ഉന്നത വിദ്യഭ്യാസം ചേമ്പിലയിലെ വെള്ളംപോലെ – ഡോ.അമൃത് ജി. കുമാര്‍

വിദേശ രാജ്യങ്ങളിൽ പഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണിന്ന്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം നമ്മുടെ നാട്ടിലെ 11 ലക്ഷത്തോളം വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിൽ പഠിക്കുന്നുണ്ട്. ഉന്നതമായ പഠന നിലവാരം, മെച്ചപ്പെട്ട തൊഴിലവസരങ്ങൾ, പഠനശേഷം വിദേശത്ത് സ്ഥിര താമസത്തിനുള്ള (മൈഗ്രേഷൻ) സാധ്യത ഇവയൊക്കെ ലക്ഷ്യം വച്ചാണു പ്രധാനമായും വിദ്യാർത്ഥികൾ വിദേശ പഠനത്തിനു തയ്യാറെടുക്കുന്നത്. കേരളത്തിൽ നിന്നു മാത്രം 15,000-20,000 വിദ്യാർത്ഥികൾ പ്രതിവര്‍ഷം വിദേശ സര്‍വ്വകലാശാലകളിലെത്തുന്നു. പ്ലസ്‌ടുവിന് ശേഷമുള്ള അണ്ടര്‍ഗ്രാജുവേറ്റ്, ബിരുദശേഷമുള്ള ഗ്രാജുവേറ്റ്, ഡോക്ടറൽ, ഡിപ്ലോമ, നൈപുണ്യ വികസന കോഴ്‌സുകള്‍ക്കാണ് വിദ്യാർത്ഥികൾ കൂടുതലായും വിദേശ രാജ്യങ്ങളിലെത്തുന്നത്. ഇന്ത്യൻ വിദ്യാർത്ഥികൾ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, യു.കെ., ആസ്‌ട്രേലിയ, കാനഡ എന്നീ വികസ്വര രാജ്യങ്ങളെക്കൂടാതെ ചൈന, റഷ്യ, ഉക്രൈൻ, ജോര്‍ജിയ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, സിംഗപ്പൂർ, മലേഷ്യ, യൂറോപ്യൻ കൗണ്‍സിൽ രാജ്യങ്ങൾ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളിൽ ഉപരിപഠനത്തിനെത്തുന്നു. ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനയടക്കമുള്ള രാജ്യങ്ങളിൽ മെഡിക്കൽ പഠനത്തിനു മാത്രമായി പതിനായിരത്തിലധികം വിദ്യാർത്ഥികളാണ് എത്തുന്നത്. കേരളത്തിൽ നിന്നു പ്രതിവര്‍ഷം രണ്ടായിരത്തോളം വിദ്യാർത്ഥികൾ മെഡിക്കൽ/പ്രൊഫഷണൽ കോഴ്‌സ് പഠനത്തിന് വിദേശ രാജ്യങ്ങളിലെത്തുന്നുണ്ട്.


വിദ്യാഭ്യാസം അനുദിനം സ്ഥാപനവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസം കാശുകൊടുത്തു വാങ്ങാവുന്ന ഒരു ‘ചരക്കാ’യി മാറിക്കഴിഞ്ഞിരിക്കുന്നു. അത് പണം കൊടുത്ത് വാങ്ങാൻ പറ്റുന്ന ജാതിമത ഭേദമന്യെ സാമ്പത്തികമായി ഉയര്‍ന്ന ഒരു മധ്യവർഗ സമൂഹം കേരളത്തിൽ ശക്തി പ്രാപിച്ചിട്ടുമുണ്ട്. അവർക്ക് പുറത്തുനിന്ന് വിദ്യാഭ്യാസം വാങ്ങുന്നതിനുള്ള പ്രാപ്തി വലിയൊരളവിൽ ഉണ്ടായിട്ടുണ്ട്. പ്രാരംഭദശയിൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുള്ള  ബിറ്റ്സ് പിലാനി, അതുപോലെ  മറ്റ് സ്വകാര്യ സര്‍വകലാശാലകളിലേക്കായിരുന്നു വലിയൊരു വിഭാഗം ഉയര്‍ന്ന മധ്യവര്‍ഗക്കാരുടെയും മധ്യവര്‍ഗക്കാരുടെയും മക്കൾ പഠനത്തിനായി പൊയ്ക്കൊണ്ടിരുന്നത്. ഉപരിവര്‍ഗത്തിലുള്ളവരുടെ മക്കൾ വലിയതോതിൽ ഇംഗ്ലണ്ടിലെയും അമേരിക്കയിലെയും നല്ല യൂണിവേഴ്സിറ്റികളിലേക്കും പൊയ്ക്കൊണ്ടിരുന്നു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ വിദേശത്തുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം നാലിരട്ടി വർധിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൈനയ്ക്ക് ശേഷം ലോകത്തെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ അയക്കുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള  വിദ്യാർത്ഥി കുടിയേറ്റം ഇന്ത്യയുടെ മൂലധനത്തിന്റെയും മസ്തിഷ്ക ചോർച്ചയുടെയും പ്രധാന സ്രോതസ്സായി മാറിയിരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികളിൽ  പകുതിയിലധികം ഇന്ത്യൻ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നത്  അമേരിക്കയാണ്, തുടർന്ന് വരുന്നത് ഓസ്‌ട്രേലിയയും യുണൈറ്റഡ് കിംഗ്ഡവുമാണ്. ഇംഗ്ലണ്ടും അമേരിക്കയും വിദ്യാഭ്യാസപരമായി വളരെ മുൻപന്തിയിൽ നിൽക്കുന്ന രണ്ടു രാജ്യങ്ങളാണ്. ഈ രാജ്യങ്ങളിലേയ്ക്ക്  കേരളത്തിലെ കുട്ടികളെ ആകര്‍ഷിക്കുന്ന പൊതുഘടകം എന്നത് ഇംഗ്ലീഷ് ആണ്. ഇംഗ്ലീഷിലൂടെയാണ് നമുക്ക് നല്ലൊരു ജീവിതനിലവാരം കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂ എന്ന വിശ്വാസം വലിയൊരളവുവരെ കേരളത്തിലെ മാതാപിതാക്കളിലും വിദ്യാർത്ഥികളിലും രൂഢമൂലമായിരുന്നു. എൺപതുകളുടെ അവസാനത്തോടുകൂടി വളരെയധികം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ കേരളത്തിൽ വരാൻ ഇടയാക്കിയത് ഇത്തരത്തിലുള്ള ധാരണകൾ കൊണ്ടാണ്. ആ ഇംഗ്ലീഷ് താത്പര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.


സോഷ്യൽ എഫിഷ്യൻസിയുടെ അഭാവം


വിദേശത്ത്  പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളെ തരംതിരിക്കുകയാണെങ്കിൽ  പി.എച്ച്ഡിക്കും പോസ്റ്റ് ഡോക്ടറൽ പഠനത്തിനും പോകുന്നവർ മാത്രമാണ് ജർമനി, ഫ്രാൻസ്, ഇറ്റലി പോലുള്ള മറ്റു യൂറോപ്യൻ രാജ്യങ്ങൾ തിരഞ്ഞെടുക്കുന്നത്. ബിരുദമോ ബിരുദാനന്തരബിരുദത്തിനോ  വേണ്ടി പുറത്തുപോകുന്നവരത്രയും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കാണ്  കുടിയേറുന്നത്. ഇത്തരത്തിൽ കാശുകൊടുത്ത് വിദ്യാഭ്യാസം വാങ്ങാൻ പറ്റുമെന്നതാണ് മധ്യവര്‍ഗത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിന്റെ പ്രധാന കാരണം. അതിനോടനുബന്ധമായി കാണേണ്ട മറ്റൊരു കാര്യം ഈ മധ്യവർഗത്തിനെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ വിദ്യാഭ്യാസസമ്പ്രദായം പടുത്തുയർത്തുന്നതിനു കേരളത്തിനു സാധിച്ചിട്ടില്ല എന്നുള്ളതാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വ്യവസ്ഥ വലിയൊരളവുവരെ ആദ്യകാലങ്ങളിൽത്തന്നെ സമ്പദ് വ്യവസ്ഥയുടെയും സമൂഹത്തിന്റെ താത്പര്യങ്ങളുമായി ബന്ധമില്ലാതെ നില്ക്കുന്ന ഒന്നായിരുന്നു. അതുകൊണ്ടാണ് തൊണ്ണൂറുകളിൽ എൻജിനീയറിങ്, എം.സി.എ, എം.ബി.എ തുടങ്ങിയ കോഴ്സുകൾക്ക് വേണ്ടി തമിഴ്നാട്ടിലേയ്ക്കും കർണാടകത്തിലേയ്ക്കും നമ്മുടെ കുട്ടികൾ ഒഴുകിയത്. കാലികമായി കോഴ്സുകളിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം മനസ്സിലാക്കാത്തതുകൊണ്ടാണ് ഇത് സംഭവിച്ചത്.  മധ്യവർഗത്തിന്റെ താത്പര്യം തൊഴിൽ വിപണിയുടെ താത്പര്യങ്ങൾക്കനുസരിച്ച് മാറുന്ന ഒന്നാണ് എന്ന് നമ്മുടെ ഉന്നതവിദ്യാഭ്യാസ വ്യവസ്ഥക്ക് തിരിച്ചറിയാൻ സാധിച്ചില്ല. മാത്രമല്ല  ഇതു തിരിച്ചറിഞ്ഞ  ഒരു ചെറിയ വിഭാഗത്തിന്‌ നമ്മുടെ സമ്പ്രദായത്തിൽ നിലനിന്നിരുന്ന സ്വജനപക്ഷപാതവും അമിത മാമൂലുകളും പുഴുക്കുത്തേറ്റ ഭരണ സംവിധാനങ്ങളും മൂലം ഇത് യഥാസമയം നടപ്പിലാക്കാനും സാധിച്ചിട്ടില്ല. നമ്മുടെ ഉന്നതവിദ്യാഭ്യാസ സമ്പ്രദായം സമൂഹവുമായി യാതൊരു ബന്ധമില്ലാതെ ചേമ്പിലയിലെ വെള്ളം പോലെയായിയിരുന്നു നിലനിന്നിരുന്നത്. സാമൂഹിക കാര്യക്ഷമത അഥവാ സോഷ്യൽ എഫിഷ്യൻസി എന്ന പ്രത്യയശാസ്ത്രത്തിന്റെ അഭാവം നമുക്ക് കാണാൻ സാധിക്കും. വിദ്യാഭ്യാസം ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്ന  അവസ്ഥയെയാണ് ‘സോഷ്യൽ എഫിഷ്യൻസി’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത്തരത്തിലുള്ള ഒരു സോഷ്യൽ എഫിഷ്യൻസി നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന് പണ്ടുതൊട്ടേ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്തവം. മധ്യവർഗം പണം കൊടുത്ത് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോയിരുന്ന എൺപതുകളിലെ കാലഘട്ടം തൊട്ടാണ് അത് നമ്മുടെ മുമ്പിൽ വെളിപ്പെട്ടുവരുന്നത്. ഇത്തരത്തിൽ മധ്യവർഗത്തിന്റെ സാമ്പത്തിക ഉയർച്ചയും, ഈ മധ്യവർഗത്തിന്റെ മനസ്സ് വായിക്കുന്നതിൽ വിദ്യാഭ്യാസവ്യവസ്ഥയ്ക്കുണ്ടായ പരാജയവുമാണ് ഉന്നതവിദ്യാഭ്യാസത്തിനായി നമ്മുടെ കുട്ടികൾ വിദേശത്തേയ്ക്ക് പോകുന്നതിന്റെ മുഖ്യകാരണം. തൊഴിൽവിപണിയെ മനസ്സിലാക്കാത്തതും, രക്ഷാകർത്താക്കളുടെയും വിദ്യാർത്ഥികളുടെയും മനസ്സ് വായിക്കാൻ സാധിക്കാത്തതും ഇതിനു ആക്കം കൂട്ടി. ഈ കാരണങ്ങളെല്ലാം വളരെ ദൂരവ്യാപകമായിത്തന്നെ നമ്മുടെ ഉന്നത വിദ്യാഭ്യാസത്തെ ദോഷകരമായി ബാധിച്ചു.


പ്രാഥമികവിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങള്‍ക്കും ഇന്നും മികച്ച മാതൃകയാണ്. പക്ഷെ, ഉന്നതവിദ്യാഭ്യാസ രംഗത്ത് എത്തുമ്പോൾ ആ നിലവാരം താഴേക്ക് പോകുന്നു. അതിന് പല ഘടകങ്ങളുണ്ട്.  കലാലയങ്ങളിലെ രാഷ്ട്രീയ അതിപ്രസരമാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ ഒരു തീരാശാപമായി എപ്പോഴും പറയാറുള്ളത്. ഒരു മാറ്റവും അംഗീകരിക്കാനാവാത്ത മനോഭാവവും, സ്വജനപക്ഷപാതവും  കോളോണിയൽ അന്തരീക്ഷവുമാണ് യൂനിവേഴ്‌സിറ്റികളടക്കമുള്ള നമ്മുടെ ഉന്നത കലാലയങ്ങളിലുള്ളത്.


മധ്യവർഗത്തിന്റെ അഭിരുചി


ഉയര്‍ന്ന സാമ്പത്തികശേഷി ഉള്ളവർ മാത്രമല്ല ഇപ്പോൾ മക്കളെ വിദേശത്ത് പഠിക്കാൻ അയക്കുന്നത്. സാധാരണക്കാർ പോലും വിദ്യാഭ്യാസ വായ്പയും മറ്റും സംഘടിപ്പിച്ച്  ഏത് വിധേനയും മക്കളെ ഉപരിപഠനത്തിന് വിദേശത്ത് അയക്കാൻ ശ്രമിക്കുകയാണ്. ജീവിതത്തെക്കുറിച്ചും സ്വന്തം ഭാവിയെക്കുറിച്ചും നിറമുള്ള സ്വപ്‌നങ്ങൾ കാണുന്ന ഭൂരിഭാഗം കുട്ടികളും അവരുടെ ഉപരിപഠനത്തിനായി കേരളത്തിൽ നില്ക്കാൻ താത്പര്യപ്പെടുന്നില്ല. കേരളത്തിൽ നിന്ന് ഓരോ വര്‍ഷവും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് മെഡിക്കൽ പഠനത്തിനായി വിദേശത്തേക്ക് പോകുന്നത്. ചില രാജ്യങ്ങളിൽ ഇന്ത്യയിലേതിനേക്കാൾ കുറഞ്ഞ ചെലവിൽ എംബിബിഎസ് ബിരുദം നേടാമെന്നതാണ് ഇതിന് ഒരു പ്രധാന കാരണം.എന്നാൽ, പരിമിതമായ സീറ്റുകള്‍ക്കായി കടുത്ത മത്സരം നടക്കുന്ന ഇന്ത്യയെ അപേക്ഷിച്ച് വിദേശത്തുള്ള മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടുന്നത് എളുപ്പമാണ് എന്നതും വസ്തുതയാണ്.


85 ശതമാനം സീറ്റിൽ നീറ്റ് മെറിറ്റ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനത്തിന് ആറേകാൽ ലക്ഷം മുതൽ ഏഴേകാൽ ലക്ഷം വരെയാണ് വാർഷിക ഫീസ്. ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ സ്‌പെഷൽ ഫീസിനത്തിലും ചെലവ് വരുന്നു.അഞ്ചു വർഷം നീളുന്ന പഠനത്തിന് സ്വകാര്യ മെഡിക്കൽ കോളജിൽ 50 ലക്ഷം രൂപ വരെ ചെലവു വരുമെന്നാണ് കണക്ക്. അതേസമയം, യുക്രൈനിൽ എം.ബി.ബി.എസ് പഠനത്തിന് ചേരുന്ന വിദ്യാർഥികൾക്ക് 25 മുതൽ 30 ലക്ഷം രൂപ വരെയാണ് ആകെ വരുന്ന ചെലവ്. വിദേശ സർവകലാശാലയിലെ പഠനം വഴി ലഭിക്കുന്ന അക്കാദമിക്/ കരിയർ നേട്ടങ്ങളും വിദേശ രാജ്യങ്ങളിലെ മെഡിക്കൽ പഠനം തെരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു. ഇന്ത്യയിൽ വേണ്ടത്ര സീറ്റുകളില്ലാത്തതാണ് വിദേശ സർവകലാശാലകളിലേക്ക് ചേക്കേറാൻ വിദ്യാർത്ഥികളെ നിർബന്ധിക്കുന്ന മറ്റൊരു ഘടകം. കേരളത്തിൽനിന്ന് കഴിഞ്ഞ വർഷം 116010 പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. ഇതിൽ 42099 പേരാണ് യോഗ്യത നേടി കേരള റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. കേരളത്തിൽ 10 സർക്കാർ മെഡിക്കൽ കോളജുകളിലായി 1555ഉം 19 സ്വകാര്യ സ്വാശ്രയ കോളജുകളിലായി 2350 ഉം ഉൾപ്പെടെ 3905 എം.ബി.ബി.എസ് സീറ്റാണുള്ളത്. കൽപിത സർവകലാശാലയായ അമൃത മെഡിക്കൽ കോളജിൽ 100 സീറ്റും ലഭ്യമാണ്. പ്രവേശനപരീക്ഷാ കടമ്പകളിൽ പിന്നാക്കം പോകുന്ന പണംകൊടുത്ത് വിദ്യാഭ്യാസം നേടാൻ ശേഷിയുള്ള മധ്യവര്‍ഗം സ്വാഭാവികമായും  അവര്‍ക്ക്  ലഭ്യമായ സാഹചര്യങ്ങളിലൂടെ തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കും. സർക്കാറുകൾക്ക് നിലവിലെ സീറ്റുകൾ വര്‍ദ്ധിപ്പിക്കാനോ മറ്റ് ഭൗതിക സാഹചര്യങ്ങൾ ഒരുക്കാനുള്ള  സാമ്പത്തിക ശേഷിയില്ലായെന്നുണ്ടെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളെ ഉപയോഗിച്ച് ഈ മധ്യവർഗത്തിന്റെ അഭിരുചികള്‍ക്കനുസൃതമായ സ്ഥാപനങ്ങൾ ഉണ്ടാക്കിയാൽ കുറഞ്ഞപക്ഷം  അവരുടെ പണമെങ്കിലും ഇവിടെ നിലനിൽക്കും. മറ്റു രാജ്യങ്ങളിൽ ചെലവഴിക്കുന്ന പണം ഇവിടെ ചെലവഴിച്ചാൽ നമ്മുടെ രാജ്യത്തെ  സാമ്പത്തിക സ്ഥിതി  ഒന്നുകൂടെ മെച്ചപ്പെടും.


അഫിലിയേറ്റഡ് കോളേജുകൾ ഗവേഷണ കേന്ദ്രങ്ങൾ


കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് നമ്മൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം അഫിലിയേറ്റഡ് കോളേജ് സമ്പ്രദായമാണ്. ഗൗരവമായ ഗവേഷണങ്ങൾ നടക്കുന്ന കേരള യൂണിവേഴ്സിറ്റി, കൊച്ചിൻ യൂണിവേഴ്സിറ്റി, എം.ജി. യൂണിവേഴ്സിറ്റി, കണ്ണൂർ യൂണിവേഴ്സിറ്റി തുടങ്ങിയ വിരലിലെണ്ണാവുന്നവ സ്ഥാപനങ്ങൾ മാത്രമേ സർക്കാരിന്റേതായിട്ടുള്ളൂ. ഗവണ്മെന്റ് / എയ്ഡഡ് കോളേജ് സമ്പ്രദായത്തിലൂടെയാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസം നിലനിന്നു പോകുന്നത്. ഇവയെ നമ്മൾ ബിരുദം ഉദ്പാദിപ്പിക്കാനുള്ള സ്ഥാപനങ്ങളായിട്ടാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഗവേഷണത്തിന് ആവശ്യമായ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഈ സ്ഥാപനങ്ങളിൽ ഇല്ല. ഇത്തരം കോളേജുകളിൽ നിലനില്ക്കുന്ന ഗവേഷണ സാധ്യതകൾ ഉയർത്തിയാൽ മാത്രമേ നമ്മുടെ കോളേജുകളിലെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാൻ സാധിക്കൂ. ഇത്തരത്തിൽ ഗുണനിലവാരം വർധിക്കുകയാണെങ്കിൽ മറ്റൊരു പ്രധാനപ്പെട്ട ഗുണം കൂടെയുണ്ട്. സംസ്ഥാനത്തിനു പുറത്തുനിന്നും വിദ്യാർത്ഥികളെ അവിടേയ്ക്ക് ആകർഷിക്കാൻ സാധിക്കും. ഇപ്പോൾ ദേശീയ-അന്തർദേശീയ തലത്തിലുള്ള റാങ്കുകൾ കണക്കാക്കുന്നത് പ്രധാനമായിട്ടും പബ്ളിക്കേഷൻ,പ്രൊജക്റ്റ്‌ ഫണ്ടിംഗ് തുടങ്ങിയ ചില മാനദണ്ഡങ്ങൾ അനുസരിച്ചാണ്. ഇവ പരിശോധിക്കുകയാണെങ്കിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അത്ര മുന്നിലല്ല എന്ന് കാണാം. സംസ്ഥാന സർക്കാർ തന്നെ നടത്തിക്കൊണ്ടുപോകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെ ഉയർന്ന പ്രകടനം കാഴ്ചവച്ച സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. പ്രധാനമായി ഇൻസ്റ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജി, മഹാരാഷ്ട്ര ഗവൺമെന്റിന്റെ സ്ഥാപനമാണ്. എൻ.ഐ.ആർ.എഫിന്റെ ആദ്യ ടെസ്റ്റിൽ രണ്ടാം സ്ഥാനം അവർക്കായിരുന്നു. ഇന്ത്യയിലെ മികച്ച ഫാക്കല്‍ട്ടിയെയാണ് അവർ നിയമിച്ചത്. പലദിക്കില്‍നിന്നും കുട്ടികൾ ഒഴുക്കിയെത്താൻ ഇത് കാരണമായി. ഇത്തരത്തിലൊരു പ്രവണത തുടങ്ങാനും നിലനിര്‍ത്താനും കേരളത്തിന്‌ സാധിച്ചില്ല. ഇതിനൊരു ഉദാഹരണമാണ്  കാലിക്കറ്റ് സര്‍വകലാശാല തുടങ്ങിയ എം.എസ്സി ബയോടെക്നോളജി  കോഴ്സ്. ബയോടെക്നോളജി കോഴ്സുകൾ ഇത്ര പ്രചാരം നേടാത്ത തൊണ്ണൂറിന്റെ ആദ്യഭാഗത്താണ് ഇതാരംഭിച്ചത്. ഉത്തരേന്ത്യയില്‍നിന്നും മറ്റുമായി ധാരാളം വിദ്യാര്‍ഥികൾ ഈ സ്വാശ്രയ കോഴ്സിനു ചേരാൻ വന്നിരുന്നു. പക്ഷേ,പിന്നീട് ദേശീയതലത്തില്‍ത്തന്നെ ധാരാളം കോളെജുകളിൽ ഈ കോഴ്സ് തുടങ്ങുകയും കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് തുടക്കത്തിലെ മേന്മ നിലനിറുത്താൻ പറ്റാതാകുകയും ചെയ്തതോടുകൂടി ആ വിഭാഗത്തിന് വൈശിഷ്ട്യം നഷ്ടപെടുകയും ചെയ്തു. ഇതിനു പ്രധാനകാരണം സര്‍വകലാശാലകളിൽ നിലനില്ക്കുന്ന ഭരണസംവിധാനങ്ങളുടെ പിടിപ്പുകേടുകൊണ്ടാണ്.  ഇത്തരത്തിൽ  പുതിയ കോഴ്സുകളെ  കണ്ടെത്തുകയും  അത്  തുടങ്ങാനുള്ള  സന്നദ്ധതയും ഉണ്ടെങ്കിൽ തീർച്ചയായും നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വിദ്യാർഥികൾ അന്വേഷിച്ചെത്തും എന്ന് കാണാം.   അഫിലിയേറ്റഡ് കോളേജ് സമ്പ്രദായത്തെ വളരെ ഗൗരവമായ ഗവേഷണ സമ്പ്രദായമായി മാറ്റാൻ സാധിക്കാത്തിടത്തോളം കാലം നമ്മുടെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ദേശീയ നിലവാരത്തിലോ അന്തർദേശീയ നിലവാരത്തിലോ എത്താൻ പോകുന്നില്ല. അഞ്ചോ ആറോ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള ഗവേഷണങ്ങൾ കൊണ്ട് സംസ്ഥാനത്തിന് ഒരിക്കലും ഉന്നതവിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സാധിക്കുകയുമില്ല.


ഉയര്‍ന്ന ഗുണനിലവാരമുള്ള അധ്യയനം ഉറപ്പുവരുത്തുമെന്ന് ഉദ്ഘോഷിക്കുന്ന മാസ്സീവ്‌ ഓണ്‍ലൈൻ ഓപ്പൺ എജുക്കേഷൻ (MOOC) പ്രോഗ്രാമുകള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്ത് യു.ജി.സി. വളരെയധികം പ്രാധാന്യം നല്കുന്നുണ്ട്. ദേശീയതലത്തിൽ വലിയൊരു വിഭാഗം സര്‍വകലാശാലകളിലും  ഇതു പ്രാവര്‍ത്തികമാക്കിയെങ്കിലും കേരളത്തിൽ ഇപ്പോഴും പൂര്‍ണമായി നടപ്പാക്കിയിട്ടില്ല. അതുവഴിയുള്ള കോഴ്സുകൾ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രെഡിറ്റ് ട്രാൻസ്ഫർ വേണ്ടി അംഗീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ ഇപ്പോൾ മത്സരാധിഷ്ഠിത ലോകത്താണ് ജീവിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പരമാവധി ക്രെഡിറ്റ് സമ്പാദിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. മുൻപ് മാർക്കായിരുന്നെങ്കിൽ  ഇപ്പോളത് ക്രെഡിറ്റ് സ്വരൂപിക്കലായി മാറി. കേരളത്തിൽ ബിരുദാനന്തര ബിരുദത്തിന് 72 ക്രെഡിറ്റ് ആണെങ്കിൽ, കൃത്യം 72 ക്രെഡിറ്റ് കൊണ്ട് കോഴ്സ് പൂര്‍ത്തിയാക്കാൻ  കഴിയും. അതേസമയം,  മറ്റൊരു സംസ്ഥാനത്തെ കുട്ടികൾക്ക് ഈ 72 ക്രെഡിറ്റിന്റെ കൂടെ മറ്റ് സ്ഥാപനങ്ങളിൽ പഠിച്ച് 10 അല്ലെങ്കില്‍ 12 ക്രെഡിറ്റ് കൂടെ നേടിയെടുക്കാൻ സാധിക്കും. വിദേശ രാജ്യങ്ങളിൽ ഇന്ന്‍ കൂടുതൽ ക്രെഡിറ്റ് സ്കോർ ഉള്ളവരെയാണ് വേണ്ടത്. നിഷ്കര്‍ഷിച്ച ക്രെഡിറ്റ് സ്കോറിന്റെ അഭാവത്തിൽ കേരളത്തില്‍നിന്നുള്ള കുട്ടികൾ വിദേശരാജ്യങ്ങളിലെ കോഴ്സുകളില്‍നിന്നു പിന്തള്ളപ്പെടുന്ന അനുഭവം  ഈ ലേഖകനുമായി പലരും പങ്കുവച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള മാറ്റങ്ങളെ പെട്ടെന്ന് നടപ്പിൽ വരുത്താനും അവയെ ഗുണപ്രദമായ രീതിയിൽ മാറ്റിയെടുക്കാനും നമ്മൾ അമാന്തം കാണിക്കുന്നു.


സർവകലാശാലകളുടെ കുഴപ്പം വൈസ്-ചാൻസലറുടെ നിയമനം മുതൽ തുടങ്ങുന്നു. ജാതി, രാഷ്ട്രീയ ചായ്‌വ്‌ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ. കൊളോണിയല്‍ അവശേഷിപ്പായ സിൻഡിക്കേറ്റുകളാണ് സർവകലാശാലകൾക്ക് ഏറ്റവും കൂടുതൽ ദുഷ്പേര് വരുത്തിവയ്ക്കുന്നത്. അവിടെ വിലസുന്നവർ കൂടുതലും വിദ്യാഭ്യാസ പ്രവർത്തകരും, രാഷ്ട്രീയ പ്രവർത്തകരുമാണ്.അവരിൽ പലരും ഉന്നതവിദ്യാഭ്യാസവുമായി കാര്യമായ ബന്ധം പോലുമില്ലാത്തവരാണ്. പക്ഷേ, അക്കാദമികവും ഭരണപരവുമായ ഏതാണ്ടെല്ലാ കാര്യങ്ങളിലും അവർ ശക്തമായി ഇടപെടുകയും ഗുരുതരമായ  പരിക്കുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അക്കാദമിക സമൂഹമാകട്ടെ,കാര്യസാധ്യത്തിനായി  അവരുടെ താളത്തിനൊത്ത് തുള്ളാൻ വിനീത വിധേയരായി സദാ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇതിനിടയിലും ചിലപ്പോൾ ചിലതൊക്കെ നിർവഹിക്കപ്പെടുന്നു എന്നതും വിസ്മരിച്ചുകൂടാ. ചുരുക്കത്തില്‍ അക്കാദമിക് താത്പര്യമുള്ളവരല്ല വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഏറിയ പങ്കും. എഴുത്ത്, വായന, ഗവേഷണ താത്പര്യമുള്ള ഫാക്കല്‍ട്ടിയെ കണ്ടെത്തുന്നതിലും തിരഞ്ഞെടുക്കുന്നതിലും വലിയ ശുഷ്കാന്തി നമ്മൾ കാണിക്കുന്നില്ല. സര്‍വകലാശാലകളുടെ പ്രവര്‍ത്തനരീതി സമഗ്രമായ പരിഷ്കരണത്തിനും നവീകരണത്തിനും വിധേയമാക്കേണ്ടതാണ്. ഈ ദുഃസ്ഥിതിക്ക് പരിഹാരമൊന്നേയുള്ളൂ. കേരളത്തിലെ രാഷ്ട്രീയകക്ഷികൾ വിദ്യാഭ്യാസം ഗൗരവപൂർവം കൈകാര്യം ചെയ്യാൻ സന്നദ്ധരാകണം. അധ്യാപകരും വിദ്യാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പൊതു സമൂഹവും ഒന്നടങ്കം ഉന്നത വിദ്യാഭ്യാസത്തോടുള്ള സമീപനം മാറ്റിയാലേ സാര്‍ഥകമായ ഒരു സംവിധാനം കേരളത്തിൽ നടപ്പിലാക്കാനാവൂ.


(ലേഖകന്‍ : പ്രഫസർ ആൻഡ് ഹെഡ്, സ്കൂൾ ഓഫ്  എജ്യുക്കേഷൻ, കേരള കേന്ദ്ര സർവകലാശാല,കാസര്‍ഗോഡ്‌)