നെരൂദയുടെ കവിതക്കപ്പല്‍ – മാങ്ങാട് രത്‌നാകരന്‍

കടലിന്റെ നീണ്ട ദളമുള്ള കേരളത്തിലിരുന്ന്, സ്‌പെയിന്‍കാരുടെ ചിലിയിലേക്കുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള കഥ വായിക്കുകയാണ് മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മാങ്ങാട് രത്‌നാകരന്‍.


എ ലോങ് പെറ്റല്‍ ഓഫ് ദ് സീ നോവല്‍ ഇസബെല്‍ അയന്ദെ ബ്ലൂംസ്ബറി പബ്ലിഷിംഗ്, ലണ്ടന്‍, 2020 വില: ഞ.െ 550


ഇസബെല്‍ അയെന്ദെയുടെ നോവല്‍, കടലിന്റെ ഒരു നീണ്ട ദളം (അ ഘീിഴ ജലമേഹ ീള വേല ടലമ) വിശ്വമഹാകവി പാബ്ലോ നെരൂദയുടെ കല്പനയില്‍നിന്നു (‘അ ഹീിഴ ുലമേഹ ീള വേല ലെമ മിറ ംശില മിറ ിെീം…’) പേരുകണ്ടെത്തിയതാണെന്നു മാത്രമല്ല, നെരൂദയാണ് ഈ നോവലിന്റെ ഇതിവൃത്തത്തിനുതന്നെ ‘കാരണഭൂതന്‍.’ നോവലില്‍ നിറസാന്നിധ്യമാണു നെരൂദ. ഓരോ അധ്യായവും തുറക്കുന്നത് നെരൂദയുടെ കാവ്യശകലങ്ങളുടെ വാതായാനത്തിലൂടെയും.  


ദക്ഷിണ പെസഫിക് സമുദ്രം അതിരിടുന്ന,-നമ്മുടെ കൊച്ചുകേരളത്തിന്റെ ഏഴിരട്ടിയിലേറെ-പടവലങ്ങപോലെ ലാറ്റിനമേരിക്കയുടെ പള്ളയില്‍ തൂങ്ങിക്കിടക്കുന്ന ചിലിയാണ് (ചിലെ) ഈ ചരിത്രനോവലിന്റെ പ്രധാന പശ്ചാത്തലം. ചരിത്രസന്ദര്‍ഭങ്ങളും ചരിത്രവ്യക്തികളും ചരിത്രത്തിലേതുതന്നെ. കഥാപാത്രങ്ങള്‍ മാത്രം യാഥാര്‍ത്ഥ്യവും ഭാവനയും കൂടിക്കുഴഞ്ഞവര്‍. അതിലേക്കുവരാം.


നെരൂദയും ഈ നോവലും തമ്മില്‍ എന്ത്? എഴുത്തുകാരി, നോവലിനു മുന്നോടിയായി വായനക്കാരോടു പറയുന്ന വാക്കുകളാവും എന്റെ അവിദഗ്ധ വിവരണത്തെക്കാള്‍ ഉചിതം. ”സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ അവസാനം (1939) അഞ്ചുലക്ഷത്തോളം അഭയാര്‍ത്ഥികള്‍ സ്‌പെയിനില്‍ നിന്നു ഫ്രാന്‍സിലേക്കു കാല്‍നടയായി കുടിയേറി. ഫ്രഞ്ച് അധികൃതര്‍ അവരെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കു നയിച്ചു. ആയിരങ്ങള്‍ മരിച്ചു. ഈ ദുരന്തത്തിനു നടുവിലാണ് ചിലിയന്‍ കവി പാബ്ലോ നെരൂദ, എസ്.എസ്.വിന്നിപെഗ് എന്ന പഴയ ചരക്കുകപ്പലില്‍, 2,200 സ്പാനിഷ് അഭയാര്‍ത്ഥികളെ ചിലിയില്‍ എത്തിക്കാന്‍ ഏര്‍പ്പാടാക്കുന്നത്… എന്റെ മുത്തച്ഛനാണ്-സാക്ഷാല്‍ സാല്‍വദോര്‍ അയെന്ദെ-കുടിയേറ്റക്കാരെ സ്വീകരിക്കാനെത്തിയവരില്‍ ഒരാള്‍… കപ്പലിലുണ്ടായിരുന്ന കുടിയേറ്റക്കാരില്‍ ഒരാളായ വിക്ടര്‍ പെ കസാദോ എന്ന വയോധികനെ വെനസ്വേലയില്‍വെച്ച് ഞാന്‍ പരിചയപ്പെട്ടു. 1973-ലെ 9/11 സൈനിക അട്ടിമറിവരെയും 34 വര്‍ഷം അദ്ദേഹം ചിലിയില്‍ ജീവിച്ചു. പിന്നീട് എന്നെപ്പോലെത്തന്നെ വെനസ്വേലയില്‍ അഭയം തേടി… ജീവിതത്തിലുടനീളം ഞാന്‍ ഒരു വിദേശിയായിരുന്നു. നയതന്ത്രജ്ഞരുടെ മകളെന്നനിലയില്‍ ബാല്യത്തില്‍ പലപല രാജ്യങ്ങളില്‍, പിന്നെ ചിലിയില്‍, (ചിലിയിലെ) സൈനിക അട്ടിമറിക്കുശേഷം വെനസ്വേലയില്‍, പിന്നെ സ്ഥിരമായി അമേരിക്കയില്‍. അതുകൊണ്ടാകാം സ്ഥലത്തെക്കുറിച്ചുള്ള ആധി എല്ലാ രചനകളിലും നിറയുന്നത്. ഞാന്‍ എവിടെയാണ്? എന്റെ വേരുകള്‍ എവിടെയാണ്? എന്റെ ഹൃദയം വിഭജിതമായോ വികസിച്ചോ? നെരൂദയുടെ കാവ്യകല്പനയിലെ ആശയം കടമെടുത്തെഴുതിയ ഈ നോവലിലെ മുഖ്യകഥാപാത്രം അഭിമുഖീകരിക്കുന്ന പ്രധാന ചോദ്യങ്ങള്‍ ഇവയെല്ലാമാണ്. ജീവിതത്തിലുടനീളം നെരൂദക്കവിതകള്‍ എന്റെ കൂടെവന്നിരുന്നു.”


സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ തുടക്കംമുതല്‍ (1936) 1994 വരെയുള്ള ചരിത്രസന്ദര്‍ഭത്തില്‍, സ്‌പെയിന്‍, ഫ്രാന്‍സ്, ചിലി, വെനസ്വേല എന്നീ രാജ്യങ്ങളില്‍ പടരുന്ന ഈ നവീന ചരിത്രനോവലില്‍ എഴുത്തുകാരി നങ്കൂരമിടുന്നത് അഭയാര്‍ത്ഥികളും കുടിയേറ്റവും ആധുനികചരിത്രത്തില്‍ വൈയക്തികവും രാഷ്ട്രീയവുമായ കപ്പല്‍ച്ചേതമായിത്തീരുന്നതിന്റെ പശ്ചാത്തലത്തിലാണ്. അമേരിക്കന്‍ പിന്തുണയുള്ള സൈനിക അട്ടിമറിയിലൂടെ ഔഗുസ്‌തോ പിനോചെ അധികാരത്തിലേറിയപ്പോള്‍, ഇസബെല്‍ ‘നോട്ടപ്പുള്ളിപ്പട്ടിക’യിലുണ്ടായിരുന്നു. അത്യാവശ്യം വസ്ത്രവും നെരൂദയുടെ അര്‍ച്ചനാഗീതങ്ങളുടെ പഴയ ഒരു പതിപ്പ്, എദ്വാര്‍ദോ ഗാലിയാനോയുടെ ലാറ്റിനമേരിക്കയുടെ തുറന്ന സിരകള്‍ എന്നീ പുസ്തകങ്ങളുമായി വെനസ്വേലയില്‍ കുടിയേറിയ എഴുത്തുകാരിയുടെ ഈ ചരിത്രാഖ്യായിക ഈ രണ്ടു രചനകളുടെയും ആന്തരികഭാവങ്ങളെ ഇഴചേര്‍ക്കുന്നതുപോലെ അനുഭവപ്പെടും. എഴുത്തുകാരിക്ക് ഒന്നുംതന്നെ കണ്ടെത്തേണ്ട കാര്യമില്ലായിരുന്നു, അവരുടെ ജീവിതത്തില്‍ത്തന്നെ ഈ കഥയുടെ അടിത്തറ പാകിയിട്ടുണ്ടായിരുന്നു.


നോവലിന്റെ പ്രമേയം ലളിതമാണ്, പശ്ചാത്തലത്തില്‍ സങ്കീര്‍ണ്ണവും. സംഗീതാധ്യാപകനായ പ്രൊഫസര്‍ മാര്‍സെല്‍ ലൂയിസ് ദല്‍മാവു ജനറല്‍ ഫ്രാങ്കോയുടെ കടുത്ത എതിരാളിയാണ്, കടുത്ത ഫാഷിസ്റ്റ് വിരുദ്ധനും. ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും ജൈത്രയാത്ര തടഞ്ഞില്ലെങ്കില്‍, മടക്കയാത്ര, പിന്നിട്ട നൂറ്റാണ്ടുകളിലെ ഫ്യൂഡല്‍ അടിമത്തത്തിലേക്കാവുമെന്നു രാഷ്ട്രീയബോധ്യമുള്ള ആള്‍. സ്റ്റാലിനു സ്‌പെയിനില്‍ താല്പര്യമില്ലാത്തതിനാല്‍ രക്ഷക്കെത്തില്ല. റിപ്പബ്ലിക് വീണാല്‍ അതൊരു ദുരന്തമായിരിക്കുമെന്ന് അറിയാവുന്നതിനാല്‍, മരണശയ്യയില്‍വച്ച് മകന്‍ വിക്ടറിനോട് ഫ്രാന്‍സിലേക്കുപോകാന്‍ ഉപദേശിക്കുകയാണ് പ്രൊഫസര്‍.


പ്രൊഫസറുടെ ഇളയമകനായ ഗ്വിയ്യെം, അച്ഛന്റെ മിടുക്കിയായ പിയാനോ വിദ്യാര്‍ത്ഥിനി റോസര്‍ ബ്രുഗ്വേറയുമായി പ്രേമത്തിലാണ്. ആഭ്യന്തരയുദ്ധം തീര്‍ന്നപടി വിവാഹിതരാകാം എന്നാണ് അവരുടെ തീരുമാനം. റിപ്പബ്ലിക്കന്‍ പക്ഷത്തിനുവേണ്ടി പോരാടാന്‍പോയ ഗ്വിയ്യെം പക്ഷേ, മടങ്ങിവന്നില്ല. യുദ്ധമുന്നണിയില്‍, ട്രഞ്ചില്‍ ഗ്വിയ്യെം ചിതറിത്തെറിച്ചു എന്നാണു കേള്‍വി. റോസര്‍, ഗ്വിയ്യെമിന്റെ കുഞ്ഞിനെ വയറ്റില്‍ പേറുന്നു. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ വിക്ടര്‍ യുദ്ധത്തില്‍ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതില്‍ വ്യാപൃതന്‍. ഫാഷിസ്റ്റുകളുടെ മുന്നേറ്റം ചെറുക്കാവുന്നതിലും അപ്പുറമായിരുന്നു. കീഴടങ്ങുക മാത്രമാണു പോംവഴി. മറ്റു വഴികളൊന്നും ദല്‍മാവു കുടുംബത്തിനു മുന്നിലില്ലതാനും. ഫ്രാന്‍സിലേക്ക് അവര്‍ പലായനം ചെയ്തു. ഫ്രാന്‍സ്, സ്‌പെയിന്‍ അഭയാര്‍ത്ഥികള്‍ക്കുനേരെ വാതില്‍ കൊട്ടിയടച്ചു. മിക്കവരെയും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്കു നയിച്ചു.


ഈ ഘട്ടത്തിലാണ് രണ്ടായിരത്തിലേറെ സ്പാനിഷ് അഭയാര്‍ത്ഥികളെ വിന്നിപെഗ് എന്ന കപ്പലില്‍ ചിലിയിലേക്ക് അയക്കാനുള്ള നെരൂദയുടെ ശ്രമം തുടങ്ങുന്നത്. വിക്ടര്‍ തന്റെ ഭാഗ്യം പരീക്ഷിക്കാന്‍ നെരൂദയെ ചെന്നുകാണുന്നു. റോസറിനെയും മാസങ്ങള്‍ മാത്രം പ്രായമായ കുഞ്ഞിനെ കൂടെക്കൂട്ടാനുള്ള ആഗ്രഹവും അറിയിക്കുന്നു. ആ മുഹൂര്‍ത്തം നിര്‍ണ്ണായകമായിരുന്നു. രേഖകള്‍ ആവശ്യമായിരുന്നു. സഹോദരന്റെ ഭാര്യയെ വിക്ടര്‍ വിവാഹം ചെയ്യുന്നു. വിവാഹസര്‍ട്ടിഫിക്കറ്റും റോസറിന്റെ മകന്റെ ജനനസര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചപ്പോള്‍ നെരൂദ പറയുന്നു, ”നിങ്ങള്‍ക്ക് ഒരു കവിയുടെ ഭാവനയുണ്ട്, ചിലിയിലേക്കു സ്വാഗതം.”


ചിലിയിലേക്കു തിരിച്ച വിന്നിപെഗില്‍ വച്ച് റോസര്‍ വിക്ടറിനോടു ചോദിക്കുന്നു: ”നമുക്ക് എപ്പോള്‍ സ്‌പെയിനിലേക്കു തിരിച്ചുപോകാനാവും?” ”എല്ലാം യുദ്ധത്തെ ആശ്രയിച്ചിരിക്കുന്നു.” ”ഫ്രാങ്കോ സ്‌പെയിനെ ഹിറ്റ്‌ലറുമായി ഇണക്കും. സോവിയറ്റ് യൂണിയന്‍ ഏതു ഭാഗത്തുനില്‍ക്കും?” ”അത് തൊഴിലാളികളുടെ ജനാധിപത്യരാഷ്ട്രമാണ്, പക്ഷേ, സ്റ്റാലിനെ ഞാന്‍ വിശ്വസിക്കുന്നില്ല. അയാള്‍ ഹിറ്റ്‌ലറോടു ചേര്‍ന്ന് ഫ്രാങ്കോയെക്കാള്‍ ഭയങ്കരനായ സ്വേച്ഛാധിപതിയാകാന്‍ ഇടയുണ്ട്.” ”ജര്‍മ്മന്‍കാര്‍ അജയ്യരാണ്, വിക്ടര്‍” ”എന്നു പറയുന്നു. കണ്ടുതന്നെ അറിയണം.” വിന്നിപെഗ് ചിലിയുടെ തീരം തൊട്ടപ്പോള്‍ സോഷ്യലിസ്റ്റ് നേതാവായ, വാള്‍പരൈസോക്കാരനായ ഒരു ഡോക്ടറും അഭയാര്‍ത്ഥികളെ സ്വീകരിക്കാനെത്തിയിരുന്നു-സാല്‍വദോര്‍ അയെന്ദെ. അങ്ങനെ, വിക്ടറും കുടുംബവും ചിലിയില്‍ ലയിച്ചുചേരുന്നു. പിന്നീടുള്ള കഥാഗതിയിലാണ് ചരിത്രവും ഭാവനയും ഇടകലരുന്നത്.