അക്കപ്പെരുമാള്‍ – കെ.ജി.എസ്

അക്കപ്പെരുമാള്‍ – കെ.ജി.എസ്

ഗുണത്തിലും രസത്തിലും പൊരുളിലുമെന്നതിനേക്കാള്‍

അക്കങ്ങളില്‍  കൊളുത്തിയിട്ടു ഞാന്‍ അഭിമാനം.
അക്കത്തെ വിശ്വസിക്കാം, വാക്കിനേക്കാള്‍.
വാക്കില്‍ വാക്കല്ലാത്ത പലതും പാര്‍ക്കും. 
അര്‍ത്ഥം ഭാവന അലങ്കാരം അവിശ്വാസം  വ്യംഗ്യം ധ്വനി..
വാക്ക് സൊല്ല .
അക്കം നിറയെ അക്കം; ഏറെയുമില്ല കുറവുമില്ല.
കണിശമാവാന്‍ കണക്കിനേ കഴിയൂ.
നോക്കൂ:


വയസ്സ് 70

കൃതികള്‍ 70
പുരസ്‌കാരം 77
പ്രേമം 2
ഭാര്യ 1
വീട് 3
മക്കള്‍ 2
പേരക്കുട്ടി 1
കാര്‍  3.


ദൂരം, അമ്മയിലേക്ക് പിന്നിലേക്ക് ചുവട്, 3.

അച്ഛനിലേക്ക് വലത്തേക്ക്  കസേര 3.
ഭാര്യയിലേക്ക് മുന്നിലേക്ക്  ചാനല്‍ 3. 
മക്കളിലേക്ക്  ലാപ് ടോപ് 2.
ചങ്ങാതിയിലേക്ക് ഇടത്തേക്ക്  പുസ്തകം 3.
അറിയാപ്പലരിലേക്കും പ്രകാശവര്‍ഷങ്ങള്‍. 


ദൂരം, ബെംഗളൂരുവിലേക്ക് നിമ്‌നോന്നതം 500 കി.മീ.

ദൂരം വിരാമരാജ്യത്തിലേക്ക്  വായുവില്‍ 100 യോജന.
ചെയ്ത യുദ്ധം, ഓണം, ക്രിസ്മസ്, വേനല്‍പ്പരീക്ഷ പോലെ, 
ആണ്ടോടാണ്ട് ഓരോന്ന്; ആത്മയുദ്ധം, പരയുദ്ധം. 
യുദ്ധത്തില്‍ സന്ധി 5/10
ജയം 3/10
സമാധാനം 2/10


പെടാഞ്ഞ ബന്ധം, വഹിക്കാത്ത പദവി,

കാണാത്ത രാജ്യം,  അറിയാത്ത ഭാഷ, എന്നിങ്ങനെ ഞാന്‍
ചെയ്യാത്ത യുദ്ധങ്ങളുടെ സുഖക്കണക്ക്  
തിട്ടപ്പെടുന്നേയുള്ളൂ. 


ഇട്ട ഒപ്പുകള്‍ 

ഇട്ട തറക്കല്ലുകള്‍
ഉയര്‍ത്തിയ കൊടി
ഉയര്‍ത്തിയ  ശതമാനം
വിടര്‍ത്തിയ തണലുകള്‍ 
കുഴിച്ച കിണറുകള്‍
കഴിച്ച ഗുളികകള്‍
ബി.പി., ഷുഗര്‍, ക്രിയാറ്റിന്‍ 
സപ്തതിസ്വീകരണത്തിനു് നിരന്ന 
ആന, മേളക്കാര്‍, സ്തുതിപ്രഭാഷകര്‍, 
അക്കങ്ങളായി എല്ലാമുണ്ട് ഞാന്‍
അന്നന്നെഴുതിയ ഡയറിയില്‍.


സത്യം അക്കം.

അക്കത്തിലായാല്‍ ആത്മകഥ സത്യകഥ.  
എന്റേതെന്തും അക്കങ്ങളുടെ ചരിത്രം.
ഞാന്‍ അക്കങ്ങളുടെ ഗോപുരം.
പട്ടേല്‍പ്രതിമയേക്കാള്‍  പൊക്കം എന്റെ ചരിത്രത്തിനു്.
വീട്ടിലെ പഴയ അലക്കുകല്ലിനും എനിക്കും പണ്ട് 
ഒരേ ഭാരം: 55 കിലോ.


എന്റെ സത്യാഭിമാനം കേട്ട് ചിരിച്ച

കോഴി പറഞ്ഞു, എനിക്കറിയില്ല 
ഞാനെത്ര മുട്ടയിട്ടെന്ന്.  അറിയില്ലെനിക്ക്  
ഞാനെത്ര ചുംബിച്ചെന്ന് പ്രാവ്. 
അറിയില്ലെനിക്ക് ഞാനെത്ര തീരങ്ങളില്‍ 
എത്ര തിരയടിച്ചെന്ന് കടല്‍; അതും 
പകലെത്ര രാത്രിയെത്ര?