങനെ വടക്കൻദിക്കുകളിലേക്ക് യാത്രചെയ്ത് നിവർത്തിക്കേണ്ടിവരുന്നു എന്നത് ചരിത്രപരമായ ദേശഭ്രംശത്തെ സൂചിപ്പിക്കുന്നതായി സന്ദേഹിക്കാം. രണ്ടരനൂറ്റാണ്ടുമുമ്പ് (1766-92) മൈസൂർ രാജാവ് ടിപ്പു സുൽത്താൻ നടത്തിയ പടയോട്ടത്തിൽ തെക്കോട്ട് പലായനം ചെയ്തവരാവാം തിയ്യാടി നമ്പ്യാന്മാരും അവരുടെ സ്ത്രീകളായ മരുവോളമ്മമാരും കുട്ടികളും.


തുടർന്നും ക്ഷേത്രാടിയന്തിരമായി പിടിച്ചുനിൽക്കാനായത് നാടുവാഴിസമ്പ്രദായം തിയ്യാടികുടുംബങ്ങൾക്ക് അനുകൂലകാലാവസ്ഥ നിലനിർത്തിയതിനാലാവണം. കുലമഹിമ ചമയാമെങ്കിലും ജീവിതയാത്ര ദാരിദ്ര്യത്തിന്റെ വക്കിലൂടെത്തന്നെ. എന്നാൽ 1956-ൽ സംസ്ഥാനരൂപീകരണത്തെ തുടർന്നുള്ള നിയമപരിഷ്‌കാരങ്ങൾ സവർണകലകൾക്ക് ഒന്നുരണ്ടു പതിറ്റാണ്ട് ക്ഷീണമുണ്ടാക്കിയല്ലോ. അതിൽനിന്ന് നമ്പ്യാന്മാർ കുറേശ്ശെയായി കരകയറി വരികെ, 1988-ൽ മലബാറിൽ ഏറെക്കാലത്തിനുശേഷം വലിയ തീയാട്ട് നടക്കാനിടയായി. അയ്യപ്പജനനകഥ 12 ഖണ്ഡങ്ങളിൽ സംഘമായി പറയുമിലത്താളവും ഇടവിട്ടുകൊട്ടിയുള്ള തോറ്റംചൊല്ലി വാക്യാർത്ഥം മുദ്രാരൂപത്തിൽ ചെണ്ടയുൾപ്പെടെ വാദ്യങ്ങളോടെ ഒറ്റയ്ക്കാടുന്ന വിസ്തൃത നൃത്തമുണ്ട്. ഉദയാസ്തമനക്കൂത്ത്. പേര് സൂചിപ്പിക്കുന്നതുപോലെ പകലന്തി പ്രയത്നം. വടകരക്കടുത്ത് ചോറോട് ഗ്രാമത്തിലെ ചേന്നമംഗലം അയ്യപ്പക്ഷേത്രക്കാർ ഉദയാസ്തമനക്കൂത്തോടെ തീയാട്ട് സംഘടിപ്പിച്ചപ്പോൾ അതറിഞ്ഞിരുന്ന ഒറ്റ കലാകാരനേ ഉണ്ടായിരുന്നുള്ളൂ. മുണ്ടായ ശങ്കരൻ നമ്പ്യാർ. അദ്ദേഹമത് നിവർത്തിച്ചശേഷം സമുദായത്തിൽ ഉദയാസ്തമനം പഠിക്കാൻ ആളുണ്ടായി. പെരുമ്പിലാവ് ചെറിയ കേശവൻകുട്ടി.


“അതല്ലെങ്കിൽ തൊട്ടുമുന്നത്തെ തലമുറയിൽ ഉദയാസ്തമനക്കൂത്ത് ചെയ്യാൻ രണ്ടേരണ്ടാളെ ഉണ്ടായിരുന്നുള്ളൂ,” എന്നോർക്കുന്നു കുന്നംകുളത്ത് ആധാരമെഴുത്തുകാരൻകൂടിയായ കേശവൻകുട്ടി. ചെർപ്പുളശ്ശേരിയിൽ ഇക്കഴിഞ്ഞ മാസം തേങ്ങയെറിഞ്ഞ സന്ദീപിന്റെ അച്ഛൻ. ഉദയാസ്തനക്കൂത്തിനിടയിൽ ഭക്ഷണം കഴിക്കില്ല നമ്പ്യാർ. ഒന്നൊന്നായി ആടിഫലിപ്പിക്കേണ്ട കഥകൾക്കിടയിൽ ഊർജസംഭരണത്തിനായി ആകെ വിധിച്ചിട്ടുള്ളത് പച്ചവെള്ളം. ഇന്നാകട്ടെ, വയസ്സ് എഴുപതടുക്കുന്ന കേശവൻകുട്ടിയെ കൂടാതെ മുളംകുന്നത്തുകാവിലെ ഒരേതലമുറക്കാരൻ രാമനേയുള്ളൂ ഉദയാസ്തമനം (വിരളമായി) നടത്തി പരിചയം.


ചടങ്ങുകളുടെ ബാഹുല്യം


നാമമാത്രമായുള്ള അടിയന്തിരമെങ്കിൽ കളമെഴുതാതെ, പാവിയ കൂറയ്ക്കുകീഴെ, കൊളുത്തിയ നിലവിളക്കു ചേർന്ന് അരിപ്പൊടികൊണ്ട് ചെറിയോ താമര വരയ്ക്കും, ഇല്ലെങ്കിൽ നനച്ച് ആ പൂവിന്റെ രൂപം നിലത്തണിയും. അതല്ലാ, കളത്തോടെയുള്ള തീയാട്ടെങ്കിൽ നാന്ദികുറിക്കുക കൂറവിരിച്ചതിനുശേഷമുള്ള ഉച്ചപ്പട്ടാണ്. ഗണപതിയെയും സരസ്വതിയെയും പിന്നെ അയ്യപ്പനെയുംതന്നെ ഗീതങ്ങൾകൊണ്ട് സ്തുതിക്കുന്നതിനുമുമ്പ് ശ്രീലകത്തുനിന്ന് തിരുവായുധം (ചുരിക/കടുത്തില) വാദ്യത്തോടെ കുത്തുവിളക്കകമ്പടിയിൽ കളച്ചതുരത്തിന്മേൽ വയ്ക്കും. മുന്നിലും അരികിലുമായി നാളികേരം, വെറ്റില, അടയ്ക്ക, ശർക്കര, പഴം എന്നിവക്കുപുറമെ വെള്ളരിയും നെല്ലും കരുതിയിരിക്കും.


കളത്തിന് അരിപ്പൊടികൂടാതെ കറുപ്പ് (ഉമിക്കരി പൊടിച്ചത്), മഞ്ഞ (മഞ്ഞൾപ്പൊടി), പച്ച (വാകയുടെയോ മഞ്ചാടിയുടെയോ ഇല ഉണക്കിപ്പൊടിച്ചത്), ചുവപ്പ് (മഞ്ഞപ്പൊടി ചുണ്ണാമ്പിൽ ഉരച്ചെടുത്തത്) എന്നിവ നിറങ്ങൾ. അമ്പും വില്ലും ഏന്തിയ അയ്യപ്പനെ കൂടാതെ വേട്ടക്കായി ചുരികയും ചാപബാണവും എടുത്തും രൂപം വരയ്ക്കാറുണ്ട്. വാഹനനെങ്കിൽ പുലി (പുള്ളിയും വരയനും), കുതിര, അത്യപൂർവമായി ആനയും. മൂന്നുരൂപമെങ്കിൽ ലേഖനത്തിലാദ്യം പറഞ്ഞ രീതിയിൽ ഗൃഹസ്ഥനായി.


ശാന്തിക്കാരന്റെ കളംപൂജക്ക് ശേഷം പാട്ടും തോറ്റവും. ആദിദ്രാവിഡ ഈണങ്ങൾ മിന്നിമറിഞ്ഞേക്കാവുന്ന ശീലുകൾ സോപാനമട്ടിൽ. പക്കമായി പറയും ഇലത്താളവും. തോറ്റത്തിന്റെ പ്രമേയം ദേവാസുര അമൃതമഥന സംബന്ധിയാണ്. ദുർവാസാമുനിശാപം തുടങ്ങി മോഹിനീരൂപത്തിലുള്ള വിഷ്ണുവിൽ പിന്നീടനുരക്തനായ ശിവന് സംയോഗത്താലുണ്ടായ അയ്യപ്പൻ. അഞ്ചുപൂജ എന്ന വന്ദനക്രിയയോടെയുള്ള മുദ്രാനൃത്തകൂത്തിന് ഒരുമണിക്കൂറിനുമേൽ ദൈർഘ്യം. തറ്റുടുത്തതിനു മീതെ മുണ്ട്. മുഖത്തെഴുത്തോ ചുട്ടിയുമോ ഇല്ല. കളത്തിൻകാൽക്കലിരുന്നാണ് വേഷമൊരുങ്ങുക: കറുത്തകരയോടെ ചെങ്കുപ്പായം, കുരലാരം, കഴുത്താരം, വള, ഹസ്തകടകം, തോട, ചെവിപ്പൂവ്. തലത്തുണിക്കു മേലെ കിരീടമായി പാതികം (വാസികം). പരുത്തിക്കാമണി, പടിയരഞ്ഞാണം. കുപ്പായത്തിനുമേൽ വിലങ്ങനെ പൂണൂൽമട്ടിൽ ഉത്തരീയം.


ഇങ്ങനെ വേഷത്തിലാണ് മാറടക്കിയുള്ള മുദ്രകളും ഇടയിൽ ചില്ലറ കലാശങ്ങളുമായുള്ള മിണ്ടാക്കൂത്ത്. ചെണ്ടയും ഇലത്താളവും കൊമ്പും കുഴലും അകമ്പടി. വിശേഷാവസരങ്ങളിൽ മദ്ദളവും. താളമേറെയും എട്ടുമാത്ര ചെമ്പട. നേരത്തെ, തോറ്റത്തിൽ പറഞ്ഞതത്രയുമാണ് കൂത്തിൽ ആടുന്നത്. “മുൻപറഞ്ഞ ആഖ്യാനമാദ്ധ്യമമായ വാചികത്തിന്, തീർത്തും മുഖസ്‌തോഭരഹിതമായി, സാത്വികാഭിനയത്തെ തിരസ്കരിച്ചുകൊണ്ട്, ആംഗികാഭിനയത്തിലൂടെ ശിവപാർഷദപുംഗവനായ നന്ദികേശ്വരന്റെ ഭാവത്തിൽ നൽകുന്ന ചിഹ്നപരവിവർത്തനം,” എന്നാണ് കലാഗവേഷകൻ വി.ആർ. പ്രബോധചന്ദ്രൻ നായർ കൂത്തിനെ നിരീക്ഷിക്കുന്നത്. “അണിയറയപ്പാടെ അരങ്ങത്തേക്കാനയിക്കും മട്ടിൽ പ്രേക്ഷകർക്ക് മുന്നിൽവച്ചുതന്നെ ചമയം പൂർത്തിയാക്കുന്ന ആഹാര്യം.”

നന്ദികേശ്വരസങ്കല്പത്തിലെ വേഷമഴിച്ചാൽ അഴലും പിടിത്തിരിയും എന്ന ചെറുചടങ്ങ്. കോമരത്തിന് കാലമായി. ആലിൻചുവട്ടിൽ ദേവപ്രതീകം എഴുന്നള്ളിച്ചുള്ള മുല്ലയ്ക്കൽപാട്ട്. ചെണ്ടയുടെ വലംതലയോടെ കൊട്ടിവിളിച്ച വെളിച്ചപ്പാട് മേൽശാന്തി കൊടുക്കുന്ന തീർത്ഥവും പൂവുംചന്ദനവുംമാലകളും ചൂടി തിരുവായുധം സ്വീകരിച്ച് പാണ്ടിമേളത്തോടെ ഗോപുരത്തിലേക്ക് നീങ്ങുന്നു. അകത്തുകയറിയാൽ പഞ്ചാരി. തുടർന്നാണ് ഈടുംകൂറും. അഭിമുഖം നിൽക്കുന്ന മാരാർ(മാർ) വ്യത്യസ്ത താളങ്ങളിൽ കൊട്ടുന്ന താളമാതൃകകൾ ഓരോന്നും അതേക്രമത്തിൽ മറുപടിയെന്നവണ്ണം കാലുകളിൽ വരുത്തുകയാണിവിടെ. കനലാട്ടം കൂടിയുള്ള പക്ഷം ചുരികയേന്തിയ വെളിച്ചപ്പാട് പിലാവുവിറകുകൾ കത്തിയമർന്ന മൂന്ന് ചെറുകൂനകൾ വലതുകാൽകൊണ്ട് മുന്നാക്കംതട്ടി അതിന്മേൽകൂടെ ചവിട്ടിപ്പായും. ചെന്തീക്കട്ടകൾ നിരപ്പാവുംവരെ തുടരും പ്രക്രിയ. ബ്രഹ്മചര്യകാലത്തെ അയ്യപ്പൻ സ്വർഗം ചുട്ടുപൊട്ടിച്ചതിന്റെ പ്രതീകം. ആത്മപീഡ സഹജമായ ഈ സാഹസത്തിൽ കാൽവിരലുകൾക്കിടയിൽ കനലിറുകിയോ അതല്ലാതെയും ചവിട്ടിപ്പരത്തുമ്പോഴത്തെ അശ്രദ്ധയിലോ അപകടസാദ്ധ്യത ഏറെയാണ്.


കോമരം കളപ്രദക്ഷിണം തുടങ്ങുക വളരെ താഴ്ന്ന കാലപ്രമാണത്തിലാണ്. തായമ്പകയുടെ ആദ്യഘട്ടത്തിലെ ചെമ്പടയാണിവിടെ ചെണ്ടക്കാർ ഉപപക്കക്കാരുമായി കൊട്ടിവായിക്കുക. ഏഴോ ഒൻപതോ പതിനൊന്നോ അതിലധികമോ പ്രദക്ഷിണങ്ങൾ പിന്നിടുമ്പോഴേക്കും മേളം മുറുകിയിരിക്കും. തകൃതചവിട്ടുകളുടെ പരമ്പരക്ക് അന്ത്യംകുറിച്ച് കളത്തിൽച്ചാടും. കുരുത്തോലകൾ വെട്ടിവീഴ്ത്തുന്നത് നായാട്ടിന്റെ പകർപ്പത്രെ. ചവിട്ടുകളുടെ കാര്യത്തിലെന്നപോലെ താളത്തിലാണ് ഇടയിലെ പന്തീരായിരത്തിലധികം നാളികേരങ്ങളും ഉടച്ചുതീർക്കുക. ഒരേവാദ്യങ്ങൾ തേങ്ങയേറിനും പിന്നണിയായിരിക്കും – ഏകതാളത്തിൽ. മുന്നൂറോളം നാളികേരങ്ങളുടെ കൂനക്കുമീതെയിരിക്കുന്ന വെളിച്ചപ്പാട് ഏറുകഴിഞ്ഞാൽ വീണ്ടും കളത്തിലേക്കെത്തും. പീഠംനിരക്കി ഉലഞ്ഞാടും. തിരുമുഖംമാത്രം കൈകൊണ്ട് മായ്ക്കും (വീണകുരുത്തോലകൾ കാൽകൊണ്ട് വാരി ബാക്കിഭാഗവും). പുറത്തുകടന്ന് ദേവന്റെ അരുളപ്പാടെന്നവണ്ണം ഭക്തജനത്തോട് കല്പന പറയുന്നു. തിരികെ കളത്തിലേക്ക് വന്ന് കലിയിറക്കി കലപ്പൊടിപ്രസാദം വിതരണം ചെയ്യുന്നു. പൂമാലയൂരി ചുരിക പീഠത്തിൽ തിരികെ സമർപ്പിക്കുന്നു.

ഫലശ്രുതി


തുലാമാസം കഴിഞ്ഞുള്ള മണ്ഡലകാലം അയ്യപ്പൻതീയാട്ടിനെ വീണ്ടും സജീവമാക്കുന്നു. ക്ഷേത്രകലയും ഫോക്ലോറും അക്കാദമികൾ അടക്കം ഭരണകൂടമായും ജനസഞ്ചയവുമായി ബന്ധപ്പെട്ടുനിൽക്കുന്ന സ്ഥാപനങ്ങൾ മുമ്പെന്നത്തക്കാൾ ബഹുമതികൾ നൽകുന്നുണ്ടെങ്കിലും വൃശ്ചികം തുടങ്ങിയുള്ള ഓരോ വേനലും തിയ്യാടിസമുദായത്തിന് ഒരർത്ഥത്തിൽ അഗ്നിപരീക്ഷയാണ്. തീയാട്ടൊന്നിന് പുതിയകാലത്ത് മെച്ചപ്പെട്ട വരുമാനമുണ്ടെന്നതും കലയായുംകണ്ട് സമൂഹത്തിൽ സ്ഥാനം ഭേദപ്പെട്ടിട്ടുണ്ടെന്നതും വേറെ കാര്യം.