അഭിമുഖം : ഡോ. രാജശേഖരന്‍ നായര്‍ / അഗസ്റ്റിന്‍ പാംപ്ലാനി

അഭിമുഖം : ഡോ. രാജശേഖരന്‍ നായര്‍ / അഗസ്റ്റിന്‍ പാംപ്ലാനി

ഡോ. രാജശേഖരന്‍ നായര്‍ കേരളക്കരയ്ക്ക് പ്രത്യേകിച്ച് ആമുഖം ആവശ്യമുള്ള വ്യക്തിത്വമ ല്ല. ശൂരനാട് കുഞ്ഞന്‍പിള്ളയുടെ പൈതൃകം പേറുന്ന, കേരളം കണ്ടിട്ടുള്ള പ്രഗത്ഭനായ ന്യൂറോളജിസ്റ്റും സാഹിത്യസാംസ്‌കാരിക നായകനുമായിട്ടുള്ള വ്യക്തിയാണ.് ശാസ്ത്രവും സംഗീതവും കലയുമെല്ലാം ഒരുപോലെ സമന്വയിപ്പിക്കുന്നവരാണ് യഥാര്‍ത്ഥ പ്രതിഭ. ബ്രിട്ടീഷ് ചിന്തകനായ കിറ്റ് പെട്‌ലര്‍ പറഞ്ഞിരുന്നു: ‘ഐന്‍സ്‌റ്റൈന്റെയും നീല്‍സ്‌ബോറിന്റെയുമെല്ലാം കൃതികള്‍ വായിച്ചതിനു ശേഷമാണ് എനിക്ക് മനസ്സിലായത് അവര്‍ യഥാര്‍ത്ഥത്തില്‍ കവികളും മിസ്റ്റിക്കുകളും കൂടി ആയിരുന്നുവെന്ന്. അല്ലാത്തപക്ഷം ഭൗതികശാസ്ത്രത്തെപറ്റി എനിക്ക് പുച്ഛമായിരുന്നുവെന്ന്. കാരണം മനോജ്ഞമായ മഴവില്ലിനെപോലും ഇങ്ങനെ ഭൗതികമായി വിശദീകരിക്കുക വഴി അതിനെ കൊന്നു കളയുകയല്ലേ ചെയ്യുന്നത്’. ഐന്‍സ്‌റ്റൈനേയും നീല്‍സ്‌ബോറിനെയും കുറിച്ച് പറഞ്ഞിരിക്കുന്ന പ്രതിഭാവിലാസം തീര്‍ച്ചയായും നമ്മുടെ കേരളക്കരയില്‍ അക്ഷരംപ്രതി അന്വര്‍ത്ഥമാക്കുന്ന ധിഷണാശാലിയാണ് ഡോ. രാജശേഖരന്‍ നായര്‍. അദ്ദേഹം ഇന്ത്യയിലെ പ്രമുഖനായ ന്യൂറോളജിസ്റ്റും നലംതികഞ്ഞ ചിന്തകനും സാഹിത്യകാരനുമാണ്. വൈദ്യശാസ്ത്രത്തിലെ പ്രഗത്ഭനായ ഡോക്ടര്‍ക്കുള്ള അവാര്‍ഡിനൊപ്പം കേരള സാഹിത്യ അക്കാദമിയുടെ വിജ്ഞാന സാഹിത്യത്തിനുള്ള അവാര്‍ഡും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. ഇത് അദ്ദേഹത്തിലെ പ്രതിഭയുടെ അനന്യതയാണ് നമുക്ക് കാണിച്ചു തരുന്നത്.


എപ്രകാരമാണ് പ്രൊഫഷണല്‍ വൈദഗ്ദ്ധ്യവും അതോടൊപ്പം സാഹിത്യം പോലുള്ള വിഷയാന്തര വിജ്ഞാനമേഖലകളിലുള്ള ആഭിമുഖ്യവും അങ്ങയില്‍ വളര്‍ന്നു വന്നത് ? ഇത്തരം സമഗ്രമായ ഒരു സപര്യയില്‍ കൂടി കടന്നു വന്നതിന്റെ പശ്ചാത്തലം വിശദീകരിക്കാമോ ?


ജനിച്ചു വളര്‍ന്ന സാഹചര്യമാണ് ഇതിനെല്ലാം കാരണം. ഞാന്‍ കണ്ടു വളര്‍ന്നത് മലയാളത്തിലെ ഏറ്റവും പ്രഗത്ഭമായ ഒരു സമൂഹത്തെയാണ്. അതെന്റെ ജന്മപുണ്യമെന്നോ ഭാഗ്യമെന്നോ പറയാം. ഞങ്ങളുടെ കരമന വീട്ടില്‍ സാധാരണയായി വരുന്ന അച്ഛന്റെ സുഹൃത്തുക്കളായവരുടെ പേരുകള്‍ ചരിത്രപുസ്തകങ്ങളിലുള്ളതാണ്. വള്ളത്തോള്‍, പി. കുഞ്ഞിരാമന്‍ നായര്‍ തുടങ്ങി നിരവധി പ്രഗത്ഭര്‍. ചെറുപ്പം മുതല്‍ കണ്ടു വളര്‍ന്നത് ഇത്തരം അതിപ്രഗത്ഭരെയാണ്. സ്വാഭാവികമായും എനിക്ക് അവരോടൊക്കെ ഒരു ചായ്‌വ് തോന്നി. വീട്ടില്‍ അച്ഛന്‍േതായി അതിവിശാലമായ ലൈബ്രറിയാണ് ഉണ്ടായിരുന്നത്. ഞാന്‍ ഒറ്റ ആണ്‍കുട്ടിയായിരുന്നു. അതിന്റെ സകല നന്മയും പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കൂട്ടുകാരായി ആരും ഉണ്ടായില്ല. എനിക്ക് പുസ്തകങ്ങളാണ് കൂട്ടുകാരായി ഉണ്ടായിരുന്നത്. വായിക്കാന്‍ വേണ്ടുവോളം ഉണ്ടായിരുന്നു. അച്ഛന്‍ പഠിപ്പിക്കാറില്ലേ എന്ന് എല്ലാവരും ചോദിക്കുമായിരുന്നു. അച്ഛന്‍ പഠിപ്പിക്കുന്ന രീതി മറ്റുള്ളവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാത്ത തരത്തില്‍ ഉള്ളതായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യ ചര്‍ച്ചകളൊക്കെ കഴിഞ്ഞ് വരുമ്പോഴേക്കും കുറച്ചു വൈകുമായിരുന്നു. എല്ലാവരും കരുതുന്നത് അദ്ദേഹം ഒരു മലയാളം പണ്ഡിതന്‍ മാത്രമായിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ ആദ്യ എം.എ ഇംഗ്ലീഷിലാണ്. പിന്നെ സംസ്‌കൃതം, പിന്നെ മലയാളം. ഈ മൂന്നു ഭാഷയില്‍ തികഞ്ഞ അറിവുള്ളയാളായിരുന്നു. എല്ലാവരും കരുതിയത് അദ്ദേഹം ഒരു സാധാരണ ടീച്ചറാണെന്നായിരുന്നു. അദ്ദേഹം ഗവണ്‍മെന്റിന്റെ ഉന്നതസ്ഥാനത്ത് ഇരുന്നയാളാണ്. അതിനു ശേഷമാണ് യൂണിവേഴ്‌സിറ്റിയിലേക്ക് മാറിയത്. അദ്ദേഹത്തിന്റെ ജോലികളുടെ തിരക്കുകള്‍ക്കിടയിലേക്കാണ് സാഹിത്യ ചര്‍ച്ചകളും മറ്റും കടന്നു വന്നത്. ഇതിനു ശേഷം ഏറെ വൈകി വീട്ടില്‍ വന്ന്, ഞങ്ങള്‍ നാലു മക്കളില്‍ ഇളയയാള്‍ തീരെ ചെറുതായതിനാല്‍ ബാക്കി മൂന്നു മക്കളെയും പഠിപ്പിക്കുമായിരുന്നു. പഠിപ്പിക്കുന്നത് പ്രധാനമായും കവിതകളാണ്. അന്നു പഠിച്ചവ ഇന്നും ഈ വയസ്സുകാലത്ത് അതുപോലെതന്നെ ഞാന്‍ ഓര്‍ക്കുന്നു.


എന്തു കേട്ടാലും അതുപോലെ ഓര്‍ത്തിരിക്കുന്ന ഐഡെറ്റിക് (eidetic) മെമ്മറിയായിരുന്നു അദ്ദേഹത്തിന്. അതു കുട്ടികള്‍ക്കും ഉണ്ടാകണമെന്ന് അദ്ദേഹം സ്വാഭാവികമായും പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ രീതികള്‍ എനിക്ക് ഇഷ്ടമായിരുന്നു. അദ്ദേഹം പറഞ്ഞു തരുന്ന ടെക്‌നിക്കുകളിലൂടെ ഞാനും അതു മനസ്സിലാക്കി, ഒരു തവണ അന്വയം പറഞ്ഞ് അര്‍ത്ഥം പറഞ്ഞാല്‍ അത് തിരിച്ച് പറയണമെന്നുണ്ടെങ്കില്‍ ഏറ്റവും എളുപ്പം അതിന്റെ താളം മനസ്സിലാക്കണം. ഒരിക്കല്‍ ആ താളം മനസ്സിലേക്ക് കയറി കഴിഞ്ഞാല്‍ വാക്കുകള്‍ അതിനോടൊപ്പം തന്നെ വന്നുകൊള്ളും. അതൊരു പുതിയ ടെക്‌നിക്കായി എനിക്കു മനസ്സിലായി. അന്നു പഠിച്ച സംസ്‌കൃതം, ഇംഗ്ലീഷ്, മലയാളം എന്തുമാവട്ടെ ഇന്നും ഞാനത് വ്യക്തമായി തന്നെ ഓര്‍മ്മിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടിയായിരുന്ന കാലത്ത് വല്ലപ്പോഴും കുറച്ചൊക്കെ എഴുതുമായിരുന്നു. നല്ല പബ്ലിഷേഴ്‌സ് അത് പ്രസിദ്ധീകരിക്കുകയും ചെയ്യുമായിരുന്നു.


മെഡിസിന്‍ പഠിക്കാനായി ചേര്‍ന്നതോടെ ഇതിനൊന്നും സമയമില്ലാതായി. വായന അഭംഗുരം 1970 കളുടെ അവസാനം ഇന്ത്യന്‍ ഗവണ്‍മെന്റ് എന്നെ ലിബിയയിലെ ഒരു യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോളജി പ്രഫസറായി വിട്ടു. അവിടെ ആദ്യത്തെ ഒരാഴ്ച്ച എനിക്കു ഒന്നും ചെയ്യാനില്ലായിരുന്നു. അവിടുത്തെ ഏറ്റവും മുന്തിയ ഹോട്ടലില്‍ വെറുതേ ബോറടിച്ചിരുന്ന സമയത്ത് മനസ്സില്‍ കുറെനാളായി കൊണ്ടുനടന്ന ഒരു കഥ മൂന്നാഴ്ച്ചകൊണ്ട് എഴുതി തീര്‍ത്തു. അതാണ് എന്റെ ആദ്യത്തെ നോവല്‍ ‘ഒരു പുഴയുടെ കഥ’. മലയാളത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലാണ് അത്. അത് അവിടെ നിന്നു കടത്തി കേരളത്തിലെത്തിക്കാന്‍ കുറെയേറെ പ്രയാസപ്പെടേണ്ടി വന്നു. ആ നാട്ടിലെ കസ്റ്റംസിനു മനസ്സിലാകാത്ത എന്തും അവര്‍ ചീന്തിക്കളയുകയാണ് പതിവ്. എങ്ങനെയോ അത് നാട്ടിലെത്തിച്ച് ഒരു മുന്തിയ പ്രസിദ്ധീകരണക്കാര്‍ക്കു കൊടുത്തിട്ടു മടങ്ങേണ്ടി വന്നു. ഒരു വര്‍ഷത്തിനു ശേഷമാണ് പ്രസിദ്ധീകരിച്ച കോപ്പി പോലും കാണുന്നത്.


ഇതിനുശേഷം റിട്ടയര്‍ ചെയ്യുന്നതു വരെ വായന തുടര്‍ന്നെങ്കിലും വീണ്ടും എഴുത്തു നിറുത്തി. പഠിപ്പിക്കുന്ന കൂട്ടത്തില്‍ കഥകളും കവിതകളും എഴുതി. അത് എന്റെതായ ശൈലിയില്‍ കുട്ടികളും ഉള്‍ക്കൊണ്ടു. റിട്ടയര്‍ ചെയ്ത ശേഷം എനിക്ക് പരിചയമുള്ള രണ്ടു മൂന്നു നല്ല എഡിറ്റേഴ്‌സ് ഉണ്ടായിരുന്നു. ഇതുപോലെ എഴുതി തരാന്‍ അവര്‍ നിര്‍ബന്ധിച്ചു. അത് ഒരുപാടു പേര്‍ക്ക് ഇഷ്ടമായി. അവരുടെ നിര്‍ബന്ധ പ്രകാരം വീണ്ടും എഴുത്താരംഭിച്ചു. അങ്ങനെ വീണ്ടും എഴുതിത്തുടങ്ങി. ആളുകള്‍ക്ക് അതു ഇഷ്ടമാവുകയും ചെയ്തു. ഇപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ട സമയത്ത് ഇഷ്ടപ്പെട്ട വിഷയം എഴുതാന്‍ കഴിയുന്നു. വിഷയം എനിക്ക് വിഷമമില്ലാത്ത കാര്യമാണ്. കാരണം ഞാന്‍ ഭാഗ്യവശാല്‍ പഠിക്കാനെടുത്ത വിഷയം മെഡിസിനിലേക്കും വച്ച് ഏറ്റവും ദിവ്യമായ ഒന്നാണ്. കൊഗ്‌നിറ്റീവ് ന്യൂറോളജി (Cognitive Neurology) അറിവിന്റെ ന്യൂറോളജിയാണ്, എനിക്ക് ഏറ്റവും താല്പര്യം. ഞാന്‍ പഠിച്ചതിന്റെ ഒരളവെങ്കിലും മലയാളത്തിലേക്ക് മാറ്റാന്‍ അവസരം തന്ന ദൈവത്തോട്, പ്രകൃതിയോട്, എനിക്ക് അത്യധികം കടപ്പാടുണ്ട്.


വൈദ്യശാസ്ത്രപഠനം എഴുത്തിന് ആദ്യകാലങ്ങളില്‍ ഒരു തടസ്സമായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. സാധാരണ സാഹിത്യകൃതികളെല്ലാം പൊതുവെ ഭാവനാത്മകമായി എഴുതുന്നവയാണ്. പക്ഷേ താങ്കളുടെ എഴുത്തുകളെല്ലാം വൈദ്യശാസ്ത്ര അനുഭവങ്ങളും അതിന്‍മേല്‍ നടത്തുന്ന മാനവികമായ വിചിന്തനങ്ങളും ആണ്. താങ്കളുടെ വൈദ്യശാസ്ത്ര സേവനം തന്നെയല്ലേ സാഹിത്യസപര്യയില്‍ പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നത്. ആ രീതിയില്‍ ഉള്ള തികച്ചും വിഭിന്നമായ ഒരു ചിന്താപദ്ധതിയല്ലേ ആവിഷ്‌കരിക്കുന്നത് ?


പൂര്‍ണ്ണമായും അങ്ങനെതന്നെയാണ്. ഏതു കലാരീതിയെടുത്താലും അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം മാനവികതയാണ്. മാനവികത എന്നത് മനുഷ്യനെ സംബന്ധിക്കുന്നതാണ്. ബാക്കിയെല്ലാം ഭാവനയാണ്. ഞങ്ങള്‍ക്ക് ഭാവനയൊന്നും ഇല്ലാതെതന്നെ ഞങ്ങള്‍ ഓരോ ദിവസം കേള്‍ക്കുന്ന കഥകള്‍; ഓരോ ദിവസം കാണുന്ന ആളുകളുടെ ദൈന്യഭാവങ്ങളും ഗുണങ്ങളും ദു:ഖങ്ങളും അവരുടെ പ്രത്യേകതകളും. അത് സാധാരണഗതിയില്‍ ആലോചിക്കാന്‍ പോലും കിട്ടാത്ത സംഗതിയാണ്. ഉദാഹരണത്തിന് മന്ദബുദ്ധി എന്നു കരുതുന്ന ഓട്ടിസ്റ്റിക് (autistic) കുട്ടി. അവിശ്വസനീയമായ സര്‍ഗാത്മകത ആ കുട്ടിക്ക് ഉണ്ട് എന്ന് അവന്റെ അച്ഛനും അമ്മയ്ക്കും അറിയില്ലായിരിക്കും. ഒരുപക്ഷേ, ഒരു അവിചാരിത സംഭാഷണത്തിലായിരിക്കും അതു പുറത്തു വരിക. അവന് ഒരു ചിത്രം വരയ്ക്കാന്‍ ഒരു സാഹചര്യം കൊടുക്കുകയാണെങ്കില്‍, ഒരു കല്ലുംകട്ടയോ ചുവരോ കൊടുക്കുകയാണെങ്കില്‍, അവന്‍ കോറിയിടുന്ന ചിത്രങ്ങള്‍ ജീവസുറ്റതായിരിക്കും. മാതാപിതാക്കള്‍ അത് കണ്ടുപിടിക്കുമോ ഇല്ലയോ എന്നതിലാണ് വ്യത്യാസം. മറ്റൊന്ന് നൂറുശതമാനം പിച്ച് ഒരു ഗായകന് കിട്ടുക എന്നുള്ളത് അസാധ്യമാണ്. വില്യംസ് സിന്‍ഡ്രോം ബാധിച്ചവരെ സംബന്ധിച്ച് ഗാനം അവരുടേതാണ്. അവരുടെ ഓരോ ചലനങ്ങളും ഓരോ വാക്കുകളും ഓരോ ചൊല്ലുകളും ഗാനാത്മകമാണ്. അത് അവിശ്വസനീയമാണ്.