ഒരു വ്യക്തിയെ രൂപപ്പെടുത്തിയെടുക്കുന്നത് അയാളുടെ നാടാണ്. താങ്കൾ ജനിച്ചുവളർന്ന നാടിനെക്കുറിച്ച് പറയാമോ?

ഞാൻ ജനിച്ചതും എന്റെ ശൈശവകാലവും കോട്ടൂരിലായിരുന്നു. അമ്മയുടെ നാടാണ് അത്. മൂന്നാം ക്ലാസ്സിലേക്ക് ചേരുന്ന സമയത്താണ് ഞാൻ പാലേരിയിലേക്ക് പോകുന്നത്. അച്ഛന്റെ നാടാണ് പാലേരി. കോട്ടൂരിൽ വലിയ സന്തോഷത്തോടെയായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. അവിടെയായിരുന്നപ്പോൾ ഞാൻ സ്‌കൂളിൽ പോയിരുന്നില്ല.  ഒന്നും രണ്ടും ക്ലാസ്സുകളിൽ ഞാൻ പഠിച്ചിട്ടില്ല.


എനിക്ക് അക്ഷരജ്ഞാനം തന്നത് പാലേരിയാണ്. വായിക്കാനും പഠിക്കാനും എണ്ണാനുമൊക്കെ തുടങ്ങുന്നത് ഇവിടെനിന്നാണ്. കുറ്റ്യാടിപ്പുഴയുടെ തീരത്താണ് പാലേരി. ചെമ്പനോട ഭാഗത്തുനിന്ന് വന്ന് പെരുവണ്ണാമൂഴി, ഒറ്റക്കണ്ടം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് കുറ്റ്യാടിയിൽ നിന്ന് വളഞ്ഞ് വേളം ഭാഗത്തുകൂടി ഒഴുകുകയാണ് ചെയ്യുന്നത്. ശരിക്കും കുറ്റ്യാടിപ്പുഴ ‘റ’ ആകൃതിയിലാണ്. അത് പാലേരി മാണിക്യത്തിൽ ഞാൻ എഴുതിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ നാലുഭാഗത്തും പുഴകളുള്ള ഒരു ദ്വീപാണ് പാലേരി. ഏത് ഭാഗത്തുനിന്നും വന്നാലും പുഴ കടക്കാതെ പാലേരിയിൽ എത്താൻ കഴിഞ്ഞിരുന്നില്ല അക്കാലത്ത്. ഇതുകൊണ്ടുതന്നെ പാലേരിക്കാരുടെ പുറത്തേക്കുള്ള പോക്ക് കുറവായിരുന്നു. അവർ അവിടെത്തന്നെ ഒതുങ്ങിക്കൂടാൻ ഇഷ്ടപ്പെടുന്നവരായിരുന്നു.


പുഴ കടന്നാൽ ജാനകിക്കാടാണ്. അതുകഴിഞ്ഞാൽ മലയോരപ്രദേശം. ഇവയ്ക്കിടയിലായി കുറച്ചുജനങ്ങൾ, വിവിധ മതക്കാർ, ജാതിക്കാർ ഇടകലർന്ന്ശത്രുതയില്ലാതെ ജീവിച്ചു, ഞാൻ വളരുന്നത് ഇതിനിടയിലാണ്.


എന്റെ അച്ഛന്റെ അച്ഛൻ നാഷണൽ മൂവ്‌മെന്റിൽ ഉണ്ടായിരുന്ന ആളാണ്. വലിയ മതവിശ്വാസിയുമാണ്. മിക്കസമയത്തും നെറ്റിയിൽ ചന്ദനക്കുറി ഉണ്ടാകുമായിരുന്നു. അദ്ദേഹത്തെ ആളുകൾ പാലേരി ഗാന്ധി എന്നായിരുന്നു വിളിച്ചിരുന്നത്. നാട്ടിൽ പന്തിഭോജനവും ഇതരമത ബഹുമാനവുമൊക്കെ അദ്ദേഹം പ്രചരിപ്പിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് അയൽപക്കത്തെ കുഞ്ഞഹമ്മത് ഹാജി എന്ന ആളാണ്. അദ്ദേഹത്തിന്റെ നെറ്റിയിൽ നിസ്‌കാരത്തഴമ്പൊക്കെയുണ്ട്. മുത്തച്ഛന്റെ നെറ്റിയിലെ ചന്ദനക്കുറി തൊട്ടുനോക്കുന്ന അതേ സ്വാതന്ത്ര്യത്തോടെ നിസ്‌ക്കാരത്തഴമ്പിലും ഞാൻ തൊട്ടുനോക്കും. ഒരു ശത്രുതയും അങ്ങോട്ടുമിങ്ങോട്ടുമുണ്ടായിരുന്നില്ല.


മതം ഒരിക്കലും വ്യക്തിബന്ധത്തെയോ സ്‌നേഹത്തെയോ ബാധിച്ചിരുന്നില്ല. ആളുകൾ അക്കാലത്ത് വലിയ ബിരുദധാരികളൊന്നും ആയിരുന്നില്ല. എട്ടാംക്ലാസ്സായിരുന്നു ഉയർന്ന പഠനം.


എൽ.പി.സ്‌കൂൾ അടുത്തുതന്നെയുണ്ട്. ഹൈസ്‌കൂളിൽ പോകണമെങ്കിൽ ആറ് കിലോമീറ്റർ നടക്കണം. ഞാൻ അങ്ങനെയാണ് പഠിച്ചിരുന്നത്. ഇന്നത്തെ അർത്ഥത്തിൽ പുരോഗമനത്തിന്റെ ഒരു ലാഞ്ഛനപോലും അങ്ങോട്ടെത്തിയിരുന്നില്ല. പക്ഷേ ആളുകൾക്ക് സ്‌നേഹമുണ്ടായിരുന്നു.


ഇന്നാണെങ്കിൽ റോഡുകൾ ടാറിട്ടു, സ്‌കൂളുകളൊക്കെ ഹൈടെക്കായി, എല്ലാ വീട്ടിലും കാറ് വന്നു, കേബിൾ ടിവി വന്നു, മൊബൈൽ വന്നു, എല്ലാവരും എം.എക്കാരും, എം.എസ്.സി. ക്കാരും, ബി.ടെക്ക് കാരും ആയി മാറി. എന്നാൽ  പഴയ സ്‌നേഹബന്ധം ഇപ്പോൾ തീരെയില്ലാതെയായി. പരസ്പരമുള്ള സ്പർദ്ധ കൂടിവന്നു. സമ്പത്തും വിദ്യാഭ്യാസവും കൂടുംതോറും മനുഷ്യർ തമ്മിലുള്ള അകലം വല്ലാതെ കൂടി വരുന്നുണ്ട്.


ഇന്ന് അമ്പലക്കുളത്തിലോ പള്ളിക്കുളത്തിലോ മുങ്ങിത്തപ്പിയാൽ ബോംബും വിടവാളുമൊക്കെയാണ് കിട്ടുക. അന്ന് അതുണ്ടായിരുന്നില്ല. മനുഷ്യസ്‌നേഹം, പരസ്പര ബഹുമാനം, അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ ഗുണങ്ങളൊക്കെ എനിക്ക് തന്നിട്ടുള്ളത് പാലേരിയിലെ ജീവിതമാണ്. പിന്നെ പ്രകൃതിയോടുള്ള അടുപ്പവും ബഹുമാനവും മമതയും  എനിക്ക് ഇവിടെനിന്ന് കിട്ടിയതാണ്.


എന്റെ ബാല്യത്തിൽ വീട്ടിൽ ചർക്ക കണ്ടിട്ടുണ്ട്. ഗാന്ധിയുടെ ഫോട്ടോ ഉണ്ട്. ഗാന്ധിയെപ്പറ്റിയും നെഹ്‌റുവിനെപ്പറ്റിയുമുള്ള പുസ്തകങ്ങൾ ഉണ്ട്. അധ്യാപകനായ അച്ഛൻ സ്‌കൂൾ വിട്ടുവന്നാൽ തൊടിയിലാണുണ്ടാവുക. വീട്ടിൽ ആവശ്യത്തിനുള്ള പച്ചക്കറി കൃഷിചെയ്യുന്നത് അദ്ദേഹമായിരുന്നു. പക്ഷേ, എല്ലാറ്റിൽ നിന്നും ഞാൻ അകന്നുപോകുകയാണുണ്ടായത്. എന്നിരുന്നാലും ഒരു ഗ്രാമീണ കർഷക ജീവിതം എനിക്ക് പാലേരിയിൽ നിന്നു കിട്ടിയിട്ടുണ്ട്. അക്കാലത്ത് ഞങ്ങൾക്ക് ധാരാളം പശുക്കളൊക്കെ ഉണ്ടായിരുന്നു. സ്‌കൂൾ വിട്ടാൽ അവയെ മേയ്ക്കാൻ കൂട്ടുകാരോടൊത്ത് ജാനകിക്കാട്ടിലായിരുന്നു പോകാറ്. പുഴ നീന്തിക്കടന്നുള്ള ആ യാത്രയൊക്കെ തന്നിട്ടുള്ള അനുഭവങ്ങൾ വളരെ വലുതാണ്.