തിരക്കഥയുടെ തൂവൽസ്പർശം – സോക്രട്ടീസ് കെ വാലത്ത്

ഒരു തിരക്കഥാകൃത്ത് ആയില്ലായിരുന്നു എങ്കിൽ ജോൺ പോൾ ആരാകുമായിരുന്നു? ഒരു മികച്ച കഥാകൃത്ത്. അല്ലെങ്കിൽ മികവുറ്റ ഒരു നോവലിസ്റ്റ്. എന്നാൽ ജോൺപോൾ സിനിമയിലെത്തുന്നതിനു മുമ്പോ എത്തിയതിനു ശേഷമോ ഒരു ചെറുകഥ പോലുമെഴുതിയിട്ടില്ല. തോപ്പിൽ ഭാസി, എസ്.എൽ.പുരം, കെ.ടി.മുഹമ്മദ്,  എൻ. ഗോവിന്ദൻ കുട്ടി, എംടി, ഷെരീഫ്,  പത്മരാജൻ, ടി.ദാമോദരൻ, ലോഹിതദാസ് – ഇവർ ഒക്കെ എഴുത്തുലോകത്തു നിന്നു വന്നവരാണ്. ഇവരുടെ നിരയിൽ എഴുത്തുകാരനല്ലാതെ തന്നെ നിവർന്നു നിൽക്കാൻ ജോൺ പോളിനു കഴിഞ്ഞു. ഉള്ളിൽ എഴുത്ത്, അഥവാ സാഹിത്യം ഉണ്ടായിരുന്നതു കൊണ്ടു തന്നെ.  


ഒന്നു രണ്ടു വർഷം മുൻപ്.  പാലാരിവട്ടത്തെ വീട്ടിൽ ഒരു വീഡിയോ അഭിമുഖത്തിനു ചെന്നപ്പോൾ സത്യസന്ധമായി ജോൺപോൾ പറഞ്ഞു-”ഞാനൊരിക്കലും ഒരു ലബ്ദപ്രതിഷ്ഠനായ സാഹിത്യകാരനായി ഈ രംഗത്തേക്കു വന്നയാളല്ല. ഈ നിമിഷം വരെ ഒരു കഥയോ കവിതയോ നാടകമോ ഞാനെഴുതിയിട്ടില്ല.”


എന്നാൽ എഴുപതുകളുടെ അവസാനത്തിൽ ചിലർ ജോൺ പോളിലെ  സാഹിത്യകാരനെ തിരിച്ചറിഞ്ഞു. ചില സംവിധായകർ. അവർ തികഞ്ഞ കലാകാരൻമാരും ധീരൻമാരുമായിരുന്നു. നിലപാടുള്ളവരായിരുന്നു.  ജോൺ പോൾ അവരുമായി ചേർന്നു പ്രവർത്തിച്ചു. അവരുടെ സിനിമയ്ക്കു വേണ്ടതെന്തോ അതു നൽകാനായി. -സ്വന്തം സ്വത്വം നഷ്ടപ്പെടാത്ത വിധത്തിൽ തന്നെ.  അപ്പോൾ എന്തായിരുന്നു ജോൺ പോളിലെ ചലച്ചിത്ര പ്രതിഭയുടെ ആകത്തുക?


ജോൺ പോൾ എന്നും ജീവിതത്തിന്റെ സാധാരണതകളിലേക്ക് നോക്കി.  അവിടെ മുഖംമൂടിയില്ലാത്ത മനുഷ്യരെ കണ്ടു. അവരുടെ  ആത്മദുഃഖങ്ങളറിഞ്ഞു.  അന്തഃക്ഷോഭങ്ങളും.  അവ ഉൾക്കൊള്ളുന്ന  മുഹൂർത്തങ്ങൾക്കു കാവ്യാത്മകമായ സഹാനുഭൂതിയോടെ ദൃശ്യരൂപം നൽകി.  വൈകാരിക മിതത്വമുള്ള സീനുകൾ. എത്രയും ലളിതം. എന്നാൽ ആഴത്തിൽ സ്പർശിക്കുന്നത്. അവയത്രയും സിനിമയിലേക്ക് ആവാഹിക്കാനുള്ള വിശുദ്ധവും കലാത്മകവുമായ ഒരു ചേതന- അതാണ്  ജോൺ പോളിനെ കുറിച്ച് എനിക്കുള്ള പരിമിതമായ ബോദ്ധ്യം. മറക്കാനാവുമോ? ‘ഓർമ്മയ്ക്കായി’യിലെ ആ പേരിടൽ ചടങ്ങ്. ഗോപിയുടെ മൂകനായ കഥാപാത്രം കുഞ്ഞിന്റെ  കാതിൽ പേരു വിളിക്കാനാവാതെ വിങ്ങിപ്പൊട്ടിപ്പോവുന്നത്-


  ആന്തരികവും ബാഹ്യവുമായ വ്യക്തിത്വത്തിലെ ആ തനിമ. അത്  ഏതു തരത്തിലുള്ള സംവിധായകനുമായി ഇടപെടുമ്പോഴും കലർന്നു പോയില്ല. പി.എൻ.മേനോൻ, കെ.എസ് സേതുമാധവൻ, ഭരതൻ, മോഹൻ, ഐ.വി.ശശി, സിബി മലയിൽ, കമൽ, ഭരത് ഗോപി  തുടങ്ങിയ സംവിധായകർ.  അവരുടെയൊക്കെ മനസ്സിലൂടെ സഞ്ചരിച്ച്  അവർ ആഗ്രഹിക്കുന്ന സിനിമകൾക്കു രൂപം നൽകുക. അതാണ്  ജോൺ പോൾ  ആഗ്രഹിച്ചത്. ഒപ്പം തന്നെ ഉള്ളിലെ മൂല്യവത്തായ ചിലത് ആ സംവിധായകരുടെ സിനിമകളിലേക്കു പകരാനുമായി.  


വന്യതയുടെ, രതിയുടെ കടും വർണ്ണങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഭരതൻ ജോൺ പോളുമായി സന്ധിച്ചപ്പോൾ സൗമ്യവർണ്ണങ്ങളിലുള്ള, ശാന്തസുന്ദരമായ, മൃദുഭാവ ചിത്രങ്ങളുണ്ടായി. ഓർമ്മിക്കാം -ചാമരം, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കേളി,  സായാഹ്നസൂര്യന്റെ ഓർമ്മയ്ക്ക്, മർമ്മരം, പാളങ്ങൾ, മാളൂട്ടി അങ്ങനെയങ്ങനെ…. അവ അവയുടെ ശാന്തത  കൊണ്ടു മാത്രം രൗദ്രഭാവത്തിലെ ലോറിയോടും ചാട്ടയോടും താഴ്വാരത്തോടും പിടിച്ചു നിന്നു. മൂർച്ചയും മുരൾച്ചയുമുള്ള ഭരതൻ ടച്ച്. അത്  ജോൺ പോളിന്റെ എഴുത്തിലെ ശാലീനതയുൾക്കൊണ്ടു. അത് മിനുസപ്പെട്ടു.  


 ഭരതൻ ജോൺപോളിന്റെ സൗമ്യഭാവനയുമായി  ഇഴുകിച്ചേരുകയായിരുന്നോ? ഇല്ല-   ജോൺ പോൾ പറഞ്ഞു. -”ഭരതന്റെ ചേതനയ്ക്കും സൗമ്യതലങ്ങളുണ്ട്. എനിക്ക് അത് ചെറുതായൊന്നുണർത്തേണ്ടി വന്നതേയുള്ളു.”


തിരക്കഥാകാരൻമാർ പലരും സംവിധായകരായി. മനസ്സിൽ കാണുന്ന സിനിമ  ഉണ്ടായിക്കാണാൻ വേണ്ടിത്തന്നെ. അവർ തിരക്കഥകൾ എഴുതിയിരുന്നത്  സംവിധായകന്റെ കണ്ണിലൂടെയാണ്. അതൃപ്തി ഉണ്ടാവുക സ്വാഭാവികം. ജോൺ  പോളിന്റെ കാര്യത്തിൽ പല പല സംവിധായകർ. കഥാകൃത്തായും സംഭാഷണ രചയിതാവായും തിരക്കഥാകൃത്തായും പ്രവർത്തിച്ച നൂറോളം സിനിമകൾ. നിരാശയോ അസംതൃപ്തിയോ ഉള്ളതായി അനുഭവപ്പെട്ടിട്ടില്ല. കാരണം, ജോൺപോൾ സിനിമ എഴുതിയത് തിരക്കഥാപക്ഷത്തു നിന്നാണ്. സംവിധായകന്റെ കാഴ്ചയിലല്ല. സിനിമ ആത്യന്തികമായി സംവിധായകന്റെതാണെന്ന വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. എഴുതിയ സിനിമ നന്നായി എടുക്കപ്പെട്ടില്ല എന്നല്ലാ, അതിലെ സീനുകൾ കുറച്ചു കൂടി നന്നായി എഴുതാമായിരുന്നു എന്നേ തോന്നിയിട്ടുള്ളു- അദ്ദേഹം പറഞ്ഞത് ഓർക്കുന്നു.  


ജോൺ പോൾ സിനിമയിൽ അവനവനെ കൃത്യമായി  പൊസിഷൻ ചെയ്തു. എന്നാൽ ഇത്രയും സിനിമകൾക്ക് എഴുതാൻ കഴിഞ്ഞത് അതുകൊണ്ടു മാത്രമാവില്ല. എഴുതിയ സിനിമകളും എന്തിനു സീനുകൾ പോലും മനസ്സു കൊണ്ട് പുനർ നിർമ്മിക്കുന്ന സ്വഭാവമുണ്ടായിരുന്നു. സ്വയം തിരുത്തി മുന്നോട്ടു പോവാനുള്ള മനസ്സ്. അത ്അവസാനം വരെ  കാത്തു സൂക്ഷിച്ചു.


ഒരേ സമയം വിദ്യാർഥിയും അദ്ധ്യാപകനുമായി. സിനിമയെക്കുറിച്ചും സാസ്‌കാരിക വിഷയങ്ങളെ കുറിച്ചുമുള്ള അറിവിന്റെ ആഴം. പരപ്പ്. അവഗാഹം. അത് അദ്ദേഹത്തെ ഒരു പാഠശാല തന്നെയാക്കി. പ്രഭാഷണത്തിന് മുന്നൊരുക്കം വേണ്ട. മുന്നിലെ ക്യാമറക്കണ്ണിലേക്കു നോക്കുന്നു. തെറ്റില്ല. തിരുത്തില്ല. അനുസ്യൂതമായ ഒഴുക്കിൽ  എന്നാൽ അടുക്കു തെറ്റാതെ വിഖ്യാത ചലച്ചിത്രങ്ങളെ കുറിച്ചും ചലച്ചിത്രകാരൻമാരെ കുറിച്ചും നീണ്ടു നീണ്ടു പോകുന്ന വാഗ്‌ധോരണി. ആ പ്രഭാഷണങ്ങൾക്ക് മുൻ മാതൃകയില്ല. സമാനതകളും. വ്യക്തിയെ കുറിച്ചായാലും  പ്രസ്ഥാനത്തെ കുറിച്ചായാലും ഉള്ളിലുള്ള സമഗ്രബോദ്ധ്യമായിരുന്നു ആ മികവിന്റെ കാതൽ.


സിനിമയുടെ ഗ്‌ളാമറിനുള്ളിൽ നിൽക്കുമ്പോഴും ജോൺ പോൾ അതിൽ നിന്നുമകന്ന് നിന്നു.  ജീവിതത്തെ സമഭാവനയോടെ കണ്ടു. ഉൾക്കൊണ്ടു.  ആ ഹൃദയ വിശാലത. അതിലെ മനുഷ്യത്വം. അതാണ് ജോൺ പോൾ ടച്ച്. -അത് അനശ്വരമാകുന്നു.