ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഗാന്ധിജിയുടെ പ്രസക്തി – കെ.പി. ശങ്കരൻ

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ ഗാന്ധിജിയുടെ പ്രസക്തി  – കെ.പി. ശങ്കരൻ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് രണ്ടുമാസം മുൻപാണ് ഞാൻ ജനിച്ചത്. എന്റെ തലമുറയിലെ ഇതര പൗരന്മാരെപ്പോലെ, ഞാനും വളർന്നത് ഗാന്ധിജി വിഭാവനം ചെയ്തിട്ടില്ലാത്ത ഒരു ഇന്ത്യയിലാണ്. എന്നിരുന്നാലും, പൗരന്മാരെല്ലാവരും മതമേതായിരുന്നാലും തുല്യരായി പരിഗണിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തെ ചൂഷണം മൂലം സ്വാതന്ത്ര്യത്തിനുശേഷവും ബഹുഭൂരിപക്ഷം ഇന്ത്യക്കാരും പലതരത്തിലുള്ള ദാരിദ്ര്യം ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു. മാറിമാറിവന്ന സർക്കാരുകൾക്ക് ഈ അവസ്ഥയ്ക്ക് ഒരു പരിഹാരം കാണാൻ സാധിച്ചിട്ടില്ല. 2022-ലെ പ്രതിശീർഷ വരുമാനം, രൂപയുടെ യഥാർത്ഥ മൂല്യം കണക്കാക്കിനോക്കുകയാണെങ്കിൽ 1950-ലേതിനേക്കാൾ ഒട്ടും വർധിച്ചിട്ടില്ലായെന്നു കാണാനാവും. 2014-നുശേഷം ബഹുഭൂരിപക്ഷം ഇന്ത്യക്കാരുടെയും സാമ്പത്തികസ്ഥിതി കൂടുതൽ കൂപ്പുകുത്തുകയാണുണ്ടായത്. നോട്ടു റദ്ദാക്കൽ തുടങ്ങിയ സാമ്പത്തിക നയങ്ങൾ നടപ്പാക്കിയ കേന്ദ്രസർക്കാർ ഇതിനുത്തരവാദിയാണ്. എന്നാൽ, ഇന്നത്തെ രാഷ്ട്രീയ സംവിധാനവും അതിനു മുൻപുണ്ടായിരുന്നതും തമ്മിൽ പ്രകടമായ വ്യത്യാസം കാണാനാവും. ബഹുഭൂരിപക്ഷം ഇന്ത്യക്കാർക്കും ഇന്നു നേരിടേണ്ടിയിരിക്കുന്നത് ബഹുമുഖമായ ദാരിദ്ര്യം മാത്രമല്ല. ബിജെപിയെയും ആർഎസ്എസിനെയും എതിർക്കുന്നവരെയെല്ലാം രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഒരു ഭീഷണിയായി പരിഗണിക്കണമെന്ന് പൗരന്മാരെ ആഹ്വാനം ചെയ്യുകയും അതിനു പ്രോത്സാഹനം നൽകുകയും ചെയ്യുന്ന ഒരു ഭരണകൂടമാണ് ഇന്നുള്ളത്. വിദ്വേഷത്തിന്റെയും അസ്ഥിരതയുടേതുമായ ഇത്തരമൊരു അവസ്ഥയിലേക്ക് നാം എങ്ങനെ എത്തി? തീവ്രമായ ദേശീയത, ആഭ്യന്തരശത്രു എന്ന ആശയം സാമ്രാജ്യത്വം (ആർ.എസ്.എസ്. – ബി.ജെ.പിയുടെ അഖണ്ഡ ഭാരതസങ്കല്പം) തുടങ്ങിയ ഫാസിസ്റ്റ് ലക്ഷണങ്ങൾ എല്ലാം സ്പഷ്ടമായിക്കാണാം. എന്നിരുന്നാലും, യൂറോപ്പിലെയും മറ്റിടങ്ങളിലെയും ഫാസിസവുമായി തട്ടിച്ചുനോക്കുമ്പോൾ, ഇന്ത്യയിലെ ഫാസിസം പാർലമെന്ററി ജനാധിപത്യത്തെ അനുകൂലിക്കുന്നതാണ്. ഇപ്പോഴത്തെ ഭരണകൂടം, ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളെ സാധൂകരിക്കുന്നത് ഈ മാർഗം അവലംബിച്ചാണ്. ആർ.എസ്.എസ് – ബി.ജെ.പി. രാഷ്ട്രീയത്തെ എതിർക്കുന്നവരെ ആക്രമിക്കുന്നതിന്റെ നീതിമത്കരണവും ഇപ്രകാരമത്രേ. 2014-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുശേഷം, ഇന്ത്യൻ ഫാസിസത്തിന്റെ ഈ പാർലമെന്ററി രൂപം എങ്ങനെ നിലവിൽ വന്നു?


1930-കളിലേക്കു നമുക്ക് മടങ്ങേണ്ടതുണ്ട്.


1934-ൽ രൂപം കൊടുത്ത ‘ഹിന്ദു മഹാസഭ’ എന്ന മാതൃകയിലാണ് ഇന്ന് ഇന്ത്യയെ മുമ്പോട്ടുകൊണ്ടുപോകുന്നത്. ഹിന്ദു മഹാസഭയുടെ പ്രസിഡന്റ് മൂഞ്ഞ്‌ജെ ആണ് ഈ ആശയത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ: ”ഇന്ത്യയിലുടനീളം ഹിന്ദുയിസത്തെ പ്രമാണവും മാതൃകയും ആക്കുകയാണ് ഈ പദ്ധതി. എന്നാൽ ഈ സങ്കല്പം സാക്ഷാത്കരിക്കുന്നതിന് സ്വന്തം സ്വരാജും, 17-ാം നൂറ്റാണ്ടിലെ ശിവജിയെപ്പോലെയൊരു ഏകാധിപതിയോ അല്ലെങ്കിൽ ഇറ്റലിയിലെ മുസ്സോളിനിയോ ജർമനിയിലെ ഹിറ്റ്‌ലറെപ്പോലെയൊരാളോ വേണം.” ഹിന്ദുയിസത്തിന്റെ വിശാലമായ, മഹത്തായ ആഖ്യാനത്തിൽ, കുടക്കീഴിൽ ഹിന്ദുവംശവുമായി ബന്ധമുള്ള എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുകവഴി, 1934-ൽ മൂഞ്ഞ്‌ജെ രൂപംകൊടുത്ത ഈ സങ്കല്പം ഏതാണ്ടൊക്കെ സാക്ഷാത്കരിച്ച പ്രതീതിയാണുള്ളത്. ഇപ്രകാരം പ്രമാണവും മാതൃകയും ആക്കപ്പെട്ട ഹിന്ദുയിസം ഇന്ന് ഏറ്റവും വലിയ വോട്ടുബാങ്കായിത്തീർന്നിട്ടുണ്ട്. എല്ലാ മുൻ ഫാസിസ്റ്റ് പ്രമാണങ്ങളും ആത്മാംശമായി സ്വീകരിച്ചിട്ടുള്ള ഇപ്പോഴത്തെ ഇന്ത്യൻ ഭരണകൂടം പാർലമെന്ററി ജനാധിപത്യ പ്രക്രിയയിലൂടെ ഈ ആശയം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഇന്ന് ബി.ജെ.പിയുടെ വോട്ടുവിഹിതം 37.36 ശതമാനമത്രേ. മറ്റു രാഷ്ട്രീയ പാർട്ടികൾക്കെല്ലാം ഒന്നിച്ചുവരാനുള്ള കഴിവുകേടും ബി.ജെ.പിയെ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി എതിരിടാനുള്ള സാധ്യതയില്ലായ്മയും കണക്കിലെടുക്കുമ്പോൾ കാരുണ്യമില്ലാത്ത ഫാസിസ്റ്റ് ഏകാധിപത്യ ഭരണക്രമത്തിനു ഇന്ത്യ വിധേയമാകാനുള്ള സാധ്യത തുടരുകതന്നെ ചെയ്യും. ഇത്തരമൊരു ഭൂരിപക്ഷ വർഗീയ ജനാധിപത്യമായി ഇന്ത്യ മാറാനുള്ള സാധ്യത ഗാന്ധിജി മുന്നിൽ കണ്ടിരുന്നു. ഗാന്ധിജിയുടെ ‘ഹിന്ദ്‌സ്വരാജ്’ എന്ന മാനിഫെസ്റ്റോ – പാർലമെന്ററി ഡെമോക്രസി എന്ന ആശയത്തെ തള്ളിക്കളഞ്ഞത്. ഫാസിസത്തിന്റെ ഈ മറ്റൊരു പതിപ്പ് അതിന്റെ ചരിത്രത്തിലെ ഒരു വികാസമാണ്. ഫാസിസം പൊതുവേ അറിയപ്പെടുന്നത് ജനാധിപത്യവിരുദ്ധമായ ഏകാധിപത്യമെന്നാണ്. എന്നാൽ, ഇന്ത്യയിൽ, പ്രമാണവും മാതൃകയുമാക്കപ്പെട്ട ഹിന്ദുയിസത്തിന്റെ വോട്ടുബാങ്കുള്ളതിനാൽ ഫാസിസത്തിന്റെ ഈ വേറിട്ട പതിപ്പിന് പാർലമെന്ററി ജനാധിപത്യ സൗഹൃദമായ ഒരു പ്രതിഭാസമായി മാറാൻ കഴിഞ്ഞു.


2019-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയതോടെ ഇന്ത്യ ഒരു ഭൂരിപക്ഷവർഗീയ ജനാധിപത്യമായി മാറിക്കഴിഞ്ഞു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഒരു ഹിന്ദുരാഷ്ട്രം. ഇന്ത്യയ്ക്കു വെളിയിൽ രൂപംകൊണ്ട ക്രിസ്തുമതത്തിലെയും ഇസ്ലാം മതത്തിലെയും മതന്യൂനപക്ഷങ്ങൾ ഏറെ സംശയങ്ങൾക്കു വിധേയരാക്കപ്പെട്ടു. ഏതാണ്ട് ഓരോ ദിവസവും കേരളം, തമിഴ്‌നാട് മുതലായ ബി.ജെ.പി ഭരണമില്ലാത്ത ഏതാനും സംസ്ഥാനങ്ങളിലൊഴികെ, മുസ്ലീങ്ങളും ക്രിസ്ത്യാനികളും കടുത്ത ആക്രമണങ്ങൾക്കും ഭീഷണികൾക്കും വിധേയരായി. ഭൂരിപക്ഷ വർഗീയതയുടെ ഹിന്ദുവിഭാഗങ്ങൾക്ക് ഇക്കാര്യത്തിൽ സർക്കാരിന്റെ ഒത്താശയും പിന്തുണയും ഉണ്ടായിരുന്നു.


ഈയൊരു പശ്ചാത്തലത്തിലാണ് ആക്രമണ ഭീതിയിലകപ്പെട്ട ജനങ്ങൾ ഈ ദുഃസ്ഥിതിയെ തരണം ചെയ്യാനുള്ള മാർഗങ്ങൾ ആരായുന്നതും ഫാസിസ്റ്റ് ഭരണത്തിനു വിരാമമിടാനും ശ്രമിക്കുന്നത്. ഞാൻ മുൻപ് സൂചിപ്പിച്ചതുപോലെ, ഔപചാരികമായ രാഷ്ട്രീയ പ്രക്രിയയിലൂടെ ഒരു മാറ്റം വരാനുള്ള സാധ്യത കുറവാണ്. ബി.ജെ.പി ഇതര പാർട്ടികൾ യോജിക്കാനുള്ള സാധ്യത അകലെയാണെന്നതാണതിനു കാരണം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യമായ അവകാശങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുന്നതിന്, ബി.ജെ.പി ഇതര പാർട്ടികളുടെയെല്ലാം കൂട്ടായ യത്‌നം ആവശ്യമാണ്. എന്നാൽ, അങ്ങനെയൊരു അത്ഭുതം സംഭവിക്കുകയും ഫാസിസ്റ്റുവിരുദ്ധ ശക്തികൾ ബാലറ്റിലൂടെ ബി.ജെ.പിയെ അധികാരത്തിൽനിന്നു പുറത്താക്കുകയും ചെയ്താലും ഫാസിസത്തെ ഉന്മൂലനം ചെയ്യുന്നതിൽ നാം വിജയിക്കണമെന്നില്ല. ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞ ഫാസിസം, തനിനിറം വ്യക്തമാക്കി പുതിയ അവതാരമെടുക്കാം. അത് തനി യൂറോപ്യൻ ശൈലിയിലുള്ള ഫാസിസം തന്നെയാവാം – 1934-ൽ മൂഞ്ഞ്‌ജെയുടെ സങ്കല്പത്തിലെ ഫാസിസം.


ഫാസിസ്റ്റ് ഭരണകൂടങ്ങൾക്ക് ശക്തിപകരുന്നത് അതിതീവ്ര ദേശീയതയുടെ വക്താക്കളായവരുടെ മനസ്സിലെ കാല്പനിക ഭീതിയാണ്. ഈ ഭീതിയുടെ ഉറവിടം രാജ്യത്തിനകത്തുതന്നെയുള്ള ‘വെറുക്കപ്പെടേണ്ട പൈശാചികശക്തികളെ’ന്നു മുദ്രകുത്തപ്പെടുന്ന ശത്രുക്കളാണ്. ഒപ്പം ഫാസിസ്റ്റ് നേതാവിന്റെ വ്യക്തിപ്രഭാവവും ഇവിടെ നിർണായകമാണ്. ഈ ഒരു സാഹചര്യം നിലനിൽക്കുന്നിടത്തോളം ഫാസിസ്റ്റ് ഭരണകൂടത്തെ മറിച്ചിടാൻ സാധിക്കുകയില്ല. മുസ്സോലിനിയെയും ഹിറ്റ്‌ലറെയും പുറത്താക്കാൻ ലോകമഹായുദ്ധംതന്നെ വേണ്ടിവന്നു.


ഈ സാഹചര്യത്തിൽ തത്ത്വദീക്ഷയും കാരുണ്യവുമില്ലാത്ത നീതിബോധമില്ലാത്ത സർക്കാരുകൾക്കെതിരെ ഗാന്ധിജിയുടെ തന്ത്രങ്ങൾ തന്നെ സ്വീകരിക്കേണ്ടതായുണ്ട്. ഇന്നത്തെ ഫാസിസ്റ്റ് ഭരണകൂടത്തിൽ ഇരയാക്കപ്പെടുന്നവരെല്ലാം സിവിൽ നിസ്സഹകരണം എന്ന ആശയം നെഞ്ചിലേറ്റി സംഘടിക്കുകയും വേണം. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും രാജ്യത്തിന്റെ ശത്രുക്കളെന്നു ചിത്രീകരിക്കാനുള്ള സംഘടിതമായ ശ്രമങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി സാമുദായിക സുസ്വരത പരിപോഷിപ്പിക്കുന്നതിനും ദേശീയോദ്ഗ്രഥനവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനു മുൻഗണന നല്കണം.  ഗാന്ധിജിയുടെ ക്രിയാത്മക പദ്ധതികളിൽ ഒന്നാമത്തേതാണിത്. ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ഫാസിസ്റ്റുകൾ രാജ്യം ഭരിക്കുമ്പോൾ സിവിൽ നിയമലംഘനത്തിന്റെ രൂപഭാവങ്ങളും കാര്യക്ഷമമായി അത് ഉപയോഗിക്കേണ്ട സാഹചര്യങ്ങളും വിശദമാക്കാൻ എനിക്കറിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെ സംസ്ഥാന സർക്കാർ വിലക്കിയപ്പോൾ കർണാടകത്തിലെ പെൺകുട്ടികൾ സിവിൽ നിയമലംഘനത്തെ ഉപയോഗിച്ചത് എന്നെ ഏറെ ആഴത്തിൽ സ്വാധീനിച്ചു. അതുപോലെ പൗരത്വനിയമ ഭേദഗതി നിയമത്തിനെതിരെ ഷഹീൻബാഗിൽ നടന്ന ധർണയും അടുത്തുകാലത്തു നടന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക പ്രാധാന്യമുള്ളതാണ്. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും ആശയമായ ‘സാംസ്‌കാരിക ദേശീയത’ എന്നതിനുപകരം ‘ഭരണഘടനാപരമായ ദേശീയത’യെ ഒരു സംരക്ഷണമതിലായി നാം നെഞ്ചോടു ചേർക്കണം. എന്നാൽ, ഏറ്റവും പ്രഥമമായ കാര്യം വലിയേട്ടന്റെ ചഞ്ചലമാനസനായ യോഗിയുടെ, ബുൾഡോസറുകളെ കണ്ട് നാം ചകിതരാകരുത്.