മാനുഷികഗുണം വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം – ദയാബായി

മാനുഷികഗുണം വളര്‍ത്തുന്നതായിരിക്കണം വിദ്യാഭ്യാസം –  ദയാബായി

(മനുഷ്യാവകാശ സാമൂഹിക പ്രവര്‍ത്തക)


ഏതാണ്ട് 2010 ലാണ് ഞാന്‍ കേരളത്തിലേക്ക് കൂടുതലായി വരുന്നത്. ഇതിനോടകം 200 സ്‌കൂളിലെങ്കിലും ഞാന്‍ സംസാരിച്ചിട്ടുണ്ട്.  പ്രൈവറ്റ് സ്‌കൂളുകളിലേ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേ വിദ്യാഭ്യാസം എങ്ങനെ നടക്കുന്നുവെന്നതില്‍ എനിക്ക് അത്ഭുതമാണ് തോന്നിയിരിക്കുന്നത്. ഗാന്ധിജി പറഞ്ഞിരിക്കുന്നത് ഒരു വ്യക്തിയിലെ ഏറ്റവും നല്ലതിനെ പുറത്തുകൊണ്ടുവരുന്നതാണ് വിദ്യാഭ്യാസമെന്നാണ്. ശരിയായി ചിന്തിക്കാനും, പ്രതികരിക്കാനും പ്രകടിപ്പിക്കാനുമൊക്കെ ഉള്ള കഴിവ്. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പോയാല്‍ അവിടുത്തെ കുട്ടികള്‍ എത്ര സ്വാഭാവികമായാണ് പ്രത്യുത്തരം പറയുന്നത്. മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ പ്രതിമകണക്കാണ്, എന്തെങ്കിലും ചോദിച്ചാല്‍. ഒരിക്കല്‍ തൃശ്ശൂരില്‍ ഒരു ഗവണ്‍മെന്റ് സ്‌കൂളില്‍ ഞാന്‍ പോയി. അസംബ്ലി സമയത്ത് കുട്ടികളോട് ഒന്നരമണിക്കൂറോളം ഞാന്‍ സംസാരിച്ചു. അഞ്ചാംക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളാണ് അവിടെ പഠിക്കുന്നത്. കുറച്ചു സംസാരിച്ചശേഷം കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോള്‍ അവരെല്ലാവരും എത്ര താല്പര്യത്തോടെയാണ് സംശയങ്ങള്‍ ചോദിച്ചത്. അധ്യാപകന്‍ കുട്ടികളോട് പറഞ്ഞു, ‘ദയാബായി പാവപ്പെട്ടവരുടെയിടയിലാണ് ജോലി ചെയ്യുന്നത്. നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ മേശപ്പുറത്ത് കൊണ്ടുവന്ന് വയ്ക്കുക.’ അവരുടെ വണ്ടിക്കൂലിക്കുണ്ടായിരുന്ന പൈസയൊക്കെ കൊണ്ടുവന്ന് വച്ചു. അധ്യാപകരും തന്നു.