പഴമയുടെ ഭാണ്ഡത്തിൽ തലവച്ചുറങ്ങാത്തവർ – ലിഡ ജേക്കബ്

പഴമയുടെ ഭാണ്ഡത്തിൽ തലവച്ചുറങ്ങാത്തവർ  – ലിഡ ജേക്കബ്

ചെറുപ്പക്കാർ ഇന്ത്യയില്‍നിന്ന് ഉപജീവനാര്‍ത്ഥം വിദേശരാജ്യങ്ങളിലേക്ക് കുടിയേറുക എന്നത് പുതിയ കാര്യമല്ല. 1960 മുതൽത്തന്നെ അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ജോലിതേടിപ്പോയ മുന്‍തലമുറയെക്കുറിച്ച് നമുക്കറിയാം. ഇതിൽ മിക്കവരും നഴ്സ്,ഡോക്ടര്‍,അധ്യാപകര്‍ തുടങ്ങിയവർ ആയിരുന്നു. അവരുടെ എണ്ണവും വളരെ കുറവായിരുന്നു.എന്നാൽ ഇന്നതല്ല സ്ഥിതി. വിദേശത്തേയ്ക്ക് കുടിയേറുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നു. ഇന്ന് എല്ലാ തൊഴിൽ മേഖലകളിലേയ്ക്കും വളരെയധികം ഉദ്യോഗാർത്ഥികൾ പോകുന്നുണ്ട്. അതിനേക്കാള്‍ കൂടുതലാണ് വിദ്യാഭ്യാസത്തിനുവേണ്ടി വിദേശരാജ്യങ്ങളിൽ പോകുന്നവരുടെ എണ്ണം. നേരത്തെ ബിരുദാനന്തരബിരുദത്തിനോ ഉന്നതവിദ്യാഭ്യാസത്തിനോ വേണ്ടിയായിരുന്നു ഒട്ടുമിക്കവരും പോയിരുന്നത്. ഇന്ന് പത്താം ക്ലാസ്സും പന്ത്രണ്ടാം ക്ലാസ്സും കഴിഞ്ഞ കുട്ടികള്‍ക്കുവരെ ഉപരിപഠനത്തിന് വിദേശത്തേക്ക് പോകുവാനാണ് താല്പര്യം. വിദേശരാജ്യങ്ങളിലെ മികച്ച കോളെജുകളിലോ യൂണിവേഴ്‌സിറ്റികളിലോ അല്ല ഇവരിൽ മിക്കവരും ചെന്നെത്തുന്നത് എന്ന യാഥാർത്ഥ്യം ആശങ്ക ഉണ്ടാക്കുന്നതാണ്. എങ്ങനെയെങ്കിലും ഇവിടെനിന്ന് രക്ഷപ്പെടുക എന്ന ചിന്തയാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഇതിനോട് ബന്ധപ്പെട്ട് എഡ്യുക്കേഷൻ കൺസൽട്ടൻസി എന്ന പുതിയൊരു തൊഴില്‍മേഖലയും കേരളത്തിൽ വ്യാപകമാകുന്നുണ്ട്. എല്ലാ ദിവസവും മാധ്യങ്ങളിൽ മികച്ച വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ച് മോഹനവാഗ്ദാനങ്ങൾ നല്കുന്ന പരസ്യങ്ങൾ കാണാം. ഡൽഹി, ചെന്നൈ, ഹൈദരാബാദ് എന്നിവടങ്ങളിൽ രണ്ടും മൂന്നും ലക്ഷങ്ങളാണ് കോളെജ് പ്രവേശനത്തിനുവേണ്ടി ഇത്തരക്കാര്‍ വാങ്ങുന്നത്. മാത്രവുമല്ല, വിദേശരാജ്യങ്ങളിലെ അഡ്‌മിഷനുവേണ്ടി റെസ്യൂം/സിവി ഉണ്ടാക്കികൊടുക്കാനും ഇന്ന് ആള്‍ക്കാർ ഉണ്ട്.


ഇത്തരത്തിൽ യുവത നാടുവിട്ട് പോകുന്നതിന്റെ കാരണങ്ങൾ സൂക്ഷ്മവും വിമർശനാത്മകവുമായ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട ഒരു കാര്യം ചെറുപ്പക്കാരിൽ വളരുന്ന ഒരുതരം നിരാശാബോധമാണ്. ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സംവിധാനങ്ങൾ അവരിൽ സൃഷ്ടിക്കുന്ന അതൃപ്തിയും മോഹഭംഗവും നാം ഗൗരവമായി കാണേണ്ടതുണ്ട്. കേരളത്തിന്റെ നിലവിലെ സാഹചര്യത്തിൽ തങ്ങൾക്ക് മുന്നോട്ട് പോകാൻ ഒട്ടും പറ്റില്ലയെന്നും ഇവിടെ ആയിരുന്നാൽ മികച്ച ഭാവിജീവിതം സാധ്യമല്ല എന്നുള്ള ഒരുതരം നിരാശയാണ് അവരെ നാടുവിടാൻ പ്രേരിപ്പിക്കുന്നത്. ഇന്നിവിടെ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിലും അവർക്ക് ഉണ്ടാകുന്ന വിശ്വാസമില്ലായ്മ മറ്റൊരു ഘടകമാണ്. അതുകൊണ്ടാണ് ഈ അടുത്ത കാലങ്ങളിൽ ഇങ്ങനെ കൂട്ടത്തോടെയുള്ള ഒഴിഞ്ഞുപോക്ക് നടക്കുന്നത് എന്ന് തോന്നുന്നു. അതിന് 2020-ലെ വിദ്യാഭ്യാസനയം ആക്കം കൂട്ടിയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിര്‍ദിഷ്ടനയം തട്ടിക്കൂട്ടി, ധൃതികൂട്ടി പാര്‍ലമെന്റിലോ പൊതുജനങ്ങളുടെ ഇടയിലോ വേണ്ടത്ര ചര്‍ച്ചചെയ്യാതെ കേന്ദ്രസര്‍ക്കാർ അവതരിപ്പിക്കുകയാണുണ്ടായത്. മുന്‍കാല വിദ്യാഭ്യാസനയരൂപവത്കരണങ്ങൾ ഇത്തരത്തിൽ ആയിരുന്നില്ല. വളരെ വിശദമായ ചര്‍ച്ചകള്‍ക്കും പര്യാലോചനകള്‍ക്കും ശേഷമാണ് അവയൊക്കെ നടപ്പിലാക്കിയത്. എന്നാല്‍, പുതിയ നയത്തിന്റെ കാര്യത്തില്‍ കുറെ വിമര്‍ശനങ്ങൾ വന്നതിന്റെ വെളിച്ചത്തിൽ ചില പരിഷ്കാരങ്ങൾ വരുത്തി എന്നല്ലാതെ അടിസ്ഥാനപരമായി വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല. ഇതിനെക്കുറിച്ച് ഒരുപാട് ആശങ്കകളും തെറ്റിദ്ധാരണകളും കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും അധ്യാപകര്‍ക്കിടയിലും ഉണ്ട്. ഈ നയം പ്രാബല്യത്തില്‍ വന്നാൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത്, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യാസരംഗത്ത് എന്നതിനെക്കുറിച്ച് അവര്‍ക്ക് ഉത്കണ്ഠയുണ്ട്.


സാര്‍വത്രിക സ്കൂൾവിദ്യാഭ്യാസം കേരളത്തിൽ ഏറെക്കുറെ പൂര്‍ണമാണ്. അതുകൊണ്ട് കേരളത്തിൽ നടക്കുന്ന ചർച്ചകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിലാണ്. ഇന്ന് ദേശീയ തലത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന്‌ ഏതാണ്ട് 15 ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമാണ് യൂണിവേഴ്സിറ്റി പ്രവേശനം നേടുന്നത്. ഇത് 25% എങ്കിലും ആക്കണം എന്നാണ് സര്‍ക്കാർ ഉദ്ദേശിക്കുന്നത്. അതായത് ഹൈസ്കൂളും ഹയർസെക്കൻഡറിയും കഴിഞ്ഞ യുവജനങ്ങളിൽ 25 ശതമാനമെങ്കിലും യൂണിവേഴ്സിറ്റി പ്രവേശനം ലഭിച്ചിരിക്കണം. ബാക്കിയുള്ളവർ വൊക്കേഷണലൊ മറ്റുകാര്യങ്ങൾക്കോ പോകുമെന്നുള്ളതാണ് കാഴ്ചപ്പാട്. ഈ 25% തന്നെ എത്തണമെങ്കിൽ കുറെയധികം യൂണിവേഴ്സിറ്റികളും കോളേജുകളും ആരംഭിക്കണം. പക്ഷേ, അത്തരത്തില്‍ അടിസ്ഥാനസൗകര്യം ഒരുക്കാൻ സ്വകാര്യമേഖലയിലുള്ളവർ ആരും വരില്ല. അവര്‍ക്കതിൽ സാമ്പത്തികലാഭം ഒന്നുമില്ല എന്നതു തന്നെ കാരണം. ആ സാഹചര്യത്തിൽ ഈ സംരംഭത്തിനു വേണ്ടി ഒരു വലിയ തുക തന്നെ കേന്ദ്ര ഗവൺമെന്റ് ഇതിനുവേണ്ടി ചെലവാക്കേണ്ടി വരും. രാജ്യത്തിന്റെ മൊത്തം ജി.ഡി.പി.യുടെ 4.8 ശതമാനം മാത്രമാണ് നാളിതുവരെ വിദ്യാഭ്യാസമേഖലയ്ക്കുവേണ്ടി നീക്കിവച്ചിരുന്നത്. ഇത് ആറു ശതമാനമാക്കി വര്‍ദ്ധിപ്പിക്കുന്നതോടെ വിദ്യാഭ്യാസരംഗത്തിന്റെ ആധുനികവത്ക്കരണം ത്വരിത വേഗത്തിലാക്കാൻ കഴിയുമെന്നാണ് സര്‍ക്കാർ കരുതുന്നത്.


പുതിയ നയത്തില്‍, ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് താത്പര്യമുണ്ടെങ്കിൽ ശാസ്ത്രവും ശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ട്‌സും പഠിക്കാമെന്ന സൗകര്യമുണ്ട്. ‘ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ’ പ്രോഗ്രാമായ ബിരുദകോഴ്‌സുകൾ നാലു വര്‍ഷമാണ്. എപ്പോൾ വേണമെങ്കിലും കോഴ്‌സ് വിട്ടുപോകാനും സൗകര്യാനുസരണം വീണ്ടും ചേരാനുമുള്ള അവസരമുണ്ടാകും. വിട്ടുപോകുന്നതുവരെ ലഭിച്ച വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള സര്‍ട്ടിഫിക്കറ്റോ, ഡിപ്ലോമയോ, ഡിഗ്രിയോ ലഭിക്കുന്നതാണ്. ഡിഗ്രി കഴിയുന്നവര്‍ക്ക് നേരിട്ട് ഗവേഷകനാകാം എന്ന സവിശേഷതയും പുതിയ വിദ്യാഭ്യാസ നയത്തിലുണ്ട്. ഇതൊക്കെയാണെങ്കിലും നമ്മുടെ അധ്യാപകരെ ഈ മാറ്റത്തിനനുസരിച്ച് സജ്ജമാക്കിയിട്ടുണ്ടോ എന്ന ചോദ്യം ഇവിടെ പ്രസക്തമാവുന്നു. ഉന്നതയോഗ്യതയും വിദഗ്ദ്ധപരിശീലനവും സേവനസന്നദ്ധതയും സമര്‍പ്പണബുദ്ധിയും ഉല്‍ക്കടമായ പ്രതിബദ്ധതയും ചുമതലാബോധവും അദ്ധ്യാപനത്തോടുള്ള അഭിനിവേശവും ഉള്ള എത്ര അധ്യാപകർ നമുക്കുണ്ട്?


തെറ്റായ നയങ്ങൾ


പുതിയ വിദ്യാദ്യാസനയം വന്നു കഴിഞ്ഞാൽ എന്തായിരിക്കും രാജ്യത്തെ സ്ഥിതി എന്നതിനെക്കുറിച്ച് ഒരു വ്യക്തത ആർക്കും ഇല്ല; സർക്കാരിനുപോലും. 2050-ഓടെ ദേശീയതലത്തില്‍ നമ്മൾ ലക്ഷ്യംവയ്ക്കുന്ന മുപ്പത് ശതമാനമെന്ന യൂണിവേഴ്സിറ്റി അഡ്മിഷൻ നിരക്ക് കേരളം ഇതിനോടകം കൈവരിച്ചതാണ്‌. പക്ഷേ, നമ്മുടെ പ്രശ്നം വിദ്യാഭ്യാസത്തിന്റെ നിലവാരമില്ലായ്മയാണ്. കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ സർട്ടിഫിക്കറ്റുകള്‍ക്കും ഡിഗ്രികള്‍ക്കും വിദേശ രാജ്യങ്ങളിൽ വലിയ വിലയൊന്നുമില്ല. ഇവിടെ എഞ്ചിനീയറിംഗ് കഴിഞ്ഞു ചെല്ലുന്ന കുട്ടികൾ വീണ്ടും പഠിക്കേണ്ട അവസ്ഥയുണ്ട്. കൂടാതെ 2014-മുതല്‍ രാഷ്ട്രീയപരമായി വർധിച്ചുവരുന്ന ഹിന്ദുത്വ ഐഡിയോളജിയുടെ അക്രമാസക്തമായ ചില നയങ്ങൾ മതന്യൂനപക്ഷങ്ങളെ “രണ്ടാം തരം പൗരന്മാരായി” പരിഗണിക്കുന്നുവെന്ന് ചിലർ കരുതുന്നു.


സ്‌കൂൾ വിദ്യാഭ്യാസം പ്രാദേശികഭാഷയിലോ മാതൃഭാഷയിലോ ആയിരിക്കണം എന്ന വാദം എത്രത്തോളം ശരിയാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. വളരെ വൈകാരികമായ ഒരു വിഷയമാണെങ്കിലും ഇംഗ്ലീഷ് ഭാഷയെ പിന്നാക്കം തള്ളുന്ന പ്രവണതയെ ഇത് ശക്തിപ്പെടുത്താം. ഇന്ത്യയിലെ കുട്ടികൾ മറ്റു രാജ്യങ്ങളിൽ പോയി ശോഭിക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ചെറിയ പ്രായത്തിൽ ഇംഗ്ലീഷിൽ അവർ നേടിയെടുക്കുന്ന അടിസ്ഥാനമാണ്. തങ്ങളോട് ഇങ്ങനെയൊക്കെ പഠിച്ചാൽമതി എന്നു പറയുന്ന ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും മക്കൾ നാട്ടിലും വിദേശത്തും വലിയ സ്കൂളുകളിലും കോളെജിലുമൊക്കെ പഠിച്ച് വിദേശത്ത് ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നതാണ് ചെറുപ്പക്കാർ കാണുന്നത്. ഈ ഒരു വൈരുധ്യം സ്വാഭാവികമായും നമ്മുടെ രാഷ്ട്രീയ ഭരണ ചട്ടക്കൂടിനോട് യുവാക്കൾക്ക് മാനസികമായ അകല്‍ച്ച ഉണ്ടാക്കും. അതുപോലെത്തന്നെ, നമ്മുടെ പഴഞ്ചൻ പരീക്ഷാസമ്പ്രദായങ്ങളും അതിലെ ക്രമക്കേടുകളും ദുഷ്ചെയ്തികളും അവരെ അലട്ടുന്നുണ്ട്. കഷ്ടപ്പെട്ട് പഠിച്ച് ധാരാളം പണമിറക്കി എൻട്രൻസ് കോച്ചിംഗ് നടത്തി വർഷങ്ങളായി തയ്യാറെടുപ്പുകൾ നടത്തിയവരെ പിന്തള്ളി, ഇതൊന്നും ചെയ്യാതെ പെട്ടെന്ന് എല്ലാം നേടിയെടുക്കുന്ന ഒരു കൂട്ടം ആളുകളും അവരുടെ ദല്ലാളുകളും ഉണ്ട് ഇവിടെ. യോഗ്യത ഇല്ലാത്തവർക്ക് കിട്ടുമ്പോൾ യോഗ്യത ഉള്ളവർക്ക് ഇവിടെ ഒരു ഭാവി ഇല്ല എന്ന തോന്നൽ ഇത് ഉണ്ടാക്കുന്നുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയവരെ കണ്ടെത്താനും ശിക്ഷിക്കാനുമുള്ള ശക്തിപോലും നമുക്ക് ഇല്ലാതായിട്ടുണ്ട്. ദേശീയ യോഗ്യതാപരീക്ഷയായ ‘നീറ്റി’ലും മറ്റും ഇത്തരത്തിൽ തെറ്റായ പ്രവണതകൾ ധാരാളം വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലാണ് കൂടുതലും.


നമ്മൾ വളരെയധികം വിലമതിക്കുന്ന ഭരണഘടനാസ്ഥാപനങ്ങളടക്കം ഇത്തരത്തിൽ ദുർബലപ്പെട്ടുപോയി. പി.എസ്.സി എന്ന സ്ഥാപനത്തിനു പോലും പുഴുക്കുത്തേറ്റിരിക്കുന്നു. ക്രിമിനലുകളെ സഹായിക്കുന്ന സംവിധാനമായി അത് മാറിയത് വളരെയധികം വേദനാജനകമാണ്. ചിലപ്പോൾ ഒന്നോ രണ്ടോ ആകസ്മിക സംഭവങ്ങൾ ആയിരിക്കാം. ഒരെണ്ണം കേട്ടാൽപ്പോലും വളരെയധികം ഭയപ്പാടാണ് ഉണ്ടാക്കുന്നത്. സ്വന്തം പാർട്ടിക്കാരെയും നേതാക്കളുടെ ഇഷ്ടക്കാരെയും സർക്കാർ സർവീസിൽ പിൻവാതിലിലൂടെ തിരുകിക്കയറ്റി യുവാക്കളെയും ജീവനക്കാരേയും പൊതുസമൂഹത്തെയും ഒരുപോലെ നോക്കുകുത്തിയാക്കുകയാണ് ചെയ്യുന്നത്. സ്വജനപക്ഷപാതവും അടുത്ത ആളുകളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും തള്ളിക്കയറ്റുന്ന പ്രവണത നമ്മുടെ നാട്ടിൽ കൂടുതലാണ്. കൂടാതെ റാങ്ക് ലിസ്റ്റില്‍ ധാരാളം തിരിമറി നടക്കുന്നു. സമയാസമയങ്ങളിൽ ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുക, ചെയ്തവ കരാറടിസ്ഥാനത്തിലാക്കുക, ഇതിൽ ‘വേണ്ടപ്പെട്ടവരെ’ നിയമിച്ച് പിന്നീടവര്‍ക്ക് ജോലിസ്ഥിരത ഉറപ്പാക്കുക തുടങ്ങിയ അന്യായങ്ങൾ കാലാകാലങ്ങളായി തുടരുകയാണ്. നിയമനങ്ങള്‍ പിഎസ്.സിക്ക് വിടാതെ കണ്‍സള്‍ട്ടന്‍സികൾ വഴി പിന്‍വാതിലിലൂടെ ഇഷ്ടക്കാരെ തിരുകി കയറ്റലാണ് പുതിയ രീതി.


യൂണിവേഴ്സിറ്റികളിലെ ബോർഡ് ഓഫ് സ്റ്റഡീസിനെക്കുറിച്ചും സിൻഡിക്കേറ്റിനെക്കുറിച്ചും പറയാതിരിക്കുകയാണ് ഭേദം. അതത് സ്ഥാപനങ്ങളിലെ നിലവാരം ഉയർത്തുന്നതിനുള്ള ഉപകരണങ്ങളാണ് ഇവ രണ്ടും. ഇതിലെ അംഗങ്ങളാകട്ടെ രാഷ്ട്രീയ ബന്ധമുള്ളവരും, അവരോട് ചായ്‌വുള്ള വ്യവസായികളോ പൗരപ്രമുഖരോ ആയിരിക്കും. വിദ്യാഭ്യാസനിലവാരത്തെക്കുറിച്ചോ അദ്ധ്യാപക,വിദ്യാർത്ഥി, അക്കാദമിക്ക് ഉന്നമനത്തിനെക്കുറിച്ചോ അവിടെ ചർച്ചയൊന്നും നടക്കുന്നില്ല. കോഴ്‌സും നിയമനവും നിർമാണപ്രവൃത്തികളും മാത്രമാണ് അവരുടെ ഉദ്ദേശ്യം. ചട്ടവിരുദ്ധമായ കാര്യങ്ങൾക്കുവരെ ആശീർവാദം ലഭിക്കുന്നു എന്നത് അങ്ങേയറ്റം നിരാശാജനകമാണ്. സ്വാഭാവികമായും ഇങ്ങനെയുള്ള അന്തരീക്ഷത്തിൽ ഉന്നതവിദ്യാഭ്യാസരംഗത്ത് ഉയര്‍ന്ന നിലവാരം പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.