വനിതാദിനം സ്‌പെഷ്യല്‍ ഫീച്ചര്‍

വനിതാദിനം സ്‌പെഷ്യല്‍ ഫീച്ചര്‍

ആനി തയ്യിലിനെ ഓര്‍ക്കുമ്പോള്‍


അനിത ചെറിയ


ആനി തയ്യില്‍ എന്ന ആനി ജോസഫ് അന്തരിച്ചിട്ട് 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എന്നിരുന്നാലും അമ്മായിയുമായി ഞാന്‍ നടത്തിയ സംഭാഷണങ്ങള്‍ എന്റെ സജീവ സ്മരണയില്‍ ഉണ്ട്. 1913 ഒക്‌ടോബര്‍ 11-ാം തീയതിയാണ് അമ്മായിയുടെ ജനനം. തൃശൂര്‍ ജില്ലയിലെ ചെങ്ങാലൂരിലെ കാട്ടുമാന്‍ കുടുംബത്തിലെ ജോസഫിന്റെയും മേരിയുടെയും ഏഴുമക്കളില്‍ 4-ാമത്തെയാള്‍. മൂന്നുപേര്‍ മൂത്തവരായും മൂന്നുപേര്‍ ഇളയവരായും ഉള്ള നടുവിലത്തെ കുട്ടി എന്നു പറയുന്നതില്‍ അമ്മായി ഏറെ സന്തോഷിച്ചിരുന്നു. ‘ഒല്ലൂക്കാരന്‍’ എന്നായിരുന്നു കുടുംബം അറിയപ്പെട്ടിരുന്നത്.


എഴുത്തുകാരിയെന്ന നിലയില്‍ സാഹിത്യത്തിന്റെ ഏതാണ്ട് എല്ലാ ശാഖകളിലും ആനി ജോസഫ് മികവ് പുലര്‍ത്തിയിരുന്നു. നോവല്‍, ചെറുകഥ, യാത്രാവിവരണം, തര്‍ജമ, ബൈബിളിനെ ആസ്പദമാക്കിയ കഥകള്‍, എഡിറ്റിംഗ് എന്നിവ അവയില്‍ ഉള്‍പ്പെടും. മൊത്തം 78 ഗ്രന്ഥങ്ങളും, പത്രമാസികകള്‍ക്കുവേണ്ടി നിരവധി ലേഖനങ്ങളും അമ്മായി എഴുതി. പല ഇംഗ്ലീഷ് നോവലുകളും അവര്‍ മലയാളത്തിലേക്ക് പരിഭാഷ ചെയ്തു. യുദ്ധവും സമാധാനവും, അന്നാ കരനീന, കൗണ്ട് ഓഫ് മൊന്തെ ക്രിസ്‌തൊ; ത്രീ മസ്‌കറ്റിയേഴ്‌സ്, ടെസ്സ് ഓഫ് ഡെംബര്‍വില്ലസ്, തോമസ് ഹാര്‍ഡിയുടെയും ചാള്‍സ് ഡിക്കന്‍സിന്റെയും ഗ്രന്ഥങ്ങള്‍ (രണ്ടു നഗരങ്ങളുടെ കഥ), എന്നിവയാണ് പ്രധാനപ്പെട്ടവ. ഇടനാഴിയിലെ കുരിശ് എന്ന ആത്മകഥയ്ക്കു പുറമെ ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജീവചരിത്രവും അവര്‍ രചിച്ചു. ‘ക്രിസ്തുവിന്റെ നാട്ടില്‍’ ‘റഷ്യയില്‍’ എന്നിവ സഞ്ചാരസാഹിത്യമാണ്. ബൈബിളിലെ സ്ത്രീകള്‍ എന്ന ഗ്രന്ഥം സ്ത്രീകളെക്കുറിച്ചുള്ള പരമ്പരയും ഒരു നൂതന സരണിയുമായിരുന്നു. ബൈബിളിന്റെ മറ്റൊരു തലമാണ് അവ എടുത്തുകാണിക്കുന്നത്. സത്യദീപത്തില്‍ അവ ഖണ്ഡശയായി പ്രസിദ്ധീകരിച്ചിരുന്നു.


ഈ ലേഖനം തയ്യാറാക്കുന്നതിന്റെ ഭാഗമായി അമ്മായിയെക്കുറിച്ചുള്ള പല വിവരങ്ങളും ആരായാനും, കുടുംബത്തിനു വെളിയിലുള്ള അമ്മായിയെക്കുറിച്ച് എഴുതാനും എനിക്കവസരം ലഭിച്ചു. മുപ്പത് വര്‍ഷക്കാലം അമ്മായിയുടെ വീട്ടിലെ സഹായിയും തോഴിയുമായിരുന്ന ആലീസിനെ കണ്ടെത്താന്‍ എന്റെ അമ്മയ്ക്ക് സാധിച്ചത് എന്റെ സൗഭാഗ്യം. ആലീസിനെ ശ്രവിക്കാന്‍ കഴിഞ്ഞത്, എനിക്ക് ഒത്തിരി അറിവു നല്‍കിയെന്നും മറ്റുള്ളവരുടെ അഭിപ്രായ പ്രകടനങ്ങളിലെ ശരിതെറ്റുകള്‍ മനസ്സിലാക്കുന്നതിന് ഉപകരിച്ചു എന്നു പറയുന്നതും ന്യൂനോക്തിയായിരിക്കും.


ജനകീയ സമരങ്ങളില്‍ മലബാറിന്റെ പെണ്‍പാതകള്‍ എന്ന തന്റെ ഗ്രന്ഥത്തില്‍ ഡോ. ടി.കെ. ആനന്ദ് തികഞ്ഞ ആദരവോടെയാണ് അമ്മായിയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളത്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. അതില്‍ നിന്നു ഞാന്‍ ഉദ്ധരിക്കട്ടെ: പ്രശസ്തയായ എഴുത്തുകാരിയും ഗ്രന്ഥകാരിയുമായ ശ്രീമതി ആനി തയ്യില്‍ വിവിധ മേഖലകളില്‍ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. സാമൂഹ്യസേവനം, രാഷ്ട്രീയം, അധ്യാപനം എന്നീ മേഖലകളിലെ മികച്ച സേവനത്തിനും ഉപരി നല്ലൊരു ജേണലിസ്റ്റ് കൂടിയായിരുന്നു.



കൈരളിയുടെ അമ്മയായ ബാലാമണിയമ്മ


ഡോ. സുലോചന നാലപ്പാട്ട്


നാലപ്പാട്ടു വീടിന്റെ പശ്ചാത്തലത്തില്‍ നിന്നടര്‍ത്തിയെടുത്തുകൊണ്ടുള്ള ഒരന്വേഷണവും ബാലാമണിയമ്മയുടെ സ്വത്വത്തെയറിയാന്‍ പര്യാപ്തമാവില്ല. ബാലാമണിയമ്മ എന്ന കവിയില്‍ തഴച്ചുവളര്‍ന്ന അഹിംസ, ധര്‍മ്മം, സത്യം, പ്രകൃതിയോടുള്ള ആരാധനാഭാവം, സര്‍വചരാചരങ്ങളോടുമുള്ള ആത്മൈക്യം, ഈശ്വര ചൈതന്യത്തെയറിയുന്ന ജ്ഞാനം ഇവയൊക്കെ മനസ്സിലാക്കണമെങ്കില്‍ നാലപ്പാട്ട് എന്ന പ്രൈമറി സ്‌കൂളിന്റെ സിലബസ് മറിച്ചുനോക്കണം.


ബാലാമണിയമ്മയുടെ ആദ്യകാലത്തെ വ്യക്തിത്വവികസനത്തില്‍ സുപ്രധാന പങ്കുവഹിച്ചത് അമ്മാവനായ നാലപ്പാട്ട് നാരായണ മേനോന്‍ ആയിരുന്നു. കവിയും ദാര്‍ശനികനുമായിരുന്നു അദ്ദേഹം.


അടുത്ത തലമുറക്കാരായ ഞങ്ങളും പൂമുഖത്തെ സദസ്സുകളോര്‍ക്കുന്നു. വള്ളത്തോള്‍, അക്കിത്തം, മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാര്‍, ഉറൂബ്, എം.ആര്‍.ബി., വി.ടി. ഭട്ടതിരിപ്പാട്, ഇടശ്ശേരി എന്നിവരെയുമോര്‍ക്കുന്നു. വീട്ടിലിരുന്നാണ് സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചത്.

ചില്ലലമാരയിലെ പുസ്തകങ്ങളില്‍ നിന്നാരംഭിച്ച വായനയും, തെക്കിനിയിലെ അമ്പലത്തിന്റെ സാന്നിദ്ധ്യവും, പ്രകൃതിയോടു പുലര്‍ത്തിപ്പോന്ന ആത്മൈക്യബോധവും, മഹാത്മജിയും കൂടാതെ ആഴത്തിലുള്ള മനനവും ചേര്‍ന്നുരുത്തിരിഞ്ഞതാണ് അമ്മയുടെ ഈശ്വരദര്‍ശനം. അതുകൊണ്ടാവണം അവര്‍ ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളില്‍ വലിയ ശ്രദ്ധപതിപ്പിക്കാഞ്ഞത്. കാലത്ത് പൂജാമുറിയില്‍ ഒരു കൊച്ചുവിളക്കു കൊളുത്തിവച്ചശേഷം സൂര്യനെയന്വേഷിച്ച് വരാന്തയിലേക്കോടും. അവിടെയിരുന്ന് സൂര്യരശ്മികളെ, ഭക്തയെത്തേടി നീളുന്ന ത്രിപുരസുന്ദരിയുടെ വിരലുകളായി സങ്കല്‍പ്പിച്ച് തന്നിലേക്കാവാഹിക്കുകയാണ് ബാലാമണിയമ്മ ചെയ്യുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.


വളരെക്കാലം കഴിഞ്ഞ് മകളായ ഞാന്‍ ‘അമ്മയുടെ ലോക’ (2007)ത്തിലെ ജഗദംബികോപാസനയെന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനം വായിച്ചു. ഉദ്വല്‍സ്സൂര്യനിഭയായ ത്രിപുരസുന്ദരിയെ മനുഷ്യന്റെ സ്ഥൂലസൂക്ഷ്മ കാരണശരീരങ്ങളില്‍ അധിവസിക്കുന്ന ശക്തിയെ പ്രഭാതം തോറും സഹസ്രനാമങ്ങളാല്‍ ആരാധിക്കുന്നവരുണ്ട് എന്നാണതില്‍ പറയുന്നത്. ആകാശത്തും ഭൂമിയിലും നടക്കുന്ന ഈ ആനന്ദലാസ്യം എന്നിലും ലഹരി പടര്‍ത്തുന്നു. (‘തുറന്ന് പൂമുഖം’, അമ്മയുടെ ലോകം – 2007 ബാലാമണിയമ്മ).


ഏതു സന്ദര്‍ഭത്തിലും ബലഹീനന്റെ പക്ഷമേ പിടിക്കൂ എന്നത് അവരുടെയൊരു ബലഹീനതയായി കരുതാം. ‘കണ്ണുനീര്‍ത്തുള്ളി’യെഴുതിയ നാരായണമേനോന്‍ കവിതയെഴുതാനാരംഭിച്ച മരുമകളോടുപദേശിച്ചു, ‘പ്രസാദത്തിലേക്കുള്ള ചവിട്ടുകല്ലായേ വിഷാദത്തെ സ്വീകരിക്കാവൂ’ എന്ന്. മറ്റൊരുപദേശം, എഴുതുമ്പോള്‍ ഓരോ പദവും ആ സന്ദര്‍ഭത്തിന് ഏറ്റവും ചേരുന്നതാണെന്ന് ഉറപ്പുവരുത്തണം എന്നായിരുന്നു. പ്രസാദാത്മകത്വത്തിന്റെ നറുനിലാവ് അവരുടെകവിതകള്‍ക്കുമേലെ നനുത്തൊരു സ്വര്‍ണ്ണക്കംബളംപോലെ വീണുകിടക്കുന്നു.


എഴുത്തുകാരിയായ ഒരു പെണ്‍കുട്ടി നാലപ്പാട്ടുണ്ടെന്നു കേട്ട വി.എം. നായര്‍ എങ്കിലാ കുട്ടിതന്നെയാവട്ടെ വധുവെന്നു നിശ്ചയിക്കുകയായിരുന്നു. 1928 ഒക്‌ടോബര്‍ 19-ാം തീയതി നാലപ്പാട്ടെ തെക്കിനിയില്‍വച്ച് വരന്‍ വധുവിന് ഒരു ഖദര്‍ സാരി സമ്മാനിച്ചായിരുന്നു വിവാഹച്ചടങ്ങ്. തറവാട്ടിലെ അരുമസന്തതിയെ സാഹിത്യകുതുകിയായ ഒരു ഗുരുവായൂര്‍ക്കാരന്റെയും ടാഗോറിന്റെ കല്‍ക്കത്തയുടേയും കൈകളിലേല്‍പ്പിക്കാനുള്ള തീരുമാനം ലവലേശം പിഴച്ചില്ലെന്ന് നാടനഭിമാനിക്കാം.


1966-ല്‍ ഡല്‍ഹിയില്‍വച്ച് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ ചെയ്ത പ്രസംഗത്തില്‍ ബാലാമണിയമ്മ പറഞ്ഞു: ”ജീവിതത്തിന്റെ വെറും പ്രതിബിംബമല്ല കവിത. അതിന്റെ അന്തഃസത്തയുടെ, അതിലേറ്റവും ഉത്കൃഷ്ടമായതിന്റെ ആവിഷ്‌കാരമാണ്.”

ഈ എഴുത്തുകാരി എന്നും അന്തര്‍മുഖിയായിരുന്നു. വസ്തുവിന്റെ ബാഹ്യയാഥാര്‍ത്ഥ്യങ്ങളേക്കാള്‍ അവ തന്നിലുണ്ടാക്കുന്ന പ്രതികരണങ്ങളോ അനുരണനങ്ങളോ ആണ് കവിതയ്ക്ക് വിഷയമാകുന്നത്.


‘എനിക്ക് സ്‌കൂളില്‍ പോകേണ്ടി വന്നിട്ടില്ല, സ്‌കൂളില്‍ പോകാത്തതില്‍ പശ്ചാത്തപിച്ചിട്ടുമില്ല. കുട്ടികളുടേയും പേരക്കിടാങ്ങളുടേയും സ്‌കൂള്‍ ജീവിതത്തിന്റെ കാര്‍ക്കശ്യം ഞാന്‍ പത്തിരട്ടിയായി അനുഭവിച്ചു. ഒഴിവുസമയം ധാരാളം ലഭിച്ചതിനാല്‍ നിര്‍ബാധമായ ഭാവനാവിഹാരത്തില്‍ പ്രകൃതിയോടും മികച്ച പുസ്തകങ്ങളോടും ഇണങ്ങിച്ചേരാനും സാധിച്ചു’ എന്ന് ബാലാമണിയമ്മ ‘ജീവിതത്തിലൂടെ’ എന്ന സമാഹാരത്തിലെഴുതിയിരിക്കുന്നു. അവര്‍ തുടരുന്നു:



കൂത്താട്ടുകുളം മേരി ഊര്‍ജം പകരുന്ന ഓര്‍മ്മ

സുലേഖ


അമ്മച്ചിയുടെ അവസാന കാലത്ത് ഒരിക്കല്‍ കൈ പിടിച്ചു നടത്തുമ്പോള്‍ ഞാന്‍ പറഞ്ഞു,

‘ അമ്മച്ചി ഈ ലോകം വിട്ടു പോകുന്നതു എനിക്ക് ഓര്‍ക്കാന്‍ വയ്യ.’

‘പോകാതിരിക്കാന്‍ പറ്റുമോ,മോളെ’ പഞ്ഞി പോലുള്ള  കൈ എന്റെ കുഞ്ഞി കൈയ്യില്‍ അമര്‍ത്തിപിടിച്ച് അമ്മ നിസഹായമായി പറഞ്ഞു.

2014 ജൂണ്‍ 22 ന് അമ്മച്ചി മരിച്ചപ്പോള്‍ എന്റെ ഉള്ളിലെ ഒരു ശക്തിദുര്‍ഗം തന്നെയാണ് അടിഞ്ഞുവീണത്.


കൂത്താട്ടുകുളം മേരി എന്നറിയപ്പെട്ടിരുന്ന ഞങ്ങളുടെ അമ്മച്ചി ജന്മം തന്ന് ഞങ്ങള്‍ നാലു പെണ്‍കുട്ടികളെ ഊട്ടിപ്പോറ്റി മികച്ച വിദ്യാഭ്യാസത്തിന് സൗകര്യം തന്ന് നെല്ലും പതിരും തിരിച്ചറിയാന്‍ പ്രാപ്തമാക്കിയ സ്‌നേഹനിധിയായ അമ്മ മാത്രമായിരുന്നില്ല, സമൂഹത്തോടും കുടുംബത്തോടുമുള്ള പ്രതിബദ്ധത നൂറുശതമാനം ആത്മാര്‍ഥതയോടെ നിര്‍വഹിക്കാന്‍ പോരാടിയ ഒരു ധീരവനിത കൂടി ആയിരുന്നു.


സ്‌കൂളില്‍ പഠിക്കുന്നകാലത്ത് കെട്ടിച്ചു കൊടുക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചപ്പോള്‍ അടുത്തുള്ള സര്‍വേക്കല്ലില്‍ പോയിരുന്നു നിരാഹാരമനുഷ്ഠിച്ച അന്ന് തുടങ്ങിയതാണ്  അനീതിക്കെതിരെയും സ്വാതന്ത്ര്യത്തിനു വേണ്ടിയും ഉള്ള അവരുടെ സമരങ്ങള്‍ എന്നു പറയാം.


ചെറുപ്പത്തില്‍ മുത്തശ്ശിക്കഥ പോല്‍ ഞങ്ങള്‍ കേട്ടു വളര്‍ന്നത് കൂത്താട്ടുകുളം ലോക്കപ്പില്‍ അമ്മച്ചിക്ക് ഏല്‍ക്കേണ്ടിവന്ന ക്രൂര മര്‍ദ്ദനത്തിന്റെ വിവരണങ്ങള്‍ ആണ്. അവ കേട്ട് ഞങ്ങള്‍ കരയുമായിരുന്നു. ആ സംഭവമാണ് മുഖ്യമായും പി.റ്റി മേരി, കൂത്താട്ടുകുളം മേരി എന്നറിയപ്പെടുന്നതിന് കാരണമായത്. അന്നെല്ലാം കൂത്താട്ടുകുളം മേരി എന്നു കേട്ടാല്‍ രോമം എഴുന്നു നില്‍ക്കുമായിരുന്നു എന്ന് ആ ളുകള്‍ പറഞ്ഞു കേട്ടിട്ടുണ്ട്.


1948 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സായുധ വിപ്ലവത്തിന് ആഹ്വാനം നല്‍കിയപ്പോള്‍ അപ്പോഴത്തെ സര്‍ക്കാര്‍ പാര്‍ട്ടിയെ നിരോധിച്ചു. അപ്പച്ചനും അമ്മച്ചിയും അടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒളിവില്‍ പോയി. അപ്പച്ചനും മറ്റു സഖാക്കള്‍ക്കും ലഘുലേഖകളും  മറ്റും കൊണ്ടുകൊടുക്കുന്ന ‘ടെക്’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സന്ദേശവാഹകരില്‍ ഒരാളായിരുന്നു അമ്മച്ചി.


അങ്ങനെയാണ് ഒളിവിലായിരുന്ന കമ്മ്യുണിസ്റ്റ് നേതാവ് സി.എസ് ജോര്‍ജിനെ പി.റ്റി മേരി കണ്ടുമുട്ടിയത്. ഒളിവില്‍ തുടങ്ങിയ ബന്ധം ഒളിവില്‍ വച്ചു തന്നെയുള്ള കല്യാണത്തിലേക്ക് എത്തിച്ചു. ഒളിജീവിതത്തിലെ സാഹസികമായ മധുവിധുവിനിടക്ക് എത്ര ശ്രദ്ധിച്ചിട്ടും അമ്മച്ചിയെ പോലീസു പിടിക്കയുണ്ടായി. അപ്പച്ചനും മറ്റു സഖാക്കളും എവിടെ എന്ന് ചോദിച്ചു  പോലീസുകാര്‍ മര്‍ദനം അഴിച്ചു വിട്ടു. ഒരു സ്ത്രീ ആണെന്ന പരിഗണന പോലും കൊടുത്തില്ല. സമാനതകളില്ലാത്ത ഈ അനുഭവത്തെക്കുറിച്ചു  പില്‍ക്കാലത്തു ഒത്തിരി ലേഖകര്‍ ആനുകാലികങ്ങളില്‍എഴുതി. അവസാനം അമ്മച്ചിക്ക് വല്ലാതെ മടുത്തു. വീണ്ടും വീണ്ടും ഉള്ള ഈ പങ്കിടലുകള്‍ അമ്മച്ചിക്ക് ആവര്‍ത്തനവിരസമായി തോന്നി. തന്റെ മര്‍ദ്ദനകഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെക്കാള്‍ പ്രാധാന്യം സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളാണെന്ന് അമ്മച്ചി കരുതി, മറ്റൊന്നും അത്ര കാര്യമായി എടുത്തില്ല… പ്രശസ്തിക്കോ സ്ഥാനമാനങ്ങള്‍ക്കോ അമ്മച്ചി തന്റെ അനുഭവങ്ങളെ വിറ്റില്ല.


എപ്പോഴും പറയുമായിരുന്നു, ‘ഇപ്പോഴത്തെ ചില ലോക്കപ്പ് മരണങ്ങള്‍ ഒക്കെ എത്ര ഭീകരമാണ്. വെറുതെ നിഷ്‌കളങ്കര്‍ ഒരു കാരണവും കൂടാതെ പോലീസ് മര്‍ദനത്തില്‍ മരിക്കുന്നു. ഞങ്ങള്‍ക്കൊക്കെ ഒരു ലക്ഷ്യമുണ്ടായിരുന്നു. ഭരണകൂടഭീകരതയ്ക്ക് അതിനെ വേരോടെ പിഴുതെറിയണമായിരുന്നു. അവിടെ പോലീസുകാര്‍ ഉപകരണങ്ങള്‍ മാത്രമായിരുന്നു.’


അമ്മച്ചിയും അപ്പച്ചനും  ഞങ്ങളെ സര്‍വ മതത്തിനും അതീതരായിട്ടാണ് വളര്‍ത്തിയത്. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുന്നതിലും അവര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. അവര്‍ ഞങ്ങളെ മനുഷ്യസ്‌നേഹത്തിന്റെയും  നീതിയുടെയും മൂല്യമറിഞ്ഞു ജീവിക്കാന്‍ പഠിപ്പിച്ചു. അപ്പച്ചന്‍ പോയപ്പോഴുള്ള വേദന  മാറ്റാന്‍ അമ്മച്ചി പൂന്തോട്ട നിര്‍മാണത്തിലേക്കു  തിരിഞ്ഞു. അതും കഴിഞ്ഞു  യാത്ര ചെയ്യാന്‍ വയ്യാതായപ്പോള്‍  ചിത്രരചനയും തനിക്ക് വഴങ്ങുമെന്നു കണ്ടുപിടിച്ചു. എപ്പോഴും ഊര്‍ജ്ജസ്വലയായ സ്ത്രീ ആയിരുന്നു അവര്‍. ഒരു മോഹത്തെയും അടക്കി വെച്ചില്ല.